മിതവാദി സ്നേഹിതരേ, ക്ഷമിക്കുക

സ്വന്തം സുഹൃത്തുക്കളുടെ വിമർശനം കേൾക്കേണ്ടിവരുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല. ഞാനാകട്ടെ, ശബരിമല സംബന്ധിച്ചുള്ള അഭിപ്രായം തുറന്നുപറഞ്ഞതു മുതൽ കാര്യമായൊരളവിൽ അപ്രീതിക്ക് ഇരയായിരിക്കുകയാണ്. സുപ്രീം കോടതിവിധി നടപ്പിലാക്കുന്നതു തടയണമെന്നാവശ്യപ്പെടുന്ന വിശ്വാസികളോടു പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സഹപ്രവർത്തകർക്കൊപ്പമാണു ഞാ‍ൻ നിലയുറപ്പിച്ചത്. വിധി നടപ്പിലാക്കുന്നതു തടയുകയെന്നാൽ, അതിനായി ഭരണഘടനാപരമായ മാർഗങ്ങൾ അവലംബിക്കുകയെന്നർഥം.

അല്ലാതെ, സംഘപരിവാർ ചെയ്യുന്നതുപോലെയല്ല വേണ്ടത്. മറ്റു പല വിഷയങ്ങളിലും എന്റെ മിതവാദ നിലപാടുകൾക്കൊപ്പംനിന്ന പലരുംതന്നെ ഇപ്പോൾ എനിക്കെതിരെ തിരി​ഞ്ഞു. നൈരാശ്യം മുതൽ രോഷം വരെയെത്തി നിൽക്കുന്ന ഭാഷയിൽ അവരെന്നെ വിമർശിക്കുന്നു. ഇതു സംബന്ധിച്ചു പുറത്തുവന്നിട്ടുള്ള ഒട്ടേറെ ലേഖനങ്ങളും ട്വീറ്റുകളും വ്യക്തമാക്കുന്നത് അവർക്ക് എന്നിലുള്ള മതിപ്പു നഷ്ടപ്പെട്ടെന്നാണ്. സമൂഹമാധ്യമങ്ങളിൽ എല്ലാദിവസവും എനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലും ഇതു തന്നെയാണു പ്രതിധ്വനിക്കുന്നത്. 

ഇതിന്റെയെല്ലാം കാരണം മനസ്സിലാക്കാൻ എളുപ്പമാണ്: ഇക്കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി പൊതുജീവിതത്തിലാകട്ടെ, രാഷ്ട്രീയ ഇടങ്ങളിലാകട്ടെ, മിതവാദതത്വങ്ങൾക്കായി നിരന്തരം വാദിക്കുന്നയാളാണു ഞാൻ. അങ്ങനെ ചെയ്യുന്നത് ‘സുരക്ഷിത’മല്ലാതിരുന്ന ഘട്ടങ്ങളിൽപോലും ഞാൻ ആ നിലപാടിൽ ഉറച്ചുനിന്നിട്ടേയുള്ളു.

പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും പുസ്തകങ്ങളിലും ഞാൻ അടിയന്തരാവസ്ഥയെ വിമർശിച്ചിട്ടുണ്ട്, ഷബാനോയെ പിന്തുണച്ചിട്ടുണ്ട്, സൽമാൻ റുഷ്ദിയുടെയും തസ്‌ലിമ നസ്‌റീന്റെയും പക്ഷം പിടിച്ചിട്ടുണ്ട്, ബാബറി മസ്ജിദ് തകർത്തതിനെയും ഗുജറാത്ത് കലാപങ്ങളെയും അപലപിച്ചിട്ടുണ്ട്, തന്റെ ഇഷ്ടാനുസരണം ചിത്രം വരയ്ക്കാനുള്ള എം.എഫ്. ഹുസൈന്റെ അവകാശത്തിനായി നിലകൊണ്ടിട്ടുണ്ട്. 

വനിതകളുടെ അവകാശങ്ങൾക്കായി തുടക്കംമുതൽ നിരന്തരം വാദിച്ചിട്ടുള്ളയാളാണു ഞാൻ. സ്ത്രീകളെ പിന്തുടർന്നു ശല്യം ചെയ്യുന്നത് ജാമ്യമില്ലാക്കുറ്റമായി പ്രഖ്യാപിക്കണമെന്നും വിവാഹബന്ധത്തിലെ ബലമായ ലൈംഗികവേഴ്ച ക്രിമിനൽ കുറ്റമാക്കണമെന്നും സ്ത്രീകൾക്കു സ്വന്തം ശരീരത്തിനും വ്യക്തിജീവിതത്തിനുംമേൽ പരിപൂർണ അവകാശമുണ്ടെന്ന് അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ‘മീടൂ’ പ്രസ്ഥാനത്തോടു യോജിപ്പുണ്ടെന്നു വ്യക്താക്കിയിട്ടുണ്ട്.

വനിതാസംവരണ ബില്ലിനുവേണ്ടി വാദിച്ചിട്ടുണ്ട്. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ ബലഹീനരായി കാണണമെന്നും അവർക്ക് അവസരങ്ങൾ നിഷേധിക്കണമെന്നും വിശ്വസിക്കുന്നയാളല്ല ഞാൻ. എന്നു മാത്രമല്ല, സ്ത്രീകളുടെ ആർത്തവ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു പാർലമെന്റി‍ൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിട്ടുമുണ്ട്. എന്നിട്ടുമെന്താണു ഞാൻ ഇങ്ങനെ? അതായത് എന്റെ പ്രിയസുഹൃത്ത് ധനമന്ത്രി തോമസ് ഐസക്കിന്റെ ഭാഷയിൽ പറഞ്ഞാൽ, ശബരിമല വിഷയത്തിൽ ‘തെറ്റായ പക്ഷ’ത്തായിപ്പോയത്?

നിരത്താനുണ്ട്  ഈ വാദങ്ങൾ

അവരുടെ വാദത്തിന്റെ വ്യക്തത കാണുമ്പോൾ എനിക്ക് അസൂയ തോന്നുന്നു. പക്ഷേ, ഞാനൊരു ജനപ്രതിനിധിയാണ്. പാർലമെന്റിൽ ഞാൻ പ്രതിനിധീകരിക്കുന്ന നൂറുകണക്കിനാളുകളുമായി – സുപ്രീം കോടതി വിധിയുടെ പ്രയോജനം ലഭിക്കുന്ന ഒരു വലിയവിഭാഗം സ്ത്രീകളും അതിൽ ഉൾപ്പെടും – ഈ വിഷയം ദിനംപ്രതി ചർച്ച ചെയ്യുന്നയാളെന്ന നിലയ്ക്ക് ഉറപ്പിച്ചു പറയാം, എന്റെ വാദങ്ങൾക്കും വ്യക്തതയുണ്ട്. 

മിതവാദികൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ശബരിമലയിലെ യുവതീപ്രവേശവിലക്കിനെ ഒരുകാലത്ത് ക്ഷേത്രങ്ങളിൽ ‘താഴ്ന്ന’ ജാതിക്കാർക്കുണ്ടായിരുന്ന വിലക്കുമായി ചേർത്തുവച്ചു വായിക്കുകയാണവർ. യാഥാസ്ഥിതികരുടെ കടുത്ത എതിർപ്പിനിടയിലും ഏതാനും പതിറ്റാണ്ടുകൾ മുൻപ് അവർണർക്കുള്ള ക്ഷേത്രപ്രവേശന വിലക്ക് എടുത്തുനീക്കിയതു ശരിയായ നടപടിയായിരുന്നെന്ന് ഇപ്പോൾ എല്ലാവരും തലകുലുക്കി സമ്മതിക്കുന്നു. മാറ്റങ്ങൾ വരേണ്ടതിനെപ്പറ്റി മിതവാദികൾ ആവേശംകൊള്ളും. യാഥാസ്ഥിതികർ ചെറുക്കും. പക്ഷേ, അവസാനം എല്ലാവരും അംഗീകരിക്കും. പണ്ടത്തെ വലിയ ബഹളങ്ങളുടെ കാര്യമോർത്ത് കുറെ വർഷങ്ങൾക്കുശേഷം എല്ലാവരും അദ്ഭുതപ്പെടും. 

ലക്ഷക്കണക്കിനു വരുന്ന ശബരിമല തീർഥാടകർ പക്ഷേ, കാര്യങ്ങൾ അങ്ങനെയല്ല കാണുന്നത്. ദുർഘടപാതകളിലൂടെ മലകയറിയെത്തി ക്ഷേത്രത്തിൽ ദർശനം നടത്തുന്നവർ അങ്ങനെ ചെയ്യുന്നത് ഐതിഹ്യങ്ങളിൽ വിശ്വാസമുള്ളതുകൊണ്ടാണ്. കത്തോലിക്കാ ദേവാലയങ്ങളിൽ സമത്വം ഉറപ്പാക്കാനായി സ്ത്രീകൾക്കു പുരോഹിതരും ബിഷപ്പുമാരും ആകാമെന്നു സുപ്രീംകോടതി വിധി പുറപ്പെടുവിച്ചാൽ അതിനു സ്വാഗതത്തെക്കാളേറെ പ്രതിഷേധം നേരിടേണ്ടിവരുമെന്നതുപോലെ, ഈ വിധിയും വിശ്വാസികൾ തള്ളിക്കളഞ്ഞിരിക്കുന്നു. ശബരിമലയിലെ പ്രതിഷ്ഠയിലുള്ള തങ്ങളുടെ വിശ്വാസത്തിന്റ അടിത്തറ ചോദ്യംചെയ്യുന്ന വിധിയാണിതെന്ന് അവർ കരുതുന്നു.

രാഷ്ട്രീയ അടിയൊഴുക്കുകൾ 

പിന്നെയുള്ളത് രാഷ്ട്രീയവശമാണ്. സഭാതർക്കത്തിലുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിൽ ഇതുപോലെ ആവേശം കാണിക്കാത്ത കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ രണ്ടു സ്ത്രീകളെ രഹസ്യമായി മലകയറ്റി. കറുപ്പു വസ്ത്രത്തിൽ പൊതിഞ്ഞ ആ സ്ത്രീകളെ പതിനെട്ടാംപടി കയറ്റുന്നതിനു പകരം പൊലീസുകാർക്കു മാത്രമുള്ള പാർശ്വവാതിലിലൂടെ അകടമ്പടിയേകി. ഈ ആവേശത്തിന് സ്ത്രീസമത്വവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തോന്നുന്നില്ല. എന്നല്ല, മതവിശ്വാസവുമായിപ്പോലും ഇതിനെ ബന്ധപ്പെടുത്താനാകില്ല. അത് ദോഷൈകദൃക്കുകളുടെ രാഷ്ട്രീയമാണ്; മനഃപൂർവമുള്ള പ്രകോപനം സൃഷ്ടിക്കൽ. 

ശബരിമല വിഷയത്തിൽ ടിവി ചാനലിൽ ഞാനുപയോഗിച്ച ആ വാക്കിനോടും എന്റെ മിതവാദി സുഹൃത്തുക്കൾ വിയോജിച്ചു. പാത്തും പതുങ്ങിയും ശബരിമലയിൽ ദർശനം നടത്തിയ സ്ത്രീകളെ ഞാൻ അടച്ചാക്ഷേപിച്ചെന്നായിരുന്നു പിന്നെ തലക്കെട്ടുകൾ. ഞാൻ അങ്ങനെ ചെയ്തിട്ടില്ല. കുറ്റപ്പെടുത്തിയത് സംസ്ഥാന സർക്കാരിനെയാണ്. രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ, വികാരങ്ങൾ ആളിക്കത്തിക്കാനുള്ള അവരുടെ ശ്രമത്തെയാണ്. അവർ സംഘപരിവാറുകാരെ പ്രകോപിപ്പിച്ച് തെരുവിലിറക്കുകയായിരുന്നു.

അങ്ങനെയുണ്ടാകുന്ന ധ്രുവീകരണം ആത്യന്തികമായി രാഷ്ട്രീയനേട്ടമുണ്ടാക്കുന്നതു തങ്ങൾക്കായിരിക്കുമെന്നു കമ്യൂണിസ്റ്റുകാർ കണക്കുകൂട്ടി. കേന്ദ്രത്തിൽ നിയമനിർമാണത്തിലൂടെ പ്രശ്നപരിഹാരമൊരുക്കാനാകുമായിരുന്ന ബിജെപിക്കാണെങ്കിൽ, ഈ പ്രതിസന്ധി തീർന്നുകാണണമെന്നില്ല. കാരണം, തെരുവിലെ അശാന്തി അവർക്കു പ്രയോജനം ചെയ്യുന്നതാണ്. സുപ്രീം കോടതി വിധി നടപ്പിലാക്കാതിരിക്കാൻ കേന്ദ്രം നിയമനിർമാണത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടോയെന്നു 2018 ഡിസംബർ 19നു ലോക്സഭയിൽ ഞാൻ ചോദിച്ചപ്പോൾ സർക്കാർ അതു കേട്ടില്ലെന്ന ഭാവത്തി‍ൽ മുഖമൊളിപ്പിച്ചു. നിയമനിർമാണത്തിന്റെ കാര്യത്തിൽ അവർ ഇതുവരെയും ഒന്നും ചെയ്തിട്ടില്ല. 

പ്രകോപനപരം സർക്കാർ നടപടി 

വ്യക്തമാക്കട്ടെ, ‘പ്രകോപനപരം’ എന്ന വാക്ക് സ്ത്രീകളെക്കുറിച്ചു പറയാനല്ല ഞാനുപയോഗിച്ചത്. സർക്കാർ നടപടിയെ സൂചിപ്പിച്ചാണ്. സാമുദായിക ധ്രുവീകരണമുണ്ടാക്കി ഹിന്ദു കോൺഗ്രസ് വോട്ടർമാരെ ബിജെപി പക്ഷത്താക്കാനും അങ്ങനെ തിരഞ്ഞെടുപ്പിൽ ജയിക്കാനുമുള്ള ഇടതിന്റെ  രാഷ്ട്രീയതന്ത്രമായിരുന്നു അത്. ഞാൻ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മിതവാദി മൂല്യങ്ങൾ, കോൺഗ്രസ് പാർട്ടിയുടെ പ്രായോഗിക രാഷ്ട്രീയത്തിനു വിലകൽപിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു. പ്രയാസമുള്ളൊരു മധ്യമാർഗത്തിലൂടെയാണു പാർട്ടിയുടെ പോക്ക്. വിശ്വാസികൾക്കൊപ്പം നിൽക്കുമെന്നും പക്ഷേ, പ്രശ്നപരിഹാരത്തിനു ഭരണഘടനാപരമായ മാർഗങ്ങൾ മാത്രമേ അവലംബിക്കൂ എന്നുമുള്ള നിലപാടാണത്. അക്രമമോ പ്രതിബന്ധം സൃഷ്ടിക്കലോ പ്രകോപനമുണ്ടാക്കലോ കോൺഗ്രസ് നയമല്ല. 

മിതവാദി സ്നേഹിതരേ, നിങ്ങളോടൊപ്പം നിൽക്കാത്തതിൽ ക്ഷമിക്കുക. ഞാൻ പ്രതിനിധീകരിക്കുന്ന ജനങ്ങളുടെ വിശ്വാസങ്ങൾക്കു വിലകൽപിക്കുന്നതിൽ എന്നോടു ക്ഷമിക്കുക. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദുഷ്ടലാക്കോടെയുള്ള  രാഷ്ട്രീയ തന്ത്രങ്ങൾ അവഗണിക്കാൻ കഴിയാത്തതിൽ എന്നോടു ക്ഷമിക്കുക. രാഷ്ട്രീയത്തിലിറങ്ങുന്നതിലൂടെ നമ്മൾ പോരാടി നേടിയെടുക്കാനുദ്ദേശിക്കുന്ന സുപ്രധാന ലക്ഷ്യങ്ങളെ ഈയൊരൊറ്റ വിഷയത്തിലുള്ള അനാവശ്യ ആവേശത്തിന്റെ പേരിൽ ബലി കൊടുക്കാനുള്ളതല്ലെന്നു വിശ്വസിക്കുന്നതിൽ ക്ഷമിക്കുക. 

അവർ കാത്തിരിക്കാൻ തയാർ

ശബരിമല പ്രവേശനത്തിന് അനുമതി തേടി വിശ്വാസികളായ സ്ത്രീകളുടെ ജനകീയ മുന്നേറ്റം  ഇവിടെ ഉണ്ടായിട്ടില്ല. പിന്നെ ഒട്ടേറെപ്പേർ എന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുള്ള മറ്റൊരു കാര്യം, ശബരിമലയിലെ പ്രതിഷ്ഠയുടെ സവിശേഷതയാണ്. നൈഷ്ഠിക ബ്രഹ്മചാരിയായിട്ടുള്ള ആ പ്രതിഷ്ഠയിൽ വിശ്വസിക്കുന്ന ആരും ആ പ്രതിഷ്ഠയെ ശല്യംചെയ്ത് അലോസരപ്പെടുത്താൻ ആഗ്രഹിക്കില്ല. അങ്ങനെയുള്ളവർ ‘കാത്തിരിക്കാൻ തയാറായിട്ടുള്ളവ’രാണ്. 

ആർത്തവപ്രായപരിധിക്കകത്തുള്ള കുറച്ചു സ്ത്രീകൾ അവിടെ പോകാൻ ആഗ്രഹിക്കുന്നതു വിശ്വാസത്തിന്റെ പേരിലല്ല, കൗതുകത്തിന്റെ പേരിലാണ്. ഇനി അങ്ങനെയാണെങ്കിലെന്താണു തെറ്റെന്നു മിതവാദികൾ ചോദിച്ചേക്കും. സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയമാണിത്. ആർക്കും  ഉപദ്രവമില്ലല്ലോ എന്നു പറയും. വിശ്വാസികളെ സംബന്ധിച്ചു പക്ഷേ, ഉപദ്രവമുണ്ട്. അവർ വിശ്വസിക്കുന്ന പ്രതിഷ്ഠയെ സംരക്ഷിക്കുന്ന അടിസ്ഥാന സിദ്ധാന്തങ്ങൾ ലംഘിക്കപ്പെടുന്നത് ക്ഷേത്രത്തോടുള്ള അനാദരവാണ്. അതവർക്ക് വ്യക്തിപരമായി സഹിക്കാനാകില്ല. അനീതിക്കിരയായിരിക്കുന്നുവെന്ന് അവർ കരുതുന്നു. ശബരിമലയിൽ യുവതികൾക്കുള്ള വിലക്കിനു പിന്നിൽ ‘അശുദ്ധി’ പോലെ ആർത്തവത്തെക്കുറിച്ചുള്ള കാലഹരണപ്പെട്ട ചിന്തകളല്ല, മറിച്ച് പ്രതിഷ്ഠയുടെ ബ്രഹ്മചര്യവ്രതമാണ്. 

ഞാൻ ഊന്നിപ്പറയട്ടെ: ഇത് വിശ്വാസം സംബന്ധിച്ചുള്ള വിഷയമാണ്. യുക്തിവാദികൾ എന്തു വിശ്വസിക്കുന്നു എന്നല്ല (പ്രതിഷ്ഠയ്ക്കു കണ്ണുണ്ടോ ആരൊക്കെ വരുന്നെന്നു കാണാൻ എന്ന യുക്തി), വിശ്വാസികൾ എന്തു ചെയ്യുന്നെന്നും അവരുടെ വിശ്വാസങ്ങളെ  ബഹുമാനിക്കണോ എന്നുമാണിവിടെ ചോദ്യം. ഞാൻ അവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നു.