കലാപഭൂമിയാക്കിയവർക്ക് ആര് വോട്ട് ചെയ്യും?: മുല്ലപ്പള്ളി രാമചന്ദ്രൻ

കാര്യക്ഷമമായ ടീമിനെ ഭാരവാഹികളായി വേണമെന്നു കാര്യമായി ആഗ്രഹിച്ചുവെങ്കിലും പുനഃസംഘടനയുടെ പേരിൽ ഒരു അപകടം ക്ഷണിച്ചു വരുത്തേണ്ടെന്ന വിലയിരുത്തൽ മുല്ലപ്പള്ളി രാമചന്ദ്രന് ഉൾക്കൊള്ളേണ്ടിവന്നിരിക്കുന്നു. നിലവിലെ വിഭവങ്ങൾ വച്ചുകൊണ്ട് ഒന്നാന്തരം സദ്യ ഒരുക്കുകയെന്ന ദൗത്യമാണ് ഇനി മുല്ലപ്പള്ളിക്ക്. കെപിസിസി പ്രസിഡന്റായി 100 ദിവസം പിന്നിടുമ്പോൾ ആ വെല്ലുവിളികളെയും സാധ്യതകളെയും കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

വളരെ നേരത്തേ ലോക്സഭാ സ്ഥാനാർഥികൾ; ഗ്രൂപ്പ് നോക്കാതെ  തീരുമാനം. ആകർഷകമായ പ്രഖ്യാപനങ്ങളാണ് ഉണ്ടായിരിക്കുന്നത്. കേരളസാഹചര്യങ്ങളിൽ ഇതു രണ്ടും നടക്കുമോ

പൂർണമായും നടക്കുമെന്നു തന്നെയാണു കരുതുന്നത്. കേരളത്തിന്റെ ചുമതലയേൽക്കുമ്പോൾ ഒറ്റക്കാര്യമേ ഹൈക്കമാൻഡിനു മുന്നിൽ വച്ചുള്ളൂ. ഇവിടെയുള്ള എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ഈ 100 ദിവസം കൊണ്ടു പാർട്ടിയിൽ ഐക്യം കൂടുതൽ ശക്തമാക്കിയത് എല്ലാത്തിനും സഹായകരമാകും. ഓരോ മണ്ഡലത്തിലും ഏറ്റവും മിടുക്കനായ സ്ഥാനാർഥി ആരാണ് എന്നതു മാത്രമാകും മാനദണ്ഡം. ഒരു പഴുതുമില്ലാതെ അതു പൂർത്തിയാക്കിയാലേ, മോദി ഭരണത്തിന് അന്ത്യം കുറിക്കാൻ പോന്ന നമ്പർ കേരളത്തിൽ നിന്നു കിട്ടൂവെന്ന് ഓരോ കോൺഗ്രസുകാരനും അറിയാം. ഫെബ്രുവരി 20നകം സ്ഥാനാർഥി എന്നതു നിലവിൽ കർശനമായ തീരുമാനമാണ്. 

ആ സ്ഥാനാർഥിപ്പട്ടികയിൽ സിറ്റിങ് എംപിയായ മുല്ലപ്പള്ളി രാമചന്ദ്രനുണ്ടാകുമോ?

ഒരു മണ്ഡലത്തിലെ സ്ഥാനാർഥിയായി ചങ്ങലക്കിട്ടുനിൽക്കാൻ കെപിസിസി പ്രസിഡന്റായ ഞാനാഗ്രഹിക്കുന്നില്ല. ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. അതു ബന്ധപ്പെട്ട എല്ലാവരെയും അറിയിച്ചിട്ടുണ്ട്. അത് എന്റെ അചഞ്ചലമായ തീരുമാനമാണ്. 

വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷിനും കെ. സുധാകരനും ഇതു ബാധകമാണോ?

അങ്ങനെയൊരു തീരുമാനം ഇതുവരെയില്ല. ഏറ്റവും മികച്ച, ജയിക്കാൻ കഴിയുന്ന സ്ഥാനാർഥിയെയാണല്ലോ ഓരോ മണ്ഡലത്തിലും ആവശ്യം.

സിറ്റിങ് എംപിമാർക്കെല്ലാം സീറ്റുണ്ടോ?

അക്കാര്യത്തിലും പൊതുമാനദണ്ഡം ആയിട്ടില്ല. ഒരു കാര്യത്തിൽ സന്തോഷമുണ്ട്. മണ്ഡലം ശ്രദ്ധിക്കുന്ന, അവിടുത്തെ ജനങ്ങളുമായി നല്ല ബന്ധമുള്ള, അവർ‍ക്ക് എപ്പോഴും സമീപിക്കാവുന്നവരാണ് ഞങ്ങളുടെ ഓരോ എംപിയും.

കെപിസിസി പുനഃസംഘടന വേണ്ടെന്നുവച്ചോ?

എന്റെ നേതൃത്വത്തിലുള്ള കേരളയാത്ര ഫെബ്രുവരി മൂന്നിന് ആരംഭിക്കുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട വിവാദം എല്ലാ പാർട്ടികളുടെയും സംഘടനാ തയാറെടുപ്പുകളെ ബാധിച്ചുവെന്ന് അറിയാമല്ലോ. അതുകൊണ്ട് അവശേഷിക്കുന്ന സമയത്തിനുള്ളിൽ ഒരു പുനഃസംഘടന എത്രമാത്രം പ്രായോഗികമാണെന്ന ആശങ്കയുണ്ട്. എത്ര സ്നേഹമുള്ള കുടുംബമാണെങ്കിലും ഭാഗംവയ്ക്കുമ്പോൾ ചില കല്ലുകടികളുണ്ടാകാമല്ലോ.

തിരഞ്ഞെടുപ്പ് ഭയന്ന് ആദ്യം യൂത്ത് കോൺഗ്രസ് തിര​ഞ്ഞെടുപ്പ് മാറ്റിവച്ചു, ഇപ്പോൾ അതേ പേടിയിൽ പുനഃസംഘടനയും. ഇലക്ഷൻ ജയിക്കാൻ സംഘടന കൂടി വേണ്ടേ?

വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനെ വരെ യൂത്ത് കോൺഗ്രസ് അംഗത്വവിതരണം ബാധിച്ചപ്പോഴാണു ഞങ്ങൾ ഇടപെട്ടത്. നിലവിൽ പാർട്ടിക്കു ഭാരവാഹികളുണ്ട്. ഒരു അനിശ്ചിതത്വം ഉണ്ടായിരുന്നതിനാൽ ആ ഉദാസീനത അവരെ ബാധിച്ചിരുന്നു. ചുമതല ഏൽപ്പിച്ചാൽ അവർ പടക്കുതിരകളെപ്പോലെ കോൺഗ്രസിനുവേണ്ടി മുന്നേറുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കെപിസിസി പ്രസിഡന്റായശേഷം മുഴുവൻ പോഷകസംഘടനകളുടെയും യോഗവും വിളിച്ചിരുന്നു. മാന്ദ്യം വിട്ടേ പറ്റൂവെന്ന് അവരോടെല്ലാം തീർത്തു പറഞ്ഞു. രാഹുൽഗാന്ധിയുടെ ചൈതന്യപൂർണമായ നേതൃത്വത്തിൽ നിന്ന് അവരെല്ലാം ഊർജം ഉൾക്കൊള്ളും. 

ശബരിമല വിഷയം ബിജെപി ഉപയോഗിക്കുന്നതിനെ പേടിയുണ്ടോ? ഭൂരിപക്ഷവിഭാഗത്തിന്റെ വോട്ടുകൾ കൂടുതലായി ബിജെപി കവരുമെന്ന ഭയം.?

ശബരിമല ചൂടുപിടിച്ചതോടെ ബിജെപിക്ക് കേരളത്തിൽ ഒരു ഹൈന്ദവവികാരം ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. പക്ഷെ അതു വൈകാരികം മാത്രമാണ്. തിരഞ്ഞെടുപ്പാകുമ്പോൾ ആർക്കു വോട്ടു ചെയ്യുന്നതാണ് ഗുണകരമെന്നു ജനങ്ങൾ ചിന്തിക്കും. സർക്കാരിനെതിരെയുള്ള വികാരമാണ് ഉള്ളതെങ്കിൽ ബിജെപിക്കു വോട്ടു ചെയ്തിട്ട് എന്തു കാര്യം? അവർ എവിടെയെങ്കിലും ജയിക്കാൻ പോകുന്നുണ്ടോ? കേരളം കലാപഭൂമിയാക്കുന്നതിൽ ബിജെപിക്കൊപ്പം തുല്യപങ്കുവഹിച്ച സിപിഎമ്മിനെ അവർ തിരിച്ചറിയും. സിപിഎമ്മുകാർ പാർലമെന്റിലേക്കു പോയിട്ട് എന്തു കാര്യമെന്നും ചിന്തിക്കും. ദേശീയ രാഷ്ട്രീയത്തിൽ എന്തു പ്രസക്തിയാണ് അവർക്കുള്ളത്? കോൺഗ്രസിനും യുഡിഎഫിനുമാകും നേട്ടം. 

മുസ്‌ലിം ലീഗ് ഒരു ലോക്സഭാസീറ്റ് കൂടി അധികമായി ചോദിക്കുമെന്ന വാർത്തകളുണ്ട്.?

ഐക്യമുന്നണി സംവിധാനം നിലനിൽക്കണമെന്ന പ്രായോഗിക ബുദ്ധിയോടെയുളള സമീപനമാണു മുസ്‌ലിം ലീഗ് എക്കാലത്തും പുലർത്തിയിട്ടുള്ളത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പു സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നിലപാടും അവരിൽ നിന്നുണ്ടാകില്ല. 

ശബരിമല കർമസമിതി ബിജെപിക്കൊപ്പം. നവോത്ഥാനമൂല്യസമിതി എൽഡിഎഫിനൊപ്പം. യുഡിഎഫിനു സാമുദായികസംഘടനകളുടെ പിന്തുണ ഇല്ലാതാകുകയാണോ?

കേരളത്തിലെ ജനങ്ങൾ കൂടുതലും രാഷ്ട്രീയമായി ചിന്തിക്കുന്നവരല്ലേ? അത്തരം വോട്ട്ബാങ്ക് രൂപീകരണ ശ്രമമൊന്നും തിരഞ്ഞെടുപ്പാകുമ്പോൾ വിലപ്പോവില്ല. സാമുദായികസംഘടനളുമായെല്ലാം നല്ല ബന്ധമാണു ഞങ്ങൾക്കുള്ളത്.

സ്ഥാനാർഥിത്വത്തിലേക്കു കടക്കുന്നതേയുള്ളൂ. എങ്കിലും ഉമ്മൻചാണ്ടി ഇത്തവണ ലോക്സഭയിലേക്കു മത്സരിക്കുമോയെന്നതാണു കോൺഗ്രസിൽ ഇപ്പോഴത്തെ വലിയ ചോദ്യം?

ഉമ്മൻചാണ്ടി ഞങ്ങളുടെ താരപരിവേഷമുള്ള നേതാവാണ്. കേരളത്തിൽ എവിടെ അദ്ദേഹം മത്സരിച്ചാലും ആ പേരിനു മാത്രം ലഭിക്കുന്ന വോട്ടുകളുണ്ട്. ജനങ്ങൾ ഇരുംകൈയും നീട്ടി അദ്ദേഹത്തെ സ്വീകരിക്കും. രണ്ടുതവണ ഇവിടെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിനു ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ സംഭാവനകൾ ചെയ്യാൻ കഴിയുമെന്നു കരുതുന്നവരുണ്ട്. അത്തരം അഭിപ്രായങ്ങൾ അദ്ദേഹം പരിഗണിച്ചാൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കും.