ബ്രെക്സിറ്റ് തലവേദന; ബ്രിട്ടനിൽ കാര്യങ്ങൾ അത്ര പന്തിയല്ല

വലിയ പ്രതിസന്ധികളിലേക്കു ബ്രിട്ടനെ തള്ളിയിട്ടിരിക്കുകയാണു പ്രധാനമന്ത്രി തെരേസ മേ. രാജ്യമിപ്പോൾ ആകെ കുഴഞ്ഞുമറിഞ്ഞൊരു ബ്രെക്സിറ്റിനോട് അപകടകരമാംവിധം അടുത്തെത്തിനിൽക്കുന്നു. മാർച്ച് 29ന് യൂറോപ്യൻ യൂണിയനിൽനിന്നു വഴിപിരിയാനിരിക്കുന്ന ബ്രിട്ടനിൽ കാര്യങ്ങൾ കണ്ടിടത്തോളം അത്ര പന്തിയല്ല.

ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയമാണു ജനപ്രതിനിധി സഭയിൽ മേ ഏറ്റുവാങ്ങിയത്. യൂറോപ്യൻ യൂണിയൻ വിടുന്നതുമായി ബന്ധപ്പെട്ട് അവർ തയാറാക്കിയ കരാർ 202നെതിരെ 432 വോട്ടുകൾക്ക് നിഷ്കരുണം പരാജയപ്പെട്ടു. കൂടിവന്നാൽ 100 വോട്ട്. മേ പരാജയപ്പെട്ടാൽ ‘മാർജിൻ’ അത്രയും പ്രതീക്ഷിച്ചാൽ മതിയെന്നായിരുന്നു വലിയ രാഷ്ട്രീയനിരീക്ഷകർ ആത്മവിശ്വാസത്തോടെ പ്രവചിച്ചത്. അവരൊന്നും താഴേത്തട്ടിലെ യാഥാർഥ്യങ്ങൾ അറിയുന്നില്ലെന്നാണ് ബ്രെക്സിറ്റ് വോട്ടെടുപ്പു ഫലം തെളിയിച്ചിരിക്കുന്നത്.

2016ൽ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറണാണ്, ബ്രിട്ടൻ യൂറോപ്യൻ യൂണിയനി(ഇയു)ൽ തുടരണോ വേണ്ടയോ എന്നതിനെപ്പറ്റി ഹിതപരിശോധന സംഘടിപ്പിച്ചത്. തുടരണമെന്നു ജനങ്ങൾ പറയുമെന്ന വലിയ ആത്മവിശ്വാസത്തിലായിരുന്നു കാമറൺ ഇതിന് ഇറങ്ങിത്തിരിച്ചത്. ഹിതപരിശോധനയുടെ ഫലം വന്നപ്പോഴാകട്ടെ, 51.8% ജനങ്ങൾ യൂറോപ്യൻ യൂണിയൻ വിടുന്നതിനെ അനുകൂലിച്ചു. തുടരണമെന്ന് അഭിപ്രായപ്പെട്ടവർ 48.2%. ‘ബ്രെക്സിറ്റ്’ എന്ന വാക്കു പിറന്നു. 

നുണകളും ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളുമായി ബ്രെക്സിറ്റ് പ്രചാരകർ അരങ്ങുകൊഴുപ്പിച്ചു. ബ്രെക്സിറ്റിലൂടെ ബ്രിട്ടനു ലാഭിക്കാൻ കഴിയുന്ന പണം നാഷനൽ ഹെൽത്ത് സർവീസിന്റെ ആരോഗ്യം വീണ്ടെടുക്കാനായി ഉപയോഗിക്കാമെന്നൊക്കെയാണ് അവർ ചൂണ്ടിക്കാട്ടിയത്. യൂറോപ്യൻ യൂണിയൻ വിടുന്നതോടെ, യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി പുതിയ വ്യാപാരക്കരാറുകൾക്ക് അസുലഭ അവസരങ്ങളാണു ബ്രിട്ടനു ലഭിക്കുകയെന്നും അഭിപ്രായങ്ങളുയർന്നു. കാമറണു രാജിവയ്ക്കേണ്ടി വന്നു, തെരേസ മേ പുതിയ പ്രധാനമന്ത്രിയായി. ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായ കുറച്ചുപേരെ ഒരുമിച്ചുകൂട്ടി മന്ത്രിസഭയുണ്ടാക്കി. 

വെള്ളവും തീയും തമ്മിൽ യോജിപ്പിക്കുന്നതുപോലെയുള്ള അബദ്ധമായിരുന്നു അത്. നീണ്ട 17 മാസങ്ങളുടെ തുടർ ചർച്ചകൾക്കു ശേഷം മേ ഒരു കരാറുണ്ടാക്കി. അതു ബ്രിട്ടനെ പൂർണമായും യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തിറക്കാൻ സഹായിക്കില്ലെന്നായിരുന്നു ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവരുടെ പരാതി. ഏക വിപണിയിലേക്കു ബ്രിട്ടന്റെ പ്രവേശനം പൂർണമാകില്ലെന്നായിരുന്നു മറ്റുള്ളവർക്കു പരാതി. അങ്ങനെ, രണ്ടു കുതിരകളുടെ പുറത്ത് ഒരുമിച്ചു കയറാൻ ശ്രമിച്ച മേ വീണില്ലെങ്കിലേ അത്ഭുതമുള്ളൂ.‘ഒന്നുകിൽ ഞാനുണ്ടാക്കിയ പോംവഴി അല്ലെങ്കിൽ പെരുവഴി’ എന്നു പറഞ്ഞാണു മേ പിന്തുണയ്ക്കു ശ്രമിച്ചത്. 

അതായത്, തന്റെ കരാർ തള്ളുകയാണെങ്കിൽ, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമൊക്കെ സങ്കൽപിക്കാനാകുന്നതിലുമധികം ആശയക്കുഴപ്പം സമ്മാനിച്ചുള്ള കഠിനമായൊരു ബ്രെക്സിറ്റിനായി ഒരുങ്ങിക്കൊള്ളാൻ അവർ പറഞ്ഞു. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽനിന്നുള്ള 35 ലക്ഷം പേരാണു ബ്രിട്ടനിലുള്ളത്. ഇയു രാജ്യങ്ങളിലാകട്ടെ, 15 ലക്ഷം ബ്രിട്ടിഷുകാരും. കരാറൊന്നുമായില്ലെങ്കിൽ ഈ 50 ലക്ഷം പേരുടെ ജീവിതമാണ് അനിശ്ചിതത്വത്തിലാകുക.

ഇത്തരമൊരു വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ പ്രധാനമന്ത്രി രാജിവയ്ക്കുന്നതാണു ജനാധിപത്യ രാജ്യങ്ങളിലെ പതിവ്. ജനപ്രതിനിധി സഭയുടെ കാലാവധി 5 വർഷമായി നിശ്ചയിച്ചുള്ള 2011ലെ നിയമമില്ലായിരുന്നെങ്കിൽ ബ്രിട്ടനിലും അതുതന്നെയാകുമായിരുന്നു അവസ്ഥ. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന്റെ അംഗീകാരമുണ്ടെങ്കിൽ ജനപ്രതിനിധി സഭ നേരത്തേ പിരിച്ചുവിടാം. 

സർക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെടുകയും അടുത്ത 14 ദിവസങ്ങൾക്കുള്ളിൽ ഭൂരിപക്ഷം നേടി പുതിയ സർക്കാരുണ്ടാക്കാൻ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യത്തിലും സഭ പിരിച്ചുവിടാം. ‌ലേബർ പാ‍ർട്ടി നേതാവ് ജെറിമി കോർബിൻ കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെടാനാണു സാധ്യത. അങ്ങനെ വന്നാൽ, എംപിമാർ തള്ളിക്കളഞ്ഞ കരാറിൽ ആവശ്യമായ ഭേദഗതികൾ വരുത്തി അംഗീകാരം നേടിയെടുക്കാൻ അവർക്കു കഴിഞ്ഞേക്കും. 

എന്തായാലും, കരാർ ഭേദഗതികൾക്കായി പോലും കോർബിന്റെ അഭിപ്രായം തേടാതിരിക്കാനാണു മേയുടെ തീരുമാനമെന്നു തോന്നുന്നു. ഭൂരിപക്ഷം ഉറപ്പാക്കാനായി അദ്ദേഹത്തിന്റെ സഹായം വേണ്ടിവരില്ലെന്ന് അവർ വിശ്വസിക്കുന്നുണ്ടാകാം. ഈ നിലപാട് അൽപം അപകടം പിടിച്ചതാണ്. കൺസർവേറ്റിവ് പാർട്ടി നെടുകെ പിളർന്നിരിക്കുന്നെന്ന കാര്യം മേ മറക്കുന്നു. സ്വന്തം പാർട്ടിയിലെ 118 പേരാണ് അവർക്കെതിരെ വോട്ടു ചെയ്തത്.

ഇത്രയുമൊക്കെയായിട്ടും മേ ജയിക്കുമെന്നു കരുതുക. പക്ഷേ, പിൻവാങ്ങൽ (ബാക്ക് സ്റ്റെപ്) കരാ‍ർ ഭാഷയിലെ ഭേദഗതികളുമായി ഇയു എത്ര മാത്രം സഹകരിക്കുമെന്നു കണ്ടുതന്നെ അറിയണം. ഐറിഷ് റിപ്പബ്ലിക്കും ബ്രിട്ടന്റെ ഭാഗമായ വടക്കൻ അയർലൻഡും തമ്മിലുള്ള അതിർത്തി നിർണയം 1998ലെ ഗുഡ് ഫ്രൈഡേ കരാർ പ്രകാരം അനുവദിക്കാവുന്നതല്ല. ബ്രെക്സിറ്റ് സംഭവിച്ചാൽ അതിർത്തി നിർബന്ധമാണ്. ഒപ്പമുള്ള ‘ബാക്ക്–സ്റ്റോപ്’ സംവിധാനം, മറ്റെന്തെങ്കിലുമൊരു ഒത്തുതീർപ്പാകും വരെ– അതെന്താണെന്നു ദൈവത്തിനു മാത്രമറിയാം– അതിർത്തി വേണ്ടെന്നു വയ്ക്കാമെന്നതാണ്.

അഞ്ചു പേർ ചേർന്നൊരു കാറോടിക്കുന്നതു സങ്കൽപിക്കുക. രണ്ടു പേർക്ക് തെക്കു ദിശയിൽ പോകണം. മറ്റു രണ്ടു പേർക്കു വടക്കോട്ടു പോകണം. അഞ്ചാമത്തെയാൾ ഇടയ്ക്കിടെ തീരുമാനം മാറ്റിക്കൊണ്ടേയിക്കുന്നു. മാറുന്ന ഭൂരിപക്ഷത്തിന്റെ ഇഷ്ടമനുസരിച്ച് ഈ കാർ ഓടിയാൽ എവിടെയെങ്കിലും എത്തുമോ? 

ഇനി യുക്തിസഹമായി സ്വീകരിക്കാവുന്ന അടുത്ത നടപടിക്രമം മറ്റൊരു ഹിതപരിശോധന നടത്തുകയെന്നതാണ്. തെരേസ മേ തീരുമാനിച്ച കരാർ വ്യവസഥകളുമായി യൂറോപ്യൻ യൂണിയൻ വിടണോ അതോ തുടരണോ എന്നു ബ്രിട്ടനിലെ ജനങ്ങളോടു തന്നെ ചോദിക്കുക. അങ്ങനെയൊരു ഹിതപരിശോധന നടത്തിയാൽ ബ്രെക്സിറ്റ് വേണ്ടെന്നാകും ഫലം. പക്ഷേ അപ്പോൾ, രാഷ്ട്രീയത്തിലെ യുക്തിയെന്തെന്നു സ്വാഭാവികമായും ചോദിക്കേണ്ടിവരും.

(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു ലേഖകൻ)