ശബരിമലയിൽ സ്ത്രീകളെ കയറ്റുക എന്ന മിനിമം പരിപാടിയല്ല നവോത്ഥാനം: വിഎസ്

ഇടതുമുന്നണി വർഗീയകക്ഷികളുടെയും അഴിമതിക്കാരുടെയും ഇടത്താവളമാകരുതെന്നു വിഎസ് അഭിപ്രായപ്പെട്ടതിൽ അടങ്ങുന്നത് കേരളത്തിലെ എൽഡിഎഫ് വിപുലീകരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയ ചില കക്ഷികളോടുള്ള രാഷ്ട്രീയമായ വിയോജിപ്പല്ലേ? 

ഇടതുമുന്നണിയും വലത് മുന്നണിയും നിലവിലെ രാഷ്ട്രീയ സംവിധാനത്തിൽ ഉരുത്തിരിയുന്നതാണ്. കേരളം രൂപീകരിക്കപ്പെട്ട കാലം മുതൽ ഇവിടെ മുന്നണികളും രൂപപ്പെട്ടിട്ടുണ്ട്. ആശയപരമായി യോജിക്കാവുന്നവരുടെ കൂട്ടുകെട്ട് എന്ന നിലയിൽ, പൊതു മിനിമം ധാരണകളുടെ അടിസ്ഥാനത്തിലാണ് അതതു കാലത്ത് കോൺഗ്രസ് പാർട്ടിയുടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിൽ മുന്നണികൾ രൂപംകൊണ്ടത്. ക്രമേണ അത് ഇടതുപക്ഷ മുന്നണി, വലതുപക്ഷ മുന്നണി എന്ന മട്ടിൽ വിശേഷിപ്പിക്കപ്പെട്ടു. എൽഡിഎഫും യുഡിഎഫും എന്ന രീതിയിലേക്ക് മുന്നണികൾ മാറിയിട്ടുതന്നെ നാല് പതിറ്റാണ്ടോളമായി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വം സിപിഎമ്മിലും ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വം കോൺഗ്രസിലും എന്ന രീതിയിലാണ് ഇന്ന് മുന്നണികൾ നിലനിൽക്കുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി പാർലമെന്ററി രംഗത്തെ ഇടതുപക്ഷ ശക്തികളുടെ അടവുപരമായ പ്രയോഗവുമായി ബന്ധപ്പെട്ട് അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1980ലെ തിരഞ്ഞെടുപ്പിന് മുൻപ് രൂപീകരിക്കപ്പെട്ടതാണ്. 1978 ലെ ജലന്ധർ പാർട്ടി കോൺഗ്രസ് ഇടതുപക്ഷ ജനാധിപത്യ ശക്തികളെ ഐക്യപ്പെടുത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിനെപ്പറ്റി രാഷ്ട്രീയ പ്രമേയത്തിൽ തീരുമാനിക്കുകയുണ്ടായി. പ്രത്യയശാസ്ത്ര രാഷ്ട്രീയ കാഴ്ചപ്പാടിൽ നിന്നു കൊണ്ടു വേണം പാർലമെന്ററി രംഗത്തെ മുന്നണിയെ ബലപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത്; അല്ലാതെ വല്ല വിധേനയും ഭരണം കിട്ടുക, അതിനു തുടർച്ച തരപ്പെടുത്തുക എന്നിങ്ങനെയുള്ള കേവലം പാർലമെന്ററി വിജയലക്ഷ്യം മാത്രം മുന്നിൽക്കണ്ടു കൊണ്ടല്ല എന്ന നിഷ്കർഷയാണു പിന്നീട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുന്ന പ്രക്രിയയിൽ വഴികാട്ടിയായത്.

ഇക്കാര്യം ഗ്രഹിക്കാതെയും ദഹിക്കാതെയുമാണ് 1987 ൽ സിപിഎം പാർട്ടിക്കകത്ത് ജലന്ധർ കോൺഗ്രസിന്റെ രാഷ്ട്രീയപ്രമേയ കാഴ്ചപ്പാടിൽ നിന്ന് വ്യതിചലിച്ചായാലും, പാർലമെന്ററി വിജയമുറപ്പിക്കുന്ന തരത്തിൽ മുസ്‌ലിം ലീഗിനെയും കേരളാ കോൺഗ്രസിനെയും മറ്റും ഉൾക്കൊള്ളിച്ചു മുന്നണി വിപുലീകരിക്കണമെന്ന ആവശ്യവുമായി ബദൽ രേഖ ഉയർത്തപ്പെട്ടത്. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ തെറ്റുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അന്ന് പാർട്ടി നേതൃത്വം ആ തെറ്റ് തിരുത്തിയതാണു ചരിത്രം. അത് അംഗീകരിക്കാത്തവർ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതും പുറത്തു പോയതും ചരിത്രത്തിന്റെ ഭാഗമാണ്. അങ്ങിനെ നഷ്ടങ്ങൾ സഹിച്ചും തത്വാധിഷ്ഠിതമായ തീക്ഷ്ണ സമരത്തിലൂടെയുമാണ് എൽഡിഎഫ് മുന്നോട്ടു പോയത്.

സിപിഎമ്മിനോടൊപ്പവും, കോൺഗ്രസിനോടൊപ്പവും എല്ലാ കാലത്തും ഒരേ ഘടകകക്ഷികളല്ല ഉണ്ടായിട്ടുള്ളത്. സിപിഎമ്മിന്റെ കാര്യം ഞാൻ പറയാം. ഭരണം പിടിക്കുക എന്ന ഏക ലക്ഷ്യത്തോടെ കിട്ടാവുന്ന കക്ഷികളെയെല്ലാം കൂട്ടി തിരഞ്ഞെടുപ്പിനെ നേരിടുകയെന്നതല്ല ഞങ്ങളുടെ രീതി.  അത്തരം നീക്കങ്ങൾ ഉണ്ടായിട്ടില്ലെന്നല്ല.  ഉണ്ടായിട്ടുണ്ട്. പക്ഷെ, അതെല്ലാം അതതു കാലത്ത് പാർട്ടി ഇഴകീറി പരിശോധിക്കുകയും, രാഷ്ട്രീയമായി കൂട്ടു കൂടാൻ അനുയോജ്യരല്ലാത്തവരെ മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്.

ഇത്തരം നിലപാടുകൾ രാഷ്ട്രീയ അടവ് നയത്തിൻറെ ഭാഗമായി, പാർട്ടി ചർച്ച ചെയ്ത് കൈക്കൊള്ളാറുണ്ട് എന്നതുകൊണ്ടാണ്, വസ്തുനിഷ്ഠമായി ഇപ്രകാരം പരിശോധന നടത്താനും തീർപ്പ് കൽപ്പിക്കാനും സാധിക്കുന്നത്. മുസ്‌ലിം ലീഗുമായി യോജിക്കാവുന്ന അടവു നയമല്ല പാർട്ടിക്കുള്ളതെന്നു വ്യക്തമാക്കിയതും, കരുണാകരന്റെ ഡിഐസിയുമായി ബന്ധമുണ്ടാക്കാൻ പാടില്ലെന്ന് കേന്ദ്ര നേതൃത്വം കർശന നിലപാടെടുത്തതും, മഅദനിയുമായി സഹകരിച്ചതു തെറ്റായിപ്പോയെന്നു കേന്ദ്ര നേതൃത്വം റിവ്യൂ ചെയ്തതുമെല്ലാം പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകളുടെ അടിസ്ഥാനത്തിലായിരുന്നു. മുന്നണിയിലെ മറ്റ് കക്ഷികൾ ഇതിനോടു യോജിക്കുകയും ചെയ്തു. അത്തരം യോജിപ്പാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയമായ ഇഴയടുപ്പം.

ഇക്കാര്യം ഇന്ന് പതിന്മടങ്ങ് പ്രസക്തമാണ്. സാമ്രാജ്യത്വ ശക്തികളുടെ നിർദേശാനുസരണം നടത്തുന്ന ആഗോളവൽക്കരണവും മുഖ്യമായും ഹിന്ദുത്വവർഗീയ ഫാഷിസ്റ്റ് ശക്തിയായ ആർഎസ്എസ് നയിക്കുന്ന സംഘപരിവാർ അധീശത്വവും ചേർന്നു രാഷ്ട്രത്തിന്റെയും ജനതയുടേയും നിലനിൽപ് പോലും അപായത്തിലായിരിക്കുന്ന സമയത്ത്, ഇതിനെതിരെ കർഷകരും തൊഴിലാളികളും പരസ്പര ഐക്യത്തിലൂന്നിയുള്ള സമരത്തിലാണ്. അപ്രകാരം തൊഴിലാളി കർഷക ഐക്യം വളർന്നു വരുമ്പോൾ അതു സ്വാഭാവികമായും പാർലമെന്ററി- പാർലമെന്റിതര രംഗങ്ങളിലെ മുന്നണികളിലും പൊരുത്തമുള്ള പ്രതിനിധ്യവും ഗുണപരമായ വികാസവും  ആവശ്യപ്പെടുകയാണു ചെയ്യുന്നത്.  ഈ ദിശയിലായിരിക്കണം കേരളത്തിലെ എൽഡിഎഫ് വികാസവും മുന്നോട്ടു പോകേണ്ടത് എന്നത് മുൻപ് ചൂണ്ടിക്കാട്ടിയ പാർട്ടി നയത്തിന്റേയും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ താത്പര്യത്തിന്റേയും വെളിച്ചത്തിൽ എന്നത്തേക്കാളും കൂടുതൽ വ്യക്തമാണ്. അല്ലാതെ ഇക്കാര്യം കേവലം ശുദ്ധിവാദപരമായ ഒരു നിഷ്കർഷയുടെ മാത്രം കാര്യമല്ല.

വർഗീയ കക്ഷികളുമായി ചങ്ങാത്തമുണ്ടാക്കുന്ന പ്രശ്നമില്ലെന്നു പലതവണ ആവർത്തിച്ചിട്ടുള്ള പാർട്ടിയാണിത്. 1985ൽ അഖിലേന്ത്യാ മുസ്‌ലിം ലീഗുമായുള്ള ബന്ധം വേർപെടുത്തിയ ഘട്ടത്തിൽ സഖാവ് നായനാർ പ്രഖ്യാപിച്ചത്, തങ്ങൾ ഒറ്റപ്പെട്ടു പോയാലും വർഗീയ കക്ഷികളുമായി മേലിൽ ചങ്ങാത്തമുണ്ടാക്കില്ലെന്നാണ്. സഖാവ് ഇഎംഎസ്സും ഇതുതന്നെ ആവർത്തിച്ചു. ശരീയത്ത് വിഷയത്തിൽ സിപിഎമ്മിന്റെ നിലപാടു ശരിയല്ലെന്ന വാദത്തിന്, സ്ത്രീപക്ഷത്തുനിന്നുകൊണ്ടാണ് പാർട്ടി  മറുപടി പറഞ്ഞത്. അന്ന് എൽഡിഎഫിൽ സിപിഎം ഒറ്റപ്പെടുമെന്നാണ് ലീഗും അഖിലേന്ത്യാ ലീഗും കരുതിയത്.  പക്ഷെ, എൽഡ‍ിഎഫിലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി നിന്നു. രണ്ടു ലീഗും ഒന്നാവുന്നതും യുഡിഎഫിൽ വിലയം പ്രാപിക്കുന്നതുമാണു പിന്നീടു നാം കണ്ടത്.  ‌‌‌

കേരളാ കോൺഗ്രസുകളും ഇതേ പാതയാണ് പിന്തുടർന്നത്. എൽഡിഎഫ് വർഗപരവും മതേതരവുമായ കാഴ്ചപ്പാട് തെളിച്ചത്തോടെ വ്യക്തമാക്കിയപ്പോൾ, ലീഗ്- കേരളാ കോൺഗ്രസ് തുടങ്ങിയവർ അവരുടെ വർഗ ലൈനും അതുപോലെത്തന്നെ വ്യക്തമാക്കിയെന്നു സാരം. അഴിമതിക്കും വർഗീയതക്കും എതിരെ നിലപാടെടുക്കാൻ പ്രതിജ്ഞാബദ്ധമായ എൽഡിഎഫിൽ അഴിമതിക്കാരെയും വർഗീയ ശക്തികളെയും ഉൾപ്പെടുത്താനാവില്ലല്ലോ?. ഇത്തരക്കാർ മിക്കവാറും നിർണായക രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ മാറിമാറി താന്താങ്ങളുടെ അഭിപ്രായപ്രകടനങ്ങളിൽ ഊന്നുകയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വെട്ടിലാക്കുകയും ചെയ്യും. അതാണു കാതലായ പ്രശ്നം. അല്ലാതെ, ഏതെങ്കിലും  രാഷ്ട്രീയ കക്ഷികളോടുള്ള പ്രത്യേകമായ എതിർപ്പ് രേഖപ്പെടുത്തുകയല്ല ഞാൻ ചെയ്തത്.

ഐഎൻഎൽ വർഗീയകക്ഷിയാണോ അല്ലയോ എന്നതിനെക്കുറിച്ച് സിപിഎം ഒരു തീർപ്പിലെത്തിയിട്ടുണ്ടോ? ഇക്കാര്യത്തിൽ വിഎസിന്റെ നിരീക്ഷണം എന്താണ്?

പ്രാദേശിക രാഷ്ട്രീയ പാർട്ടികളെ ഓരോന്നായെടുത്തു വർഗീയ കക്ഷി, അല്ലാത്തത് എന്നിങ്ങനെ ലിസ്റ്റ് ചെയ്തു പ്രഖ്യാപിച്ചിട്ടൊന്നുമില്ല. പക്ഷെ, വർഗീയ കക്ഷികളുടെ ലക്ഷണങ്ങൾ പാർട്ടി പല ഘട്ടങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വർഗീയവാദികളും തീവ്രവാദികളും പരസ്പരം ശക്തിപ്പെടുത്തുകയാണു ചെയ്യുന്നത്. ഗോൾവാൾക്കറുടെ വിചാരധാര വന്നപ്പോഴാണ് ജമാ-അത്തെ ഇസ്‌ലാമി രൂപം കൊള്ളുന്നത്. ന്യൂനപക്ഷ വർഗീയത, ഭൂരിപക്ഷ വർഗീയതക്കു വളമാവുന്നതിനെക്കുറിച്ചും പാർട്ടി വിലയിരുത്തിയിട്ടുണ്ട്. ഏതെങ്കിലും ഒരു പാർട്ടി, വർഗീയമായ സ്വത്വം പിന്തുടരുകയും ആ സ്വത്വത്തെ ഭൂരിപക്ഷ വർഗീയതക്കെതിരെയുള്ള ആയുധമാക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, അതും വർഗീയ പാർട്ടി തന്നെയാണ്. ഇതാണ് സിപിഎമ്മിന്റെ തീർപ്പ്. 

അഴിമതിക്കേസിൽപ്പെട്ട ആർ. ബാലകൃഷ്ണപിള്ളക്കെതിരേ നിയമയുദ്ധത്തിനു നേതൃത്വം നൽകിയതും അദ്ദേഹത്തിനു ശിക്ഷ വാങ്ങിക്കൊടുത്തതും വിഎസ് മുന്നിൽ നിന്നാണ്. അങ്ങനെ ഒരു നേതാവ് നയിക്കുന്ന പാർട്ടിക്ക് എൽഡിഎഫിൽ ഇടം കൊടുത്തതു സ്വീകാര്യമാണോ?

ബാലകൃഷ്ണപിള്ള അഴിമതിക്കേസിൽ പെട്ടതല്ല. ഇടമലയാർ കേസിൽ ബാലകൃഷ്ണപിള്ള അഴിമതി നടത്തി എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടിയുടെ അനുവാദത്തോടെയും പിന്തുണയോടെയും ഞാൻ കേസ് നടത്തുകയും വിധി സമ്പാദിക്കുകയുമാണുണ്ടായത്. രേഖകളും തെളിവുകളും വെച്ച് നടത്തിയ നിയമയുദ്ധത്തിനൊടുവിൽ സുപ്രീം കോടതി എന്റെ വാദങ്ങൾ അംഗീകരിച്ചെന്നതാണു വസ്തുത. അഴിമതി നിരോധന നിയമപ്രകാരമാണ് അദ്ദേഹത്തിന് ശിക്ഷ വിധിച്ചതെന്നു വിധിന്യായത്തിന്റെ ആദ്യ ഖണ്ഡികയിൽത്തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. കേസുകളിൽപെട്ട എത്രയോ രാഷ്ട്രീയ നേതാക്കളുണ്ട്. അതു മുന്നണി പ്രവേശനവുമായി നേരിട്ടു ബന്ധപ്പെട്ടതല്ല. ബാലകൃഷ്ണപിള്ളയെ മുന്നണിയിലെടുക്കാൻ തീരുമാനിച്ചതു മുന്നണി നേതൃത്വമാണ്. അല്ലാതെ, സിപിഎം എന്ന പാർട്ടിയുടെ തീരുമാനമല്ല. പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ ഇത്തരം നീക്കുപോക്കുകൾ മുൻപും ഉണ്ടായിട്ടുണ്ട്.  

ആർ. ബാലകൃഷ്ണപിള്ള എൽഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു?

എൽഡിഎഫിൽ ഉൾപ്പെട്ട എല്ലാ പാർട്ടിയുടെയും പ്രതിനിധികൾക്ക് എൽഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കാൻ അവകാശമുണ്ടല്ലോ.  നേതാവിന്റെ സംശുദ്ധതയല്ല, പാർട്ടിയുടെ നിലപാടുകളാണ‌ു മുന്നണി സംവിധാനത്തിൽ പ്രധാനം.  

പത്തുപാർട്ടികളുടെ മുന്നണിയായി ഇതുവഴി എൽഡിഎഫ് മാറിയപ്പോൾ അതിൽ ഇടതുപാർട്ടികളെക്കാൾ ജനാധിപത്യചേരിക്കായി എണ്ണത്തിൽ പ്രാധാന്യം. അത് എൽഡിഎഫിന്റെ ഘടനയിൽ മാറ്റം വരുത്തുമോ?

മുന്നണി രാഷ്ട്രീയത്തിന് ആനുകാലിക മൂർത്ത സാഹചര്യങ്ങളിലെ അടവുകളുമായാണു ബന്ധം. ഇന്ന് ഇന്ത്യ അഭിമുഖീകരിക്കുന്ന മഹാദുരന്തമാണ് ബിജെപി.  നിർഭാഗ്യവശാൽ, കേരളത്തിലും അവർക്ക് ചവിട്ടടി കിട്ടിയിരിക്കുന്നു. ഈ ദുർഭൂതത്തെ കേരളത്തിന്റെ പടിക്കു പുറത്തു നിർത്തുന്നതിനാവശ്യമായ സഖ്യങ്ങൾ രൂപപ്പെടുത്തുകയെന്നതാണു പ്രധാനം. അതിനനുസരിച്ച്, എൽഡിഎഫിന്റെ ഘടനയിൽ കാലികമായ മാറ്റങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 

ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്ന നാലുകക്ഷികൾക്ക് ഇടതുമുന്നണിയുടെ രാഷ്ട്രീയ അടിത്തറയിൽ മാറ്റം വരുത്താൻ കഴിയുന്ന ശക്തിയുള്ളവയാണെന്നു കരുതുന്നുണ്ടോ?

ശക്തിയുള്ള പാർട്ടികളുടെ കൂട്ടായ്മയല്ല, മുന്നണി. അങ്ങനെയായിരുന്നെങ്കിൽ സിപിഎമ്മും കോൺഗ്രസും മാത്രം ഉൾപ്പെടുന്ന ഒരു മുന്നണിക്ക് കേരളത്തിൽ ഭരണം നിലനിർത്താൻ കഴിയുമല്ലോ.  ഞാൻ നേരത്തേ പറഞ്ഞ ചില പൊതു മിനിമം പരിപാടികളുടെ അടിസ്ഥാനത്തിൽ, പൊതു ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കാൻ സന്നദ്ധമാവുന്ന പാർട്ടികളുടെ കൂട്ടായ്മ എന്ന നിലയിലാണ് എൽഡിഎഫ് രൂപപ്പെടുന്നത്.

പുതിയ കക്ഷികളെ ഒപ്പം കൂട്ടിയതിനൊപ്പം സാമുദായികസംഘടനകളെ കൂടെ നിർത്തി ഒരു നവോത്ഥാനവേദിയുണ്ടാക്കുകയും അതിനെ ഇടതുമുന്നണിയുടെ ഒരു പിന്തുണാ വിഭാഗമായി കരുതി സഹകരിപ്പിക്കാനുമുള്ള നീക്കത്തെക്കുറിച്ച് എന്തു പറയുന്നു?

പൊതു പരിപാടിയുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ കക്ഷികളെ ഒപ്പം നിർത്തുന്നതും വ്യക്തമായ വർഗീയ അജണ്ടകൾ വെച്ച് പ്രവർത്തിക്കുന്ന കക്ഷികളുമായി സഖ്യത്തിലേർപ്പെടുന്നതും രണ്ടാണ്. ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീസമത്വം എന്ന നവോത്ഥാന ആശയത്തോടൊപ്പം നിൽക്കുന്ന സംഘടനകളെ ഒറ്റക്കെട്ടായി അണിനിരത്തുകയെന്നതു കാലഘട്ടം ആവശ്യപ്പെടുന്ന സംഗതിയാണ്. പക്ഷേ അതല്ല, നവോത്ഥാനം.

അയ്യങ്കാളിയുടെയും സഹോദരൻ അയ്യപ്പന്റെയും ശ്രീനാരായണ ഗുരുവിന്റെയും കാലത്തു നടന്ന നവോത്ഥാന പ്രവർത്തനങ്ങളുടെ ആവർത്തനമല്ല, ഇന്ന് നടക്കേണ്ടത്. അവർ സമൂഹത്തെ വളരെയേറെ മുന്നോട്ടു നയിച്ചുകഴിഞ്ഞു. നവോത്ഥാനം എന്നത് ഒരു തുടർപ്രക്രിയയാണെന്നാണ് കമ്യൂണിസ്റ്റുകാർ വിശ്വസിക്കുന്നത്. ഏതെങ്കിലും ഒരു തീയതി വെച്ച് പൂർത്തിയാവുന്നതല്ല, നവോത്ഥാനം.  ദൃഷ്ടിയിൽ പെടുന്നതുപോലും ദോഷം എന്ന കാലത്തുനിന്ന്, വഴി നടക്കാനുള്ള അവകാശം, മാറ് മറയ്ക്കാനുള്ള അവകാശം, ക്ഷേത്ര പ്രവേശനത്തിനുള്ള അവകാശം എന്നിങ്ങനെ മുന്നോട്ടു നടക്കുന്നതാണു നവോത്ഥാനം.  അതിന്റെ ഇന്നത്തെ ഘട്ടത്തിലാണ് ശബരിമലയിലെ യുവതീപ്രവേശം ചർച്ചയാകുന്നത്.

സ്വാഭാവികമായും, ശബരിമലയിലെ യുവതീപ്രവേശത്തിന്റെ സാഹചര്യത്തിൽ സ്ത്രീസമത്വം എന്ന പുരോഗമന ആശയത്തിനു പിന്തുണ നൽകേണ്ടതുണ്ട്.  അത് ശബരിമലയിൽ സ്ത്രീകളെ കയറ്റുക എന്ന മിനിമം പരിപാടിയല്ല. മറിച്ചു കാലഘട്ടം ആവശ്യപ്പെടുന്ന ഒരു നവോത്ഥാന പരിപാടിയാണ്. ആ പരിപാടിയോടൊപ്പം അണിനിരക്കാൻ തയാറാകുന്നവരുടെ പൊതു വേദിയാണ് ഉണ്ടാക്കേണ്ടത്. അത്തരം ഒരു വേദിയുണ്ടാക്കാൻ തയാറായവരെ ചേർത്തു വേദി ഉണ്ടാക്കുകയും ചെയ്തു. പക്ഷെ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പരിപാടികളും ഇങ്ങനെ രൂപപ്പെടുത്തുന്ന വേദികളുടെ പരിപാടികളും തമ്മിൽ വ്യത്യാസമുണ്ടാവും. 

അതിനാൽത്തന്നെ, അതിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണാ സംവിധാനമായി ഞങ്ങൾ ഉയർത്തിക്കാട്ടിയിട്ടുമില്ല. മാത്രവുമല്ല, ഈ നവോത്ഥാന വേദിയിൽ ഉൾപ്പെട്ട ചിലർ ശബരിമല വിഷയത്തിൽ തികച്ചും പുരോഗമനവിരുദ്ധമായ നിലപാടുകൾ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതു നിങ്ങൾ കണ്ടല്ലോ.

എൽഡിഎഫ് വിപുലീകരണത്തിനു തീരുമാനിച്ച യോഗത്തിൽ നിന്നു വിട്ടുനിന്നതു പ്രതിഷേധസൂചകമായാണോ?

ഒരിക്കലുമല്ല. എൽഡിഎഫ് വിപുലീകരണത്തിനു വേണ്ടി ചേർന്ന യോഗം എന്ന നിലയിലല്ല, ഞാനതിൽ പങ്കെടുക്കാതിരുന്നത്. ഈ വിപുലീകരണത്തെക്കുറിച്ച് എന്റെ അഭിപ്രായങ്ങൾ പറയാമായിരുന്ന യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നതല്ല, പ്രതിഷേധം.

പുതിയ കക്ഷികളെ കൂടി ഉൾപ്പെടുത്തി നടന്ന ആദ്യത്തെ എൽഡിഎഫ് യോഗത്തിലും വിഎസ് പങ്കെടുത്തില്ല?

കഴിഞ്ഞ രണ്ട് കേന്ദ്ര കമ്മിറ്റി യോഗങ്ങളിൽ ഞാൻ പങ്കെടുത്തിരുന്നില്ല.  ഡൽഹിയിലെ കാലാവസ്ഥയിലേക്കു പോകരുതെന്ന് ഡോക്ടർ കർശനമായി നിർദേശിച്ചതനുസരിച്ചാണ് ആ യോഗങ്ങളിൽനിന്നു വിട്ടുനിന്നത്. എന്നിരുന്നാലും എന്റെ  അഭിപ്രായങ്ങൾ ഞാൻ രേഖാമൂലം കമ്മിറ്റികളെ അറിയിക്കാറുണ്ട്.  ഇത്തവണ എൽഡിഎഫ് യോഗത്തിലും പങ്കെടുക്കാനായില്ല.  അതൊന്നും പ്രതിഷേധ സൂചകമായി കണക്കാക്കരുത്.