പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ ഇടപെടൽശേഷി വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് കേരളത്തിലെ സിപിഎം നേതാക്കൾ ഈയിടെ വാചാലരാകുന്നത്. ഇടപെടൽശേഷിക്കു രണ്ടുതലമുണ്ട്. ഒന്ന്: പാർലമെന്റിലെ ഇടത് അംഗങ്ങളുടെ എണ്ണം. രണ്ട്: ഗുണപരവും ഫലപ്രദവുമായ ഇടപെടലിനു കഴിയുന്ന നേതൃത്വം. ഇതിനു രണ്ടിനും രാജ്യത്തെ ഇടതുപക്ഷം കേരളമെന്ന ഏക ‘ചുവപ്പൻ’തുരുത്തിനെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. അപ്പോഴുയരുന്ന ചോദ്യം മർമപ്രധാനമാണ്. സിപിഎമ്മിന്റെ പാർലമെന്ററി ടീമിനെ ഇക്കുറി ആരു നയിക്കും? പ്രചരിക്കുന്ന സാധ്യതാപട്ടികകൾക്ക് അപ്പുറത്തേക്കുള്ള ഈ പ്രശ്നത്തിലേക്കു നേതൃത്വം കണ്ണുതുറന്നുവയ്ക്കുമെന്നു വ്യക്തം.
കേരളം കനിയണം
ലോക്സഭയിൽ സിപിഎം പൊളിറ്റ്ബ്യൂറോയിൽ നിന്ന് ഒരംഗം മാത്രമാണുള്ളത് – ബംഗാളിൽ നിന്നുള്ള മുഹമ്മദ് സലീം. 2014ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പിബിയിൽ ഇല്ലാതിരുന്ന അദ്ദേഹത്തെ 2015ൽ ആ ഘടകത്തിലേക്കു കൊണ്ടുവന്നതിന്റെ ഒരു കാരണം, ലോക്സഭയിൽ ഒരു പിബി അംഗം ഉണ്ടാകണം എന്നതായിരുന്നു. സലീമടക്കം രണ്ടു പേരാണു കഴിഞ്ഞതവണ ബംഗാളിൽ ജയിച്ചതെങ്കിൽ, ഇത്തവണ ആ സീറ്റുകൾ നിലനിർത്താമെന്ന ഉറപ്പ് പാർട്ടിക്കില്ല. രണ്ടിടത്തും തോൽപിച്ചതു കോൺഗ്രസ് സ്ഥാനാർഥിയെയായതുകൊണ്ട് തൊട്ടടുത്ത ആ എതിരാളിയുമായി അതേ സീറ്റിൽ സഖ്യത്തിനുള്ള സാധ്യതയും കുറയും.
ലോക്സഭയിൽ പിബി അംഗങ്ങളില്ലാത്ത അവസരങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. പക്ഷേ, ആ കുറവ് പരിഹരിക്കാൻ രാജ്യസഭയിൽ മുതിർന്ന നേതാവിന്റെ സാന്നിധ്യമുണ്ടാകുമായിരുന്നു. ജനറൽ സെക്രട്ടറിയായെന്ന പേരിൽ സീതാറാം യച്ചൂരിക്ക് അവസരം നിഷേധിച്ചതോടെ, രാജ്യസഭയിൽ നിലവിൽ പിബിയിൽ നിന്നാരുമില്ല. അപ്പോൾ, 2019ൽ പാർലമെന്റിൽ സിപിഎമ്മിനെ നയിക്കാൻ ഒരു പൊളിറ്റ്ബ്യൂറോ അംഗം വേണമെങ്കിൽ കേരളം കനിയണം. 16 അംഗ പിബിയിലെ ഒരാൾപോലും പാർലമെന്റിൽ ഇല്ലെന്ന സ്ഥിതി ഒഴിവാക്കാൻ ആഗ്രഹിക്കും എന്നതുകൊണ്ടുതന്നെ, വഴിയെന്തെന്നു പാർട്ടി ആലോചിക്കും. ഫെബ്രുവരി 8, 9 തീയതികളിലെ പിബി യോഗത്തിൽ ആദ്യ ചർച്ചയും നടക്കും.
ബേബി, കാരാട്ട്?
കേരളത്തിൽനിന്നു സ്ഥാനാർഥിയായി പരിഗണിക്കാവുന്ന പിബി അംഗങ്ങൾ എസ്.രാമചന്ദ്രൻപിള്ളയും എം.എ.ബേബിയുമാണ്. കഴിഞ്ഞതവണ പിബിയിൽ നിന്നുതന്നെ ഒഴിവായി എഴുത്തിലേക്കും വായനയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനാഗ്രഹിച്ച എസ്ആർപി ഇനിയൊരു തിരഞ്ഞെടുപ്പിന്റെ ചൂട് ഏറ്റുവാങ്ങാനിടയില്ല.
2014ൽ എംഎൽഎ ആയിരുന്നിട്ടുകൂടി സ്ഥാനാർഥിപ്പട്ടികയിലെ ഏക പിബി അംഗമായി ബേബിയെ കൊല്ലത്ത് ഇറക്കിയെങ്കിൽ, ആ സാന്നിധ്യം പാർലമെന്റിൽ വേണമെന്ന തീരുമാനം അതിനു പിന്നിലുണ്ടായിരുന്നു.‘എംഎൽഎ ഭാര’മില്ലാത്ത ബേബി അപ്പോൾ സ്വാഭാവിക സ്ഥാനാർഥിയാണ്. പക്ഷേ, സുരക്ഷിതമായ സീറ്റാണു ചോദ്യം. ആലപ്പുഴയോ എറണാകുളമോ ചൂണ്ടിക്കാട്ടുന്നവരുണ്ട്. രണ്ടും പക്ഷേ, യുഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ. ജയസാധ്യതയുള്ള ഒരു സീറ്റു നൽകാതെ 2014ലേതു പോലെ വീണ്ടുമൊരു പൊളിഞ്ഞ പരീക്ഷണത്തിനു പിബി അംഗത്തെ വിട്ടുകൊടുക്കാൻ കഴിയുമോ?
ഈ പ്രതിസന്ധി പരിഹരിക്കാൻ ഒറ്റനോട്ടത്തിൽ എളുപ്പവഴിയല്ലേ എന്നു തോന്നുന്ന സാധ്യത നിർദേശിക്കുന്നവരുണ്ട്. എന്തുകൊണ്ട് പ്രകാശ് കാരാട്ട്...? കേരളത്തിൽ വേരുകളുള്ള അദ്ദേഹത്തെ ഇവിടെനിന്നു ജയിപ്പിച്ചു പാർലമെന്റിലെത്തിക്കുക സിപിഎമ്മിനു പ്രയാസമുള്ള കാര്യമല്ല. പക്ഷേ, പാർലമെന്ററി രാഷ്ട്രീയത്തിലേക്കില്ല എന്നത് ഇതുവരെ കാരാട്ടിന്റെ ഉറച്ച തീരുമാനമാണ്. യച്ചൂരി രാജ്യസഭയിൽ നിന്നൊഴിവായപ്പോൾ ഇനി കാരാട്ട് ഉണ്ടാകണമെന്ന നിർദേശം വന്നപ്പോഴും അദ്ദേഹം നിരാകരിച്ചു. അല്ലെങ്കിൽ, കഴിഞ്ഞ വർഷം എളമരം കരീമിനു പകരം ഇവിടെനിന്നു രാജ്യസഭയിലെത്തുക കാരാട്ടാകുമായിരുന്നു.
ബിജെപിയെയും കോൺഗ്രസിനെയും ഒരുപോലെ തുറന്നുകാണിക്കുമെന്ന് അവകാശപ്പെടുന്ന സിപിഎം, അതിനുപോന്ന ആധികാരിക ശബ്ദത്തിനാണ് ആഗ്രഹിക്കുന്നതെങ്കിൽ, കാരാട്ട് വ്യക്തിപരമായ നിലപാടു മാറ്റേണ്ടിവരും. ആ സാധ്യത നിലവിൽ നേതാക്കൾ തള്ളുന്നു. പക്ഷേ, ഈ നിർദേശം കേരളത്തിലെ പാർട്ടിയെങ്കിലും അദ്ദേഹത്തിനു മുന്നിൽ വയ്ക്കാതിരിക്കില്ലെന്നു പലരും കരുതുന്നു.
രാജ്യസഭയിലേക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് ചെറിയാൻ ഫിലിപ്പിനെ നിർദേശിക്കാൻ ധാരണയായപ്പോഴാണ് ഡൽഹി എകെജി ഭവനിൽനിന്ന് ‘കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമായിക്കൂടേ’ എന്ന ചോദ്യമെത്തിയത്. തുടർന്ന് സെക്രട്ടേറിയറ്റ് ഇടയ്ക്കുനിർത്തി കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ച് കരീമിനെ തീരുമാനിക്കുകയായിരുന്നു. പക്ഷേ അതേ താൽപര്യം, രാജ്യസഭയിലേക്കുള്ള തന്റെ മൂന്നാം അവസരം നിഷേധിക്കാൻ മുന്നിൽനിന്ന കാരാട്ടിന്റെ കാര്യത്തിൽ യച്ചൂരി കാട്ടുമോ?
സിപിഎമ്മിന്റെ പരമോന്നത ഫോറത്തിൽ നിന്നൊരാളുടെ ശബ്ദമുയരാത്ത വേദിയായി അടുത്ത 5 വർഷം പാർലമെന്റ് മാറുമോ? സിപിഎം കണ്ടെത്തുന്ന ഉത്തരത്തിലേക്ക് ഇടതുപക്ഷമാകെ ശ്രദ്ധിക്കുന്നുണ്ടാകും.