ആ ‘മാജിക് ’കാത്ത്

വന്നല്ലോ പ്രിയങ്ക. കോൺഗ്രസുകാരും അല്ലാത്തവരും കുറെക്കാലമായി കാത്തിരുന്നതാണ് ഈ രംഗപ്രവേശം. മോത്തിലാൽ നെഹ്‌റുവിന്റെ വംശവൃക്ഷത്തിൽ കുരുത്ത് നേരിട്ടു നേതൃസ്ഥാനത്തെത്തുന്ന എട്ടാമത്തെ വ്യക്തിയാണു പ്രിയങ്ക. നെഹ്റു കുടുംബത്തിലേക്കു വിവാഹം ചെയ്ത സോണിയ ഗാന്ധിയെയും മേനക ഗാന്ധിയെയും ഉൾപ്പെടുത്തിയാൽ, സംഖ്യ രണ്ടക്കം തൊടും. 

രണ്ടു നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുകൾക്കു മേൽനോട്ടം വഹിച്ചിരുന്നതൊഴിച്ചാൽ, 47 വയസ്സുള്ള പ്രിയങ്ക ഗാന്ധിക്ക് പ്രായോഗിക രാഷ്ട്രീയത്തിൽ അനുഭവമില്ല. ഗാന്ധി-നെഹ്റു കുടുംബത്തിനു പുറത്തുള്ള കോൺഗ്രസുകാരൻ എത്ര നേതൃപാടവം കാണിച്ചാലും, കുടുംബത്തിന്റെ അനുഗ്രഹമില്ലാതെ പാർട്ടിയുടെ തലപ്പത്തെത്തുക - ഉദാഹരണത്തിന് നരേന്ദ്ര മോദി ബിജെപിയിലൂടെ പ്രധാനമന്ത്രിയായ പോലെ - അസാധ്യമാണ്. ഈ കുടുംബമെന്ന വടവൃക്ഷത്തിനു കീഴിൽ ഒന്നു വളരാൻ അനുവദിക്കാത്തതു കൊണ്ടാണ് ശരദ് പവാർ, മമത ബാനർജി തുടങ്ങിയ ജനസ്വാധീനമുള്ള പ്രാദേശിക നേതാക്കൾ കോൺഗ്രസ് വിട്ടു പോയതും ആ പാർട്ടി ക്ഷയിച്ചതും. 

എന്നാലും കോൺഗ്രസുകാർ ഈ കുടുംബത്തെ സ്നേഹിക്കുന്നതിനുള്ള പ്രധാനകാരണം, അവർക്ക് തിരഞ്ഞെടുപ്പു ജയിപ്പിക്കുന്നതിലുള്ള കഴിവാണ്. 1984ൽ രാജീവ് ഗാന്ധിക്കു ശേഷം അതും നടന്നിട്ടില്ല; വ്യക്തിപ്രഭാവവും പ്രസരിപ്പുമുള്ള പ്രിയങ്ക ഗാന്ധിയിലേക്ക് അവർ ഉറ്റുനോക്കുന്നത് തിരഞ്ഞെടുപ്പു ജയിപ്പിക്കാനുള്ള പഴയ മാജിക്കിന്റെ പ്രതീക്ഷയാലാണ്. 

ശിരോമണി അകാലിദൾ, കേരള കോൺഗ്രസ് (എം), ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തുടങ്ങിയ പഴയ പ്രാദേശിക പാർട്ടികൾ തൊട്ട് ഏറ്റവും പുതിയ തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) വരെ മക്കൾരാഷ്ട്രീയത്തിൽ മുങ്ങിത്തുടിക്കുന്നു. കുടുംബരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ശത്രുവായിരുന്ന റാം മനോഹർ ലോഹ്യയുടെ പേരിൽ ആണയിടുന്ന യുപി, ബിഹാർ സംസ്ഥാനങ്ങളിലെ യാദവനേതാക്കളും ചെയ്യുന്നതു മറ്റൊന്നല്ല. കുറച്ചൊക്കെ ഉൾപ്പാർട്ടി ജനാധിപത്യമുള്ള ബിജെപിയുടെ മോദി മന്ത്രിസഭയിൽ അഞ്ചിൽ ഒരു മന്ത്രി മക്കൾരാഷ്ട്രീയത്തിന്റെ ഗുണഭോക്താവാണ്.

ഇതിനൊരു അപവാദം സിപിഎമ്മാണ്. കുന്നിക്കൽ നാരായണൻ ഒഴിച്ചാൽ, വീട്ടിൽ വിപ്ലവം നടപ്പിലാക്കാൻ ഒരു കമ്യൂണിസ്റ്റ് നേതാവും ശ്രമിച്ചിട്ടില്ല. കുട്ടികൾ പാർട്ടിയിലേക്കു വരുന്നത് അവർക്കു പഥ്യമല്ലെന്നു തോന്നിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, പ്രിയങ്ക ഗാന്ധിക്കെതിരെ കുടുംബരാഷ്ട്രീയം എന്ന ആരോപണവുമായി ആരെങ്കിലും ചെല്ലുകയാണെങ്കിൽ അതിനു പഴയ പ്രഹരശേഷിയില്ല. 

ഇപ്പോൾ 80ൽ 73 സീറ്റുകൾ കൈവശമുള്ള എൻഡിഎയ്ക്കു ഭരണത്തുടർച്ചയുണ്ടാകുമോ എന്ന് നിശ്ചയിക്കുക യുപി തന്നെയായിരിക്കും. അഖിലേഷ് യാദവും മായാവതിയും സഖ്യത്തിനില്ലെന്നു പറഞ്ഞ് 2 സീറ്റുകൾ (അമേഠിയും റായ്ബറേലിയും) മാത്രം വച്ചുനീട്ടിയപ്പോൾ കണ്ണുചിമ്മാതെ തുറുപ്പുചീട്ട് ഇറക്കിയതിലൂടെ കോൺഗ്രസ് അണികളുടെ വീര്യംകൂട്ടി. യുപിയിലെ ജാതി സമീകരണത്തെ, ഉണരുന്ന കോൺഗ്രസ് കാര്യമായി ബാധിക്കാം. 

2009ൽ കോൺഗ്രസ് 20 സീറ്റുകളിൽ ജയിച്ചത് ഉന്നത ജാതികൾ, മുസ്‌ലിം, ദലിത് എന്നിവരുടെ പിന്തുണയോടെയാണ്. ഇപ്പോൾ ഉന്നത ജാതികൾ ബിജെപിയെ പിന്തുണയ്ക്കുന്നു. എന്നാൽ, യോഗി ആദിത്യനാഥ്, രാജ്നാഥ് സിങ് എന്നീ രജ്പുത് നേതാക്കൾക്കു മേൽക്കൈയുള്ള യുപിയിൽ ബ്രാഹ്മണർ തുടങ്ങിയ ഉന്നത ജാതികൾ ഇപ്പോൾ അസംതൃപ്തരാണ് (ഇതു മറികടക്കാനാണു പെട്ടെന്ന് സാമ്പത്തിക സംവരണം കേന്ദ്ര സർക്കാർ കൊണ്ടുവന്നത്). 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്‌ലിം വോട്ടുകൾ ബിജെപി ഇതര പാർട്ടികളിൽ വിഭജിക്കപ്പെട്ടു. അതുപോലെ, മായവതിയുടെ ജാതിയായ ജാടവുകൾ ഒഴിച്ചുള്ള ദലിതുകൾ ബിജെപിയുടെ കൂടെയായിരുന്നു. 

പ്രിയങ്കയുടെ വരവോടെ വർധിതവീര്യം നേടിയ കോൺഗ്രസ്, കാലങ്ങളായി തങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഈ മൂന്നു വിഭാഗത്തിലും ഒരു ശക്തിയാകുകയാണെങ്കിൽ എസ്പിയും ബിഎസ്പിയും പരസ്യമായോ രഹസ്യമായോ (ഉദാഹരണത്തിന് സ്ഥാനാർഥിനിർണയത്തിലെ നീക്കുപോക്കുകൾ) കോൺഗ്രസുമായി ധാരണയിലെത്താൻ നിർബന്ധിതരാകും. 

അതാര്യത അകലട്ടെ 

സയീദ് ഷൂജ എന്ന പേരുള്ള ‘സ്വയംപ്രഖ്യാപിത സൈബർ വിദഗ്ധൻ’ ഈയിടെ ലണ്ടനിൽ വച്ചു നടത്തിയ പത്രസമ്മേളനത്തിൽ, 2014ലെ പൊതുതിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങളിൽ വൻതോതിൽ തിരിമറി നടന്നു എന്നതുതൊട്ട് ഈ വിവരം അറിഞ്ഞിരുന്ന ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തിയെന്നു വരെയുള്ള ഗൗരവമേറിയ ആരോപണങ്ങൾ നിരത്തിയെങ്കിലും അവയ്ക്ക് ഉപോദ്ബലകമായി ഒരു തരിമ്പു തെളിവുപോലും അയാൾ മുന്നോട്ടു വച്ചില്ല. 

ഇലക്ട്രോണിക് വോട്ടിങ് യന്ത്രം (ഇവിഎം) അതിന്റെ അതാര്യതകൊണ്ട് എന്നും സംശയത്തിന്റെ നിഴലിലാണ്. ഇവിഎമ്മിന്റെ ഏറ്റവും വലിയ ഗുണം, ബാലറ്റ് ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പുകളിൽ യുപി, ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്നിരുന്ന ബൂത്തുപിടിത്തം അവസാനിപ്പിച്ചുവെന്നതാണ്. എന്നാൽ, ഈ സ്ഥലങ്ങളിലൊക്കെ പിന്നീട് പൂർണമായും കേന്ദ്ര അർധസൈനിക വിഭാഗത്തെ വിന്യസിച്ച് ബാലറ്റ് ഉപയോഗിച്ചുതന്നെ സമാധാനപരമായി തിരഞ്ഞെടുപ്പു നടത്തുകയും അവ ഭരണമാറ്റങ്ങൾക്കു വഴിവയ്ക്കുകയും ചെയ്തു. 

സമ്മതിദായകന് താൻ ചെയ്യുന്ന വോട്ട് ഒരു ‘പീ’ ശബ്ദം മാത്രമാകുമ്പോൾ സ്വാഭാവികമായും സംശയമുണ്ടാകും. അത് ഒരു പരിധിവരെ ദൂരീകരിക്കാവുന്ന വിവിപാറ്റ് യന്ത്രങ്ങൾ സാർവലൗകികമല്ല. ഇതുപോലെയുള്ള പ്രശ്നങ്ങളാണ് ഇവിഎമ്മിനെതിരായ പരാതികളുടെയും ലണ്ടനിൽ കണ്ടപോലുള്ള പ്രഹസനങ്ങളുടെയും ഉറവിടം. ഗുജറാത്തിലെ തിരഞ്ഞെടുപ്പു പ്രഖ്യാപനം നീട്ടിവയ്ക്കുക തുടങ്ങിയ പ്രവൃത്തികളിലൂടെ, ടി.എൻ. ശേഷന്റെ കാലം മുതൽ പടുത്തുയർത്തിയ തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശ്വാസ്യതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. 

തിരഞ്ഞെടുപ്പു പ്രക്രിയ സീസറിന്റെ ഭാര്യയെപ്പോലെ സംശയത്തിനതീതമായിരിക്കണം. അതുകൊണ്ടു ചെയ്യാവുന്നത് ജർമനി, ഫിൻലൻ‌ഡ്, അയർലൻഡ് തുടങ്ങി പല ജനാധിപത്യ രാജ്യങ്ങളെപ്പോലെ ഇവിഎം ഉപേക്ഷിച്ച് ബാലറ്റിലേക്കു മടങ്ങുക. അല്ലെങ്കിൽ, വിവിപാറ്റിൽ ശേഖരിക്കുന്ന വോട്ട് രേഖപ്പെടുത്തിയ കടലാസുകൾ എണ്ണി, ഇവിഎമ്മിൽ രേഖപ്പെടുത്തിയ വോട്ടുകൾ താരതമ്യപ്പെടുത്തണം എന്നു നിർബന്ധമാക്കുക.

സ്കോർപ്പിയൺ കിക്ക്:  പെണ്ണുങ്ങളെക്കാൾ മോശമാണു മുഖ്യമന്ത്രിയെന്ന് കെ.സുധാകരൻ. 

മുട്ടയിൽനിന്നു വിരിഞ്ഞ ഒരു അദ്ഭുതശിശുവിനു മാത്രമേ, സ്ത്രീകളെപ്പറ്റി ഇങ്ങനെ പറയാനാവൂ.