തോട്ടപ്പള്ളി സ്പിൽവേ ലക്ഷ്യം നേടണം

SHARE

കുട്ടനാടിന്റെ വൃക്കയാണു തോട്ടപ്പള്ളി സ്പിൽവേ; കുട്ടനാടിന്റെ ശരീരത്തിലേക്ക് അധികമായെത്തുന്ന വെള്ളം പുറന്തള്ള‍േണ്ട അവയവം. പക്ഷേ, വർഷങ്ങളായി തളർന്നുകിടക്കുകയാണ് ഈ സ്പിൽവേ. 1954ൽ ഉദ്ഘാടനം ചെയ്ത സ്പിൽവേ, അതിനുശേഷമുണ്ടായ വലിയ പ്രളയങ്ങളിലൊന്നും കുട്ടനാടിനു കാര്യമായ സഹായമൊന്നും ചെയ്തില്ല. ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സംഭവിച്ചത്.

തൊണ്ണൂറ്റിയൊൻപതിലെ വെള്ളപ്പൊക്കം മുതലാണ് കുട്ടനാടിനെ പ്രളയജലത്തിൽനിന്നു രക്ഷിക്കണമെന്ന ആശയം ഉടലെടുത്തത്. തിരുവിതാംകൂർ രാജാവ് അതെപ്പറ്റി പഠിക്കാൻ വ‍ിദഗ്ധരെ നിയോഗിച്ചു. അച്ചൻകോവിൽ, പമ്പ, മണിമല നദികളിലൂടെയെത്തുന്ന കിഴക്കൻ വെള്ളമാണു കുട്ടനാടിനെ വൻപ്രളയത്തിൽ മുക്കുന്നതെന്നും ഈ നദികളിലെ ജലനിരപ്പു നിയന്ത്രിക്കാനായ‍ാൽ ഒരു കൃഷി മാത്രം നടത്തുന്ന കുട്ടനാടൻ പാടങ്ങളിൽ ഇരുപ്പൂ കൃഷി നടത്ത‍ാനാകുമെന്നും റിപ്പോർട്ടുകൾ സമർപ്പിക്കപ്പെട്ടു. പ്രളയവും നിയന്ത്രിക്കാം, വിളവ് ഇരട്ടിപ്പിക്കുകയുമാകാം എന്ന കാഴ്ചപ്പാടിന്റെ ഫലമായാണ് കുട്ടനാടിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തു തോട്ടപ്പള്ളി സ്പിൽവേയും വേമ്പനാടിന്റെ വടക്കുഭാഗത്തു തണ്ണീർമുക്കം ബണ്ടും സ്ഥാപിക്കപ്പെട്ടത്. കടലിൽനിന്ന് ഓരുജലം കൃഷിയിടങ്ങളിലേക്കു കയറുന്നതു തടയുകയായിരുന്നു സ്പിൽവേയുടെ മറ്റൊരു ലക്ഷ്യം.

വീയപുരം മുതൽ തോട്ടപ്പള്ള‍ി വരെ പത്തു കിലോമീറ്റർ ദൂരം വീതികൂട്ടി, ലീഡിങ് ചാനൽ നിർമിച്ച് പമ്പ, അച്ചൻകോവിൽ നദികളിലെ ജലം കുട്ടനാട്ടിലേക്കു കടക്കാതെ നേരിട്ടു കടലിലേക്ക് ഒഴ‍ുക്കുകയായിരുന്നു പ്രധാന ദൗത്യം. എന്നാൽ, ഈ ഭാഗം വിട്ടാണു സ്പിൽവേ നിർമാണം നടന്നത്. കൊല്ലം – ആലപ്പുഴ ഫെറി സ്ഥിതിചെയ്യുന്ന ടിഎസ് കനാലിലൂടെ കായംകുളം കായലിലേക്കാണ് അതിനുമുൻപ് തോട്ടപ്പള്ളിയിലെത്തുന്ന ജലം പോയിരുന്നത്. നിലവിൽ പ്രളയകാലത്ത് പമ്പ, അച്ചൻകോവിൽ നദികള‍ിലൂടെ കുട്ടനാട്ടിലേക്കെത്തുന്ന വെള്ളം മുഴുവൻ ഒഴുകിയെത്താനുള്ള വാഹകശേഷി വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള ചാലിന് ഇല്ല. രണ്ടു നദികൾ ഒന്നിക്കുമ്പോഴുണ്ടാകുന്ന വീതിയും കരയുടെ ഉയരവും ഇവിടെ ഇല്ലാത്തതാണു പ്രധാന പ്രശ്നം. തോട്ടപ്പള്ളി ലീഡിങ് ചാനലിന്റെ ആഴവും വീതിയും നിർദിഷ്ട അളവിൽ പൂർത്തിയാക്കിയിട്ടില്ല. തീരത്തു ജനവാസം വർധിച്ച സാഹചര്യത്തിൽ വീതികൂട്ടുക പ്രായോഗികമല്ലെങ്കിലും ആഴം കൂട്ടുകയും മണൽ നീക്കം ചെയ്യുകയും വേണം.

തോട്ടപ്പള്ളി സ്പിൽവേയ‍ും കടലുമായി ചേരുന്ന ഭാഗത്തെ പൊഴിമുഖമാണു മറ്റൊരു പ്രധാന പ്രശ്നം. ഇവിടെ നിരന്തരം മണലടിഞ്ഞ് പൊഴി രൂപപ്പെടും. അടുത്തകാലത്തു നിർമിച്ച തോട്ടപ്പള്ളി തുറമുഖവും അതിനോടു ചേർന്നുള്ള പു‍ലിമുട്ടും സ്പിൽവേയുടെ വടക്കുഭാഗത്താണ്. ആലപ്പുഴയുടെ തീരദേശത്തിന്റെ പ്രത്യേകത കാരണം പുലിമുട്ടിന്റെ തെക്കുഭാഗത്തു മണലടിയുകയും വടക്കുഭാഗത്തു തീരം ഇടിയുകയുമാണു പതിവ്. പൊഴിമുഖത്തു നിരന്തരം മണൽ അടിഞ്ഞുകയറാൻ, കാര്യമായ പഠനം കൂടാതെയുള്ള പുലിമുട്ടുനിർമാണവും കാരണമായി. 

തോട്ടപ്പള്ളി സ്പിൽവേ യഥാർഥ ലക്ഷ്യങ്ങൾ നേടിയെടുക്കണമെങ്കിൽ അതിനു സർക്കാർതലത്തിൽ ശക്തമായ ഇടപെടൽ നടക്കേണ്ടിയിരിക്കുന്നു. സ്പിൽവേക്കുവേണ്ടി കഴിഞ്ഞ ദിവസം മന്ത്രി കെ.കൃഷ്ണൻകുട്ടി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത്, തീരത്തെ മരങ്ങൾ മുറിക്കാനും മണൽ നീക്കാനും ഉൾപ്പെടെ നിർദേശം നൽകിയിരുന്നു.  തോട്ടപ്പള്ളിയിലൂടെ പ്രളയജലം കടലിലേക്കൊഴുകാൻ ഇനിയുമേറെ നടപടികൾ ഉണ്ടാകേണ്ടതുണ്ട്. ലീഡിങ് ചാനലിന്റെ വീതിയും ആഴവും കൂട്ടണം, തീരം സംരക്ഷിക്കണം, കുട്ടനാട്ടിലേക്കു പ്രളയജലം കടക്കാതിരിക്കാൻ റെഗുലേറ്ററുകൾ ആവശ്യമെങ്കിൽ സ്ഥാപിക്കണം, ഷട്ടറുകളുടെ പ്രവർത്തനം പൂർണമായും യന്ത്രസംവിധാനത്തിലാക്കുകയും വേണം. അങ്ങനെയെങ്കിൽ,  ഇനിയൊരു പ്രളയകാലത്തെ നിർഭയം നേരിടാൻ കുട്ടനാടിനു കഴിഞ്ഞേക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA