ഇനിയും ഇവരെ കല്ലെറിയല്ലേ...

dayabai
SHARE

ചില്ലുമേടയിൽ ഇരിക്കുന്നവർ കണ്ണുതുറക്കുന്നില്ലെന്നു മാത്രമല്ല, കല്ലെറിയാനും തുടങ്ങിയാലോ? കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ ദുരിതത്തിൽ മനസ്സലിയാത്തവരെ കരിമ്പാറകളെന്നേ വിളിക്കാൻ കഴിയൂ. ശിരസ്സു മാത്രം വളർന്ന, എല്ലുകൾ പൊടിഞ്ഞുപോകുന്ന കുരുന്നുകൾ, അർബുദം ഉൾപ്പെടെയുള്ള മാറാരോഗങ്ങൾ പേറുന്നവർ, കൺമണിയുടെ കരച്ചിൽ കാരണം വർഷങ്ങളായി ഉറങ്ങാത്ത അമ്മമനസ്സുകൾ... നാളെ വീണ്ടും സെക്രട്ടേറിയറ്റ് പടിക്കൽ കണ്ണീർസമരവുമായി അവരെത്തുമ്പോൾ കേരളം കൂടെനിൽക്കണം; കാഴ്ചക്കാരായല്ല, ഉറ്റവരായി. 

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരോട് ഈ ദുരിതം വന്നു കാണാനഭ്യർഥിച്ചിട്ടും തിരിഞ്ഞുനോക്കിയിട്ടില്ല. എൻഡോസൾഫാൻ ഒരു മാരക വിപത്തേ അല്ല, അങ്ങനെയൊരു പ്രശ്നവും കാസർകോട്ടില്ല എന്നു വരുത്തിത്തീർക്കാനാണ് ഇപ്പോൾ ചിലരുടെ ശ്രമം. എത്രനാൾ അവിടത്തെ അമ്മമാർ ഈ കല്ലേറു സഹിക്കും? സഹനത്തിന്റെ എല്ലാ സീമകളും കടന്നപ്പോഴാണ് അവർ സമരത്തിനിറങ്ങുന്നത്.  സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്നതിനു സമാന്തരമായി കാസർകോട്ടും സമരമുണ്ട്. ഞാനുണ്ടാവും അവ‍ർക്കൊപ്പം; ന്യായമായ അവകാശങ്ങൾ മുഴുവൻ നേടുന്നതുവരെ. 

ഒട്ടേറെ സമരങ്ങളുടെ ഫലമായിട്ടാണ് ഇരകൾക്കു നഷ്ടപരിഹാരം നൽകാനും ജീവിതമാർഗം ഉറപ്പുവരുത്താനും തീരുമാനിച്ചത്. എന്നാൽ, സുപ്രീം കോടതിവിധി അനുസരിച്ചുള്ള നഷ്ടപരിഹാരം പോലും പൂർണമായി നൽകിയില്ല. പകരം ചെയ്തത് ഇതാണ്: മെഡിക്കൽ ക്യാംപിൽ ദുരിതബാധിതരെന്നു കണ്ടെത്തിയവരുടെ പേരുകൾ വെട്ടിച്ചുരുക്കി. ജീവൻ മാത്രം കൈമുതലുള്ള ഒട്ടേറെ കുരുന്നുകൾ അതോടെ പട്ടികയിൽനിന്നു പുറത്തായി. അവരുടെ അമ്മമാരുടെ ഹൃദയങ്ങളിൽ എഴുതിവച്ച നൂറായിരം സങ്കടഹർജികൾ കാണാൻ ആരുമില്ല. 

അനർഹർ പട്ടികയിൽപെട്ടിട്ടുണ്ടെന്നാണ് ചീഫ് സെക്രട്ടറി നൽകുന്ന വിശദീകരണം. എന്നാൽ, ഉദ്യോഗസ്ഥരുടെ പിഴവിന് ഇരകളെ എന്തിനാണു ക്രൂശിക്കുന്നത്? രോഗത്തിന്റെ തീവ്രത കുറഞ്ഞുവെന്നു കാണിക്കാൻ ബോധപൂർവമുള്ള ഈ വ്യഗ്രത എന്തിനാണ്? 

എൻഡോസൾഫാൻ വിപത്തിനെക്കുറിച്ച് ആധികാരിക ഗവേഷണം നടത്തിയ രവീന്ദ്രനാഥ് ഷാൻബോഗിന്റെ കണ്ടെത്തലുകൾ എന്റെ പക്കലുണ്ട്. 150 വർഷത്തോളം മനുഷ്യരാശിയെ വേട്ടയാടുന്നതാണ് എൻഡോസൾഫാൻ എന്ന വിഷം. ഇനിയും പിറക്കാനിരിക്കുന്ന തലമുറകൾ ഇതിന്റെ ദുരിതം അനുഭവിക്കേണ്ടിവരുമെന്നു ചുരുക്കം. ദുരിതബാധിതരെ കളിയാക്കാനെന്നപോലെ, പെരിയ, രാജപുരം, ചീമേനി പ്രദേശങ്ങളിൽ 1400 ലീറ്ററോളം എൻഡോസൾഫാൻ നശിപ്പിക്കാതെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട കിണറുകളിൽ മൂടിയിട്ടിട്ടുണ്ട്. ജപ്പാനെ നശിപ്പിച്ച അണുബോംബ് പോലെ ഇവ എപ്പോഴാണു പൊട്ടിത്തെറിക്കുക എന്ന് ആർക്കറിയാം? 

ഇരകളുടെ ദുരിതം ബോധിപ്പിക്കാനായി കഴിഞ്ഞ ഡിസംബർ 29ന് മുഖ്യമന്ത്രി പിണറായി വിജയനെ സമരക്കാർ നേരിട്ടു കണ്ടിരുന്നു. കൃത്യമായൊരു മറുപടി കിട്ടിയില്ല. ഒരു നടപടിയും ഉണ്ടായില്ല. കുട്ടികളെയുംകൊണ്ട് സമരത്തിനിറങ്ങിയാൽ കേസെടുക്കുമെന്നു ഭീഷണിപ്പെടുത്തുകയാണ് ബാലാവകാശ കമ്മിഷനും കലക്ടറും. എൻഡോസൾഫാൻ സെൽ യോഗത്തിൽപോലും ഈ ഭീഷണിയുണ്ടായി. 

ഇവരൊക്കെ എപ്പോഴെങ്കിലും ആ മിണ്ടാപ്രാണികളുടെ ദുരിതം കണ്ടിട്ടുണ്ടോ? ഒരിക്കലെങ്കിലും അവരുടെ അമ്മമാർ ജീവിക്കുന്നതെങ്ങനെയെന്ന് അറിയാൻ ശ്രമിച്ചിട്ടുണ്ടോ? ഇല്ല. ശ്രമിച്ചിരുന്നെങ്കിൽ നാളെ മുതൽ വീണ്ടും വെയിലത്തിറങ്ങാൻ ആ ഭാഗ്യഹീനർ നിർബന്ധിതരാവുകയില്ലായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA