പൊലീസിന്റെ വിവേചനാധികാരത്തിൽ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയപാർട്ടിക്കും സർക്കാരിനും എത്രത്തോളം ഇടപെടാം? പൊലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞ പ്രതികളെ പിടികൂടാൻ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തിയതിനെത്തുടർന്ന് ക്രമസമാധാനച്ചുമതലയിൽനിന്ന് ഒഴിവാക്കപ്പെട്ട എസ്പി ചൈത്ര തെരേസ ജോണിനെ മുൻനിർത്തി കേരളം ചോദിക്കുന്ന ചോദ്യം ഇതാണ്. ക്രമസമാധാനപാലനത്തിനായി വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുനീങ്ങിയ ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥയോട് അധികാരരാഷ്ട്രീയം കാണിച്ച ഈ അധാർമിക നിലപാട് വ്യാപക പ്രതിഷേധത്തിനു കാരണമായിരിക്കുന്നു.
റെയ്ഡിൽ ഗൂഢലക്ഷ്യമുണ്ടെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയെത്തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഇടപെട്ടിരുന്നു. തുടർന്ന് എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുണ്ടായ അന്വേഷണം, എസ്പി ചൈത്രയുടെ നടപടി ശരിവയ്ക്കുന്ന റിപ്പോർട്ടാണു സമർപ്പിച്ചിരിക്കുന്നത്. നിയമവിരുദ്ധമായ കാര്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ആ റിപ്പോർട്ട് വ്യക്തമാക്കുമ്പോൾത്തന്നെ, എസ്പിയുടെ നടപടിയെ തള്ളിപ്പറയുകയാണ് ഇന്നലെ നിയമസഭയിൽ മുഖ്യമന്ത്രി ചെയ്തത്. പാർട്ടി ഓഫിസുകളെ സംരക്ഷിക്കുകയാണു പൊലീസിന്റെ ചുമതലയെന്നും അതിനു ഭംഗം വരുത്തുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
പോക്സോ കേസിൽ അറസ്റ്റിലായ പ്രതികളെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനുനേരെ കല്ലെറിഞ്ഞിരുന്നു. ഈ കേസിലെ പ്രതികൾക്കായാണ് ഡിസിപിയുടെ ചുമതലയുണ്ടായിരുന്ന ചൈത്ര തെരേസ ജോൺ 24നു രാത്രി ജില്ലാ കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തിയത്. കല്ലെറിഞ്ഞവർ ഇവിടെ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്ഡിനു തൊട്ടുപിന്നാലെ ചൈത്രയെ ഡിസിപി സ്ഥാനത്തുനിന്നു മാറ്റി വനിതാ സെല്ലിലേക്കു മടക്കി അയച്ചു.
മുൻ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സാജൻ പീറ്റർ ഇന്നലെ മലയാള മനോരമയിലെ ‘നോട്ടം’ പംക്തിയിൽ ഇങ്ങനെ എഴുതിയിരുന്നു: ‘ക്രമസമാധാനപാലനത്തിനായി വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചുവെന്നതാണ് ചൈത്ര ചെയ്ത ‘കുറ്റം’. മണിക്കൂറുകൾക്കകം ക്രമസമാധാനച്ചുമതലയിൽനിന്നു മാറ്റിയാണു സർക്കാർ ശിക്ഷ നടപ്പാക്കിയത്.’
സാമൂഹിക നവോത്ഥാനത്തിനും വനിതാശാക്തീകരണത്തിനും വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന നമ്മുടെ അധികാര രാഷ്ട്രീയക്കാർ സ്വന്തം കാര്യം വന്നപ്പോൾ എടുത്ത നിലപാട് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്നു മാത്രമല്ല, പൊലീസിന്റെ ആത്മവീര്യത്തെയും ധാർമികബോധ്യങ്ങളെയും തകർക്കുന്നതുമായി. ചൈത്ര തെരേസ ജോണിനെതിരെയുള്ള വകുപ്പുതല അന്വേഷണത്തിനു മുഖ്യമന്ത്രി ഉത്തരവിട്ടതിൽതന്നെ െഎപിഎസ് അസോസിയേഷൻ എതിർപ്പു രേഖപ്പെടുത്തിയിരുന്നു.
പ്രതികൾ എവിടെ ഒളിച്ചിരുന്നാലും പിടികൂടണമെന്നിരിക്കെ, അതിനായി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ കയറിയതിൽ എന്താണു തെറ്റ്? വ്യക്തമായ നിയമവ്യവസ്ഥകൾ പാലിക്കപ്പെടുന്ന ഈ നാട്ടിൽ, ഒരു സ്ഥലവും പൊലീസിനു ബാലികേറാമലയായിക്കൂടാ. ഭരിക്കുന്ന പാർട്ടിയുടേതാണെങ്കിലും, കേസിലെ പ്രതികൾ ഒളിച്ചിരിക്കുന്നുവെന്നു സംശയം തോന്നിയാൽ പൊലീസിനു പരിശോധന നടത്താം. നമ്മുടെ നാട്ടിൽ രാഷ്ട്രീയപാർട്ടികളുടെ ഓഫിസുകൾ സാധാരണരീതിയിൽ ഇത്തരം പരിശോധനയ്ക്കു വിധേയമാക്കാറില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതു ദുർബലമാകുന്നത് ഈ സാഹചര്യത്തിലാണ്.
നിയമവാഴ്‌ച നാട്ടിൽ നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളെ തീർത്തും അസ്വസ്‌ഥരാക്കുന്ന സംഭവംതന്നെയാണിത്. ക്രിമിനൽ കേസുകളിൽ സാധാരണക്കാരന് ഒരു നീതിയും രാഷ്ട്രീയ സംരക്ഷണമുള്ളവർക്കു മറ്റൊരു നീതിയുമെന്ന സമീപനം ജനാധിപത്യ സംവിധാനത്തെത്തന്നെ ചോദ്യംചെയ്യുന്നു. അധികാരരാഷ്ട്രീയത്തിന്റെ കയ്യൂക്കുകൊണ്ട് പൊലീസ് സ്‌റ്റേഷൻ ആക്രമിക്കുന്നതും പ്രതികളെ മോചിപ്പിക്കുന്നതും പലതവണ കണ്ടിട്ടുണ്ട്, കേരളം. ഇത്തരം സംഭവങ്ങൾകൊണ്ട് ആത്മധൈര്യം നഷ്‌ടപ്പെടുന്ന പൊലീസ് സേനയ്‌ക്കു ജനങ്ങളെ എങ്ങനെ സംരക്ഷിക്കാനാവും?
ഭരിക്കുന്ന പാർട്ടിയുടെ ഓഫിസുകളിലേക്ക് നട്ടെല്ലു വളയ്ക്കാതെ കടന്നുചെല്ലുന്ന പൊലീസ് ഉദ്യോഗസ്ഥരിലാണു നാടിന്റെ പ്രതീക്ഷ. അവരെ ശിക്ഷാനടപടി കാണിച്ചു വിരട്ടാൻ സർക്കാരിന് അവകാശമില്ല.