പടരുന്ന വിഷവേരുകൾ; തെക്കുകിഴക്കൻ ഏഷ്യയിൽ ഭീഷണിയുയർത്തി ഐഎസ്

Philippines-is
SHARE

ഫിലിപ്പീൻസിലെ ജോലോ ദ്വീപിൽ കത്തോലിക്ക ദേവാലയത്തിൽ കഴിഞ്ഞ ഞായറാഴ്ച കുർബാനയ്ക്കിടെയുണ്ടായ ബോംബാക്രമണം, രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സമാധാനനീക്കത്തിനുമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. തെക്കൻ ഫിലിപ്പീൻസിൽ അരനൂറ്റാണ്ടായി നിലനിൽക്കുന്ന സംഘർഷങ്ങൾക്കും അസ്ഥിരതയ്ക്കും അറുതിവരുത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന ഹിതപരിശോധന നടന്ന് ദിവസങ്ങൾക്കകമാണു ബോംബാക്രമണം. 

മുസ്‌ലിം ജനസംഖ്യ നിർണായകമായ തെക്കൻ ഫിലിപ്പീൻസിൽ കൂടുതൽ അധികാരങ്ങളോടെയുള്ള സ്വയംഭരണമേഖല സ്ഥാപിക്കാനായിരുന്നു ഹിതപരിശോധന. ഇതോടെ, നിലവിലെ മിൻഡനാവോ പ്രവിശ്യ കൂടുതൽ അധികാരങ്ങളോടെയുള്ള ‘ബങ്‌സമോറോ’ സ്വയംഭരണമേഖലയായി മാറും. ബങ്‌സമോറോയിലേക്ക് കൂടുതൽ സ്ഥലങ്ങൾ ചേർക്കേണ്ടതുണ്ടോ എന്നത് അയൽമേഖലയിൽ അടുത്തമാസം നടത്തുന്ന ഹിതപരിശോധനയിലൂടെ തീരുമാനിക്കും. മോറോ ഇസ്‌ലാമിക് ലിബറേഷൻ ഫ്രണ്ട് (എംഐഎൽഎഫ്) എന്ന സായുധ തീവ്രവാദസംഘടനയും സർക്കാരും തമ്മിലുള്ള ഒത്തുതീർപ്പിന്റെ ഭാഗമായിരുന്നു ഹിതപരിശോധന. ഇതുപ്രകാരം പുതിയ സ്വയംഭരണമേഖല സ്ഥാപിതമാകുന്നതോടെ എംഐഎൽഎഫ് ആയുധം ഉപേക്ഷിക്കും. 

കഴിഞ്ഞയാഴ്ച നടന്ന ഹിതപരിശോധനയിൽ ജനങ്ങൾ ഒന്നടങ്കം പുതിയ സ്വയംഭരണമേഖലയെ അനുകൂലിച്ചപ്പോൾ, ജോലോ ദ്വീപ് ഉൾപ്പെടുന്ന സുലു പ്രവിശ്യ മാത്രമാണ് എതിരായ ജനവിധിയെഴുതിയത് – നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും. ഇതിനുള്ള പ്രതികാരമാണോ ബോംബാക്രമണം എന്ന ചോദ്യവും ഉയരുന്നുണ്ട്. അബുസയ്യാഫ് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണു പ്രാഥമിക സൂചന. ഭീകരതയിൽ ഒരേ പക്ഷത്താണെങ്കിലും എംഐഎൽഎഫും അബുസയ്യാഫും പരസ്പരം പോരടിക്കുന്നവരുമാണ്. 

ഇതേസമയം, ‘അജാങ് അജാങ്’ എന്ന പുതിയൊരു സംഘത്തിന്റെ പേരും ഇതാദ്യമായി ഉയർന്നുവരുന്നുണ്ട്. ആഗോള ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) അവരുടെ വെബ്സൈറ്റിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ശക്തിമേഖലകളായിരുന്ന ഇറാഖും സിറിയയും കൈവിട്ടെങ്കിലും ലോകത്തിന്റെ പലഭാഗത്തും ഐഎസും അനുബന്ധ ഭീകരസംഘടനകളും ഇപ്പോഴും ഭീഷണി ഉയർത്തുന്നുണ്ട്. ഫിലിപ്പീൻസിലെ പുതിയ ആക്രമണം ഇത്തരമൊരു ആശങ്കകൂടി ഉയർത്തുന്നു. 

അബുസയ്യാഫ്, എംഐഎൽഎഫ് എന്നിവയ്ക്കു പുറമേ,  ബിഐഎഫ്എഫ് (ബങ്‌സമോറോ ഇസ്‌ലാമിക് ലിബറേഷൻ ഫ്രണ്ട്), അൻസാർ ഖലീഫ സരംഗനി, ഖിലാഫ ഇസ്‌ലാമിയ മിൻഡനാവോ, ജമാഅൽ തൗഹീദ് വൽ ജിഹാദ് ഫിലിപ്പീൻസ് തുടങ്ങിയ ചെറുസംഘങ്ങളും ഫിലിപ്പീൻസിലുണ്ട്. ഐഎസുമായി ബന്ധമില്ലെന്നും അതിനെ എതിർക്കുന്നുവെന്നുമാണ് ഇതിൽ മിക്ക സംഘടനകളും പറയുന്നത്. 

ഇതേസമയം, ഫിലിപ്പീൻസിൽ ഐഎസ് അതിവേഗം വേരുറപ്പിക്കുന്നുവെന്ന ആശങ്കയാണ് പുതിയ സംഭവങ്ങൾ നൽകുന്നത്. മുൻപ് അൽഖായിദയുമായി ബന്ധം പുലർത്തിയിരുന്ന സംഘങ്ങളാണ് ഈ മേഖലയിൽ ഏറെയുള്ളത്. അൽഖായിദ അനുബന്ധ സംഘങ്ങളെല്ലാം ക്രമേണ ഐഎസിലേക്കു മാറുന്നതാണ് ലോകമെങ്ങും കാണുന്നത്. 

തെക്കു കിഴക്കൻ ഏഷ്യയിൽ ഫിലിപ്പീൻസിനു പുറമേ ഇന്തൊനീഷ്യയിലും തായ്‌ലൻഡിലും സമാന സാഹചര്യമുണ്ട്. ഇന്തൊനീഷ്യയിലെ ജമാഅ ഇസ്‌ലാമിയ (ജെഐ), ജമാഅ അൻസാറുദ്ദൗല, ജമാഅ അൻസാറുത്തൗഹീദ് തുടങ്ങിയ ഭീകരസംഘടനകളാണ് സജീവം. തായ്‌ലൻഡിലെ ഐഎസ് സ്‌ലീപ്പർ സെല്ലുകളുടെ ഭീഷണി മലേഷ്യയ്ക്കും തലവേദനയായിട്ടുണ്ട്. 

നാലു വർഷം മുൻപ് ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളുടെ വലിയൊരു മേഖലയും ലിബിയയുടെ ചില ഭാഗങ്ങളും ഐഎസ് നിയന്ത്രണത്തിലായിരുന്നു. ഇപ്പോൾ സിറിയയിലെ ചെറിയൊരു മേഖലയും 2000 ഭീകരരും മാത്രമേ ബാക്കിയുള്ളു. ആറു മാസം മുൻപ് യുഎസ് പുറത്തുവിട്ട കണക്കുപ്രകാരം, ഇറാഖിൽ 17,000, സിറിയയിൽ 14,000 എന്നിങ്ങനെയായിരുന്നു ഐഎസ് ഭീകരരുടെ എണ്ണം. ഇതിൽ നല്ലൊരുഭാഗം പിന്നീട് കൊല്ലപ്പെടുകയോ താവളംവിട്ട് ഓടിപ്പോവുകയോ ചെയ്തു. പക്ഷേ, ഇവർ ചെറുസംഘങ്ങളായി ഈ രാജ്യങ്ങളിലും മറ്റു രാജ്യങ്ങളിലും നിരന്തരം തലവേദന സൃഷ്ടിക്കുകയാണ്. അഫ്ഗാനിസ്ഥാനിൽ 4000, ലിബിയയിൽ 3500 എന്നിങ്ങനെ ഐഎസ് ഭീകരർ ഉണ്ടെന്നാണ് യുഎൻ റിപ്പോർട്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA