കടലെടുക്കരുത് പ്രഖ്യാപനങ്ങൾ

സംസ്ഥാന സർക്കാരിന്റെ ഓരോ ബജറ്റും ഏറെ പ്രതീക്ഷകളോടെയാണു കേരളം കാത്തിരിക്കുന്നത്. ചരക്ക് സേവന നികുതി വന്നതോടെ നികുതി നിർണയിക്കാനുള്ള അധികാരം ബജറ്റിൽനിന്ന് ജിഎസ്ടി കൗൺസിലിലേക്കു കൈമാറിയെങ്കിലും ഇപ്പോഴും ബജറ്റിലെ പ്രഖ്യാപനങ്ങൾക്കുവേണ്ടി ജനം സഗൗരവം കാതോർക്കുന്നുണ്ട്. സംസ്ഥാനത്തു വരാനിരിക്കുന്ന വൻകിട പദ്ധതികൾ മുതൽ  നിർമിക്കാൻ പോകുന്നതും നവീകരിക്കുന്നതുമായ പാലങ്ങളുടെയും റോഡുകളുടെയുമൊക്കെ പട്ടികവരെ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ ജനം പ്രതീക്ഷിക്കുന്നു. 

എന്നാൽ, വലിയ പ്രതീക്ഷയോടെ ബജറ്റിൽകേട്ട പ്രഖ്യാപനങ്ങൾ പലതും പാഴ്‌വാക്കോ ഫലം നേടാത്തവയോ ആയി അവശേഷിക്കുമ്പോൾ ജനമനസ്സിൽ നഷ്ടപ്പെടുന്നത് സർക്കാരിലുള്ള വിശ്വാസവും പ്രതീക്ഷയുമാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ നിർഭാഗ്യകരമായ ഉദാഹരണമായിരിക്കുകയാണ് ഓഖി പാക്കേജ്. ബജറ്റ് അവതരണത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ, അതു വീണ്ടും കേരളത്തിന് ഓർമിക്കാതെവയ്യ.

ഓഖി ചുഴലിക്കാറ്റിനു പിന്നാലെ അവതരിപ്പിച്ച, കഴിഞ്ഞ സംസ്ഥാന ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു തീരദേശ മേഖലയ്ക്കു വേണ്ടിയുള്ള 2000 കോടിയുടെ സമഗ്ര പാക്കേജ്. ഇൗ വമ്പൻ പ്രഖ്യാപനം നടപ്പാക്കാൻ സർക്കാർ ഇതിനകം എന്തു ചെയ്തു? ഇതുവരെ പദ്ധതിരേഖ പോലും തയാറാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഫിഷറീസ് വകുപ്പുതന്നെ വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ വകുപ്പുകളും തങ്ങൾക്കു ലഭിക്കുന്ന ബജറ്റ് വിഹിതം ഉപയോഗിച്ചു പദ്ധതികൾ നടപ്പാക്കുന്നതുപോലെ ഫിഷറീസ് വകുപ്പും മൽസ്യത്തൊഴിലാളികൾക്കുവേണ്ടി ചില പദ്ധതികൾ നടപ്പാക്കിയെന്നതു ശരിതന്നെ. എന്നാൽ, പ്രഖ്യാപിച്ച പാക്കേജിൽ കാര്യമായ പുരോഗതിയില്ലെങ്കിൽ ഇത്തരം ആകർഷകമായ പ്രഖ്യാപനങ്ങൾ ബജറ്റിന്റെതന്നെ ശോഭ കെടുത്തും. 

സമീപകാലത്തെ ഇൗ ഏറ്റവും വലിയ വികസന പാക്കേജ് നടപ്പാക്കാൻ മുൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സമിതിയെ സർക്കാർ നിയോഗിക്കുകയുണ്ടായി. ആ സമിതിയാകട്ടെ, വിശദമായ സർവേ നടത്താൻ ഒരു സ്വകാര്യ കമ്പനിക്കു ചുമതല മറിച്ചുനൽകി. സർവേയും നടന്നില്ല, പദ്ധതിരേഖ തയാറായതുമില്ല. ഇനി പാക്കേജ് തട്ടിക്കൂട്ടി, അനുമതികൾ വാങ്ങി, അംഗീകരിച്ച് നടപ്പാക്കാറാകുമ്പോഴേക്കും ഈ സർക്കാരിന്റെ കാലാവധി കഴിയാനാണു സാധ്യത. 

പ്രളയത്തിനുശേഷമുളള ആദ്യ ബജറ്റാണ് നാളെ മന്ത്രി ടി.എം.തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കുന്നത്. ഓഖി പാക്കേജിനു സമാനമായി, ചിലപ്പോൾ അതിനെക്കാൾ വലിയൊരു പാക്കേജ് പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ പ്രഖ്യാപിച്ചേക്കും. എന്നാൽ, ആ പാക്കേജിനും ഓഖി പാക്കേജിന്റെ ഗതി വരാതിരിക്കാൻ സമയബന്ധിതമായ പദ്ധതിനിർവഹണ പ്രവർത്തനങ്ങൾക്ക് ഇനിയെങ്കിലും സർക്കാർ തയാറായേ മതിയാകൂ. പദ്ധതിനിർവഹണം അതിവേഗത്തിൽ പൂർത്തിയാക്കാനും അവസാന മാസങ്ങളിൽ തിരക്കിട്ടു പണം ചെലവിടുന്നത് ഒഴിവാക്കാനുമായിരുന്നു കഴിഞ്ഞ ബജറ്റ് സാമ്പത്തികവർഷം ആരംഭിക്കുന്നതിനുമുൻപു തന്നെ പാസാക്കിയത്. എന്നിട്ടും വകുപ്പുകളുടെ പ്രകടനം തീർത്തും നിരാശാജനകമാണ്. രണ്ടു മാസം മാത്രം ബാക്കിനിൽക്കെ, പകുതി പോലും പണം ചെലവിടാൻ കഴിയാത്ത വകുപ്പുകളാണ് അധികവും. 

എല്ലാ പ്രവർത്തനങ്ങളും താറുമാറാക്കിയത് അപ്രതീക്ഷിതമായി എത്തിയ പ്രളയമാണെന്നു സർക്കാരിനു ന്യായം പറയാം. എന്നാൽ, പ്രതിസന്ധികൾ തരണംചെയ്തും ലക്ഷ്യം കൈവരിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. കണ്ണിൽ പൊടിയിടാനുള്ള പ്രഖ്യാപനങ്ങളല്ല ബജറ്റിൽ ജനം ആഗ്രഹിക്കുന്നത്. ജനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപിക്കുന്ന നിരക്കുവർധനകൾ നടപ്പാക്കുന്നതിൽ സർക്കാർ ഒരു കാലതാമസവും വരുത്താറില്ലല്ലോ. പിന്നെന്തുകൊണ്ട് ജനങ്ങൾക്കു ഗുണം ചെയ്യുന്ന പദ്ധതികളുടെ കാര്യത്തിൽമാത്രം ഇൗ വൈകലും അലംഭാവവും? 

ലക്ഷ്യബോധമുള്ളതും പ്രായോഗികതയിലൂന്നിയതുമായ പ്രഖ്യാപനങ്ങളാകട്ടെ നാളത്തെ ബജറ്റിൽ കേരളം കേൾക്കുന്നത്. അതു വിസ്മൃതിയിലേക്കു മായേണ്ട പ്രഖ്യാപനങ്ങളാവുകയുമരുത്.