കൊച്ചിയിലെ സമ്മേളനത്തിൽ കോൺഗ്രസിനും യുഡിഎഫിനും ആവേശം പകർന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരു കാര്യത്തിൽ വളരെ സന്തോഷവാനായിരുന്നു: തിരഞ്ഞെടുപ്പ് അഭിപ്രായ സർവേകളെല്ലാം കേരളത്തിൽ യുഡിഎഫിന് അനുകൂലമാണ് എന്നതാണു നേതാക്കളോട് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മറ്റൊന്നു കൂടി വെളിപ്പെടുത്തി: എഐസിസിയും ഇതിനകം ചില സർവേകൾ നടത്തിയിട്ടുണ്ട്. അവയുടെ ഫലവും ശുഭകരമാണ്.
ഇതിനകം വന്ന അഭിപ്രായ സർവേകളെ ഗൗരവമായി എടുക്കുന്നുവെന്ന സൂചന പുറമേ, കക്ഷികൾ നൽകുന്നില്ല. പക്ഷേ, അവരതു സൂക്ഷ്മമായി വിലയിരുത്തുന്നുവെന്നതാണു യാഥാർഥ്യം. ഓരോ മുന്നണിക്കും കിട്ടുന്ന സീറ്റുകളുടെ എണ്ണം നോക്കിയ ശേഷം ജയിക്കുന്നതും തോൽക്കുന്നതുമായ സീറ്റുകൾ ഏതൊക്കെയായിരിക്കും എന്നതിലേക്കും ആ അനൗപചാരിക ചർച്ചകൾ നീളുന്നു.
പ്രവചനം യുഡിഎഫ് മുന്നേറ്റം
ഇതിനകം പ്രധാനമായും 7 സർവേകളാണു പുറത്തുവന്നത്. ഏഴിലും യുഡിഎഫിനാണ് അധിപത്യം.
∙ എബിപി ന്യൂസ് – സിഎസ്ഡിഎസ് (2018 ഒക്ടോബർ): യുഡിഎഫ്–12, എൽഡിഎഫ്–6, എൻഡിഎ–2
∙ സ്പിക് മീഡിയ (2018, ഒക്ടോബർ): യുഡിഎഫ്–12, എൽഡിഎഫ്–8
∙ ഇന്ത്യ ടിവി – സിഎൻഎക്സ് (2019 ജനുവരി) കോൺഗ്രസ്–8, മുസ്‌ലിം ലീഗ്–2, കേരള കോൺഗ്രസ് (എം)–1, ആർഎസ്പി –1, ഇടതുമുന്നണി – 5, ബിജെപി – 1, സ്വതന്ത്രർ – 2
∙ സ്പിക് മീഡിയ (ജനുവരി): യുഡിഎഫ് – 13, എൽഡിഎഫ് –5, എൻഡിഎ –2
∙ സി വോട്ടറുമായി ചേർന്ന് എബിപിയും റിപ്പബ്ലിക്കും (ജനുവരി): യുഡിഎഫ് –16, എൽഡിഎഫ് –4
∙ ഇന്ത്യ ടുഡേ – കാർവി (ജനുവരി): ഓരോ മുന്നണിയുടെയും സീറ്റ് പ്രവചിക്കുന്നില്ല. കേരളമുൾപ്പെടെ 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായി 78 സീറ്റോടെ കോൺഗ്രസ് മുന്നേറ്റമെന്നു പ്രവചനം.
∙ ടൈംസ് നൗ (ഇന്നലെ പുറത്തുവന്നത്): യുഡിഎഫ് –16, എൽഡിഎഫ് –3, എൻഡിഎ –1.
ഈ അഭിപ്രായ സർവേകളെല്ലാം ചോദ്യാവലികളെ ആശ്രയിച്ചുള്ളതാണ്. ഉദാഹരണത്തിന് ഇന്ത്യ ടിവി അവകാശപ്പെടുന്നത് അവർ ഓരോ ലോക്സഭാ മണ്ഡലത്തിലെയും 100 പേർക്കു ചോദ്യാവലി നൽകി അവരുടെ മനസ്സറിഞ്ഞെന്നാണ്. അതല്ലാതെ, 18നും 60നും മധ്യേ പ്രായമുള്ള 27,382 പുരുഷന്മാരെയും 26,408 സ്ത്രീകളെയും നേരിട്ടു കണ്ടും അഭിപ്രായം തേടി. ഈ ഉത്തരങ്ങളെ ഓരോ ലോക്സഭാ മണ്ഡലത്തിന്റെയും സാധ്യതകളിലേക്കു ബന്ധിപ്പിക്കുകയാണ് സർവേകളുടെ രീതി. ഇന്ത്യ ടുഡേ 19 സംസ്ഥാനങ്ങളിലെ 97 ലോക്സഭാ മണ്ഡലങ്ങളിലുള്ള 12,166 പേരെയാണ് സാംപിളായി തിരഞ്ഞെടുത്തത്. കേരളത്തെ ബാധിക്കുന്ന വിഷയങ്ങളും ചോദ്യാവലിയിലുണ്ടായിരുന്നു. എന്നാൽ, കൂടുതൽ ചോദ്യങ്ങളും ദേശീയ പ്രാധാന്യമുള്ളതായിരുന്നു.
‘അഭിപ്രായം’ എന്നത് ജനങ്ങളെ സ്വാധീനിക്കുന്ന കാര്യമായതിനാൽ അഭിപ്രായ സർവേകൾക്കും തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നതു യാഥാർഥ്യമാണ്. സർവേകൾ ഇതിനായി ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നു വിമർശനമുണ്ടായ സാഹചര്യത്തിൽ 2013ൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ പാർട്ടികളുടെ അഭിപ്രായം തേടിയിരുന്നു. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരാൻ വെമ്പിയ ബിജെപി അന്ന് സർവേകളെ അനുകൂലിക്കുകയും കോൺഗ്രസ് എതിർക്കുകയുമാണു ചെയ്തത്. സർവേകൾ ജനാധിപത്യപരമായ അഭിപ്രായ പ്രകടനം തന്നെ; എന്നാൽ, തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നശേഷം വോട്ടെടുപ്പു വരെ അതിന്റെ വിധി പുറത്തുവിടാതിരിക്കുകയാകും ഉചിതമെന്നായിരുന്നു സിപിഎം നിഗമനം.
പ്രതികരണം സമ്മിശ്രം
പുറത്തുവന്ന സർവേ ഫലങ്ങളെ എന്തായാലും സിപിഎം അവഗണിക്കുകയാണ്. 2004ൽ വാജ്പേയി സർക്കാരിനെ അധികാരത്തിൽ നിന്നിറക്കണമെന്ന വികാരം രാജ്യത്തുണ്ടായപ്പോൾ, കേരളത്തിൽ 20ൽ 18 സീറ്റും കിട്ടിയത് മോദിസർക്കാരിന്റ കാര്യത്തിലും ആവർത്തിക്കുമെന്ന പ്രതീക്ഷയാണു പാർട്ടി പങ്കുവയ്ക്കുന്നത്. ന്യൂനപക്ഷവികാരം ഇടതിനൊപ്പമെന്നതുതന്നെ അതിലെ ലളിതയുക്തി. പക്ഷേ, ഒപ്പത്തിനൊപ്പമുള്ള മൽസരംപോലും ഒരു സർവേയും പ്രവചിക്കുന്നില്ല.
മറുവശത്ത് കോൺഗ്രസിനു ശങ്കയൊന്നുമില്ല. 2014ൽ രാജ്യമെങ്ങും യുപിഎയെ കൈവിട്ടപ്പോഴും 12 സീറ്റുമായി കരുത്തുതെളിയിച്ച സംസ്ഥാനമാണു കേരളം. അപ്പോൾ, നരേന്ദ്ര മോദിയും ബിജെപിയും ക്ഷീണിച്ചോ എന്ന ചോദ്യമുയരുകയും തിരിച്ചുവരവിന്റെ വിളംബരനാദം കോൺഗ്രസ് മുഴക്കുകയും ചെയ്യുമ്പോൾ, ജനാധിപത്യചേരിക്കായി കേരളം വർധിതാവേശത്തോടെ പ്രതികരിക്കുമെന്ന വിശ്വാസമാണു പാർട്ടിയുടേത്. എഐസിസി സർവേകളിൽ രണ്ടു കാര്യമാണു പ്രധാനമായും ചൂണ്ടിക്കാണിച്ചത്: 1) സംസ്ഥാന ഭരണനേതൃത്വത്തിലും ഭരണസംവിധാനത്തിലും ജനങ്ങൾക്കു മടുപ്പുണ്ട്. 2) 2014ൽ ചെറുപ്പക്കാർക്കു മോദി പ്രതീക്ഷ പകർന്നുവെങ്കിൽ, ഇപ്പോൾ അതില്ലാതാകുകയും പകരം രാഹുലിലേക്കു കേന്ദ്രീകരിക്കുകയും ചെയ്തിരിക്കുന്നു.
രണ്ടു സർവേകളിൽ 2 സീറ്റു വീതവും മറ്റു രണ്ടു സർവേകളിൽ ഓരോന്നു വീതവും പ്രവചിക്കപ്പെട്ടതാണ് എൻഡിഎയുടെ ആശ നിലനിർത്തുന്നത്. ശബരിമല വികാരം വോട്ടാകുന്നുവെങ്കിൽ ഭൂരിപക്ഷം സർവേകളിലും എൻഡിഎ കടന്നുവരേണ്ടതാണ്. ഇടതിന്റെ കണക്കുകൂട്ടലനുസരിച്ച് അങ്ങനെയൊരു എൻഡിഎ മുന്നേറ്റം യുഡിഎഫിനെ തളർത്തേണ്ടതുമാണ്. പക്ഷേ, ശബരിമല വിവാദം കത്തിക്കാളിയ സമയത്തെ സർവേകളിൽപോലും അതല്ല സംഭവിച്ചിരിക്കുന്നത്. ഇടതിനെ ഇരുത്തിച്ചിന്തിപ്പിക്കുന്നതും മറ്റൊന്നായിരിക്കില്ല.