കോട്ട പിടിച്ചടക്കാൻ മൂന്നു മുന്നണികളും പരിചിതരെ അങ്കത്തട്ടിലിറക്കിയതോടെ പോരാട്ടം കനത്തു | Manorama Election News ∙ Lok Sabha Elections ∙ Elections Analysis. Loka Sabha Election News Kerala.

കോട്ട പിടിച്ചടക്കാൻ മൂന്നു മുന്നണികളും പരിചിതരെ അങ്കത്തട്ടിലിറക്കിയതോടെ പോരാട്ടം കനത്തു | Manorama Election News ∙ Lok Sabha Elections ∙ Elections Analysis. Loka Sabha Election News Kerala.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ട പിടിച്ചടക്കാൻ മൂന്നു മുന്നണികളും പരിചിതരെ അങ്കത്തട്ടിലിറക്കിയതോടെ പോരാട്ടം കനത്തു | Manorama Election News ∙ Lok Sabha Elections ∙ Elections Analysis. Loka Sabha Election News Kerala.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വോട്ടുകൊണ്ടു കോട്ടകെട്ടുന്ന നാടാണു കോട്ടയം. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിക്കോട്ടയും കെ.എം. മാണിയുടെ പാലാക്കോട്ടയും ചേരുന്ന യുഡിഎഫിന്റെ ലോക്സഭയിലെ കോട്ടയംകോട്ട വീണതു 6 വട്ടം മാത്രം. ഇഷ്ടപ്പെട്ടാൽ പാറ പോലെ ഉറച്ചുനിൽക്കുന്ന കോട്ടയം മനസ്സാണ് കോട്ടകളുടെ ആണിക്കല്ല്.

കോട്ട പിടിച്ചടക്കാൻ മൂന്നു മുന്നണികളും പരിചിതരെ അങ്കത്തട്ടിലിറക്കിയതോടെ പോരാട്ടം കനത്തു. കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ. മാണി പിടിച്ചെടുത്ത കോട്ട നിലനിർത്താനുള്ള ദൗത്യം മുൻ എംഎൽഎ തോമസ് ചാഴികാടനാണ്. സുരേഷ് കുറുപ്പിലൂടെ നാലുവട്ടം ചെങ്കൊടി പാറിയ കോട്ട തിരിച്ചുപിടിക്കാൻ ജില്ലാ സെക്രട്ടറി വി.എൻ. വാസവനെ സിപിഎം രംഗത്തിറക്കുന്നു. 2004 ൽ മൂവാറ്റുപുഴയിൽ ഇരുമുന്നണികളെയും ഞെട്ടിച്ച വിജയം നേടിയ മുൻ എംപി പി.സി. തോമസിലൂടെ കോട്ടയിൽ വിള്ളൽ വീഴ്ത്താമെന്ന് എൻഡിഎയും കണക്കുകൂട്ടുന്നു. എൻഎസ്എസിന്റെ ആസ്ഥാന ജില്ലയായ കോട്ടയം ക്രൈസ്തവരുടെ കോട്ട കൂടിയാണ്. 

ADVERTISEMENT

കോട്ടയ്ക്കകത്തു പല വിഷയങ്ങൾ പുകയുന്നുണ്ട്. ശബരിമലയുടെ അയൽജില്ലയിൽ യുവതീപ്രവേശം തിളച്ചുമറിയുന്നു. റബർ വിലയിടിവിൽ കർഷകർക്കും രോഷമുണ്ട്. ചർച്ച് ആക്ടിനെതിരെ ക്രൈസ്തവരും പ്രതിഷേധത്തിന്റെ പാതയിലാണ്. മൂന്നു മുന്നണികൾക്കും ആശയ്ക്കും ആശങ്കയ്ക്കും കാരണങ്ങൾ ഇഷ്ടം പോലെ. അതിനാൽ തന്നെ കടുത്ത ത്രികോണ മത്സരത്തിന് അരങ്ങ് ഒരുങ്ങിക്കഴിഞ്ഞു.

പണ്ടു മുതലേ യുഡിഎഫ് മണ്ഡലമാണു കോട്ടയം. 16ൽ 10 തിര‍ഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചു. 2008 ലാണു പുതിയ കോട്ടയം മണ്ഡലം രൂപീകരിച്ചത്. 2009ലും 2014ലും ജോസ് കെ. മാണി വിജയിച്ചുവെന്നു മാത്രമല്ല ഭൂരിപക്ഷം 71,570ൽ (2009) നിന്നു 1,20,599 (2014) ആയി കൂടുകയും ചെയ്തു. ഏഴു നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിലും യുഡിഎഫാണ്. കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, പിറവം എന്നിവയാണു യുഡിഎഫ് മണ്ഡലങ്ങൾ. വൈക്കത്തും ഏറ്റുമാനൂരും എൽഡിഎഫ്. എന്നാൽ 1984 ൽ ഇന്ദിരാ തരംഗത്തിലും എൽഡിഎഫിനൊപ്പം നിന്ന ചരിത്രവും കോട്ടയത്തിനുണ്ട്. 

മുൻ എംപി; എംഎൽഎമാർ

മുൻ എംപിയും രണ്ടു മുൻ എംഎൽഎമാരും തമ്മിലാണു കോട്ടയത്തു മത്സരം. തോമസ് ചാഴികാടന്റെ സ്വീകാര്യതയാണു യുഡിഎഫിന്റെ തുറുപ്പുചീട്ട്. ഏറ്റുമാനൂരിൽ നാലുവട്ടം എംഎൽഎ ആയിരുന്ന തോമസ് ചാഴികാടന്റെ വ്യക്തിബന്ധങ്ങളും തുണയാകും. ലോക്സഭാ സീറ്റിനു കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് അവകാശം ഉന്നയിച്ചതു സ്ഥാനാർഥി നിർണയം അല്പം വൈകിച്ചു. എന്നാൽ തോമസ് ചാഴികാടനെ നിശ്ചയിച്ചതോടെ പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി പ്രചാരണത്തിന് ഇറങ്ങിയതു തന്നെ സ്വീകാര്യതയുടെ തെളിവായി പാർട്ടിക്കാർ കരുതുന്നു.

ADVERTISEMENT

പ്രതിസന്ധി ഘട്ടങ്ങളിൽ രണ്ടാം തവണയാണു കേരള കോൺഗ്രസ് തോമസ് ചാഴികാടനെ തേടിയെത്തുന്നതും. 1991 ൽ സഹോദരൻ ബാബു ചാഴികാടൻ പ്രചാരണത്തിനിടയിൽ ഇടിമിന്നലേറ്റു മരിച്ചപ്പോഴാണു ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന തോമസ് ചാഴികാടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതും. പൊതുപ്രവർത്തകനു വേണ്ട കഴിവ്, പരിചയസമ്പത്ത്, പ്രാഗത്ഭ്യം എന്നിവ ഒത്തു ചേർന്ന വ്യക്തിത്വമാണു തോമസ് ചാഴികാടനെന്നു കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ. മാണി പറയുന്നു. രണ്ടുവട്ടം എംപിയായിരുന്ന ജോസ് കെ. മാണി മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും തുണയാകും.

ജനതാദളിൽ നിന്നു സീറ്റു പിടിച്ചെടുത്ത് ജില്ലാ സെക്രട്ടറി വി.എൻ. വാസവനെ സിപിഎം സ്ഥാനാർഥിയാക്കുന്നതു വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ്. മുൻ കോട്ടയം എംഎൽഎ എന്ന നിലയിലുള്ള പ്രവർത്തനം, ജില്ലാ സെക്രട്ടറി എന്ന നിലയിലുള്ള വ്യക്തി ബന്ധങ്ങൾ എന്നിവ വോട്ടായി മാറുമെന്നു സിപിഎം പ്രതീക്ഷിക്കുന്നു. ജില്ലാ സെക്രട്ടറി സ്ഥാനാർഥിയായതോടെ പാർട്ടി സംഘടന ഉണർന്നു പ്രവർത്തിക്കുകയും ചെയ്യുന്നു. 1984 ൽ സുരേഷ് കുറുപ്പിനെ വിജയിപ്പിച്ച അടവുകൾ പുറത്തെടുത്താണു സിപിഎമ്മിന്റെ പോരാട്ടം. വി.എൻ. വാസവൻ നടത്തിവരുന്ന കാരുണ്യ–സേവന പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ പിന്തുണ ലഭിക്കുമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ പറയുന്നു.

മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ് അങ്കത്തട്ടിലെത്തിയതോടെ എൻഡിഎ ക്യാംപ് ഉണർന്നു. ബിജെപി വോട്ടുകൾക്കു പുറമെ പി.സി. തോമസിന്റെ വ്യക്തിപരമായ വോട്ടുകളും ലഭിക്കുമെന്നു മുന്നണി കരുതുന്നു. കോൺഗ്രസ് നേതാവായിരുന്ന പി. ടി. ചാക്കോയുടെ മകന് യുഡിഎഫ് വോട്ടുകളിൽ ഒരു വിഹിതം കിട്ടുമെന്നും പ്രതീക്ഷയുണ്ട്. കോട്ടയം മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെടുന്ന മൂവാറ്റുപുഴയെ ലോക്സഭയിൽ 20 വർഷം പി.സി. തോമസ് പ്രതിനിധാനം ചെയ്തു. റബർ അടക്കമുള്ള കാർഷിക പ്രശ്നങ്ങളിൽ നടത്തിയ ഇടപെടലുകൾ ഗുണമാകുമെന്നും കരുതുന്നു. സാധാരണക്കാരുടെ കൂടെനിൽക്കുന്ന വ്യക്തിത്വമാണു പി.സി. തോമസ് എന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള പറയുന്നു. 

വിഷയങ്ങൾ ഒരുപിടി

ADVERTISEMENT

മൂന്നു മുന്നണികൾക്കും കോട്ടയം അഭിമാനപ്പോരാട്ടമാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരുടെ നിയോജക മണ്ഡലങ്ങൾ കോട്ടയം സീറ്റിന്റെ ഭാഗമാണ്. എല്ലാം യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുന്ന സ്ഥലങ്ങൾ. വോട്ടിൽ ഒന്നു കുറഞ്ഞാൽ പോലും നാണക്കേടാണ്. അതിനാൽ തന്നെ പടത്തലവന്മാർ അണിയറയിൽ സജീവം. സീറ്റു തർക്കത്തിന്റെ പേരിൽ ഇടഞ്ഞെങ്കിലും യുഡിഎഫിനു വേണ്ടി ഒരുമിച്ചു നിൽക്കുമെന്നു പി.ജെ. ജോസഫ് തുറന്നു പറഞ്ഞു.

പ്രചാരണത്തിൽ പി.ജെ. ജോസഫും മോൻസ് ജോസഫും സജീവമായിക്കഴിഞ്ഞു. തോമസ് ചാഴികാടന്റെ മികച്ച വിജയം മാണി വിഭാഗത്തിന്റെ അഭിമാന പ്രശ്നമാണ്. കേന്ദ്ര സർക്കാരിനോടുള്ള എതിർപ്പ്, ശബരിമല പ്രശ്നത്തിലും ചർച്ച് ആക്ടിലും സംസ്ഥാന സർക്കാരിനോടുള്ള പ്രതിഷേധം എന്നിവ വോട്ടായി മാറുമെന്ന് യുഡിഎഫിനു വിശ്വാസമുണ്ട്.

2014 ൽ നല്ല മത്സരം നടത്തിയില്ലെന്ന വിമർശനത്തോടെയാണു സിപിഎം ജനതാദളിൽ നിന്നു സീറ്റ് ഏറ്റെടുത്തത്. ശബരിമല പ്രശ്നത്തിൽ കോട്ടയത്തും പ്രതിഷേധം ശക്തമായിരുന്നു. എൻഎസ്എസിന്റെ ആസ്ഥാന ജില്ല എന്നു മാത്രമല്ല ശബരിമല പ്രതിഷേധത്തെ പ്രതിരോധിക്കാൻ സിപിഎം ആശ്രയിച്ച നവോത്ഥാന ചിന്തയ്ക്കു വേരുകളുള്ള വൈക്കം കോട്ടയത്തിന്റെ ഭാഗമാണ്. ചർച്ച് ആക്ടിനെതിരെ ക്രൈസ്തവ വിഭാഗങ്ങളുടെ എതിർപ്പു വോട്ടായി മാറുമോയെന്നും സിപിഎം ഭയക്കുന്നു. 

ശബരിമല യുവതീ പ്രവേശത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്തത് കോട്ടയത്താണ്. ശബരിമലയുടെ അയൽജില്ലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നതു ബിജെപിക്ക് അനിവാര്യമാണ്. വിശ്വാസികളുടെ പിന്തുണ ലഭിക്കുമെന്നു ബിജെപി കരുതുന്നു. അതേ സമയം റബർ വിലയിടിവു കേന്ദ്ര സർക്കാരിനെതിരെ തിരിച്ചടിക്കുമെന്നു ബിജെപി ഭയക്കുന്നു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിലൂടെ നടത്തിയ വികസന പ്രവർത്തനങ്ങളും വോട്ടാക്കാമെന്നാണു മറ്റൊരു പ്രതീക്ഷ. 

മീനച്ചിലാറും മണിമലയാറും എണ്ണിയാൽ തീരാത്ത ചെറുപുഴകളും ചേരുന്ന പുഴക്കൂട്ടത്തിനിടയിലാണു കോട്ടയത്തിന്റെ കിടപ്പ്. മലയിൽ മഴ പെയ്താൽ ഏതുവഴി മലവെള്ളം വരുമെന്നു പ്രവചിക്കുക അസാധ്യം. ഇതെല്ലാം വോട്ടിനും ബാധകം.

തോമസ് ചാഴികാടൻ (66) - കേരള കോൺ. (എം)(യുഡിഎഫ്)

അനുകൂലം: മുൻ എംഎൽഎ എന്ന നിലയിലെ പ്രവർത്തന പരിചയം, സംശുദ്ധ പൊതുപ്രവർത്തകൻ എന്ന പേര്. ക്രൈസ്തവ സഭകളുമായുള്ള അടുപ്പം, യുഡിഎഫിന്റെ ശക്തമായ വേരോട്ടം. ഏഴ് നിയോജകമണ്ഡലങ്ങളിൽ അഞ്ചിലും യുഡിഎഫ് എംഎൽഎമാർ.

പ്രതികൂലം: പാർട്ടിയിലെ സീറ്റു തർക്കം. ത്രികോണ മത്സരത്തിൽ വോട്ടു ഭിന്നിക്കുമോ എന്ന ആശങ്ക

വി.എൻ. വാസവൻ (64) - സിപിഎം (എൽഡിഎഫ്)

അനുകൂലം: സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയിലുള്ള സജീവ പ്രവർത്തനം. മുൻ എംഎൽഎ എന്ന നിലയിലെ പ്രവർത്തന പരിചയം. ജില്ലയിലെ വ്യക്തിബന്ധങ്ങൾ, പാർട്ടിക്കതീതമായ സൗഹൃദം.

പ്രതികൂലം: ശബരിമല, ചർച്ച് ആക്ട് എന്നിവയിൽ സർക്കാരിനോടുള്ള എതിർപ്പ്. യുഡിഎഫിന്റെ ഭൂരിപക്ഷം മറികടക്കാനുള്ള പ്രയാസം.

പി.സി. തോമസ് (68) - കേരള കോൺ. (തോമസ്) (എൻഡിഎ )

അനുകൂലം: മുൻ കേന്ദ്രമന്ത്രി, മുൻ എംപി എന്ന നിലയിൽ നടത്തിയ പ്രവർത്തനം. റബർ കർഷകർക്കായി നടത്തിയ പ്രവർത്തനങ്ങൾ, മണ്ഡലത്തിലെ വിപുലമായ ബന്ധങ്ങൾ, സൗഹൃദങ്ങൾ.

പ്രതികൂലം: 2014 ൽ മത്സരിച്ചില്ല, കോട്ടയത്ത് ആദ്യ മത്സരം. റബർ വിലയിടിവ് അടക്കമുള്ള പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാരിനോടുള്ള എതിർപ്പ്