ചാംലിങ്ങിന്റെ ലക്കി സിക്കിം; ചെക്ക് പറയാൻ എസ്കെഎം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ വ്യക്തി എന്ന റെക്കോർഡുമായി പവൻകുമാർ ചാംലിങ് വീണ്ടും അങ്കത്തട്ടിൽ. അദ്ദേഹത്തിന് ആറാം തവണയും അവസരം നൽകുമോ എന്നതാണ് സിക്കിമിലെ തിരഞ്ഞെടുപ്പു ചോദ്യം. ഉത്തരവുമായി ജനം നാളെ പോളിങ് ബൂത്തിലേക്ക്. ഒപ്പം, സംസ്ഥാനത്തെ ഏക ലോക്സഭാ മണ്ഡലത്തെ ആരു
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ വ്യക്തി എന്ന റെക്കോർഡുമായി പവൻകുമാർ ചാംലിങ് വീണ്ടും അങ്കത്തട്ടിൽ. അദ്ദേഹത്തിന് ആറാം തവണയും അവസരം നൽകുമോ എന്നതാണ് സിക്കിമിലെ തിരഞ്ഞെടുപ്പു ചോദ്യം. ഉത്തരവുമായി ജനം നാളെ പോളിങ് ബൂത്തിലേക്ക്. ഒപ്പം, സംസ്ഥാനത്തെ ഏക ലോക്സഭാ മണ്ഡലത്തെ ആരു
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ വ്യക്തി എന്ന റെക്കോർഡുമായി പവൻകുമാർ ചാംലിങ് വീണ്ടും അങ്കത്തട്ടിൽ. അദ്ദേഹത്തിന് ആറാം തവണയും അവസരം നൽകുമോ എന്നതാണ് സിക്കിമിലെ തിരഞ്ഞെടുപ്പു ചോദ്യം. ഉത്തരവുമായി ജനം നാളെ പോളിങ് ബൂത്തിലേക്ക്. ഒപ്പം, സംസ്ഥാനത്തെ ഏക ലോക്സഭാ മണ്ഡലത്തെ ആരു
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ വ്യക്തി എന്ന റെക്കോർഡുമായി പവൻകുമാർ ചാംലിങ് വീണ്ടും അങ്കത്തട്ടിൽ. അദ്ദേഹത്തിന് ആറാം തവണയും അവസരം നൽകുമോ എന്നതാണ് സിക്കിമിലെ തിരഞ്ഞെടുപ്പു ചോദ്യം. ഉത്തരവുമായി ജനം നാളെ പോളിങ് ബൂത്തിലേക്ക്. ഒപ്പം, സംസ്ഥാനത്തെ ഏക ലോക്സഭാ മണ്ഡലത്തെ ആരു പ്രതിനിധീകരിക്കുമെന്നതും പ്രധാനം.
തിരുവനന്തപുരത്തെ വോട്ടർമാരുടെ പകുതിയിൽ താഴെയേ വരൂ, സിക്കിമിലെ ആകെ വോട്ടർമാരുടെ എണ്ണം – 4.23 ലക്ഷം. ദേശീയപാർട്ടികൾ ഏതാണ്ടു ചിത്രത്തിനുതന്നെ പുറത്തായ സിക്കിം, 1994 മുതൽ ചാംലിങ്ങിന്റെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിനൊപ്പമാണ് (എസ്ഡിഎഫ്). ഏക ലോക്സഭാ മണ്ഡലത്തിലും ആകെയുള്ള 32ൽ 22 നിയമസഭാ സീറ്റിലും 2014ൽ എസ്ഡിഎഫിന്റെ തേരോട്ടമായിരുന്നു.
ചാംലിങ്ങുമായി തെറ്റിയ, പ്രേംസിങ് ടമാങ് രൂപീകരിച്ച സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) 10 സീറ്റുമായി സാന്നിധ്യം അറിയിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. ഫുട്ബോളിൽ ഇന്ത്യയുടെ എക്കാലത്തെയും നായകൻ ബൈചുങ് ബൂട്ടിയയുടെ ഹംരോ സിക്കിം പാർട്ടിയും മത്സരത്തിനുണ്ടെങ്കിലും നേർക്കുനേർ പോരാട്ടം എസ്ഡിഎഫും എസ്‌കെഎമ്മും തമ്മിലാണെന്നുറപ്പ്.
സിക്കിമിലെ ‘ദേശീയപാർട്ടികൾ’
ലോക്സഭയിലേക്ക് ഇവിടെ ഒറ്റത്തവണയെ കോൺഗ്രസ് ജയിച്ചിട്ടുള്ളൂ. സിക്കിം രൂപീകരണ ശേഷം, 1977ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് എതിരില്ലായിരുന്നു! പിന്നീടുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം ദേശീയപാർട്ടികളെ അകറ്റിനിർത്തിയ സിക്കിമിനെ പ്രാദേശിക പാർട്ടികൾ കൈപ്പിടിയിലാക്കി. 1994ൽ അധികാരം പിടിച്ച ചാംലിങ്ങിന്റെ എസ്ഡിഎഫ് അംഗങ്ങളായി പിന്നീടു സിക്കിം എംപിമാർ.
എൻഡിഎയിലും തങ്ങളുടെ നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിലും (നേദ) അംഗമായിരുന്ന എസ്ഡിഎഫ് വഴിപിരിഞ്ഞതോടെ, എസ്കെഎമ്മുമായി സഖ്യമുണ്ടാക്കി നേട്ടമുണ്ടാക്കാമെന്നായിരുന്നു ബിജെപി ധാരണ. ആ കൂട്ടുകെട്ടിനു തങ്ങളില്ലെന്നു വ്യക്തമാക്കി എസ്കെഎം രംഗത്തെത്തി. ഒടുവിലിപ്പോൾ ഒറ്റയ്ക്കാണു ബിജെപിയുടെ പോരാട്ടം.
മത്സരം മുറുകുമ്പോൾ
ചാംലിങ്ങിനെതിരെ മാറ്റവും യുവത്വവും വോട്ടാക്കാനുള്ള എസ്കെഎമ്മിന്റെ നീക്കത്തിന് അതേ നാണയത്തിലാണ് എസ്ഡിഎഫിന്റെ മറുപടി. 65കാരനായ പ്രേംദാസ് റായിയെ മാറ്റി യുവ അഭിഭാഷകനായ ഡി.ബി.കത്വാളിനെ ലോക്സഭയിലേക്കു സ്ഥാനാർഥിയാക്കി. നിയമസഭയിലേക്കുള്ള മത്സരത്തിൽ 17 പുതുമുഖങ്ങളെയിറക്കി. ഒപ്പം, അധികാരത്തിലെത്തിയാൽ അടിസ്ഥാന വേതനം ഉറപ്പാക്കുമെന്ന പ്രഖ്യാപനവും നടത്തി.
ഇതു നടപ്പുള്ള കാര്യമല്ലെന്ന പ്രചാരണത്തിനൊപ്പം, ഇന്ദ്രഹാന്ത് സുബ്ബയെന്ന കരുത്തനായ പോരാളിയെയാണ് എസ്കെഎം രംഗത്തിറക്കിയിരിക്കുന്നത്. മാറ്റമെന്ന മുദ്രാവാക്യം തന്നെ ആയുധം. എരിവിന് ആദിവാസി ചൂഷണം, സമുദായപ്രീണനം തുടങ്ങിയ പ്രാദേശിക പ്രശ്നങ്ങളും.
ലാടെൻ ഷെറിങ് ഷെർപയാണ് ബിജെപിയുടെ ലോക്സഭാ സ്ഥാനാർഥി. 12 നിയമസഭാ മണ്ഡലങ്ങളിലും അവർ സ്ഥാനാർഥികളെ രംഗത്തിറക്കിയിട്ടുണ്ട്.
2014ൽ തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ ഡാർജിലിങ്ങിൽ മത്സരിച്ചു പരാജയപ്പെട്ട ബൂട്ടിയ സ്വന്തം തട്ടകത്തിൽ സ്വന്തം പാർട്ടിയുമായി മത്സരിക്കുന്നതു കൗതുകമുണർത്തുന്നു. ഗാങ്‌ടോക്ക്, ടുമെൻ ലിങ്കി മണ്ഡലങ്ങളിലായി നിയമസഭയിലേക്കാണ് ബൂട്ടിയയുടെ മത്സരം. പൊക്ലോക് കമ്രങ്, നമ്ചി സിങ്താങ് എന്നീ 2 മണ്ഡലങ്ങളിൽ ചാംലിങ്ങും ജനവിധി തേടുന്നു. 32 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 150 സ്ഥാനാർഥികൾ.
കാര്യമായ വെല്ലുവിളി പോലുമില്ലാതെയായിരുന്നു മുൻകാലങ്ങളിൽ ചാംലിങ്ങിന്റെ വിജയക്കുതിപ്പ്. ഇക്കുറിയങ്ങനെയല്ല, കടുത്ത മത്സരമുണ്ട്. ഹിമാലയച്ചെരുവിലെ, ദേശീയപാത 10ൽ ആർക്കാവും ‘ലിഫ്റ്റ്’ കിട്ടുകയെന്ന ഉത്തരത്തിന് മേയ് 23 വരെ കാക്കാം.