ADVERTISEMENT

ബിഹാറിൽ നിന്നു വേർപെടുത്തി, ആദിവാസികൾ കൂടുതലുള്ള ജാർഖണ്ഡ് രൂപീകരിച്ചത് 2000ൽ ആണ്. അന്നുമുതൽ ഇന്നോളം കോൺഗ്രസിന് അവിടം ഭരിക്കാൻ സാധിച്ചിട്ടില്ല. ഇത്തവണ ശക്തമായ മുന്നണി കെട്ടിപ്പടുക്കുന്നതിനു പുറമേ, സീറ്റുവിഭജനത്തിലും സ്ഥാനാർഥികളെ സമയത്തു പ്രഖ്യാപിക്കുന്നതിലും വരെ കോൺഗ്രസ് പതിവില്ലാത്ത ഉഷാർ കാണിച്ചു. റാഞ്ചിയിലെ രാഷ്ട്രീയ നീരിക്ഷകരും മുതിർന്ന പത്രപ്രവർത്തകരും ഇതിന്റെ കീർത്തി നൽകുന്നത്, 2017 മുതൽ ജാർഖണ്ഡ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി തുടരുന്ന ഡോ. അജോയ് കുമാറിനാണ്. 

കർണാടകയിലെ മംഗളൂരുവിൽ ജനിച്ച, ഇപ്പോൾ അജോയ് കുമാർ എന്നറിയപ്പെടുന്ന, അജയ് കുമാർ ഭണ്ഡാരി പഠിക്കാൻ മിടുക്കനായിരുന്നു. പുതുച്ചേരിയിലെ പ്രസിദ്ധമായ ജിപ്മെറിൽ നിന്ന് 1985ൽ അദ്ദേഹം എംബിബിഎസ് പാസായി. അടുത്ത വർഷം ഐപിഎസ് നേടി ബിഹാറിലെത്തി. പട്നയിലെ സീനിയർ എസ്പിയായി പേരു നേടി. 1990കളിൽ, ഇന്നത്തെ ജാർഖണ്ഡിലെ (അന്ന് ബിഹാർ) പ്രമുഖ നഗരവും ടാറ്റയുടെ ഉരുക്കുമില്ലുമുള്ള ജംഷഡ്പുരിൽ ഗുണ്ടകളുടെ വിളയാട്ടമായിരുന്നു. സഹികെട്ട് ടാറ്റ സ്റ്റീലിന്റെ എംഡിയായിരുന്ന ജെ.ജെ. ഇറാനി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവിനോട് അജോയ് കുമാറിനെ ജംഷഡ്പുരിലെ എസ്പിയാക്കണമെന്ന് അഭ്യർഥിച്ചുവെന്നാണു കഥ. 1994-96ൽ അവിടെ എസ്പിയായിരുന്ന അജോയ്കുമാർ നഗരത്തിൽ സമാധാനം തിരിച്ചുകൊണ്ടുവന്ന് വമ്പിച്ച ജനപ്രീതി നേടി. 

പിന്നെ കേൾക്കുന്നത് ഡോക്ടറിൽ നിന്നു പൊലീസായ അജോയ്കുമാർ ഐപിഎസ് കളഞ്ഞ് ടാറ്റ മോട്ടോഴ്സിൽ എക്സിക്യൂട്ടീവായി ചേർന്നുവെന്നാണ്. അതും അധികകാലം തുടർന്നില്ല. 2011ലെ ഒരു പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം ജംഷഡ്പുരിൽനിന്നു ജാർഖണ്ഡ് വികാസ് പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് ഉജ്വലവിജയം നേടി. 2014ൽ മോദിതരംഗത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ അജോയ് കുമാർ അവിടെനിന്നുതന്നെ തോറ്റു. ആ വർഷം കോൺഗ്രസിൽ ചേർന്ന അദ്ദേഹം ഇപ്പോൾ അതിന്റെ ചുക്കാൻ സമർഥമായി പിടിക്കുന്നു.   

Bihar-Family
ബിഹാറിലെ ഒരു ധാബ. പ്രധാന പാചകക്കാരനായ മിസ്ത്രിയെ ശല്യപ്പെടുത്തരുതെന്ന് പിന്നിൽ എഴുതിവച്ചിട്ടുണ്ട്. രാഷ്ട്രീയ ചർച്ചകൾ അടിപിടിയിൽ കലാശിക്കുമെന്ന് കരുതിയാവും ഇത്. ചിത്രം: മനോരമ

പലയിടത്തും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ വൈകിയതുകൊണ്ട് ബിജെപിയുടെ ജില്ലാ ഓഫിസുകളിൽ അധികം പ്രവർത്തനം നടക്കുന്നതായി കണ്ടില്ല. ഞാൻ കണ്ട ബിജെപി പ്രവർത്തകർ കോൺഗ്രസ് മുന്നണിയെ ‘ഇതൊക്കെ എത്ര കണ്ടതാണ്’ എന്നു പറഞ്ഞു പുച്ഛിച്ചു തള്ളി. ഇന്ത്യയെ ലോകശക്തിയാക്കാനുള്ള മോദിയുടെ ശ്രമവും ബാലാക്കോട്ടിൽ പാക്കിസ്ഥാനു മുഖമടച്ചു മറുപടി നൽകിയതും തിരഞ്ഞെടുപ്പിൽ വിജയം കൊണ്ടുവരുമെന്ന് അവർ കരുതുന്നു.

ഖനിസമ്പത്തു കൊണ്ട് ഇന്ത്യയിലെ ഏറ്റവും ധനിക സംസ്ഥാനമായ ജാർഖണ്ഡിലെ ജനങ്ങൾ മിക്കവരും ദരിദ്രരാണ്. വനാവകാശ നിയമത്തിലെ മാറ്റങ്ങൾ ആദിവാസികളെ ഭയപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ വലിയൊരു ഭാഗം മാവോയിസ്റ്റ് ഭീഷണിക്കു വിധേയമാണ്. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങൾക്കും ഈ സംസ്ഥാനം കുപ്രസിദ്ധമാണ്. അങ്ങനെ കൊല്ലപ്പെടുന്നവരിൽ ന്യൂനപക്ഷത്തിലുള്ളവർ മാത്രമല്ല, ആദിവാസികളുമുണ്ട്. ഈ അടുത്ത ദിവസമാണ് റാഞ്ചിക്കടുത്തുള്ള ചൈൻപുരിൽ പ്രകാശ് ലക്ട എന്നൊരു ആദിവാസിയെ ബീഫിന്റെ പേരിൽ തച്ചുകൊന്നത്. 2014ൽ ബിജെപി തൂത്തുവാരിയ ജാർഖണ്ഡ് ഇത്തവണ മറ്റൊരു രീതിയിൽ വോട്ട് ചെയ്താൽ അദ്ഭുതപ്പെടാനില്ല. 

വായ് തുറക്കാതെ ബിഹാർ

ബിഹാറിനു മൗനമാണ്. തിരഞ്ഞെടുപ്പു ചർച്ചകൾ കൊണ്ടു മുഖരിതമാകാറുള്ള ഡാക് ബംഗ്ലാ ചൗക്കിലെ പാൻ ദുക്കാനുകളിലും മൗര്യാലോക് ഷോപ്പിങ് കോംപ്ലക്സിലെ, ബിഹാറികൾക്കു പ്രിയപ്പെട്ട ലിട്ടി എന്ന ലഘുഭക്ഷണം വിൽക്കുന്ന പെട്ടിക്കടകളിലും സെക്രട്ടേറിയറ്റ് പരിസരത്തെ ചായക്കടകളിലും ഉദാസീനത പരന്നതായി തോന്നി. സാധാരണ രാഷ്ട്രീയചർച്ചയിലേക്കു ചാടിവീഴാറുള്ള ബിഹാറികൾക്ക് ഇത്തവണ അതിനു താൽപര്യമില്ല. 

ഇതെന്റെ തോന്നലാണോ എന്നു സംശയിച്ചിരിക്കുമ്പോഴാണ് എപ്രിൽ 11നു നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനത്തിന്റെ കണക്കുകൾ പുറത്തുവരുന്നത് – ഇന്ത്യയിൽ ഏറ്റവും കുറവു ബിഹാറിലാണ്: 50 ശതമാനം. രണ്ടിലൊരു ബിഹാറി വോട്ട് ചെയ്യാനേ പോയില്ല. 

2019ലെ തിരഞ്ഞെടുപ്പിൽ ലാലുവിന്റെ മകൻ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആർജെഡി, കോൺഗ്രസ്, മറ്റു ചില പ്രാദേശിക പാർട്ടികൾ എന്നിവ ചേർന്നുണ്ടാക്കിയ വൻസഖ്യം എന്നർഥം വരുന്ന മഹാഘട്ബന്ധനും ബിജെപി, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു, റാംവിലാസ് പാസ്വാന്റെ എൽജെപി എന്നിവ അടങ്ങുന്ന എൻഡിഎയുമായിട്ടാണു മത്സരം. രണ്ടു കൂട്ടരും ജനങ്ങളിൽ വലിയ ഉത്സാഹമുണ്ടാക്കിയതായി തോന്നിയില്ല. 

ഒരു കാലത്ത് ബിഹാർ രാഷ്ട്രീയത്തിലെ പ്രമുഖ നേതാവും, ലാലുവിന്റെയും നിതീഷ് കുമാറിന്റെയും സന്തതസഹചാരിയുമായിരുന്ന, ഇപ്പോൾ എഴുത്തും വായനയുമായി കഴിയുന്ന, ശിവാനന്ദ് തിവാരിയെ കാണാൻ വീട്ടിൽ പോയപ്പോൾ അദ്ദേഹവും പറഞ്ഞു, ‘ജനം മനസ്സു തുറക്കുന്നില്ല. പോക്കു കണ്ടിട്ട് രണ്ടു മുന്നണികൾക്കും പപ്പാതി സീറ്റുകൾ കിട്ടുമായിരിക്കാം’. ബിഹാറിൽ ആകെ 40 സീറ്റുകളാണുള്ളത്. 

ലാലുവിന്റെ ഗൂഗ്ലി

ജാർഖണ്ഡിലെ റാഞ്ചിയിൽ ബിർസമുണ്ട ജയിലിലാണു ലാലുപ്രസാദ് യാദവ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട പല കേസുകളിൽ ഒന്നിലാണ് ലാലുവിനു ശിക്ഷ ലഭിച്ചത്. ബിഹാർ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ലാലുവിന്റെ അഭാവം, മഹാഘട്ബന്ധനെ ബാധിക്കേണ്ടതാണ്. എന്നാൽ, അദ്ഭുതമെന്നു പറയട്ടെ, ഞാൻ ബിഹാറിൽ എത്തിയ ദിവസങ്ങളിൽ രാഷ്ട്രീയചർച്ചകൾ മുഴുവൻ ലാലുവിനെ ചുറ്റിപ്പറ്റിയായിരുന്നു. 

‘ഗോപാൽഗഞ്ചിൽ നിന്നു റെയ്സിനയിലേക്ക്’ എന്ന പേരിൽ ലാലുപ്രസാദ് യാദവ്, പത്രപ്രവർത്തകനായ നളിൻ വർമയുമൊത്ത് എഴുതിയ, തന്റെ രാഷ്ട്രീയജീവിതത്തെക്കുറിച്ചുള്ള ഓർമകളാണ് ബിഹാറിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. പ്രത്യേകിച്ചും, അതിൽ ലാലുവിന്റെ മുൻ സഹപ്രവർത്തകനും ഇപ്പോൾ രാഷ്ട്രീയശത്രുവുമായ നിതീഷ് കുമാറിനെപ്പറ്റി പറഞ്ഞ ഭാഗങ്ങൾ. 

ജയിലിൽ തന്നെക്കാണാൻ നിതീഷിന്റെ പ്രമുഖ ഉപദേഷ്ടാവും ജെഡിയു വൈസ് പ്രസിഡന്റുമായ പ്രശാന്ത് കിഷോർ അഞ്ചുതവണ വന്നുവെന്നാണു ലാലു പറയുന്നത്. അദ്ദേഹത്തിനു മഹാഘട്ബന്ധനിൽ ചേരണമെന്ന ആവശ്യം പറഞ്ഞായിരുന്നു ആ വരവുകൾ. നിതീഷിൽ അൽപം പോലും വിശ്വാസമില്ലാത്തതു കൊണ്ട് താൻ ആ ആഗ്രഹം നിരാകരിച്ചുവെന്നും ലാലു പറയുന്നു. 

ആദ്യം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ, പിന്നെ വാജ്പേയി സർക്കാരിലേക്ക്, അവിടന്നു ബിജെപിയുമായി സഹകരിച്ച് ബിഹാർ മുഖ്യമന്ത്രി, മോദിവിരോധം പറഞ്ഞു കളംചാടി ലാലുവിനോടൊപ്പം ചേർന്ന് വീണ്ടും മുഖ്യമന്ത്രി, പിന്നെ അഴിമതിവിരോധം പറഞ്ഞ് ബിജെപിയുമായി കൂട്ടുകൂടി ഇപ്പോഴും മുഖ്യമന്ത്രി – നിതീഷ് കുമാറിന്റെ അന്തരാത്മാവ് അങ്ങോട്ടും ഇങ്ങോട്ടും നടത്തിയ പലായനങ്ങളെപ്പറ്റി അറിയാവുന്ന ബിഹാറികൾ, ലാലുവിന്റെ വാക്കുകളിൽ വിശ്വാസ്യത കണ്ടെത്താം. 

ഞങ്ങൾക്ക് ഗ്രീൻ ടീ നൽകി സൽക്കരിച്ചുകൊണ്ട് ശിവാനന്ദ് തിവാരി പറഞ്ഞു, ‘ലാലുവിന്റെ വാക്കുകൾ വാസ്തവമായിരിക്കാം’. എതായാലും തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽത്തന്നെ ലാലു എറിഞ്ഞ ഗൂഗ്ലി മഹാഘട്ബന്ധനു മനഃശാസ്ത്രപരമായ മുൻതൂക്കം നൽകിയിരിക്കുന്നു.

നാളെ: എങ്ങനെയുണ്ട് കനയ്യകുമാർ? മോദിയുടെ വാരാണസി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com