നാലാമൻ എന്തിന്, കമാന്ഡിങ് അധികാരം ആര്ക്ക്? കേട്ടതൊന്നുമല്ല സിഡിഎസ്
Mail This Article
മൂന്നു സേനാ മേധാവികളുടെയും മേൽ സംയുക്തമേധാവി, ഏതു സേനയിൽനിന്നും യൂണിറ്റിനെ ആവശ്യാനുസരണം അടർത്തിയെടുത്ത് ദൗത്യത്തിനയയ്ക്കാൻ അധികാരമുള്ള സൂപ്പർ ജനറൽ – പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ഇങ്ങനെ പലതുമാണെന്ന രീതിയിലാണു സമൂഹമാധ്യമങ്ങളിലും പല വിദഗ്ധ ലേഖനങ്ങളിലും വരെ വിലയിരുത്തലുണ്ടായത്.
യഥാർഥത്തിൽ ഇതൊന്നുമല്ല സിഡിഎസ്. മൂന്നു സേനാ മേധാവികളുടെയും റാങ്കിലോ, അതല്ലെങ്കിൽ ഒരു റാങ്ക് മുകളിലോ (അതിനുള്ള സാധ്യത വിദൂരം) ഉള്ള സൈനികോദ്യോഗസ്ഥനായിരിക്കും സിഡിഎസ്. അദ്ദേഹത്തിനു സൈനിക ഓപ്പറേഷനുകളുടെ കാര്യത്തിൽ കമാൻഡിങ് അധികാരം ഉണ്ടാവില്ല. സേനാമേധാവികളുടെ മേലെയെന്നല്ല, ഒരു ജവാന്റെ മേൽ പോലും ഓപ്പറേഷനൽ അധികാരമുണ്ടാവില്ല.
ആദ്യം അൽപം ചരിത്രം. അറുപതുകൾ മുതൽ പലരും നിർദേശിച്ച സംവിധാനമാണിത്. 1999ലെ കാർഗിൽ യുദ്ധം കഴിഞ്ഞപ്പോൾ കെ.സുബ്രഹ്മണ്യം തലവനായ വിദഗ്ധസമിതിയും ആ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാസമിതിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 2011ൽ നരേഷ് ചന്ദ്ര സമിതിയും തുടർന്ന് ലഫ്റ്റനന്റ് ജനറൽ ഷേക്കത്കർ സമിതിയും ശക്തമായി മുന്നോട്ടുവച്ച സൈനിക പരിഷ്കാരമാണിത്.
ആരാണ് താരം?
നിലവിൽ മൂന്നു സേനാ മേധാവികളും – കരസേനയ്ക്ക് ജനറൽ, നാവികസേനയ്ക്ക് അഡ്മിറൽ, വ്യോമസേനയ്ക്ക് എയർ ചീഫ് മാർഷൽ – ഫോർ സ്റ്റാർ ഓഫിസർമാരാണ്. അവരുടെ കാറിന്റെ നമ്പർപ്ലേറ്റിനു മുകളിലും യൂണിഫോം കോളറിന്റെ അറ്റത്തും നാലു നക്ഷത്രങ്ങൾ വീതമുണ്ടാവും.
സൈന്യത്തിലെ റാങ്ക് ഘടന അനുസരിച്ച് ഇവർക്കു മുകളിൽ ഓരോ പഞ്ചനക്ഷത്ര റാങ്കുകളുണ്ട് – കരസേനയ്ക്ക് ഫീൽഡ് മാർഷൽ, നാവികസേനയ്ക്ക് അഡ്മിറൽ ഓഫ് ദ് ഫ്ലീറ്റ്, വ്യോമസേനയ്ക്ക് മാർഷൽ ഓഫ് ദി എയർ ഫോഴ്സ്. ഈ റാങ്കുകൾ പല വിദേശ സേനകളിലുമുണ്ടെങ്കിലും, ഇന്ത്യയിൽ യഥാർഥത്തിൽ നിലവിലില്ല. (കരസേനാ മേധാവികളായിരുന്ന സാം മനേക് ഷായ്ക്കും കെ.എം. കരിയപ്പയ്ക്കും വ്യോമസേനാ മേധാവിയായിരുന്ന അർജൻ സിങ്ങിനും വിരമിക്കലിനു ശേഷം ബഹുമാനസൂചകമായി നൽകിയിട്ടുണ്ട്).
ഈ പഞ്ചനക്ഷത്ര റാങ്കിലേതെങ്കിലും വഹിക്കുന്ന വ്യക്തിയാവും സിഡിഎസ് എന്ന രീതിയിലാണ് പലരും വ്യാഖ്യാനിക്കുന്നത്. എന്നാൽ, സിഡിഎസ് വേണമെന്നാവശ്യപ്പെട്ട മിക്ക സമിതികളും അതല്ല ആവശ്യപ്പെട്ടത്. 3 സേനാ മേധാവികളുടെയും തുല്യ റാങ്കിലുള്ള (അതായത് നാലു നക്ഷത്രമുള്ള) നാലാമതൊരു ഉദ്യോഗസ്ഥൻ ആവശ്യമാണെന്നു മാത്രമാണു നിർദേശം. നടപ്പാകാൻ സാധ്യതയും ഇതുതന്നെ.
എന്തിന് നാലാമതൊരാൾ?
സേനാമേധാവികൾക്കു പ്രധാനമായി രണ്ടു റോളുകളുണ്ട്. 1) സൈന്യത്തിന്റെ ഓപ്പറേഷനൽ കമാൻഡർ. 2) യുദ്ധതന്ത്ര സിദ്ധാന്തങ്ങളും ദീർഘകാല ആയുധാവശ്യങ്ങളും തീരുമാനിച്ച് ഭരണകൂടത്തെ ഉപദേശിക്കുന്ന വ്യക്തി. ഈ ഉപദേശം നൽകുക നേരിട്ടല്ല. പ്രതിരോധ സെക്രട്ടറി, പ്രതിരോധമന്ത്രി തുടങ്ങിയവരിലൂടെയാണ്.
പലപ്പോഴും ഉപദേശം സിവിൽ ബ്യൂറോക്രസിയുടെ താൽപര്യമനുസരിച്ചു വളഞ്ഞും തിരിഞ്ഞുമാണ് ഭരണകൂടത്തിനു ലഭിക്കുന്നത്. പകരം, ഉന്നത സൈനിക ഉദ്യോഗസ്ഥൻതന്നെ മൂന്നു സേനകളുടെയും ആവശ്യങ്ങൾ ആരാഞ്ഞ്, അവ തന്റെ വിദഗ്ധ സ്റ്റാഫ് സമിതികളുടെ സഹായത്തോടെ പഠിച്ച് ഭരണകൂടത്തെ നേരിട്ടു ധരിപ്പിക്കുന്ന സംവിധാനമാണു വിഭാവനം ചെയ്യുന്നത്.
ഓപ്പറേഷനൽ കമാൻഡ് ചുമതലയും ആസൂത്രണ ചുമതലയും ഒരേ മേധാവിയിൽ നിക്ഷിപ്തമായിരിക്കുന്നതാണ്, പലപ്പോഴും സുരക്ഷാകാര്യങ്ങൾ മുൻകൂട്ടിക്കണ്ട് ഒരുക്കങ്ങൾ നടത്താനാകാതെ പോകുന്നതിനു കാരണമായി പറയപ്പെടുന്നത്.
നിലവിൽ ആസൂത്രണം എങ്ങനെ?
നിലവിൽ 3 മേധാവികളും സൈനികകാര്യങ്ങൾ ചർച്ച ചെയ്യുന്ന സമിതിയുണ്ട് – ചീഫ്സ് ഓഫ് സ്റ്റാഫ് സമിതി. മൂന്നു പേരിലെ ഏറ്റവും സീനിയർ (ആദ്യം മേധാവിയായ ആൾ) ഇതിന്റെ ചെയർമാനാകും. സൈന്യത്തിന്റെ നടത്തിപ്പുകാര്യങ്ങളും ഭാവികാര്യങ്ങളും ചർച്ചചെയ്ത ശേഷം ഇവർ മൂവരുമാണ് ഭരണകൂടത്തെ ധരിപ്പിക്കുക. മൂവർക്കും പലപ്പോഴും മൂന്നു താൽപര്യങ്ങളാവും.
ഉദാഹരണത്തിന്, ചൈനയ്ക്കെതിരെ പ്രതിരോധശക്തി വർധിപ്പിക്കുന്ന കാര്യം ഒരു ദശകം മുൻപ് ഉയർന്നുവന്നപ്പോൾ പുതുതായി ഒരു കോർ സൈന്യം രൂപീകരിക്കണമെന്നു കരസേനയും, പസിഫിക് തീരം വരെ പ്രഹരം നടത്താൻ കഴിവുള്ള നാവികവ്യൂഹം വേണമെന്നു നാവികസേനയും, വടക്കൻ മേഖലയിൽ കൂടുതൽ ഫൈറ്റർ–ബോംബർ വിമാനങ്ങൾ വിന്യസിക്കണമെന്നു വ്യോമസേനയും നിർദേശിച്ചു. ഇതിലേതു സ്വീകരിക്കും എന്നതു പ്രശ്നമായി.
ഇവിടെയാണ് സിഡിഎസിന്റെ റോൾ. മൂന്നു നിർദേശങ്ങളുടെയും വിവിധ വശങ്ങൾ (പണച്ചെലവു കുറഞ്ഞത്, നടപ്പാക്കാൻ എളുപ്പമുള്ളത്, മറ്റു നയതന്ത്രബന്ധങ്ങളെ ബാധിക്കാത്തത്) പഠിച്ച് മികച്ചതു ഭരണകൂടത്തോടു നിർദേശിക്കുന്ന വ്യക്തിയാവും സിഡിഎസ്. സിഡിഎസ് സ്ഥാപിതമായാൽ സേനാമേധാവികൾ സൈന്യത്തിന്റെ ദൈനംദിന നടത്തിപ്പും കമാൻഡ് കാര്യങ്ങളും നോക്കിക്കൊള്ളും.
എന്തിന് തുല്യ റാങ്കുകാർ?
പഞ്ചനക്ഷത്ര റാങ്കിൽ സിഡിഎസിനെ നിയമിച്ചാൽ അദ്ദേഹത്തിന്റെ ഉത്തരവുകൾ ചതുർനക്ഷത്ര പദവിയുള്ള സേനാമേധാവികൾ അനുസരിച്ചേ മതിയാവൂ. അതാണു സൈനിക കീഴ്‍വഴക്കം. കാലക്രമേണ അതു കമാൻഡിങ് അധികാരമാവും. സേനാവിഭാഗങ്ങളെ സിഡിഎസ് കമാൻഡ് ചെയ്യാൻ തുടങ്ങും. അതേസമയം, തുല്യ റാങ്കുകാരാണെങ്കിൽ തമ്മിൽ വിയോജിക്കാം, സമന്മാരായി ഇരുന്ന് കാര്യങ്ങൾ ചർച്ച ചെയ്യാം. മാത്രമല്ല, സൈന്യത്തിന്റെ കമാൻഡ് (ഓപ്പറേഷനൽ ആവശ്യങ്ങൾക്ക്) മേധാവികളിൽത്തന്നെ നിക്ഷിപ്തമായിരിക്കും.
പണവും പണിയും ലാഭം
മൂന്നു സേനകളുടെയും ആവശ്യങ്ങൾ സമന്വയിപ്പിക്കുകയാവും സിഡിഎസിന്റെ മറ്റൊരു പ്രധാന ഉത്തരവാദിത്തം. ഓരോ സേനാവിഭാഗവും അവരവർക്ക് ആവശ്യമുള്ളതു ചോദിച്ചുവാങ്ങുന്ന സമ്പ്രദായമാണു നിലവിലുള്ളത്. ഇതു പലപ്പോഴും ഇരട്ടിപ്പിനും പാഴ്ച്ചെലവിനും വഴിവയ്ക്കുന്നു.
ഉദാഹരണത്തിന് സായുധ ഹെലികോപ്റ്ററുകളുടെ കാര്യമെടുക്കാം. ഏതാണ്ട് സമാനശേഷിയുള്ള ഹെലികോപ്റ്ററുകളാണ് മൂന്നു വിഭാഗത്തിനും ആവശ്യമെന്നിരിക്കട്ടെ. ഇന്നത്തെ നിലയിൽ ഈ ആവശ്യം പ്രതിരോധ സെക്രട്ടറി ഉൾപ്പെട്ട ഉദ്യോഗസ്ഥവൃന്ദത്തിന്റെ പല തലങ്ങളിലൂടെ കടന്നാണു മന്ത്രിസഭയ്ക്കു മുന്നിലെത്തുന്നത്. ഓരോ സേനയ്ക്കും അവർ ആവശ്യപ്പെട്ടതനുസരിച്ചുള്ള കോപ്റ്ററുകൾ തന്നെ വേണോ, നിർദിഷ്ട സാങ്കേതിക സവിശേഷതകളിൽ ചില മാറ്റങ്ങൾ വരുത്തി ഒരേ ഇനം കോപ്റ്ററുകൾ വാങ്ങി പണം ലാഭിക്കാനാകുമോ – ഇതൊന്നും പരിശോധിച്ച് ഉപദേശം നൽകാനുള്ള വൈദഗ്ധ്യം സിവിൽ ബ്യൂറോക്രസിക്കില്ല.
അതേസമയം, സിഡിഎസ് സമ്പ്രദായത്തിൽ മൂന്നു മേധാവികളും ഇക്കാര്യം നാലാമനുമായി സംയുക്തമായി ചർച്ചചെയ്യും. ഉചിത തീരുമാനമെടുക്കാൻ സിഡിഎസിനാവും. ഇതിലൂടെ, പ്രതിരോധച്ചെലവ് കാര്യമായി കുറയ്ക്കാനും സാധിക്കും.
സിഡിഎസിന് ചുറ്റും
യഥാർഥത്തിൽ സിഡിഎസ് മാത്രമായി സൃഷ്ടിച്ചിട്ടു കാര്യമില്ല. സുബ്രഹ്മണ്യം സമിതിയും അഡ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതിയും തുടർന്ന് മറ്റു സമിതികളും വിപുലമായ സൈനിക പുനഃസംഘടനയാണു നിർദേശിച്ചത്. നിലവിലുള്ള വിവിധ പ്രാദേശിക സൈനിക കമാൻഡുകളെ ആ പ്രദേശത്തിന്റെ ശാക്തികതന്ത്രമനുസിച്ച് പുനഃസംഘടിപ്പിക്കുക എന്നതായിരുന്നു ഒന്ന്. നിലവിൽ ഓരോ സേനാവിഭാഗത്തിനും ഒട്ടേറെ പ്രാദേശിക കമാൻഡുകളുണ്ട്. നാവികസേനയുടെ തെക്കൻ കമാൻഡ് കൊച്ചിയിൽ, വ്യോമസേനയുടേതു തിരുവനന്തപുരത്ത്, കരസേനയുടേതു പുണെയിൽ. ഇവർ തമ്മിൽ കാര്യമായ ഏകോപനമില്ല താനും.
സമിതികളുടെ നിർദേശമനുസരിച്ച് ദക്ഷിണമേഖലയിൽ ഒരു സംയുക്ത കമാൻഡേ ആവശ്യമുള്ളൂ. മൂന്നു സേനാവിഭാഗങ്ങളും ഈ കമാൻഡിൽ സംയുക്ത പരിശീലനവും ആസൂത്രണവും ഓപ്പറേഷനും നടത്തണം. കമാൻഡർമാരെ ഓരോ സേനാവിഭാഗത്തിൽ നിന്നും മാറിമാറി (റൊട്ടേഷനൽ) നിയോഗിക്കാം. (ഇന്ത്യയുടെ നിലവിലുള്ള ഒരേയൊരു സംയുക്ത കമാൻഡ് ആയ ആൻഡമാനിൽ ഈ സംവിധാനമാണുള്ളത്.)
അല്ലെങ്കിൽ, പ്രദേശത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് ഓരോ സേനാവിഭാഗത്തിനു പ്രാമുഖ്യം നൽകുക. നാവികസേനയ്ക്കു പ്രാമുഖ്യമുള്ള പ്രദേശമായതിനാൽ തെക്കൻ കമാൻഡിനെ ഒരു നാവിക ഉദ്യോഗസ്ഥൻ നയിക്കുക. കരയുദ്ധത്തിനു പ്രധാന്യമുള്ള പടിഞ്ഞാറൻ അതിർത്തി പ്രതിരോധിക്കുന്ന കമാൻഡിൽ കരസേനയ്ക്കു പ്രമുഖ്യം നൽകുക. ചൈനയ്ക്കെതിരെയുള്ള പ്രതിരോധനിരയിൽ വ്യോമശക്തിക്കാണു പ്രാധാന്യമെന്നതിനാൽ വടക്കൻ കമാൻഡിൽ അവർക്കു പ്രാമുഖ്യം നൽകുക. മിക്ക വൻശക്തികൾക്കും ഇത്തരം സംവിധാനമാണുള്ളത്. ചൈന അടുത്തകാലത്ത് ഈ സമ്പ്രദായത്തിലേക്കു മാറി.
എന്തുകൊണ്ട് ഇത്രയും താമസിച്ചു?
സിഡിഎസിനു മൂന്നുതലങ്ങളിൽ നിന്ന് എതിർപ്പുകളുണ്ടായി. ഒന്ന്, രാഷ്ട്രീയതലത്തിൽ നിന്ന്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ രാഷ്ട്രീയനേതൃത്വത്തിനു സൈന്യത്തിൽ വിശ്വാസം കുറവായിരുന്നു. ബ്രിട്ടിഷ് രാജാവിനെയും വൈസ്രോയിയെയും സല്യൂട്ട് ചെയ്തു ശീലിച്ച ജനറൽമാർക്ക് രാഷ്ട്രീയക്കാരോടു പുച്ഛമാണെന്നായിരുന്നു ധാരണ. മാത്രമല്ല, പുതുതായി സ്വാതന്ത്ര്യം ലഭിച്ച പല രാജ്യങ്ങളിലും ജനാധിപത്യഭരണകൂടത്തെ അട്ടിമറിച്ച് പട്ടാളം അധികാരം ഏറ്റെടുക്കുന്ന കാലവുമായിരുന്നു അത്. അതിനാൽ ഭരണകാര്യങ്ങളിൽ നിന്ന് സൈന്യത്തെ കഴിയുന്നത്ര അകറ്റിനിർത്തുകയാണ് അഭികാമ്യമെന്നായിരുന്നു അടുത്തകാലം വരെയുള്ള രാഷ്ട്രീയ ചിന്താഗതി.
സിവിൽ ബ്യൂറോക്രസിയുടെ ഉടക്കായിരുന്നു മറ്റൊരു കാരണം. സിഡിഎസ് സംവിധാനത്തിലൂടെ, ഭരണകൂടത്തെ സൈനിക കാര്യങ്ങളിൽ ഉപദേശിക്കാനുള്ള സൗകര്യം സൈനികനേതൃത്വത്തിനു ലഭിക്കുന്നതോടെ തങ്ങളുടെ അപ്രമാദിത്തം കുറയുമെന്ന് ഐഎഎസ് ലോബി കരുതി. എല്ലാ സിഡിഎസ് നിർദേശങ്ങൾക്കും ഇവരാണു തുരങ്കം വച്ചിരുന്നതെന്ന് പല സൈനികോദ്യോഗസ്ഥരും കരുതുന്നു.
മൂന്ന് സൈന്യത്തിൽനിന്നു തന്നെയുള്ള എതിർപ്പ്. പല വിദഗ്ധസമിതികളും സിഡിഎസ് സംവിധാനത്തിന് അനുകൂലമായി വാദിച്ചെങ്കിലും അടിസ്ഥാനപരമായി വ്യോമസേനയ്ക്ക് ഇതിനോട് എതിർപ്പായിരുന്നു. സിഡിഎസ് സംവിധാനത്തിൽ കരസേനയ്ക്കു പ്രാമുഖ്യം ലഭിക്കുമെന്നതായിരുന്നു ഇവരുടെ ആശങ്ക. ഈ തടസ്സവാദം അടുത്തകാലത്താണു വ്യോമസേന കൈവെടിഞ്ഞത്.
സിഡിഎസും സിവിലിയൻ ഭരണകൂടവും
സിഡിഎസിന്റെ വരവ് നിലവിലുള്ള സിവിൽ – മിലിറ്ററി ബന്ധത്തെ താത്വികമായി ബാധിക്കില്ല. സൈന്യത്തിന്റെ സുപ്രീം കമാൻഡർ രാഷ്ട്രപതി തന്നെയാണ്. മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് അദ്ദേഹം ആ ചുമതല നിർവഹിക്കുന്നു. മന്ത്രിസഭയുടെ സുരക്ഷാസമിതിക്കു സുരക്ഷാകാര്യങ്ങളിൽ ഉപദേശം ലഭിക്കുന്നത് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവിലൂടെയാണ്. അദ്ദേഹമാണ് നാഷനൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡിന്റെ തലവൻ. സുരക്ഷാകാര്യ ഉപദേഷ്ടാവ് സിവിലിയൻ ഉദ്യോഗസ്ഥനാണ്. സൈനികവും സൈനികേതരവും നയതന്ത്രപരവും ആഭ്യന്തരസുരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ചുമതലയിലാണ്.
മന്ത്രിസഭയ്ക്ക് സൈനികോപദേശം നൽകുക എന്നതാണ് സിഡിഎസിന്റെ ചുമതല. ഇതു സുരക്ഷാകാര്യ ഉപദേഷ്ടാവിന്റെ ജോലിയിൽനിന്നു വ്യത്യസ്തമാണ്. സൈനികകാര്യങ്ങളിൽ മാത്രമേ, സിഡിഎസ് മന്ത്രിസഭയ്ക്ക് ഉപദേശം നൽകുകയുള്ളൂ.
അടുത്ത 10 കൊല്ലം അല്ലെങ്കിൽ 15 കൊല്ലം, ഏതൊക്കെ സൈനിക സാങ്കേതികവിദ്യകളാണ് ആവശ്യം, ശത്രുരാജ്യങ്ങൾ അവ കൈക്കലാക്കാൻ ശ്രമിക്കുന്നുണ്ടോ, അവ വികസിപ്പിക്കാനുള്ള സാങ്കേതികവിദ്യ നമുക്കുണ്ടോ, അയൽരാജ്യം നാവിക സുരക്ഷയ്ക്കാണോവ്യോമസുരക്ഷയ്ക്കാണോ ഊന്നൽ നൽകുന്നത്, അതിനെ മറികടക്കാൻ നാം ഏതിലാണ് ഊന്നൽ നൽകേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം സേനാവിഭാഗങ്ങളുടെ അഭിപ്രായം പഠിച്ചശേഷം മന്ത്രിസഭയെ ബോധിപ്പിക്കുക.