ജയിലും ട്രെയിൻ കംപാർട്മെന്റും ചെറുത്തുനിൽപിന്റെ രാഷ്ട്രീയാശ്രമം; ഗാന്ധിജീവിതം
Mail This Article
ആശ്രമം തനിക്ക് ജീവിതത്തിലെ ഒരനിവാര്യതയാണെന്ന് ഗാന്ധിജി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ജീവിതത്തിന് ഒഴിവാക്കാനാകാത്തതിനെക്കുറിച്ച് ആലോചിക്കുമ്പോൾ പെട്ടെന്നു നമ്മുടെ മനസ്സിലെത്തുക, ജലം, വായു, ഭക്ഷണം എന്നിവയൊക്കെയാണല്ലോ. പാർപ്പിടവും അന്തസ്സോടെയുള്ള ജീവിതവും ചിലർ ആ പട്ടികയിൽ പെടുത്തിയേക്കാം. പക്ഷേ, ആശ്രമം? ആശയം എന്ന നിലയിൽ, സാമൂഹിക കൂട്ടായ്മയെന്ന നിലയിൽ ആശ്രമം എങ്ങനെയാണ് ഗാന്ധിയുടെ ജീവിതത്തിൽ അത്രമേൽ അനിവാര്യമായത്?
കേവലം ഒരിടമല്ല
തന്റെ ആശ്രമങ്ങളെ, ‘സത്യഗ്രഹ ആശ്രമം’ എന്നാണു ഗാന്ധി വിളിച്ചത്. സത്യഗ്രഹ ആശ്രമങ്ങളെ വ്യത്യസ്തമാക്കിയത് അവിടത്തെ അന്തേവാസികളെ തമ്മിൽ ഇഴയടുപ്പിച്ച ഒരുകൂട്ടം വ്രതങ്ങളാണ്. വിശാലമായ ആശയവും പ്രയോഗവുമായാണ് ആ വ്രതങ്ങളെ ഗാന്ധിജി കണ്ടത്, വെറും അനുഷ്ഠാനങ്ങളിൽ ഒതുങ്ങാത്ത, ദൃഢമായ ശപഥം. മനുഷ്യരുടെ ഒത്തുചേരൽ, അവരുടെ തൊഴിൽ, ഉപവാസമടക്കമുള്ള ഭക്ഷണശീലങ്ങൾ എല്ലാം അതിൽ ഉൾച്ചേർന്നിരുന്നു. ഒരുമിച്ചു ജീവിക്കുന്ന ഒരു കൂട്ടം ആളുകളെ ഒരു സമൂഹമായും സഭയായും വ്രതം മാറ്റിത്തീർത്തു. ഗാന്ധിയുടെ സത്യഗ്രഹ ആശ്രമത്തിൽ ഇത്തരം 11 വ്രതങ്ങളുണ്ടായിരുന്നു. അന്തേവാസികൾ അവരുടെ ജീവിതചര്യകളിലൂടെ അവയ്ക്കു ജീവനേകി.
ഭഗവദ്ഗീത നൽകിയ നിയോഗമായിരുന്നു ഗാന്ധിയെ സംബന്ധിച്ച് ആശ്രമസങ്കൽപം. ഭഗവദ്ഗീതയിൽ പറയുന്ന ‘സ്ഥിതപ്രജ്ഞൻ’ ആയ വ്യക്തിയെപ്പോലെയാകണം തന്റെ ആശ്രമങ്ങളെന്ന് അദ്ദേഹം ആഗ്രഹിച്ചു. താൻ എന്തെങ്കിലും സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അത് ആശ്രമമാണെന്നും അതിന്റെ പേരിലാകണം കാലം തന്നെ വിലയിരുത്തേണ്ടതെന്നും 1925ൽ അദ്ദേഹം പറഞ്ഞു.
സത്യത്തോടുള്ള ജാഗ്രതയും സമർപ്പണവും ഗാന്ധിജിയുടെ ആശ്രമസങ്കൽപത്തിന്റെ കേന്ദ്രത്തിലുണ്ട്. അതു പൂർണതയിലെത്താൻ രണ്ടു ശീലങ്ങൾ ആശ്രമത്തിലുണ്ടാകണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു: ഒന്ന്, പ്രാർഥന, ഏകഭാവത്തോടെയുള്ള കൂട്ടായപ്രാർഥന. ആശ്രമത്തിലെ അന്തേവാസികൾ ദിവസം രണ്ടു തവണ പ്രാർഥനയ്ക്കായി ഒത്തുകൂടി. അവിടത്തെ ഒരിക്കലും മുടങ്ങാത്ത ദിനചര്യകളിലൊന്ന് പ്രാർഥനയായിരുന്നു.
മനുഷ്യന് അതീതമായ ഉയർന്ന ശക്തിയോടുള്ള അപേക്ഷയായല്ല ഗാന്ധിജി പ്രാർഥനയെ കണ്ടത്; സ്വന്തം ആത്മാവിന്റെ ശബ്ദത്തോട് ഒന്നുചേരാനുള്ള ഉപാധിയായാണ്. നമ്മുടെയുള്ളിൽ വസിക്കുന്ന ‘അന്തർയാമി’യുടെ ചെറു ശബ്ദവുമായുള്ള സംഗമം. രണ്ടാമത്തെ ചര്യയും ഗീതയിൽനിന്നു തന്നെയാണു ഗാന്ധിജി കണ്ടെത്തിയത്– യജ്ഞ. അവനവന്റേതായ എന്തെങ്കിലുമൊന്ന് ത്യജിക്കുക എന്ന സങ്കൽപം. എങ്ങനെയാണ്, ഒരാൾ എല്ലാ ദിവസവും ഇത്തരത്തിൽ പരിത്യാഗം നടത്തുക? ഓരോ ആശ്രമവാസിയും (ആശ്രമത്തിലുള്ളവർ മാത്രമല്ല, എല്ലാവരും) മറ്റുള്ളവർക്കായി നിസ്വാർഥമായി സേവനം ചെയ്യുക എന്നാണ് ഗാന്ധി ഇതിനായി നിർദേശിച്ചത്. സേവാ യജ്ഞം എന്ന് അദ്ദേഹം അതിനെ വിളിച്ചു.
ആശ്രമത്തെ ഒരിടമായോ ഒരുകൂട്ടം വീടുകളായോ അന്തേവാസികളുടെ പ്രവൃത്തികളായോ അല്ല ഗാന്ധി കണ്ടത്; മറിച്ച്, സത്യത്തെ മതമായി കാണുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും കൂട്ടായ്മ എന്ന നിലയിലാണ്. എല്ലാ മതങ്ങളുടെയും അടിസ്ഥാനമായി വർത്തിക്കുന്നത് സത്യമാണ് എന്ന അദ്ദേഹത്തിന്റെ സങ്കൽപത്തിന്റെ തുടർച്ചയായിരുന്നു അത്.
ഒപ്പം സഞ്ചരിച്ച ആശ്രമങ്ങൾ
ഗാന്ധിയുടെ ആശ്രമങ്ങൾ പൗരാണിക ആശ്രമങ്ങളുമായി സാമ്യമോ ബന്ധമോ ഉള്ളവയായിരുന്നില്ല. മറിച്ച്, അവ ആഴത്തിൽ രാഷ്ട്രീയവേരുകളുള്ള സമൂഹങ്ങളായിരുന്നു. എല്ലാ രീതിയിലുമുള്ള തൊട്ടുകൂടായ്മകളെ ആ ആശ്രമങ്ങൾ എതിർത്തു; സ്ത്രീ– പുരുഷ സമത്വത്തിനും മതങ്ങൾ തമ്മിലുള്ള ഐക്യപ്പെടലിനും വേണ്ടി പരിശ്രമിച്ചു; സേവനവും തൊഴിലും അന്തേവാസികളുടെ കടമയായി കണക്കാക്കി. അതുകൊണ്ടെല്ലാമാണ് അവ, സത്യഗ്രഹ ആശ്രമങ്ങൾ എന്നു വിളിക്കപ്പെട്ടത്. ആ ആശ്രമങ്ങളിലെ ചര്യകളുടെയെല്ലാം ലക്ഷ്യം, സത്യഗ്രഹത്തിനായി അന്തേവാസികളെ സ്വയം പ്രാപ്തരാക്കുക എന്നതായിരുന്നു; അതിലൂടെ സ്വരാജ്, സ്വദേശി എന്നീ വലിയ ലക്ഷ്യങ്ങൾ നേടിയെടുക്കുക എന്നതും.
ഗാന്ധിയുടെ ആശ്രമങ്ങൾ ചെറുത്തുനിൽക്കുന്നവരുടെ സമൂഹമായിരുന്നു. അനീതിയുടെ എല്ലാ ഘടനകളെയും അഹിംസാ മാർഗത്തിലൂടെ അവ നേരിട്ടു. ദണ്ഡിയാത്രയിൽ ഗാന്ധി ഒപ്പം കൂട്ടിയവരെല്ലാം അദ്ദേഹത്തിന്റെ ആശ്രമങ്ങളുമായി ബന്ധപ്പെട്ടവരായിരുന്നു. വേലിക്കെട്ടുകൾക്കുള്ളിലുള്ള ഒരിടത്ത് ചെയ്യേണ്ട ഉപാസനകളായല്ല ഗാന്ധി ആശ്രമചര്യകളെ സങ്കൽപിച്ചത്. ഗാന്ധി പോയിടമെല്ലാം അദ്ദേഹത്തിന്റെ ആശ്രമമായി മാറി. അദ്ദേഹം ജയിലിലായിരുന്നപ്പോൾ അവിടമായിരുന്നു ആശ്രമം. ഗാന്ധിജിയും കസ്തൂർബയും മറ്റ് ആശ്രമവാസികളും തടവിലാക്കപ്പെട്ടപ്പോൾ ജയിലിൽ നൂൽനൂൽക്കാനുള്ള അനുമതി തേടിയെന്നത് ഓർക്കുക.
കലാപഭൂമിയായിത്തീർന്ന നവഖാലിയിലേക്കും ബിഹാറിലേക്കും ഗാന്ധിജി ഏകാന്തസഞ്ചാരം നടത്തിയപ്പോൾ ആ ട്രെയിൻ കംപാർട്മെന്റായിരുന്നു അദ്ദേഹത്തിന്റെ ആശ്രമം. ഗാന്ധി സ്വയം ആശ്രമമായി മാറിയപ്പോൾ, സ്ഥലപരിധികൾക്കുള്ളിലെ ആശ്രമം എന്ന സങ്കൽപം തന്നെ ഇല്ലാതായി, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനത്തെ അഞ്ചു വർഷങ്ങൾ ഇതിന്റെ ഉജ്വലമായ സാക്ഷ്യമാണ്.
(ഗുജറാത്തി എഴുത്തുകാരനും ചരിത്രകാരനുമായ ലേഖകൻ, ഗാന്ധിജിയുടെ ആത്മകഥയുടെ വിമർശനാത്മക പതിപ്പ് ഈയിടെ പ്രസിദ്ധീകരിച്ചു)