വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ 150ാം ചരമവാർഷികാചരണം ഇന്നു മുതൽ
Mail This Article
കേരളം ഭ്രാന്താലയമെന്നു പ്രസ്താവിച്ചതു സ്വാമി വിവേകാനന്ദനാണ്. താൻ നേരിൽ കാണാനിടയായ ഒരു വാസ്തവം അദ്ദേഹം ആ രീതിയിൽ പറഞ്ഞത്, കേരളം പ്രബുദ്ധതയിലേക്കു വളരണമെന്ന ആഗ്രഹത്തിന്റെ പ്രേരണയായാണ്. തീണ്ടൽ, അയിത്തം മുതലായ ആചാരങ്ങളിൽനിന്നു വിമുക്തമാകാതെ ഒരു ജനതയ്ക്കു പ്രബുദ്ധതയിലേക്കു വളരാൻ സാധിക്കുമോ? ഇല്ല. ആ വളർച്ചയിൽ വിദ്യാഭ്യാസത്തിനു സുപ്രധാന പങ്കാണുള്ളത്. എന്നാൽ, അവശരെന്നു പറയുന്ന ജനവിഭാഗത്തിന് അക്കാലത്ത് ആചാരത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു.
തിരുവിതാംകൂർ മഹാരാജാവിന്റെ തൃപ്പാദങ്ങളിൽ ഡോക്ടർ പി. പൽപു ‘ഈഴവ മെമ്മോറിയൽ’ എന്നറിയപ്പെടുന്ന നിവേദനം ഭയഭക്തിബഹുമാനത്തോടെ സമർപ്പിച്ചത് 1896ലാണ്. അതിലെ അഭ്യർഥനകളിലൊന്ന്, ‘അടിയങ്ങളുടെ കിടാങ്ങൾക്കും’ വിദ്യാലയങ്ങളിൽ ചേർന്നു പഠിക്കാനുള്ള അവകാശം അനുവദിക്കാൻ കനിവുണ്ടാകണമെന്നാണ്. ആ ‘അടിയങ്ങളു’ടെ കൂട്ടത്തിൽ പുലയർ, പറയർ മുതലായ ജാതിക്കാർക്കിടയിലെ സഹോദരങ്ങളുമുൾപ്പെടുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളത്തെ ‘ഭ്രാന്താലയ’മായി അധഃപ്പതിപ്പിക്കുന്നതിൽ, അവർണഹിന്ദുക്കൾക്കു വിദ്യാലയപ്രവേശം നിഷേധിച്ച ദുരാചാരത്തിനുള്ള പങ്കു പ്രത്യേകം വിശദീകരിക്കേണ്ടതില്ല.
എന്നാൽ, സാത്വികനായ സ്വാമി വിവേകാനന്ദന്റെ കേരള സന്ദർശനത്തിന് (1891നും 1893നും ഇടയ്ക്ക്) മുൻപുതന്നെ കോട്ടയം ആർപ്പൂക്കരയ്ക്കടുത്തു തുരുത്തിമാലിൽ കുന്നേൽ എന്ന ഗ്രാമത്തിൽ ദലിതർക്കായി ഒരു വിദ്യാലയം തുടങ്ങിയിരുന്നു. സൗജന്യ ഭക്ഷണവും ആ വിദ്യാലയത്തിലുണ്ടായിരുന്നു. അക്കാര്യം സ്വാമി വിവേകാനന്ദന്റെ അറിവിൽപെട്ടില്ല എന്നുമാത്രം. പതിതരായ പാവങ്ങൾക്കായി അങ്ങനെയൊരു വിദ്യാലയം സ്ഥാപിച്ചതു ചാവറ കുര്യാക്കോസ് ഏലിയാസ് എന്ന പുണ്യാത്മാവാണ്. 2014ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു. 1805ൽ ആലപ്പുഴയിലെ കൈനകരിയിൽ ജനിച്ച് 1871ൽ എറണാകുളം കൂനമ്മാവിലെ വിശുദ്ധ ഫിലോമിനയുടെ ആശ്രമത്തിൽവച്ചു നിത്യനിദ്ര പ്രാപിച്ച ചാവറ പിതാവിൽനിന്ന് അനശ്വരവും അതുല്യവുമായ ഭാവനകളാണു കേരളത്തിനു ലഭിച്ചത്.
സന്യാസജീവിതത്തിൽ മാത്രം തൃപ്തിയടയുന്ന വിശുദ്ധ വാസനയാൽ അനുഗൃഹീതനായിരുന്നു അദ്ദേഹം. അതിനാൽ, തറവാട്ടിൽ നിന്നുണ്ടായ പ്രേരണകളെയും സാഹചര്യങ്ങളുടെ മറ്റു പ്രതിബന്ധങ്ങളെയും അതിലംഘിച്ചുകൊണ്ട് അദ്ദേഹം, കുട്ടിയായിരിക്കെ തന്നെ സന്യാസജീവിതം വരിക്കുകയാണു ചെയ്തത്. കളരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പത്താം വയസ്സിൽത്തന്നെ വൈദികരുടെ ശിക്ഷണത്തിൽ ആധ്യാത്മികജ്ഞാനവും ധ്യാനശീലവും നേടിയെടുത്തു. 24ാം വയസ്സിൽ അർത്തുങ്കൽ പള്ളിയിൽ പൗരോഹിത്യം സ്വീകരിച്ചു.
ആ പൗരോഹിത്യ ജീവിതം ശ്രേഷ്ഠവും വിശുദ്ധവുമായിരുന്നു; കർമബഹുലവും. പള്ളികളിൽ ഞായറാഴ്ച തോറും അൽമായർക്കുള്ള പ്രസംഗങ്ങൾ പ്രചാരത്തിലാക്കിയതു ചാവറയച്ചനായിരുന്നു.
പാലയ്ക്കൽ തോമസ് മൽപാനോടും പോരൂക്കര തോമസ് മൽപാനോടും ചേർന്ന് ഇന്ത്യയിൽ ആദ്യത്തെ തദ്ദേശീയ സന്യാസ സഭ (സിഎംഐ) സ്ഥാപിച്ചതു ചാവറയച്ചനാണ്. തുടർന്ന് സുറിയാനികളുടെ ആദ്യത്തെ പൊതു സെമിനാരി കോട്ടയം മാന്നാനത്തു സ്ഥാപിക്കാൻ നേതൃത്വം നൽകി. അതുപോലുള്ള വിശുദ്ധകർമങ്ങളുടെ ഫലമായി ചാവറയച്ചൻ 1861ൽ സുറിയാനി കത്തോലിക്കാ സഭയുടെ വികാരി ജനറലായി ഉയർന്നു. ആ ഘട്ടത്തിലാണു വരാപ്പുഴ ആർച്ച് ബിഷപ് ബർണാർഡിനോസ് ബച്ചനെല്ലിയുടെ നിർദേശപ്രകാരം ‘പള്ളിക്കൊരു പള്ളിക്കൂടം’ എന്ന മുദ്രാവാക്യം സ്വീകരിച്ചുകൊണ്ട് ഒട്ടേറെ പാഠശാലകൾ പലയിടങ്ങളിലും സ്ഥാപിച്ചത്. ജാതിമതഭേദം കൂടാതെ എല്ലാവർക്കും പഠിക്കാൻ ആ പാഠശാലകൾ അവസരം നൽകി. കേരളത്തിലെ അവർണർക്ക് അതുമൂലമുണ്ടായ നേട്ടങ്ങൾ വിവരണാതീതമാണ്. കേരളത്തിൽ ഒരു പൊതുസമൂഹം രൂപപ്പെടുന്നതിന് അതു കാരണമായിത്തീർന്നു.
ലെയോപ്പോൾഡ് എന്ന മിഷനറിയുടെ നിർദേശവും സഹായവും സ്വീകരിച്ചുകൊണ്ട് ആദ്യത്തെ തദ്ദേശീയ സന്യാസിനി സമൂഹത്തിനു രൂപംനൽകിയതും ചാവറയച്ചനാണ്. അതു സ്ത്രീവിദ്യാഭ്യാസത്തിനു വീഥിയൊരുക്കി. അതിന്റെ തുടർച്ചയായി സ്ത്രീകൾക്കു തൊഴിൽപരിശീലനം നൽകുകയും ചെയ്തു. ഇന്നു നാം സ്ത്രീശാക്തീകരണം എന്നു പറയുന്ന പ്രക്രിയയുടെ തുടക്കം അവിടെയാണ്. പെൺകുട്ടികൾക്കു താമസിച്ചു പഠിക്കുവാനുള്ള ബോർഡിങ് സ്കൂൾ സ്ഥാപിച്ചതും അതിന്റെ ഭാഗമായാണ്. (ലെയോപ്പോൾഡ് മിഷനറിയാണ് അതിനു നേതൃത്വം നൽകിയതെന്ന കാര്യം മറന്നുകൂടാ).
മാന്നാനത്ത് അച്ചടിശാലയും പ്രസിദ്ധീകരണ കേന്ദ്രവും സ്ഥാപിച്ചതു സാംസ്കാരിക രംഗത്തു ചാവറയച്ചൻ അനുഷ്ഠിച്ച വിശിഷ്ട സേവനങ്ങളുടെ തുടക്കം മാത്രമാണ്. ‘ദീപിക’ പത്രത്തിന്റെ ജനനവും വളർച്ചയും അതുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ ആളുകളുടെ കയ്യിലെത്തിക്കുന്നതിനുള്ള സൗകര്യമുണ്ടാക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. വായനശാലകളും ഗ്രന്ഥശാലകളും സ്ഥാപിച്ചു ജനങ്ങളുടെ വായനശീലവും സാംസ്കാരിക വളർച്ചയും ഉറപ്പുവരുത്തുകയും ചെയ്തു.
സാഹിത്യരംഗത്തു ചാവറയച്ചൻ നൽകിയ വിശിഷ്ട സംഭാവനകൾ ഇവയെക്കാളെല്ലാം മികച്ചതാണ്. അദ്ദേഹത്തിന്റെ ‘ആത്മാനുതാപം’ എന്ന കൃതി മലയാളത്തിൽ ഏകാന്തമഹിമയോടെ പരിലസിക്കുന്നു. ആത്മനിഷ്ഠഭാവങ്ങളും ആത്മീയതയും ഇതിൽ സൗരഭ്യമായി കലർന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ‘ഇടയ നാടകങ്ങൾ’ (Ecologues: Shepherd Plays) ഭാഷയിലെ ആദ്യത്തെ നാടകങ്ങളാണ്. ‘അനസ്താസ്യായുടെ രക്തസാക്ഷ്യം’ എന്നൊരു ഖണ്ഡകാവ്യം ചാവറയച്ചന്റെ രചനകളുടെ കൂട്ടത്തിൽ സവിശേഷമായ വശ്യതയോടുകൂടി വേറിട്ടു നിൽക്കുന്നു. ആഖ്യാനചടുലതയിലും ഇതിവൃത്ത ദാർഢ്യത്തിലും ആ കാവ്യം കിടയറ്റതാണ്. ജീവചരിത്രം, ചരിത്രം, ധ്യാനസല്ലാപങ്ങൾ എന്നിങ്ങനെ പല വിഭാഗങ്ങളിലായി ആ സാഹിത്യസംഭാവനകൾ വേർതിരിഞ്ഞു കാണപ്പെടുന്നു. അക്കാലത്തെ രീതിയനുസരിച്ചു നോക്കുമ്പോൾ കരുത്തുള്ള ഗദ്യത്തിന്റെ ഉദാഹരണങ്ങളായി അവ കാണപ്പെടുന്നു.
ധ്യാനാത്മകമായ ജീവിതം പ്രായേണ സംഭവബഹുലമാകാറില്ല. പക്ഷേ, ചാവറയച്ചന്റെ ജീവിതം ഈ വശങ്ങൾ രണ്ടും ഉത്തേജകമായ രീതിയിൽ ഒരുമിച്ചു സമ്മേളിക്കുന്ന വിസ്മയമാണു കാഴ്ചവയ്ക്കുന്നത്. ആത്മീയതയുടെ പരിവേഷമാർന്ന ആ വ്യക്തിത്വത്തിൽ പ്രവാചകന്റെ ദീർഘവീക്ഷണവും സാമൂഹിക പരിഷ്കർത്താവിന്റെ കർമചാതുര്യവും കവിയുടെ പ്രതിഭാവിലാസവും ഒരുമിച്ചു ചേർന്നു സൃഷ്ടിക്കുന്ന നക്ഷത്രദീപ്തി തുലോം സമാരാദ്യമാണ്. ആ തേജസ്സിനു മുൻപാകെ നാം പ്രണമിക്കുക.