ഡൽഹിവിജയത്തിലെ ജനകീയപാഠം
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ആത്മാർഥമായി മനസ്സിലാക്കുകയും കൃത്യമായ പരിഹാരം കണ്ടെത്തുകയും തന്നെയാണു ഭരണകിരീടത്തിലേക്കുള്ള ഏറ്റവും മികച്ച വഴി. രാജ്യത്തിന്റെ തലസ്ഥാന നഗരം ഉൾപ്പെടുന്ന ഡൽഹി സംസ്ഥാനത്ത് അരവിന്ദ് കേജ്‌രിവാളും | Editorial | Manorama News
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ആത്മാർഥമായി മനസ്സിലാക്കുകയും കൃത്യമായ പരിഹാരം കണ്ടെത്തുകയും തന്നെയാണു ഭരണകിരീടത്തിലേക്കുള്ള ഏറ്റവും മികച്ച വഴി. രാജ്യത്തിന്റെ തലസ്ഥാന നഗരം ഉൾപ്പെടുന്ന ഡൽഹി സംസ്ഥാനത്ത് അരവിന്ദ് കേജ്‌രിവാളും | Editorial | Manorama News
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ആത്മാർഥമായി മനസ്സിലാക്കുകയും കൃത്യമായ പരിഹാരം കണ്ടെത്തുകയും തന്നെയാണു ഭരണകിരീടത്തിലേക്കുള്ള ഏറ്റവും മികച്ച വഴി. രാജ്യത്തിന്റെ തലസ്ഥാന നഗരം ഉൾപ്പെടുന്ന ഡൽഹി സംസ്ഥാനത്ത് അരവിന്ദ് കേജ്‌രിവാളും | Editorial | Manorama News
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ആത്മാർഥമായി മനസ്സിലാക്കുകയും കൃത്യമായ പരിഹാരം കണ്ടെത്തുകയും തന്നെയാണു ഭരണകിരീടത്തിലേക്കുള്ള ഏറ്റവും മികച്ച വഴി. രാജ്യത്തിന്റെ തലസ്ഥാന നഗരം ഉൾപ്പെടുന്ന ഡൽഹി സംസ്ഥാനത്ത് അരവിന്ദ് കേജ്‌രിവാളും ആം ആദ്മി പാർട്ടിയും (എഎപി) വീണ്ടും നേടിയ ചരിത്രവിജയത്തിലുള്ളതും ഈ പ്രഖ്യാപനം തന്നെ. ഡൽഹി തിരഞ്ഞെടുപ്പ് 70 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പു മാത്രമായിരുന്നില്ല; രാജ്യമാകെ ഉറ്റുനോക്കിയ ഏറ്റവും ആവേശകരവും ഉദ്വേഗജനകവുമായ പോരാട്ടം തന്നെയായിരുന്നു. ജനമനസ്സു നിറയ്ക്കാൻ ഹൃദയപൂർവം യത്നിക്കുന്ന ഒരു സർക്കാർ എങ്ങനെയായിരിക്കണമെന്ന് കേജ്‌രിവാൾ തെളിയിച്ചു. അതിനു ജനങ്ങൾ നൽകിയ തുടരംഗീകാരമാണ് ഇന്നലെ നാം കണ്ടത്.
വാഗ്ദാനങ്ങളെക്കാൾ ചെയ്ത കാര്യങ്ങളെ ആധാരമാക്കിയാണ് കേജ്‌രിവാൾ വോട്ടു ചോദിച്ചത്. ആത്മവിശ്വാസത്തോടെ തലയുയർത്തിപ്പിടിച്ചു നടത്തിയ ആ പ്രചാരണത്തിനു പകരംവയ്ക്കാൻ ബിജെപിയുടെയോ കോൺഗ്രസിന്റെയോ കൈവശം ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, കേജ്‌രിവാൾ തീർച്ചയായും ഈ ഹാട്രിക് വിജയം അർഹിക്കുന്നു. എഎപി സർക്കാരിന്റെ ഏറ്റവും വലിയ ആത്മവിശ്വാസം, ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ വിജയകരമായി നടപ്പാക്കിയതാണ്. വിദ്യാഭ്യാസം, ആരോഗ്യം, ജലവിതരണം, വൈദ്യുതി വിതരണം എന്നീ മേഖലകളിൽ കേജ്‌രിവാൾ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണ്. അതുതന്നെയാണ് വീണ്ടും വോട്ടുകളുടെ സമൃദ്ധവഴിയൊരുക്കിയതും.
ആരോഗ്യത്തിനുള്ള വിഹിതം 3500 കോടിയിൽനിന്ന് 7500 കോടിയാക്കിയതും ജനങ്ങളുടെ ചികിത്സാഭാരം കുറയ്ക്കാൻ നഗരത്തിൽ ഒട്ടേറെ ‘മൊഹല്ല’ ക്ലിനിക്കുകൾ സ്ഥാപിച്ചതും 200 യൂണിറ്റ് വരെ വൈദ്യുതിയും ഒരു മാസം 20,000 ലീറ്റർ വരെ വെള്ളവും സൗജന്യമാക്കിയതുമൊക്കെ സർക്കാരിനെ ജനപ്രിയമാക്കി. ഇവയ്ക്കൊപ്പം, വിദ്യാഭ്യാസ വിഹിതം 6000 കോടി രൂപയിൽനിന്ന് 15,600 കോടി രൂപയായി ഉയർത്തിയതും സർക്കാർ സ്കൂളുകളിൽ 20,000 പുതിയ ക്ലാസ് മുറികൾ നിർമിച്ചതുമൊക്കെ കയ്യടിയും വോട്ടും നേടിക്കൊടുത്തു.
ബിജെപിയുടെ ഭാഗത്തു പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് തിരഞ്ഞെടുപ്പു പ്രചാരണത്തിനു നേതൃത്വം നൽകിയത്. 22 വർഷമായി ഡൽഹിയിൽ അധികാരത്തിനു പുറത്തുനിൽക്കുന്ന ബിജെപിയെ എങ്ങനെയും ഭരണത്തിലേറ്റാനാണ് അവർ ശ്രമിച്ചത്. 200 എംപിമാരും എഴുപതോളം കേന്ദ്രമന്ത്രിമാരും 11 സംസ്ഥാന മുഖ്യമന്ത്രിമാരും ഡൽഹിയിൽ ബിജെപിക്കു വോട്ടു തേടാൻ ഉണ്ടായിരുന്നുവെങ്കിലും ഒരു മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാൻ അവർക്കു കഴിഞ്ഞില്ല. എത്രയോ അവകാശവാദങ്ങളും ആരോപണങ്ങളും ബിജെപിയിൽ നിന്നുണ്ടായെങ്കിലും ഡൽഹിയിലെ ഭൂരിഭാഗം ജനങ്ങളും അതെല്ലാം നിരാകരിച്ചുവെന്ന് തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു.
കോൺഗ്രസാകട്ടെ, ദുർബല പോരാട്ടമാണു നടത്തിയത്. അവർക്കും ഒരു മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, പ്രചാരണരംഗത്തു പ്രമുഖ ദേശീയ നേതാക്കളെ അണിനിരത്താനും കഴിഞ്ഞില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ ഏഴു മണ്ഡലങ്ങളിൽ അഞ്ചിലും രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസിന് ഇത്തവണ വെറും 4% വോട്ടു കൊണ്ടു തൃപ്തിപ്പെടേണ്ടിയും വന്നു.
അരവിന്ദ് കേജ്‌രിവാൾ ഉയർത്തുന്ന ജനകീയ ഭരണമാതൃക രാജ്യത്തെ രാഷ്ട്രീയത്തെ അൽപമെങ്കിലും സംശുദ്ധമാക്കുമെങ്കിൽ, അതുതന്നെയാവും അവരുടെ ഏറ്റവും വലിയ സംഭാവന. എഎപി നേടിയ വൻ വിജയത്തിലെ സന്ദേശം ലളിതമാണ്: ഇന്ത്യൻ വോട്ടറെ നിസ്സാരനായി കാണരുത്. ഇപ്പോഴത്തെ തുടർവിധിയാകട്ടെ, ഒരു സംസ്ഥാനത്തിന്റെ ഭാഗധേയനിർണയത്തിനപ്പുറം ജനാധിപത്യഭാരതത്തിനു തന്നെ പുതിയ പാഠവും മുന്നറിയിപ്പും ആകുകയും ചെയ്യുന്നു.
English Summary: Editorial: Delhi assembly election result 2020