ഉദ്യോഗാർഥികളെ ശിക്ഷിക്കരുത്
പിഎസ്‌സി ഒരു ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണ്. ജനാധിപത്യ സംവിധാനത്തിൽ പൗരന്മാർക്കു ചോദ്യങ്ങൾ ചോദിക്കാനും സർക്കാരിനെക്കുറിച്ചോ, സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെക്കുറിച്ചോ പരാതികൾ പരസ്യമായി ഉന്നയിക്കാനുമുള്ള | Nottam | Malayalam News | Manorama Online

പിഎസ്‌സി ഒരു ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണ്. ജനാധിപത്യ സംവിധാനത്തിൽ പൗരന്മാർക്കു ചോദ്യങ്ങൾ ചോദിക്കാനും സർക്കാരിനെക്കുറിച്ചോ, സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെക്കുറിച്ചോ പരാതികൾ പരസ്യമായി ഉന്നയിക്കാനുമുള്ള അവകാശവും ഉണ്ട്.
പിഎസ്‌സി ഇപ്പോൾ ഇടപെടുന്നത് സുപ്രീം കോടതിയിലെ കോടതിയലക്ഷ്യത്തിനു സമാനമായ രീതിയിലാണ്. ഭരണഘടന പൗരന്മാർക്ക് അഭിപ്രായ സ്വാതന്ത്ര്യവും പരാതികൾ ബോധിപ്പിക്കാനുള്ള അവകാശവും നൽകുന്നുണ്ട്. ഇപ്പോൾ പിഎസ്‌സിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചതിന്റെ പേരിൽ ഉദ്യോഗാർഥികളെ വിലക്കുന്നത് ജനായത്ത മൂല്യങ്ങളുടെ കടുത്ത ലംഘനമാണ്. അങ്ങനെയൊരു കീഴ്‌വഴക്കം പിഎസ്‌സിയിൽ നിന്ന് ഉണ്ടാകുന്നതു തെറ്റായ സന്ദേശമാണു സമൂഹത്തിനും ഉദ്യോഗാർഥികൾക്കും നൽകുക.
കേരളത്തിലെ പിഎസ്‌സി അംഗങ്ങളിൽ പലരെയും നിയമിക്കുന്നത് രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികളായിട്ടാണ്. ഇവരിൽ പലരും, ഇതിനു മുൻപും ജനായത്ത സംവിധാനത്തിനു വേണ്ടി ശബ്ദമുയർത്തിയ രാഷ്ട്രീയ – സാമൂഹിക പ്രവർത്തകരാണ്. അങ്ങനെയുള്ളവർ ഒരുമിച്ചിരുന്നു ജനായത്ത മൂല്യങ്ങൾക്കെതിരായ തീരുമാനമെടുത്തത് അദ്ഭുതമുളവാക്കുന്നു.
പിഎസ്‌സിയെക്കുറിച്ചും പിഎസ്‌സിയുടെ കാര്യക്ഷമത, നടപടികളിലെ കാലതാമസം എന്നിവയെക്കുറിച്ചും ഉദ്യോഗാർഥികളിൽനിന്നു പരാതികൾ ഉയരുന്നത് ഇതാദ്യമല്ല. പിഎസ്‌സി ഓഫിസിനു മുന്നിലും സെക്രട്ടേറിയറ്റിനു മുന്നിലും റാങ്ക് പട്ടികയിൽപെട്ടവരുടെ സമരവും പ്രതിഷേധവും ഉണ്ടാകുന്നതും ആദ്യമായല്ല. ജോലിക്ക് അപേക്ഷിച്ച് അനന്തമായി കാത്തിരിക്കുന്നവരുടെ ധാർമികരോഷം പിഎസ്‌സി മനസ്സിലാക്കണം.
സമൂഹമാധ്യമങ്ങളിൽ സർക്കാരിനെയും സർക്കാർ സ്ഥാപനങ്ങളെയും പിഎസ്‌സിയെയുമൊക്കെ പലരും വിമർശിക്കാറുണ്ട്. അതേസമയം, ഉദ്യോഗാർഥികളെ തിരഞ്ഞുപിടിച്ച് അവർക്കു വിലക്കേർപ്പെടുത്തുമെന്നു പറയുന്നതു നീതിനിഷേധമാണ്.
പിഎസ്‌സിക്കു പരാതി അയച്ചാൽ പലപ്പോഴും ഉദ്യോഗാർഥികൾക്കു മറുപടി കിട്ടാൻ കാലതാമസം വരും. പിഎസ്‌സിയിലൂടെ സർക്കാർ ജോലിക്കു ശ്രമിക്കുന്നതിൽ ഭൂരിഭാഗവും കേരളത്തിലെ സാധാരണക്കാരായ ജനങ്ങളാണ്. അവരെ സംബന്ധിച്ചിടത്തോളം സർക്കാർ ജോലിയെന്നാൽ ജീവനോപാധിയാണ്. പിഎസ്‌സിയിൽ നിന്നു കൃത്യമായി പ്രതികരണങ്ങൾ ലഭിക്കാതെ വരുമ്പോഴും റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും ജോലി കിട്ടാൻ കാലതാമസം വരുമ്പോഴും ഇത്തരത്തിൽ ഉദ്യോഗാർഥികളിൽ നിന്നുള്ള പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. ഇതാണു ജനാധിപത്യ സംവിധാനത്തിന്റെയും മൂല്യങ്ങളുടെയും പ്രത്യേകത.
പ്രതിഷേധമറിയിക്കുന്ന ഉദ്യോഗാർഥികൾക്ക്, കുപ്രചാരണം നടത്തിയെന്നാരോപിച്ച്, വിലക്കേർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കണം. ഇതൊരു ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണെന്നു പിഎസ്‌സി അംഗങ്ങൾ ദയവായി തിരിച്ചറിയണം.
(ഏഷ്യൻ ഡെമോക്രസി നെറ്റ്‌വർക് ചെയർപഴ്സനും യുഎൻഡിപി ഗ്ലോബൽ ഗവേണൻസ് പ്രോഗ്രാം മുൻ മേധാവിയുമാണ് ലേഖകൻ)