ഒറ്റത്തവണ മാത്രം നേരിട്ടു കണ്ടിട്ടുള്ള വ്യക്തിയെക്കുറിച്ച് ഒാർമക്കുറിപ്പെഴുതാൻ മാത്രം ബുദ്ധിമോശമെനിക്കില്ല. ആ ഒറ്റത്തവണ എനിക്കു മറക്കാനാവില്ല എന്നതുകൊണ്ടു മാത്രം ഇതു കുറിക്കുന്നു. പരേതനായ, മാതൃഭൂമിയുടെ മുൻ ഡൽഹി ബ്യൂറോ ചീഫ് വി.കെ.

ഒറ്റത്തവണ മാത്രം നേരിട്ടു കണ്ടിട്ടുള്ള വ്യക്തിയെക്കുറിച്ച് ഒാർമക്കുറിപ്പെഴുതാൻ മാത്രം ബുദ്ധിമോശമെനിക്കില്ല. ആ ഒറ്റത്തവണ എനിക്കു മറക്കാനാവില്ല എന്നതുകൊണ്ടു മാത്രം ഇതു കുറിക്കുന്നു. പരേതനായ, മാതൃഭൂമിയുടെ മുൻ ഡൽഹി ബ്യൂറോ ചീഫ് വി.കെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റത്തവണ മാത്രം നേരിട്ടു കണ്ടിട്ടുള്ള വ്യക്തിയെക്കുറിച്ച് ഒാർമക്കുറിപ്പെഴുതാൻ മാത്രം ബുദ്ധിമോശമെനിക്കില്ല. ആ ഒറ്റത്തവണ എനിക്കു മറക്കാനാവില്ല എന്നതുകൊണ്ടു മാത്രം ഇതു കുറിക്കുന്നു. പരേതനായ, മാതൃഭൂമിയുടെ മുൻ ഡൽഹി ബ്യൂറോ ചീഫ് വി.കെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റത്തവണ മാത്രം നേരിട്ടു കണ്ടിട്ടുള്ള വ്യക്തിയെക്കുറിച്ച് ഒാർമക്കുറിപ്പെഴുതാൻ മാത്രം ബുദ്ധിമോശമെനിക്കില്ല. ആ ഒറ്റത്തവണ എനിക്കു മറക്കാനാവില്ല എന്നതുകൊണ്ടു മാത്രം ഇതു കുറിക്കുന്നു. പരേതനായ, മാതൃഭൂമിയുടെ മുൻ ഡൽഹി ബ്യൂറോ ചീഫ് വി.കെ. മാധവൻകുട്ടിയാണ് വാസ്തവത്തിൽ ഇതിലെ കഥാനായകൻ.

വൈകുന്നേരങ്ങളിൽ എന്റെ ജോലി, എന്റെ മറ്റു ജോലിയൊക്കെ തീർത്ത് ഐഎൻഎസ് ബിൽഡിങ്ങിലെ മാതൃഭൂമി ഒാഫിസിൽ മാധവൻകുട്ടിയുടെ മുറിയിൽ കുത്തിയിരിക്കുക എന്നതാണ്. മാധവൻകുട്ടി ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും ഒരേസമയം വാർത്തയെഴുത്തും ഫോൺവിളിയുമാണ്. എന്നെപ്പോലുള്ളവരുടെ കൂട്ടിരിപ്പ് അദ്ദേഹത്തിനൊരു പ്രശ്നമേയല്ല. ഒരു തണുപ്പുകാലത്ത്, അവസാനത്തെ റിപ്പോർട്ടും അയച്ചുകഴിഞ്ഞപ്പോൾ എന്നോടു പറഞ്ഞു, ‘‘വാ, നമുക്കു പോകാം.’’ ഞാൻ ചോദിച്ചു, ‘‘എവിടെ?’’ ‘‘നമുക്ക് പ്രണബിനെ ഒന്നു പോയി കാണാം. പാവം ഒറ്റയ്ക്കിരിപ്പാണ്. അധികാരം പോയി. ആർക്കും വേണ്ട.’’
1984 ലെ ഇന്ദിരാ ഗാന്ധിയുടെ മരണത്തിനുശേഷം അദ്ദേഹം രാജ്യസഭാംഗം മാത്രമായി കഴിച്ചുകൂട്ടിയ 8–10 വർഷ കാലഘട്ടത്തിലായിരുന്നു അത്.

ADVERTISEMENT

ഞങ്ങൾ ആദ്യം പോയത് റോഡിനപ്പുറത്തുള്ള യുഎൻഐ കന്റീനിലേക്കാണ്. ‘‘നമുക്ക് ദോശയും ഗൺ പൗഡറും കൊണ്ടുപോയി കൊടുക്കാം,’’ മാധവൻകുട്ടി പറഞ്ഞു. (കന്റീനിലെ എണ്ണയിൽ ചാലിച്ച മുളകുപൊടിയുടെ പേരാണ് ഗൺ പൗഡർ.) ഞങ്ങളും ദോശ തിന്നു. മാധവൻകുട്ടി രണ്ടു ദോശ സാമ്പാറൊഴിച്ചും രണ്ടെണ്ണം മുളകുപൊടിവച്ചും പാഴ്സൽ ചെയ്യിപ്പിച്ചു. എന്നിട്ട് യാത്രയായി. കഷ്ടിച്ച് 100 മീറ്ററപ്പുറത്തു പട്ടേൽ ചൗക്കിൽനിന്ന് ഗോൾ ഡാക്ക് ഖാനയിലേക്കുള്ള വഴിയെ (അശോക റോഡ്) പോയി ബംഗ്ളാ സാഹിബ് ഗുരുദ്വാരയുടെ ആ റോഡിൽത്തന്നെയുള്ള ഗേറ്റിന് ഏതാണ്ട് എതിർവശത്തെ ഒരു സർക്കാർ ബംഗ്ളാവിലേക്ക് മാധവൻകുട്ടി വണ്ടി തിരിച്ചു. എന്റെ ഒാർമ ശരിയാണെങ്കിൽ മുമ്പൊരു കേരള എംപി താമസിച്ചിരുന്ന ഭവനമായിരുന്നു അത്.

എല്ലാ സർക്കാർ ഭവനങ്ങൾക്കുമുള്ള മുഖപ്രസാദമില്ലായ്മയ്ക്കും ജീവനറ്റ സ്വഭാവത്തിനുമപ്പുറത്തുള്ള ഒരു ശൂന്യതാഭാവമായിരുന്നു അതിന്. മുറ്റത്ത് വെളിച്ചമില്ല. വരാന്തയിലുമില്ല. ആൾത്താമസമുള്ളതിന്റെ യാതൊരടയാളവും കാണാനില്ല. മാധവൻകുട്ടി കോളിങ് ബെല്ലമർത്തി. അല്പം കഴിഞ്ഞപ്പോൾ വാതിൽ തുറന്നു. പ്രണബ് മുഖർജിയാണ് വാതിൽ തുറന്നുപിടിച്ചിരിക്കുന്നത്. പണ്ട് ഹിന്ദിസിനിമകളിലൊക്കെ വില്ലൻമാർക്കൊപ്പം സ്ഥിരസാന്നിധ്യമായിരുന്ന ‘ഡ്രെസിങ് ഗൗൺ’ എന്ന കണങ്കാൽ വരെ നീളുന്ന മുഴുക്കൈ കുപ്പായമാണ് ധരിച്ചിരുന്നത്. പൈപ്പ് കടിച്ചുപിടിച്ചിരിക്കുന്നു. സ്വീകരണമുറിയുടെ തറയിൽ പഴക്കംകൊണ്ട് നിറംപോയി പിഞ്ചിപ്പോയ ഒരു കാർപറ്റ്. അതുപോലെതന്നെ പരിതാപകരമായ അവസ്ഥയിലൊരു സോഫ. കത്തുന്നുണ്ട് എന്നു വരുത്തിത്തീർക്കുന്ന ഒരു ബൾബിന്റെ മങ്ങിയ വെളിച്ചം.

ADVERTISEMENT

പ്രണബ്, മാധവൻകുട്ടിയെ ‘‘ഹലോ കുട്ടീ’’ എന്നു പറഞ്ഞ് സ്വീകരിച്ചു. ‘‘ഒരു ഫ്രണ്ടാണ്’’ എന്നു മാധവൻകുട്ടി എന്നെ പരിചയപ്പെടുത്തി. പ്രണബ് അകത്തുപോയി രണ്ടു ചൂരൽ കസാലകൾ എടുത്തുകൊണ്ടുവന്നു. എന്നിട്ട് മുറിയുടെ ഒരു കോണിൽ, ഒരു റീഡിങ് ലൈറ്റിനു കീഴിൽ ഇട്ടിരുന്ന തന്റെ ഇരിപ്പിടത്തിലേക്കു മടങ്ങി: ഒരാളിനിരിക്കാനുള്ള ഒരു പുരാതന സോഫ. വായിച്ചിരുന്ന പുസ്തകം തൊട്ടടുത്തുള്ള സ്റ്റൂളിൽ കമഴ്ത്തിവച്ചിരിക്കുന്നു. എന്നോട് ഇരിക്കാൻ പ്രണബ് ആംഗ്യം കാണിച്ചു. പുസ്തകത്തിന്റെ പേരു കാണാനുള്ള എന്റെ ശ്രമം ഫലിച്ചില്ല.

സക്കറിയ

മാധവൻകുട്ടിയും അദ്ദേഹവും സൗഹൃദം പ്രദർശിപ്പിക്കേണ്ട ആവശ്യമില്ലാത്തവിധം പഴയ സുഹൃത്തുക്കളാണ്. ഇരുവരും അറുപതുകളിൽ വി.കെ. കൃഷ്ണമേനോന്റെ വിശ്വസ്ത സഹായികളായിരുന്നു. 1969 ൽ കൃഷ്ണമേനോ‍ൻ കമ്യൂണിസ്റ്റ് ഐക്യമുന്നണി പിന്തുണയ്ക്കുന്ന ബംഗ്ളാ കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിച്ച് വിജയിച്ച മിഡ്നാപുർ തിരഞ്ഞെടുപ്പിൽ പ്രണബ് മുഖർജിയായിരുന്നു ഇലക്‌ഷൻ മാനേജർ. മാധവൻകുട്ടിക്ക് അദ്ദേഹത്തിന്റെ അടിസ്ഥാന സ്വഭാവവൈശിഷ്ട്യങ്ങളുടെ ഭാഗമായ മലയാളി ഐക്യദാർഢ്യത്തിനുമപ്പുറത്ത് കൃ
ഷ്ണമേനോനുമായി ആരാധനകലർന്ന ആത്മബന്ധവുമുണ്ടായിരുന്നു. ഇരുവരുടെയും ശുണ്ഠിക്കാരനായ മെന്റർ ആയിരുന്നു കൃഷ്ണമേനോൻ എന്നു പറഞ്ഞാൽ അതു പൂർണമായും തെറ്റായിരിക്കില്ല.

ADVERTISEMENT

മാധവൻകുട്ടി ദോശയുടെ പാഴ്സൽ കൊടുത്തപ്പോൾ പ്രണബിന്റെ മുഖം ഒന്നു തെളിഞ്ഞു. ‘‘ഇതെവിടുന്നാണ്?’’ പ്രണബ് ചോദിച്ചു. യുഎൻഐ കന്റീനിൽനിന്നാണെന്നു മാധവൻകുട്ടി പറഞ്ഞു. ‘‘ഗുഡ്,’’ പ്രണബ് പറഞ്ഞു. എന്നിട്ട് ഒരു പൊതിയഴിച്ച് രണ്ടു ദോശ തിന്നു. സോഫയിൽ കിടന്ന ടവ്വലിൽ കൈ തുടച്ചു. ഇരുവരും സംസാരിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയമാണു വിഷയം. ഒറ്റവാക്കുകൊണ്ട് അവർക്ക് അങ്ങോട്ടുമിങ്ങോട്ടും മനസിലാകുന്ന കാര്യങ്ങൾ. പ്രണബിന്റെ ശക്തമായ ബംഗാളിച്ചുവയുള്ള ഇംഗ്ളിഷ് എനിക്ക് ഒാർമയുണ്ട്. ഇടയ്ക്ക് അദ്ദേഹം വാചലനാകും. പൈപ്പ് കെട്ടുപോകുന്നത് അറിയില്ല. പെട്ടെന്ന് അതെടുത്തു കത്തിക്കും. പുകവിടും

മുറിയിൽ ഭയങ്കര തണുപ്പാണ്. പ്രണബിന്റെ കസാലയ്ക്കടുത്ത് അന്നൊക്കെ ഡൽഹിയിൽ ഉപയോഗിച്ചിരുന്ന, കോയിലുകളിൽനിന്നു നേരിട്ടു ചൂടു പ്രവഹിപ്പിക്കുന്ന ഒരു ഹീറ്റർ വച്ചിട്ടുണ്ട്. അതു ചുട്ടുപഴുത്തിരിക്കുന്നു. അത് ഒരു ചുവപ്പു കലർന്ന വെളിച്ചം അദ്ദേഹത്തിന്റെ മേൽ പരത്തുന്നുണ്ട്. അല്പസമയം ആ ചൂടടിച്ചാൽ നമുക്ക് വല്ലാത്തൊരസ്വസ്ഥത അനുഭവപ്പെടും. പക്ഷേ, ഈ ഹീറ്ററാണ് അന്നു കിട്ടുന്നതിൽ ഏറ്റവും വിലകുറഞ്ഞത്.

രണ്ടു സുഹൃത്തുക്കളുടെ ആ സുഗമ സംഭാഷണം കണ്ടും കേട്ടും ഞാനവിടെയിരുന്നു. ഞങ്ങൾ പോകാൻ എണീറ്റപ്പോൾ പ്രണബ് താൻ വായിച്ചുവച്ച പുസ്തകം എടുത്തുകൊണ്ട് ഞങ്ങളെ അനുഗമിച്ച് വാതിലടച്ചു. അദ്ദേഹം വായനയിലേക്കു മടങ്ങിയിട്ടുണ്ടാവണം. ആ പുസ്തകം എന്തെന്നറിയാതെ ഞാൻ മടങ്ങി.

ഞാൻ ആദ്യവും അവസാനവുമായി നേരിട്ടുകണ്ട പ്രണബ് മുഖർജി അതായിരുന്നു. എന്റെ ഒാർമയിൽ തങ്ങിനിൽക്കുന്നത് ആ ഭവനത്തിന്റെ ആരെയും വിഷാദവാനാക്കിയേക്കാവുന്ന പാപ്പരത്തവും പ്രണബിന്റെ കുലുക്കമില്ലാത്ത ഏകാന്തതയും അതിന്റെ മധ്യത്തിൽ അദ്ദേഹത്തിന്റെ മുഖത്തു നിറഞ്ഞുനിന്ന നിസ്സംഗതയുമാണ്.

English Summary: Writer Zacharia on Pranab Mukherjee