വെഡിങ് ഷൂട്ടുകള്ക്ക് കിട്ടുന്നത് എട്ടിന്റെ പൂട്ട്; 'റാന്സം' ചോദിച്ച് വിദേശ ഹാക്കര്മാര്
ഹിന്ദി, തെലുങ്ക് സിനിമകളിലെ പ്രണയഗാന രംഗങ്ങളെ വെല്ലുന്ന വിവാഹപൂർവ, വിവാഹ വിഡിയോകൾ സൃഷ്ടിക്കുന്നത് ഏറെക്കാലമായി കേരളത്തിലെ പ്രധാന സർഗക്രിയകളിലൊന്നാണ്. വെള്ളത്തിൽ ചാടുന്ന നായികാനായകന്മാർക്കൊപ്പം ക്യാമറയും കൂടെച്ചാടി ചിത്രീകരിക്കുന്ന ആ വിഡിയോ, എഡിറ്റിങ്ങിനിടെ നഷ്ടപ്പെട്ടാൽ എന്തു ചെയ്യും? പ്രീ വെഡിങ്
ഹിന്ദി, തെലുങ്ക് സിനിമകളിലെ പ്രണയഗാന രംഗങ്ങളെ വെല്ലുന്ന വിവാഹപൂർവ, വിവാഹ വിഡിയോകൾ സൃഷ്ടിക്കുന്നത് ഏറെക്കാലമായി കേരളത്തിലെ പ്രധാന സർഗക്രിയകളിലൊന്നാണ്. വെള്ളത്തിൽ ചാടുന്ന നായികാനായകന്മാർക്കൊപ്പം ക്യാമറയും കൂടെച്ചാടി ചിത്രീകരിക്കുന്ന ആ വിഡിയോ, എഡിറ്റിങ്ങിനിടെ നഷ്ടപ്പെട്ടാൽ എന്തു ചെയ്യും? പ്രീ വെഡിങ്
ഹിന്ദി, തെലുങ്ക് സിനിമകളിലെ പ്രണയഗാന രംഗങ്ങളെ വെല്ലുന്ന വിവാഹപൂർവ, വിവാഹ വിഡിയോകൾ സൃഷ്ടിക്കുന്നത് ഏറെക്കാലമായി കേരളത്തിലെ പ്രധാന സർഗക്രിയകളിലൊന്നാണ്. വെള്ളത്തിൽ ചാടുന്ന നായികാനായകന്മാർക്കൊപ്പം ക്യാമറയും കൂടെച്ചാടി ചിത്രീകരിക്കുന്ന ആ വിഡിയോ, എഡിറ്റിങ്ങിനിടെ നഷ്ടപ്പെട്ടാൽ എന്തു ചെയ്യും? പ്രീ വെഡിങ്
ഹിന്ദി, തെലുങ്ക് സിനിമകളിലെ പ്രണയഗാന രംഗങ്ങളെ വെല്ലുന്ന വിവാഹപൂർവ, വിവാഹ വിഡിയോകൾ സൃഷ്ടിക്കുന്നത് ഏറെക്കാലമായി കേരളത്തിലെ പ്രധാന സർഗക്രിയകളിലൊന്നാണ്. വെള്ളത്തിൽ ചാടുന്ന നായികാനായകന്മാർക്കൊപ്പം ക്യാമറയും കൂടെച്ചാടി ചിത്രീകരിക്കുന്ന ആ വിഡിയോ, എഡിറ്റിങ്ങിനിടെ നഷ്ടപ്പെട്ടാൽ എന്തു ചെയ്യും? പ്രീ വെഡിങ് ഷൂട്ട് വീണ്ടും നടത്താമെന്നുതന്നെ കരുതുക; കല്യാണച്ചടങ്ങ് റിപ്പീറ്റടിക്കാനാകുമോ!
അസുലഭ ‘കാൻഡിഡ്’ നിമിഷങ്ങളടങ്ങിയ ഫോട്ടോ ആൽബത്തിനും കിട്ടാം ഈ പണി. സ്റ്റുഡിയോക്കാരെ തല്ലിയിട്ടു കാര്യമില്ല. യഥാർഥ പ്രതികളെ തല്ലാൻ നമുക്കു കഴിയുകയുമില്ല. കടലിനക്കരെയുള്ള ഏതോ രാജ്യത്തിരുന്ന് കേരളത്തിലെ സ്റ്റുഡിയോക്കാരുടെ കംപ്യൂട്ടറുകൾ ലോക്ക് ചെയ്യുന്ന വില്ലന്മാരാണവർ.
വൻകിട കമ്പനികളിൽനിന്നു പണം തട്ടിയെടുക്കാൻ ഹാക്കർമാർ ഉപയോഗിക്കുന്ന റാൻസംവെയറുകൾ ഉപയോഗിച്ചു കേരളത്തിലും വ്യാപക സൈബർ ആക്രമണം നടക്കുകയാണ്. ഫയലുകൾ തുറക്കാനോ ഹാക്കർമാർ ആരാണെന്നു കണ്ടെത്താനോ ഇതുവരെ കേരള പൊലീസിന്റെ സൈബർ വിഭാഗത്തിനു കഴിഞ്ഞിട്ടില്ല.
തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുന്നതിനെയാണു റാൻസം മണി (മോചനദ്രവ്യം) എന്നു പറയുന്നത്. റാൻസംവെയറും ഇതിനു സമാനമാണ്. നമ്മുടെ കംപ്യൂട്ടറിലുള്ള ഫയലുകളോ കംപ്യൂട്ടർ മൊത്തമായോ ലോകത്തിന്റെ ഏതോ കോണിലുള്ള ഹാക്കർ പൂട്ടും. തുറക്കണമെങ്കിൽ, ഹാക്കറുടെ കയ്യിലുള്ള കീ പണം കൊടുത്തു വാങ്ങണം. ഇല്ലെങ്കിൽ, ആ ഫയലുകൾ ഒരിക്കലും തുറക്കാൻ കഴിയില്ല.
ഇങ്ങനെ പൂട്ടിയ ഫയലുകൾ തുറക്കാൻ ശ്രമിക്കുമ്പോൾ, ഒരു ടെക്സ്റ്റ് സന്ദേശമാണു തുറന്നുവരിക. ഫയലുകൾ ലോക്ക് ചെയ്തിരിക്കുകയാണെന്നും എന്നാൽ, അവ സുരക്ഷിതമാണെന്നും ഭീതി വേണ്ടെന്നും സന്ദേശത്തിലുണ്ടാകും. ഫയലോ കംപ്യൂട്ടറോ തുറക്കാനുള്ള കീ ലഭിക്കണമെങ്കിൽ നിശ്ചിത തുക (ബിറ്റ്കോയിൻ ആയോ യുഎസ് ഡോളർ ആയോ) നൽകണമെന്ന നിർദേശവും കാണും.1000 യുഎസ് ഡോളർ വരെയാണു ഹാക്കർമാർ കേരളത്തിലെ സ്റ്റുഡിയോ ഉടമകളോട് ആവശ്യപ്പെട്ടത്. ഒരു പൈസ പോലും നൽകരുതെന്നാണു സൈബർ പൊലീസ് പറയുന്നത്. പണം നൽകിയാലും ഫയലുകൾ തിരിച്ചു കിട്ടുമെന്നു തീരെ ഉറപ്പില്ല.
ഹാക്കിങ്ങിനിരയായ 4 പേരുടെ അനുഭവങ്ങൾ വായിക്കാം. സമാനതകളുണ്ട്. ഇതിൽ മൂന്നു പേരും ഇടുക്കി ജില്ലക്കാർ.
പണം പോയില്ല, ഡേറ്റ പോയി
അടുത്തകാലത്താണ് കംപ്യൂട്ടറിൽ റാൻസംവെയർ ബാധിച്ചത്. വിവാഹങ്ങളുടെ വിഡിയോയും ഫോട്ടോയുമടക്കം 4 പ്രോജക്ടുകളുടെ 2 ടിബി (2000 ജിബി) ഡേറ്റ ലോക്കായി. 980 യുഎസ് ഡോളറാണ് (ഏകദേശം 73,500 രൂപ) ഹാക്കർമാർ ആവശ്യപ്പെട്ടത്. ഒരു ദിവസത്തിനകം പണം നൽകിയാൽ 50% ഡിസ്കൗണ്ട് നൽകാമെന്നും വാഗ്ദാനമുണ്ടായി. സൈബർ സെല്ലിൽ അടക്കം പരാതി നൽകിയെങ്കിലും കാര്യമായ പുരോഗതിയൊന്നുമില്ല. ഡേറ്റ ബാക്കപ്പുള്ളതിനാൽ ഒരുവിധം മാനേജ് ചെയ്യാമെന്നു മാത്രം.
∙ ഷമീർ ഷംസുദ്ദീൻ, ഓഡിയോകാബ്, നെടുങ്കണ്ടം
4 പരസ്യചിത്രങ്ങളുടെ 2 ടിബി ഡേറ്റയാണു ലോക്കായത്. 985 യുഎസ് ഡോളർ (ഏകദേശം 74,000 രൂപ) ഹാക്കർ ആവശ്യപ്പെട്ടു. 2 ദിവസത്തിനകം പണമയച്ചാൽ, 50% ഡിസ്കൗണ്ട് നൽകാമെന്ന ഓഫറുമുണ്ടായിരുന്നു. സൈബർ ഡോമിലെയും സൈബർ സെല്ലിലെയും സുഹൃത്തുക്കൾ വഴി അന്വേഷിച്ചപ്പോൾ, ജർമനിയിൽനിന്നോ മറ്റോ ആണ് ഹാക്ക് ചെയ്തിരിക്കുന്നതെന്നു മനസ്സിലായി. എന്തു ചെയ്യാൻ? ഇതുവരെ ഡേറ്റ തിരിച്ചെടുക്കാൻ പറ്റിയിട്ടില്ല. പണം നൽകിയിട്ടുമില്ല.
∙ എസ്.ആർ.സൂരജ്, സിനിമ അസിസ്റ്റന്റ് ഡയറക്ടർ, എഡിറ്റർ, തിരുവനന്തപുരം.
2 മാസം മുൻപാണു സംഭവം. ഒരു ഫയലാണു തുടക്കത്തിൽ ലോക്കായത്. തുടർന്ന് മറ്റു ഫയലുകൾ തുറക്കാൻ ശ്രമിച്ചപ്പോൾ അവയിലേക്കും പടർന്നു. പരസ്പരം ബന്ധിപ്പിച്ചിരുന്ന ലാപ്ടോപ്, ഹാർഡ് ഡിസ്ക് എന്നിവയിലെ ഫയലുകളും ഇതേ രീതിയിൽ ലോക്കായി. 999 യുഎസ് ഡോളറാണ് (ഏകദേശം 75,000 രൂപ) ഹാക്കർ ആവശ്യപ്പെട്ടത്. പണം നൽകിയില്ല. പൊലീസിൽ പരാതിയും നൽകിയില്ല.
∙ ജയരാജ് കട്ടപ്പന, ജേസ് ഓഡിയോ ലാബ്, വെള്ളിലാംകണ്ടം.
7 മാസം മുൻപാണു റാൻസംവെയർ ബാധിച്ചത്. 4 ടിബി േഡറ്റ ലോക്കായി. പണം നൽകിയിട്ടില്ല. സൈബർ പൊലീസ് ആവതു ശ്രമിച്ചിട്ടും േഡറ്റ ഇതുവരെ തിരിച്ചെടുക്കാൻ സാധിച്ചിട്ടുമില്ല.
∙ അജേഷ് മോഹനൻ, 24 ഫ്രെയിംസ്, കട്ടപ്പന
വ്യക്തിഗത ചടങ്ങുകളുടെ വിഡിയോ, ഫോട്ടോ എന്നിവ വീണ്ടും ഷൂട്ട് ചെയ്യാൻ സാധിക്കാത്തതിനാൽ സ്റ്റുഡിയോ ഉടമകൾ അവ വിലകൊടുത്തു വീണ്ടെടുക്കാൻ തയാറാകുമെന്ന കണക്കുകൂട്ടലിലാണ് ഹാക്കർമാർ സ്റ്റുഡിയോകളെ ലക്ഷ്യമിട്ടതെന്നു വ്യക്തം. പക്ഷേ, വീട്ടിലിരുന്ന് എഡിറ്റിങ് ജോലി ചെയ്യുന്ന സൂരജിനെയും ഹാക്കർമാർ പിടികൂടിയതിന്റെ അർഥം, സമൂഹമാധ്യമങ്ങളിൽ നമ്മൾ സൃഷ്ടിക്കുന്ന പ്രൊഫൈലുകൾ കൃത്യമായി അവർ നിരീക്ഷിക്കുന്നു എന്നുതന്നെ.
വേണം ജാഗ്രത
∙ അനൗദ്യോഗിക സോഫ്റ്റ്‌വെയറുകൾ (ക്രാക്ഡ് സോഫ്റ്റ്‌വെയർ) ഡൗൺലോഡ് ചെയ്യാതിരിക്കുക.
∙ പ്രധാനപ്പെട്ട ഫയലുകളുടെ പകർപ്പ് ഗൂഗിൾ ഡ്രൈവ് പോലെയുള്ള ക്ലൗഡ് സേവനങ്ങളിലും നിർബന്ധമായും സൂക്ഷിക്കുക (ബാക്കപ്). കംപ്യൂട്ടറിനു തകരാറുണ്ടായാലും ഫയലുകൾ തിരിച്ചെടുക്കാം.
∙ സുപ്രധാനമായ ഫയലുകൾ സൂക്ഷിക്കുന്ന കംപ്യൂട്ടറുകൾ ഇന്റർനെറ്റുമായി കഴിവതും ബന്ധിപ്പിക്കാതിരിക്കുക. പെൻ ഡ്രൈവുകൾ
ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കുക.
∙ ഓപ്പറേറ്റിങ് സിസ്റ്റവും സുരക്ഷാ സോഫ്റ്റ്‌വെയറുകളും കാലാകാലം പുതുക്കുക.
∙ അപരിചിത ഇ മെയിലുകളും ലിങ്കും ആപ്പും തുറക്കുന്നതിനു മുൻപ് രണ്ടുവട്ടം ആലോചിക്കുക.
∙ സോഫ്റ്റ്‌വെയറുകളും ആന്റിവൈറസ് ഫയർവോളുകളും കൃത്യമായി പുതുക്കണം.
സാർ പണമിടൂ; ഇരട്ടിപ്പിച്ചു തരാം
ഇന്നലെ ഡെയ്സി വിജയ് മേനോൻ എന്ന മലയാളി ഡൽഹി പൊലീസിന്റെ വലയിലായപ്പോൾ പുറത്തുവന്ന തട്ടിപ്പിന്റെ കഥയും നമുക്കു പാഠമാകേണ്ടതാണ്. 10 രൂപയുടെ നോട്ട് കുഴിച്ചിട്ട് ഒരു ഗ്ലാസ് വെള്ളമൊഴിച്ചാൽ പിറ്റേന്നു രാവിലെ അതു മരമാകുമെന്നും ഇലകളുടെ സ്ഥാനത്ത് ആയിരമായിരം കറൻസി നോട്ടുകളായിരിക്കുമെന്നും ആരെങ്കിലും പവർപോയിന്റ് പ്രസന്റേഷന്റെ അകമ്പടിയോടെ പറഞ്ഞാൽ വിശ്വസിക്കാൻ നമുക്കൊരു മടിയുമില്ല.
10,000 രൂപ നിക്ഷേപിച്ചാൽ 20 മാസത്തിനു ശേഷം 20,000 രൂപ തിരികെ. 1.1 ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം 17,600 രൂപ ലാഭം! ‘ഹലോ ടാക്സി’ എന്ന വ്യാജ ഓൺലൈൻ ടാക്സി കമ്പനിയുടെ പേരിൽ തട്ടിപ്പു നടത്തിയവരുടെ വാഗ്ദാനം ഇതായിരുന്നു. എക്സിക്യൂട്ടീവ്, മൈക്രോ, മിനി, പ്രൈം–സെഡാൻ എന്നിങ്ങനെ 4 വ്യത്യസ്ത പാക്കേജുകളിൽ നിക്ഷേപങ്ങൾ സ്വീകരിച്ച ഇവർ 200% വരെ ലാഭം വാഗ്ദാനം ചെയ്തതോടെ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെല്ലാം നിക്ഷേപം നടത്തി. ആയിരത്തിലേറെപ്പേരിൽ നിന്നായി 250 കോടി രൂപ കമ്പനിയുടെ 4 ഡയറക്ടർമാർ തട്ടിച്ചെന്നാണു പ്രാഥമിക അന്വേഷണവിവരം.
2018ലാണ് എസ്എംപി ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിൽ ഹലോ ടാക്സി എന്ന സംരംഭം ആരംഭിച്ചത്. ഒരു മാസത്തിനുള്ളിൽ ദേശീയതലസ്ഥാന മേഖലയിൽ 100 കാറുകളുമായി പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും കാറുകൾ നിരത്തിലെത്തിയില്ല. ഹോസ്പിറ്റാലിറ്റി മേഖലയിൽ ഡെയ്സിക്കുള്ള ബന്ധങ്ങൾ നിക്ഷേപകരെ ആകർഷിക്കാൻ ഉപയോഗിച്ചു. നിക്ഷേപക സംഗമങ്ങൾ ഡൽഹിയിലെയും മറ്റും പ്രമുഖ ഹോട്ടലുകളിൽ നടത്തി. മൾട്ടി ലെവൽ മാർക്കറ്റിങ് രീതിയിലാണു നിക്ഷേപകരെ ചേർത്തിരുന്നത്. ആളുകളെ ചേർക്കുന്നവർക്കു നിശ്ചിത ശതമാനം ബോണസ്. ആളുകളുടെ വിശ്വാസം നേടാൻ ആദ്യഘട്ടത്തിൽ പ്രതിമാസ ലാഭത്തുക അക്കൗണ്ടുകളിലെത്തിത്തുടങ്ങി.
പിന്നീട് ലാഭത്തുക ലഭിക്കാതെ വന്നതോടെയാണു പലരും കമ്പനിയെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. 2 കേസ് റജിസ്റ്റർ ചെയ്യപ്പെട്ടതോടെ 4 ഡയറക്ടർമാരും മുങ്ങി. ആളുകളെ കബളിപ്പിക്കാൻ ഡൽഹിയിലെ ഓഫിസുകൾ പലതവണ മാറി. എത്രത്തോളം പണം തട്ടിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് പൊലീസിന് ഇപ്പോഴും കൃത്യമായ കണക്കുകൾ ലഭിച്ചിട്ടില്ല.
ഇത്തരം പണമിരട്ടിക്കൽ വാഗ്ദാനക്കാർ കേരളത്തിലും ആഴത്തിൽ വേരിറക്കിയിരിക്കുന്നു. അക്കഥ നാളെ.
തയാറാക്കിയത്: കെ. ജയപ്രകാശ് ബാബു, ജോ ജേക്കബ്, അജയ് ബെൻ, ജിക്കു വർഗീസ് ജേക്കബ്.
സങ്കലനം: എ. ജീവൻ കുമാർ