ബംഗാൾ മോഡൽ; പിന്തുണ തന്ത്രവുമായി പ്രാദേശിക കക്ഷികൾ
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തേണ്ടെന്നാണ് ഉത്തരേന്ത്യയിലെ പ്രമുഖ പ്രാദേശിക പാർട്ടികൾ തീരുമാനിച്ചത്. സാധാരണ നിലയിൽ, ഒരു സംസ്ഥാനത്തു മാത്രം ശക്തരായ പ്രാദേശിക കക്ഷികൾ സഖ്യമായോ അല്ലാതെയോ നിശ്ചിത എണ്ണം | Deseeyam | Manorama News
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തേണ്ടെന്നാണ് ഉത്തരേന്ത്യയിലെ പ്രമുഖ പ്രാദേശിക പാർട്ടികൾ തീരുമാനിച്ചത്. സാധാരണ നിലയിൽ, ഒരു സംസ്ഥാനത്തു മാത്രം ശക്തരായ പ്രാദേശിക കക്ഷികൾ സഖ്യമായോ അല്ലാതെയോ നിശ്ചിത എണ്ണം | Deseeyam | Manorama News
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തേണ്ടെന്നാണ് ഉത്തരേന്ത്യയിലെ പ്രമുഖ പ്രാദേശിക പാർട്ടികൾ തീരുമാനിച്ചത്. സാധാരണ നിലയിൽ, ഒരു സംസ്ഥാനത്തു മാത്രം ശക്തരായ പ്രാദേശിക കക്ഷികൾ സഖ്യമായോ അല്ലാതെയോ നിശ്ചിത എണ്ണം | Deseeyam | Manorama News
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തേണ്ടെന്നാണ് ഉത്തരേന്ത്യയിലെ പ്രമുഖ പ്രാദേശിക പാർട്ടികൾ തീരുമാനിച്ചത്. സാധാരണ നിലയിൽ, ഒരു സംസ്ഥാനത്തു മാത്രം ശക്തരായ പ്രാദേശിക കക്ഷികൾ സഖ്യമായോ അല്ലാതെയോ നിശ്ചിത എണ്ണം സ്ഥാനാർഥികളെ പരമാവധി സംസ്ഥാനങ്ങളിൽ രംഗത്തിറക്കാറുണ്ട്. തങ്ങളുടേതു ദേശീയ സാന്നിധ്യമുള്ള കക്ഷിയാണെന്നു തിരഞ്ഞെടുപ്പു കമ്മിഷനോടു പറയാൻ വേണ്ടിയാണിത്. പക്ഷേ, സമാജ്‌വാദി പാർട്ടി (എസ്പി), രാഷ്ട്രീയ ജനതാദൾ (ആർജെഡി), ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം), നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), ശിവസേന എന്നീ കക്ഷികൾ ഇത്തവണ തങ്ങളുടെ ബംഗാൾ ഘടകങ്ങളോടു നിർദേശിച്ചത് തൃണമൂൽ കോൺഗ്രസിനു പിന്തുണ നൽകാനാണ്.
ജാർഖണ്ഡിൽ കോൺഗ്രസ് അടങ്ങുന്ന കൂട്ടുകക്ഷി സർക്കാരിനെ നയിക്കുന്നത് ജെഎംഎമ്മാണ്. അതേസമയം, കോൺഗ്രസും എൻസിപിയുമായി ചേർന്നു ശിവസേന മഹാരാഷ്ട്ര ഭരിക്കുന്നു. എസ്പിയും ആർജെഡിയും യുപിയിലെയും ബിഹാറിലെയും മുഖ്യ പ്രതിപക്ഷ കക്ഷികളും. മറ്റൊരു പ്രധാന ഉത്തരേന്ത്യൻ കക്ഷിയായ ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്പി) ഇതേവരെ ആർക്കും ബംഗാളിൽ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സജീവമാകാതെ മാറിനിൽക്കുകയാണ്. കേരളത്തിലും തമിഴ്നാട്ടിലും മുഖ്യധാരാ കക്ഷികളുമായി സീറ്റു ധാരണ ഉള്ളിടത്തു മാത്രമേ ജനതാദളും (സെക്കുലർ) എൻസിപിയും മത്സരിക്കുന്നുള്ളൂ.
കൈവിട്ട് കുടിയേറ്റ തൊഴിലാളികളും
ദേശീയ കക്ഷിയായോ പ്രാദേശിക കക്ഷിയായോ അംഗീകാരം ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ തിരഞ്ഞെടുപ്പു കമ്മിഷൻ കൂടുതൽ സുതാര്യമാക്കിയതും ഈ മാറ്റത്തിനു കാരണമാണ്. പ്രാദേശിക കക്ഷിയായി അംഗീകരിക്കപ്പെടാനുള്ള വോട്ടുവിഹിതം സ്വന്തം സംസ്ഥാനത്തുതന്നെയുണ്ടെന്നത് ഈ കക്ഷികളെ സന്തുഷ്ടരാക്കുന്നു. സമീപവർഷങ്ങളിൽ, ഒറ്റക്കക്ഷിക്കോ മുന്നണിക്കോ വലിയ ഭൂരിപക്ഷം തിരഞ്ഞെടുപ്പുകളിൽ ലഭിക്കുന്ന രീതി വ്യാപകമായതോടെ ചെറുകക്ഷികൾക്കു മുൻപു ലഭിച്ചിരുന്ന വോട്ടുവിഹിതം തന്നെയും ഊറ്റിയെടുക്കപ്പെടുന്ന അവസ്ഥയായി. ബിഹാറിൽനിന്നോ യുപിയിൽനിന്നോ ഉള്ള കുടിയേറ്റ തൊഴിലാളികളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളിൽ ലക്ഷങ്ങൾ വരുമെങ്കിലും അവർക്കൊന്നും അവിടെ വോട്ടില്ല. അഥവാ വോട്ടവകാശം നേടിയാലും അവർ അതതു സ്ഥലത്തെ ശക്തരായ പാർട്ടികളെയാകും പിന്തുണയ്ക്കുക.
2014നു ശേഷം മഹാരാഷ്ട്രയ്ക്കു പുറമേ അസമിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപിക്കു കുടിയേറ്റ തൊഴിലാളികളെ ആകർഷിക്കാനായിട്ടുണ്ട്. ബംഗാളികളല്ലാത്ത ഹിന്ദുക്കളുടെ വോട്ടുകളാണു ബംഗാളിൽ ബിജെപി ഉന്നമിടുന്നത്. ഇതോടെ യുപിയോ ബിഹാറോ ആസ്ഥാനമായ മറ്റു കക്ഷികൾക്ക് അവിടെ വോട്ടു സാധ്യത തീരെയില്ലാതായി.
പിന്തുണ ഉറപ്പിച്ച് മമതയുടെ നീക്കം
ഈ പ്രാദേശിക പാർട്ടികളോടെല്ലാം തന്നെ പിന്തുണയ്ക്കാൻ മമത നേരിട്ട് അഭ്യർഥിച്ചിരുന്നു. ജാർഖണ്ഡിനോടു ചേർന്നു കിടക്കുന്ന ബംഗാൾ അതിർത്തികളിൽ ആദിവാസികൾക്കു ശക്തമായ സാന്നിധ്യമുണ്ട്. ജെഎംഎം മേധാവി ഹേമന്ത് സോറന്റെ മന്ത്രിസഭയിൽ കോൺഗ്രസ് പങ്കാളിയാണെങ്കിലും ബംഗാളിൽ കോൺ–സിപിഎം മുന്നണിയിലേക്കു ജെഎംഎമ്മിനെ ക്ഷണിച്ചിരുന്നില്ല. മമതയാകട്ടെ ജാർഖണ്ഡ് അതിർത്തി ജില്ലകളിലെ തൃണമൂൽ സ്ഥാനാർഥികൾക്കായി സോറൻ സജീവമായി പ്രചാരണത്തിനിറങ്ങണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോടും കൊൽക്കത്തയിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും പ്രചാരണത്തിനിറങ്ങാൻ മമത അഭ്യർഥിച്ചതാണ്. എന്നാൽ ദേശീയ തലത്തിൽ തന്റേതായ രാഷ്ട്രീയ പദ്ധതികളുള്ള കേജ്‌രിവാൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചിറകുവിരിക്കാതെ ദേശീയ സ്വപ്നങ്ങൾ
തന്റെ കക്ഷിയെ ‘ഓൾ ഇന്ത്യ അണ്ണാഡിഎംകെ’ (എഐഎഡിഎംകെ) എന്നു നാമകരണം ചെയ്തതിലൂടെ എംജിആർ തന്റെ ദേശീയ താൽപര്യങ്ങളാണു പ്രകടിപ്പിച്ചത്. എന്നാൽ തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും കർണാടകയിലെ ചില മേഖലകളിലുമല്ലാതെ മറ്റൊരിടത്തും അണ്ണാ ഡിഎംകെക്കു കരുത്തുകാട്ടാൻ കഴിഞ്ഞില്ല. 1983ൽ അവിഭക്ത ആന്ധ്രാപ്രദേശിൽ തെലുങ്കുദേശം പാർട്ടി നേടിയ വൻവിജയത്തിൽ മതിമറന്ന എൻടി രാമറാവു, ഭാരതദേശം എന്നൊരു പുതിയ കക്ഷിയുണ്ടാക്കാൻ പദ്ധതിയിട്ടിരുന്നു. കോൺഗ്രസ് വിട്ടു സ്വന്തം കക്ഷിയുണ്ടാക്കിയ ശരദ് പവാറിനും ദേശീയ മോഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മഹാരാഷ്ട്രയിലും മേഘാലയയിലും മാത്രമേ എൻസിപി ശക്തി നേടിയുള്ളൂ. പി.എ. സാങ്മയുടെ മക്കൾ നയിക്കുന്ന മേഘാലയയിലെ നാഷനൽ പീപ്പിൾസ് പാർട്ടിക്ക് അയൽസംസ്ഥാനമായ മണിപ്പുരിൽ പേരിനു സാന്നിധ്യമുണ്ട്.
മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ ഒരിക്കൽ പല കഷണങ്ങളായി വിഭജിക്കപ്പെടുന്ന ജനതാപാർട്ടിയുടെയും അതിന്റെ നേതാക്കളുടെയും സ്വാധീനശക്തിയെക്കുറിച്ചു പറഞ്ഞത്, ഇരുകരയിലും ഒരേ സമുദായം തന്നെയാണെങ്കിലും അവർക്ക് ഒരു നദി പോലും മുറിച്ചുകടക്കാനാവില്ലെന്നാണ്. മുൻ പ്രധാനമന്ത്രി ചരൺ സിങ്ങിനെ ഉദ്ദേശിച്ചാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. പടിഞ്ഞാറൻ യുപിയിലെ ജാട്ടുകൾ ചരൺസിങ്ങിനൊപ്പം നിന്നെങ്കിലും യമുന നദിക്കക്കരെ ഹരിയാനയിലെ ജാട്ടുകളുടെ പിന്തുണ അദ്ദേഹത്തിനു കിട്ടിയില്ല. ഇതേപോലെ യുപിയിലെ മുലായം സിങ്ങിനും ബിഹാറിലെ ലാലു പ്രസാദിനും സ്വന്തം സംസ്ഥാന അതിർത്തിയിലെ ഗംഗാനദി രാഷ്ട്രീയമായി മുറിച്ചുകടക്കാനായില്ല.
വലിയ പ്രാദേശിക കക്ഷികൾ മറ്റു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒരുകൈ നോക്കാതെ പിൻവാങ്ങിയെങ്കിലും ചില ചെറിയ പ്രാദേശിക കക്ഷികൾ മടിച്ചുനിന്നില്ല. അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനും കേന്ദ്രമന്ത്രി രാംദാസ് അഠാവ്‍ലെയുടെ റിപ്പബ്ലിക്കൻ പാർട്ടിയും ബംഗാളിലടക്കം സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. മുസ്‌ലിം വോട്ടുകളിലെ ഒരു പങ്കാണ് ഉവൈസിയുടെ ലക്ഷ്യമെങ്കിൽ അഠാവ്‍ലെ ദലിത് വോട്ടുകളാണു ലക്ഷ്യമിടുന്നത്. ബിജെപിയെപ്പോലെ ദേശീയ തലത്തിൽ ഹിന്ദുത്വ പാർട്ടിയാകാൻ ശിവസേനയ്ക്കു മോഹമുണ്ടായിരുന്നുവെങ്കിലും അവർക്ക് ഇപ്പോഴറിയാം, മഹാരാഷ്ട്രയ്ക്കപ്പുറം അവർക്ക് ഒരു സാധ്യതയുമില്ലെന്ന്. മറാഠകളുള്ള ഗോവയിലും കർണാടകയിലും പോലും ശിവസേനയ്ക്കു വേരുറപ്പിക്കാനായില്ല. തങ്ങളെ ശ്വാസംമുട്ടിക്കുന്ന മേധാവിത്ത ശക്തിയുള്ള ഒരൊറ്റ ദേശീയ കക്ഷി എന്ന സ്ഥിതി മാറുമെങ്കിൽ 2014നു മുൻപുള്ള രാഷ്ട്രീയം തിരിച്ചെത്തുമെന്നും ചെറുപാർട്ടികൾക്കു പ്രതീക്ഷയുണ്ട്.
Content Highlight: Deseeyam, Bengal model and political parties