മുംബൈ ത്രില്ലര്: ആരാണ്, എന്തിനാണ് അംബാനിയുടെ വീട്ടുപടിക്കല് ബോംബ് വച്ചത്?
ക്രൈം ത്രില്ലർ സിനിമയുടെ ചേരുവകൾ സ്വന്തം ജാതകത്തിൽ എഴുതിച്ചേർക്കപ്പെട്ട നഗരമാണ് മുംൈബ. പ്രതിദിനം ആയിരക്കണക്കിനു കോടി രൂപ വന്നുമറിയുന്ന സാമ്പത്തിക തലസ്ഥാനം, അധോലോകം, ചുവന്ന തെരുവ്, ഡാൻസ് ബാറുകൾ, വാതുവയ്പ്... | Mumbai Thriller | Manorama News
ക്രൈം ത്രില്ലർ സിനിമയുടെ ചേരുവകൾ സ്വന്തം ജാതകത്തിൽ എഴുതിച്ചേർക്കപ്പെട്ട നഗരമാണ് മുംൈബ. പ്രതിദിനം ആയിരക്കണക്കിനു കോടി രൂപ വന്നുമറിയുന്ന സാമ്പത്തിക തലസ്ഥാനം, അധോലോകം, ചുവന്ന തെരുവ്, ഡാൻസ് ബാറുകൾ, വാതുവയ്പ്... | Mumbai Thriller | Manorama News
ക്രൈം ത്രില്ലർ സിനിമയുടെ ചേരുവകൾ സ്വന്തം ജാതകത്തിൽ എഴുതിച്ചേർക്കപ്പെട്ട നഗരമാണ് മുംൈബ. പ്രതിദിനം ആയിരക്കണക്കിനു കോടി രൂപ വന്നുമറിയുന്ന സാമ്പത്തിക തലസ്ഥാനം, അധോലോകം, ചുവന്ന തെരുവ്, ഡാൻസ് ബാറുകൾ, വാതുവയ്പ്... | Mumbai Thriller | Manorama News
മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ അജ്ഞാത വാഹനം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ബോംബായി പതിച്ചത് എങ്ങനെ?
ക്രൈം ത്രില്ലർ സിനിമയുടെ ചേരുവകൾ സ്വന്തം ജാതകത്തിൽ എഴുതിച്ചേർക്കപ്പെട്ട നഗരമാണ് മുംൈബ. പ്രതിദിനം ആയിരക്കണക്കിനു കോടി രൂപ വന്നുമറിയുന്ന സാമ്പത്തിക തലസ്ഥാനം, അധോലോകം, ചുവന്ന തെരുവ്, ഡാൻസ് ബാറുകൾ, വാതുവയ്പ്... അകത്തു കയറിയാൽ തിരിച്ചിറങ്ങാൻപോലും എളുപ്പമല്ലാത്ത ചേരികൾ. മറുവശത്ത് ഗ്ലാമർ തിളക്കം നിറയുന്ന ബോളിവുഡിന്റെയും ക്രിക്കറ്റിന്റെയും മായികലോകം. അത്യാഡംബരം തലയുയർത്തിനിൽക്കുന്ന അംബരചുംബികൾക്കും പരാധീനതകൾ തകരപ്പാട്ട വിരിക്കുന്ന ചേരികൾക്കും ഇടയിലാണ് മുംബൈ. ആനന്ദവും ദാരിദ്ര്യവും അതിജീവനത്തിന്റെ മത്സരവുമെല്ലാം ഇവിടെ ഇഴചേർന്നുകിടക്കുന്നു.
ഇൗ നഗരജീവിതത്തെക്കുറിച്ചു കോറിയിട്ട കഥകളെയും ത്രില്ലർ സിനിമകളെയും വെല്ലുന്ന സംഭവങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കുമാണു മുംബൈ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തെ ഏറ്റവും സമ്പന്നനായ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി അജ്ഞാത വാഹനം കണ്ടെത്തുന്നു. പിന്നീട്, ആ കാറിന്റെ ഉടമയുടെ മൃതദേഹം കടലിടുക്കിൽ കാണപ്പെടുന്നു. കേസന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയെ എൻഐഎ അറസ്റ്റ് ചെയ്തതോടെ കഥ മാറി.
ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റപ്പെട്ട മുംബൈ പൊലീസ് കമ്മിഷണർ പരംബീർ സിങ് സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ 100 കോടി രൂപയുടെ അഴിമതിയാരോപണം ഉന്നയിച്ചതോടെ അതു മറ്റൊരു ബോംബായി; സർക്കാരിനു തലവേദനയായി. ആരോപണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിനു ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരിക്കെ മന്ത്രിയുടെ രാജിയിൽ കലാശിച്ചിരിക്കുന്നു കാര്യങ്ങൾ. അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ സഹചാരിയായ യുവതി മീന ജോർജാണ് എൻഐഎ കസ്റ്റഡിയിലെടുത്ത ഏറ്റവും ഒടുവിലത്തെയാൾ. അവരെ ചോദ്യം ചെയ്തതിന്റെ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നു.
2021 ഫെബ്രുവരി 25: അതിസമ്പന്നർ താമസിക്കുന്ന മലബാർ ഹിൽ
അർധരാത്രി പിന്നിട്ടപ്പോഴാണ് ആ സ്കോർപിയോ കാർ മലബാർ ഹില്ലിലെ അൾട്ടാമൗണ്ട് റോഡിലെത്തിയത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ 27 നിലയുള്ള ആഡംബര വസതിയായ ആന്റിലിയയിൽ നിന്ന് 600 മീറ്റർ അകലെ, രാജേഷ് സിങ് എന്ന പലചരക്കു വ്യാപാരിയുടെ കടയുടെ സമീപം ആളില്ലാതെ ആ വാഹനം കിടന്നു. പിറ്റേന്നു രാവിലെയാണ് അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. പൊലീസെത്തി പരിശോധിച്ചപ്പോൾ 20 ജലറ്റിൻ സ്റ്റിക്കുകൾ ചിതറിക്കിടക്കുന്നു. വിശദപരിശോധനയിൽ ഡ്രൈവർസീറ്റിനടുത്ത് നീലനിറത്തിലുള്ള ബാഗിൽനിന്ന് ഒരു കത്തു കണ്ടെടുത്തു. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:
‘‘ഇതു ട്രയൽ മാത്രമാണ്. യഥാർഥ ആക്രമണം പിന്നാലെയുണ്ടാകും. ഇവ വെറും ജലറ്റിൻ സ്റ്റിക്കുകൾ മാത്രം. അവ ഡിറ്റണേറ്ററുകളുമായി കൂട്ടിയോജിപ്പിച്ച് സ്ഫോടകശേഷിയോടെ വീണ്ടും വരും. അംബാനി കുടുംബത്തെയൊന്നാകെ വകവരുത്തും’’.
ഇംഗ്ലിഷ് അക്ഷരങ്ങൾ ഉപയോഗിച്ച് ‘ഹിന്ദിയിലായിരുന്നു’ കത്ത്. ഇതോടെ, അന്വേഷണത്തിനു സർക്കാർ വിവിധ സംഘങ്ങളെ നിയോഗിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ 25നു പുലർച്ചെ മൂന്നരയോടെ സ്കോർപിയോ ഉപേക്ഷിച്ച് ഒരാൾ നടന്നുനീങ്ങുന്നതു കണ്ടെത്തി. നീണ്ട വെളുത്ത കുർത്തയും മാസ്ക്കും ഷാളും ധരിച്ചിരുന്ന അയാൾ സമീപത്തു പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിൽ രക്ഷപ്പെടുന്നു. അംബാനി കുടുംബത്തിനു സർക്കാർ സുരക്ഷ വർധിപ്പിച്ചു. മുംബൈ നഗരത്തിലുടനീളം കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. ക്രൈംബ്രാഞ്ചും വിവിധ ഏജൻസികളും അന്വേഷണത്തിനിറങ്ങി.
സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ വാഹനത്തിന്റെ നമ്പർ പ്ലേറ്റാണ് ദുരൂഹതയുയർത്തിയ ആദ്യ കാര്യം. മുകേഷ് അംബാനിയുടെ സുരക്ഷാവാഹനങ്ങളിൽ ഒന്നിന്റെ നമ്പറാണ് അതിന്! ക്രൈം ഇന്റലിജൻസ് യൂണിറ്റിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ സച്ചിൻ വാസെയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തു. പിറ്റേന്ന് (ഫെബ്രുവരി 26), തന്റെ മോഷ്ടിക്കപ്പെട്ട സ്കോർപിയോ കാറാണ് സ്ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് എന്ന അവകാശവാദവുമായി താനെ സ്വദേശിയും ഓട്ടമൊബീൽ ബിസിനസുകാരനുമായ മൻസുക് ഹിരൺ പൊലീസിനെ സമീപിച്ചു. വാഹനം മോഷണം പോയതു സംബന്ധിച്ച് 18നു പൊലീസിൽ പരാതി നൽകിയ കാര്യവും അദ്ദേഹം വെളിപ്പെടുത്തി.
അന്വേഷണം പുരോഗമിക്കുന്നതിനിടെ, മാർച്ച് 5ന് മൻസുക് ഹിരണിന്റെ മൃതദേഹം താനെ കടലിടുക്കിൽ പൊങ്ങി. ഇതോടെ കേസ് പുതിയ വഴിത്തിരിവിലേക്ക്. ഉന്നതകരങ്ങൾ സംഭവത്തിനു പിന്നിലുണ്ടെന്ന് ഉറപ്പായി.
മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയ്ക്ക് (എടിഎസ്) സംസ്ഥാന സർക്കാർ കേസ് കൈമാറിയിരിക്കെ, കേന്ദ്ര ആഭ്യന്തരമന്ത്രാലയം എൻഐഎ അന്വേഷണം പ്രഖ്യാപിച്ചു. മഹാരാഷ്ട്ര സർക്കാരിന്റെ അനുമതി തേടാതെയായിരുന്നു ഇത്. കേസ് ഏറ്റെടുത്ത എൻഐഎ, അതുവരെ അന്വേഷണത്തിനു നേതൃത്വം നൽകിയിരുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.
അംബാനിയുടെ വസതിക്കു സമീപം ഉപേക്ഷിച്ച കാറിനു സമീപത്തു കൂടി നടന്നുനീങ്ങിയതു താനാണെന്നു സച്ചിൻ വാസെ സമ്മതിച്ചതായി എൻഐഎ വൃത്തങ്ങൾ പിന്നാലെ വെളിപ്പെടുത്തി.
മാർച്ച് 13:
വാട്സാപ് സ്റ്റാറ്റസിൽ സച്ചിൻ വാസെ ഇങ്ങനെ കുറിച്ചു:
‘‘യാത്ര പറയാൻ സമയമായി’’
അന്നു വൈകിട്ട് സച്ചിൻ വാസെയുടെ അറസ്റ്റ് വാർത്ത പുറത്തുവന്നു. അംബാനി കുടുംബത്തിനു നേരെ ബോംബ് ഭീഷണിയുയർത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെത്തന്നെ എൻഐഎ വിലങ്ങുവച്ചതോടെ, കഥയുടെ ഗതി മാറി.
ആരാണു സച്ചിൻ വാസെ? കുറ്റകൃത്യം എന്തിന്?
അതെക്കുറിച്ചു നാളെ
English Summary: Mumbai thriller series