അക്കിടി പറ്റിയ അഘാഡി സർക്കാർ
മുംബൈയിൽ പൊലീസും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെയും അനധികൃത സ്വത്തുസമ്പാദനത്തിന്റെയും നേർസാക്ഷ്യമാണ് മുകേഷ് അംബാനിയുടെ വസതിക്കു സമീപത്തെ ബോബ് ഭീഷണിക്കേസും അഴിമതി ആരോപണത്തെത്തുടർന്നു മന്ത്രിയുടെ രാജിയും | Maharashtra | Manorama News
മുംബൈയിൽ പൊലീസും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെയും അനധികൃത സ്വത്തുസമ്പാദനത്തിന്റെയും നേർസാക്ഷ്യമാണ് മുകേഷ് അംബാനിയുടെ വസതിക്കു സമീപത്തെ ബോബ് ഭീഷണിക്കേസും അഴിമതി ആരോപണത്തെത്തുടർന്നു മന്ത്രിയുടെ രാജിയും | Maharashtra | Manorama News
മുംബൈയിൽ പൊലീസും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെയും അനധികൃത സ്വത്തുസമ്പാദനത്തിന്റെയും നേർസാക്ഷ്യമാണ് മുകേഷ് അംബാനിയുടെ വസതിക്കു സമീപത്തെ ബോബ് ഭീഷണിക്കേസും അഴിമതി ആരോപണത്തെത്തുടർന്നു മന്ത്രിയുടെ രാജിയും | Maharashtra | Manorama News
മുംബൈയിൽ പൊലീസും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെയും അനധികൃത സ്വത്തുസമ്പാദനത്തിന്റെയും നേർസാക്ഷ്യമാണ് മുകേഷ് അംബാനിയുടെ വസതിക്കു സമീപത്തെ ബോബ് ഭീഷണിക്കേസും അഴിമതി ആരോപണത്തെത്തുടർന്നു മന്ത്രിയുടെ രാജിയും തുടർന്നുള്ള പ്രകമ്പനങ്ങളും. അധികാരത്തിന്റെ ഇടനാഴികളിലാണ് അധോലോകത്തെ വെല്ലുന്ന ഇടപാടുകൾ. കുറ്റകൃത്യം ആസൂത്രണം ചെയ്തവരുടെ കണക്കുകൂട്ടലുകൾ എവിടെയോ പാളിയപ്പോൾ ഒന്നിനു പിറകെ മറ്റൊന്നായി വിക്കറ്റുകൾ വീണുകൊണ്ടിരിക്കുന്നു.
ആദ്യം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുടെ അറസ്റ്റ്, പിന്നാലെ മുംബൈ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങിന്റെ സ്ഥലംമാറ്റം, എൻസിപി നേതാവായ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ രാജി...
ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഉന്നയിച്ച അഴിമതിയാരോപണത്തിന്റെ പേരിൽ ആഭ്യന്തരമന്ത്രി രാജിവയ്ക്കേണ്ടിവന്ന അസാധാരണ സാഹചര്യമാണ് മഹാരാഷ്ട്രയിലേത്. എൻഐഎയും സിബിഐയും അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എത്തുന്ന ദിവസം അകലെയല്ല.
∙ കേസുകൾക്ക് പിന്നിൽ രാഷ്ട്രീയ തിരക്കഥയോ?
എൻസിപി – ശിവസേന – കോൺഗ്രസ് (മഹാവികാസ് അഘാഡി) സർക്കാരിൽനിന്ന് എങ്ങനെയെങ്കിലും ഭരണം തിരിച്ചുപിടിക്കാൻ ആരോപണങ്ങളും കരുനീക്കങ്ങളുമായി ബിജെപി വട്ടമിട്ടു പറക്കുന്നു. 15 ദിവസത്തിനകം 2 മന്ത്രിമാർ കൂടി രാജിവയ്ക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. അണിയറയിലുള്ളത് ഇതുവരെ പൊട്ടിയതിലും വലിയ ബോംബാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറയുന്നു.
രാഷ്ട്രപതിഭരണത്തിനു സമയമായെന്നും ബിജെപി ആവർത്തിക്കുന്നു. ഗവർണർ ഭഗത് സിങ് കോഷിയാരിയും സർക്കാരുമായുള്ള ഭിന്നത രൂക്ഷമായിരിക്കെ, കിട്ടുന്ന അവസരങ്ങൾ അദ്ദേഹവും പാഴാക്കില്ല. സർക്കാരിന്റെ പ്രത്യേക വിമാനത്തിലുള്ള യാത്രയ്ക്കു ഗവർണർക്ക് അനുമതി നിഷേധിച്ചതുൾപ്പെടെ ഒട്ടേറെ കാര്യങ്ങളിൽ കണക്കുതീർക്കാനുണ്ട്.
മറ്റു പാർട്ടിക്കാരെ ചാക്കിട്ടു പിടിക്കുന്ന ‘ഓപ്പറേഷൻ താമര’യിലൂടെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി അധികാരം പിടിച്ചെടുത്തെങ്കിലും മഹാവികാസ് അഘാഡി ഇതുവരെ ശക്തമായി പ്രതിരോധിച്ചുനിന്നു. മുന്നണിയുടെ ശിൽപിയായ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ തന്ത്രങ്ങളും അടിക്കു തിരിച്ചടിയെന്ന ശിവസേനാ ശൈലിയും വിട്ടുവീഴ്ചകൾ ചെയ്ത് ഇരുകക്ഷികളോടും സഹകരിക്കുന്ന കോൺഗ്രസ് നിലപാടും കൂടിച്ചേർന്നപ്പോൾ ബിജെപിയുടെ നുഴഞ്ഞുകയറ്റം അസാധ്യമായി.
കേവല ഭൂരിപക്ഷത്തിന് 145 എംഎൽഎമാർ വേണമെന്നിരിക്കെ ബിജെപിക്കു 105 അംഗങ്ങൾ മാത്രമാണുള്ളത്. 161 ആണ് മഹാവികാസ് അഘാഡിയുടെ അംഗബലം. അട്ടിമറി എളുപ്പമല്ലെന്നു വന്നപ്പോൾ അഴിമതിയാരോപണങ്ങൾ നിരത്തിയും മുന്നണിയിൽ ഭിന്നത സൃഷ്ടിച്ചും പ്രതിസന്ധിയുണ്ടാക്കി രാഷ്ട്രപതിഭരണത്തിലേക്കു സംസ്ഥാനത്തെ നയിക്കാൻ ബിജെപി തയാറാക്കിയ തിരക്കഥയാണ് ഇപ്പോഴത്തേത് എന്നാണു ശിവസേനയുടെ ആരോപണം.
∙ ഏകോപനക്കുറവിൽ കണ്ണുനട്ട് ബിജെപി
ബാറുകളിൽനിന്നു പ്രതിമാസം 100 കോടി രൂപ പിരിച്ചെടുക്കാൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന്, മുൻ കമ്മിഷണർ പരംബീർ സിങ് ആരോപണം ഉന്നയിച്ചപ്പോൾത്തന്നെ ദേശ്മുഖിനെ മാറ്റാൻ കോൺഗ്രസും ശിവസേനയും എൻസിപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തന്റെ വിശ്വസ്തനെ ഒഴിവാക്കണമെന്ന ആവശ്യം തള്ളുകയാണു ശരദ് പവാർ ചെയ്തത്. കടുത്ത വിയോജിപ്പുണ്ടായെങ്കിലും പരസ്യപ്രതിഷേധം കൂടുതൽ പ്രതിസന്ധിയിലേക്കു നയിക്കുമെന്ന തോന്നലിൽ സേനയും കോൺഗ്രസും മൗനം പാലിച്ചു. ശരദ് പവാർ ഇൗ പ്രതിസന്ധി ഫലപ്രദമായി തരണം ചെയ്യുമെന്നും കരുതി. എന്നാൽ, ബോംബെ ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ ആ കണക്കുകൂട്ടലുകളും തെറ്റി.
പ്രതിസന്ധി രൂക്ഷമായിട്ടും ശിവസേന, കോൺഗ്രസ് നേതാക്കളോടു കൂടിയാലോചന നടത്തി ബിജെപിയെ ഒന്നിച്ചു നേരിടാനുള്ള പദ്ധതിക്ക് എൻസിപി ഇതുവരെ ഒരുങ്ങിയിട്ടുമില്ല. ഇതോടെ, എൻസിപി മന്ത്രിയുടെ വകുപ്പിലെ പ്രശ്നം അവർ തന്നെ കൈകാര്യം ചെയ്യട്ടെ എന്ന നിലപാടിലേക്കു കോൺഗ്രസ് മാറി. ശിവസേനാ അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാകട്ടെ വിവാദങ്ങളെക്കുറിച്ച് ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല. കടുത്ത പ്രതിരോധത്തിലാണു സേന. ഇൗ ഏകോപനക്കുറവിലാണ് ബിജെപിയുടെ പ്രതീക്ഷ.
∙ പവാർ – ഷാ സസ്പെൻസ്
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ ഉന്നതർക്കു കുരുക്കുവീണാൽ അതു സർക്കാരിനു വെല്ലുവിളിയാകും. പല അഴിമതിക്കഥകളുടെയും ചുരുളഴിയുമെന്നാണു ബിജെപി നേതാക്കളുടെ വാദം. പുണെയിൽ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശിവസേനാ മന്ത്രി സഞ്ജയ് റാത്തോഡ് രാജിവച്ചതിനു തൊട്ടുപിന്നാലെയാണ് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ രാജി. അംബാനിക്കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ, ശിവസേനാ നേതാവും ഗതാഗതമന്ത്രിയുമായ അനിൽ പരബ്, എൻസിപി നേതാവായ ഉപമുഖ്യമന്ത്രി അജിത് പവാർ എന്നിവർക്കെതിരെ ഉന്നയിച്ചിരിക്കുന്ന അഴിമതിയാരോപണങ്ങളുടെ വിശദാംശങ്ങൾ പുറത്തുവരാനുണ്ട്.
വരുംദിവസങ്ങളിൽ മഹാവികാസ് അഘാഡിയിൽ കൂടുതൽ പൊട്ടിത്തെറിക്കുള്ള സാധ്യതയാണ് ബിജെപി കാണുന്നത്. മൂന്നു പാർട്ടികൾ ചേർന്നുള്ള മുച്ചക്രവണ്ടി തനിയെ മൂക്കുകുത്തുമെന്നാണ് അവർ ഇതുവരെ പറഞ്ഞിരുന്നത്. മേയ് 2ന് ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പുഫലം അനുകൂലമായാൽ ബിജെപിക്കത് ആവേശം പകരും. മഹാരാഷ്ട്രയിലും ‘ഓപ്പറേഷൻ താമര’യ്ക്കുള്ള മുകുളങ്ങൾ പൊട്ടും.
അംബാനിക്കേസിനു ശേഷമുള്ള വിവാദങ്ങൾക്കിടെ ശരദ് പവാർ അഹമ്മദാബാദിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ രഹസ്യചർച്ച ഇൗ പൊളിറ്റിക്കൽ ക്രൈം ത്രില്ലർ കഥയിലെ സസ്പെൻസായി ശേഷിക്കുന്നു; ക്ലൈമാക്സിനു കാത്തിരിക്കാം.
∙ അനിൽ ദേശ്മുഖ് (പവാറിന്റെ വിശ്വസ്തൻ)
മഹാരാഷ്ട്രയിലെ നാഗ്പുർ ജില്ലയിൽനിന്നുള്ള നിയമസഭാംഗമാണ് ആഭ്യന്തരമന്ത്രിസ്ഥാനം രാജിവച്ച അനിൽ േദശ്മുഖ്. 1995ൽ സ്വതന്ത്രനായി നിയമസഭയിലെത്തി ശിവസേന-ബിജെപി സർക്കാരിനെ പിന്തുണച്ചു മന്ത്രിയായി. 1999ൽ എൻസിപിയിലേക്കു േചക്കേറി. ഇപ്പോഴത്തെ മഹാവികാസ് അഘാഡി സർക്കാരിൽ ഒട്ടേറെ മുതിർന്ന നേതാക്കൾ ഉണ്ടായിട്ടും തന്റെ ചൊൽപടിയിൽ പൂർണമായി നിൽക്കുന്ന ഒരാളെന്ന നിലയിൽ ശരദ് പവാറാണ് ദേശ്മുഖിനെ ആഭ്യന്തരമന്ത്രി പദത്തിലേക്കു നിർദേശിച്ചത്.
∙ ഏറ്റുമുട്ടാൻ പരംബീർ സിങ്
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പരംബീർ സിങ് മുംബൈ പൊലീസ് കമ്മിഷണറായത്. മുൻപു താനെ കമ്മിഷണറായി പ്രവർത്തിച്ചിട്ടുണ്ട്. സുശാന്ത് സിങ് കേസ്, കങ്കണ റനൗട്ട് വിവാദം, ചാനൽ റേറ്റിങ് തട്ടിപ്പുകേസ്, റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയുടെ അറസ്റ്റ് എന്നിങ്ങനെ തുടർച്ചയായി വിവാദ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടിവന്നതിനു പിന്നാലെയാണ് ഇപ്പോൾ സർക്കാരിനും വകുപ്പുമന്ത്രിക്കുമെതിരെയുള്ള പരസ്യ ഏറ്റുമുട്ടലും നിയമപോരാട്ടവും. സർക്കാരിനെതിരെയുള്ള നീക്കത്തിൽ പരംബീറിന് ബിജെപിയുടെ പിന്തുണയുണ്ടെന്നാണ് മഹാവികാസ് അഘാഡി നേതാക്കൾ കരുതുന്നത്.