‘ആളില്ലാ പൂരം നടത്തിപ്പ് നാടിന്റെ നന്മയ്ക്ക്; ആ അനുഗ്രഹം നമുക്ക് മേൽ ഉണ്ടാകും’
തൃശൂരിലുണ്ടായിട്ടും ഒരു എഴുന്നള്ളത്തുപോലും കാണാതെ വീട്ടിലിരിക്കേണ്ടിവരുന്നു. സ്വപ്നത്തിൽപോലും ഇങ്ങനെയൊരു പൂരമുണ്ടാകുമെന്നു കരുതിയിട്ടില്ല. പൂരത്തിന്റെ സമയത്ത് അപൂർവമായി മറ്റെവിടെയെങ്കിലും
തൃശൂരിലുണ്ടായിട്ടും ഒരു എഴുന്നള്ളത്തുപോലും കാണാതെ വീട്ടിലിരിക്കേണ്ടിവരുന്നു. സ്വപ്നത്തിൽപോലും ഇങ്ങനെയൊരു പൂരമുണ്ടാകുമെന്നു കരുതിയിട്ടില്ല. പൂരത്തിന്റെ സമയത്ത് അപൂർവമായി മറ്റെവിടെയെങ്കിലും
തൃശൂരിലുണ്ടായിട്ടും ഒരു എഴുന്നള്ളത്തുപോലും കാണാതെ വീട്ടിലിരിക്കേണ്ടിവരുന്നു. സ്വപ്നത്തിൽപോലും ഇങ്ങനെയൊരു പൂരമുണ്ടാകുമെന്നു കരുതിയിട്ടില്ല. പൂരത്തിന്റെ സമയത്ത് അപൂർവമായി മറ്റെവിടെയെങ്കിലും
തൃശൂരിലുണ്ടായിട്ടും ഒരു എഴുന്നള്ളത്തുപോലും കാണാതെ വീട്ടിലിരിക്കേണ്ടിവരുന്നു. സ്വപ്നത്തിൽപോലും ഇങ്ങനെയൊരു പൂരമുണ്ടാകുമെന്നു കരുതിയിട്ടില്ല. പൂരത്തിന്റെ സമയത്ത് അപൂർവമായി മറ്റെവിടെയെങ്കിലും ആകുമ്പോഴും ഓരോ സമയത്തും മനസ്സു പറയും – ഇപ്പോൾ തിരുവമ്പാടി ഭഗവതിയുടെ പറയെടുപ്പിന്റെ സമയമായിരിക്കുന്നു, ഇപ്പോൾ പാറമേക്കാവിലമ്മ പുറത്തേക്ക് എഴുന്നള്ളുന്ന സമയമായിരിക്കുന്നു, ഇപ്പോൾ മഠത്തിൽവരവു പഞ്ചവാദ്യം നായ്ക്കനാലിൽ കലാശിക്കുന്ന സമയമായിരിക്കുന്നു എന്നൊക്കെ. പൂരത്തിന്റെ ഒരു ക്ലോക്ക് ഓരോ തൃശൂർ സ്വദേശിയുടെയും മനസ്സിൽ ദൈവം കാത്തുവച്ചിട്ടുണ്ട്.
ഇത്തവണ ഇവിടെയുണ്ടായിട്ടും ഇതൊന്നും കാണാൻ പറ്റാത്ത പൂരമാണ്. എനിക്കതിൽ സങ്കടമില്ല. കാരണം, ഒരു നാടിന്റെ നല്ലതിനു വേണ്ടിയാണ് ഈ പൂരം ആളില്ലാതെ ഇങ്ങനെ നടത്തുന്നത്. എല്ലാ ചടങ്ങുകളും മുടക്കമില്ലാതെ നടക്കുമ്പോൾ ആ അനുഗ്രഹം നമുക്കുമേൽ ഉണ്ടാകുമെന്നു ഞാൻ കരുതുന്നു. നാടിന്റെ എല്ലാ ഭാഗത്തുനിന്നും പൂരം കാണാൻ വരുന്ന എത്രയോ പേരുണ്ട്. അവർക്കൊന്നും ഒരു കുഴപ്പവും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണു പൂരം ഇങ്ങനെ ആഘോഷിക്കുന്നത്. ആളില്ലെങ്കിലും ഓരോരുത്തരുടെയും മനസ്സ് ഇവിടെത്തന്നെയാകും. ലക്ഷക്കണക്കിനു മനസ്സുകളിലെ പൂരമാണ് ഇത്തവണത്തെ പൂരം.
പൂരം വന്നാൽ സന്തോഷമാണ്; പൂരക്കാലത്തു മറ്റെവിടെയെങ്കിലും ആണെങ്കിൽ മനസ്സിനൊരു വിങ്ങലും. മുത്തച്ഛന്റെ തറവാട് സ്വരാജ് റൗണ്ടിനോടു ചേർന്ന് തിരുവമ്പാടിയുടെ നായ്ക്കനാൽ പന്തലിനു തൊട്ടടുത്താണ്. പൂരദിവസം തിരുവമ്പാടി ഭഗവതിയെ എഴുന്നള്ളിച്ചു കൊണ്ടുവരുമ്പോൾ ഞങ്ങളെല്ലാവരും തറവാട്ടിലുണ്ടാകും. എല്ലാവരും കൂടി കാണുന്ന ഏറ്റവും വലിയ ആഘോഷമാണത്. ഭഗവതി വീടിനു മുന്നിലൂടെ വരിക എന്നതൊരു ഭാഗ്യമാണ്. ഞങ്ങളുടെ വീട്ടിൽ പറ നിറയ്ക്കും. അതു കഴിഞ്ഞാൽ തൊട്ടടുത്തു നായ്ക്കനാലിൽ നൂറുകണക്കിനു പറകളാണു നിറയ്ക്കുക. അത് ഒരുക്കിവച്ചിരിക്കുന്നതു കാണാൻ തന്നെ ചന്തമാണ്.
ഏറ്റവും കൂടുതൽ ദൂരം നടക്കുന്നതും പൂരദിവസമാണ്. പാറമേക്കാവിലും തിരുവമ്പാടിയിലും പൂരദിവസം കഴിവതും തൊഴും. ചിലപ്പോൾ തലേദിവസമാകും. പൂരദിവസം കാലത്താണെങ്കിൽ നടന്നു മാത്രമേ പോകാനാകൂ. എല്ലാവരും പുത്തൻ വസ്ത്രമണിഞ്ഞാകും വരിക. എല്ലാ സ്ഥലത്തും എല്ലാ സമയത്തും പൂരാഘോഷത്തിന്റെ തിളക്കം കാണാം. കച്ചവടക്കാർ, കുട്ടികൾ, ആനകൾ, വാദ്യക്കാർ ഇവരെയെല്ലാം എവിടെനിന്നാലും കാണാം. തിരുവമ്പാടിയുടെ മഠത്തിൽവരവു പഞ്ചവാദ്യം കലാശിക്കുന്നതും തറവാടിനു തൊട്ടടുത്താണ്. അപ്പോഴേക്കും നല്ല തിരക്കാകും. പൊരിവെയിലത്തുപോലും ചൂടറിയാതെ ആളുകൾ സന്തോഷത്തോടെ വരുന്നതു കാണുമ്പോൾത്തന്നെ മനസ്സു നിറയും. പൂരത്തിനു വെയിലോ മഴയോ രാത്രിയോ പകലോ ഇല്ല.
കുടമാറ്റം കഴിഞ്ഞാലും സ്വരാജ് റൗണ്ടിലും വീടിനു മുന്നിലും തിരക്കൊഴിയാറില്ല. പുലർച്ചെ 3 മണിക്ക് ആദ്യ കതിന പൊട്ടുമ്പോൾ ചാടിയെണീറ്റ് ഗേറ്റിനടുത്തേക്ക് ഓടും. അവിടെ നിന്നാൽ തിരുവമ്പാടിയുടെ വെടിക്കെട്ടു തൊട്ടടുത്തു കാണാം. എത്രയോ കാലം തിരുവമ്പാടി ഭഗവതിയെ എഴുന്നള്ളിച്ചിരുന്നത് അമ്മാമൻ സുന്ദർ മേനോൻ നടയിരുത്തിയ ശിവസുന്ദർ എന്ന കൊമ്പന്റെ പുറത്താണ്. ശിവസുന്ദർ പൂരക്കാലത്തു മിക്കപ്പോഴും തറവാട്ടിൽ വരും. കുട്ടികൾക്കുപോലും പരിചിതനായിരുന്നു. ശിവസുന്ദർ എന്ന ഞങ്ങളുടെ സുന്ദരൻ ചരിഞ്ഞതിന്റെ വേദന കൂടുതലറിയുന്നതു പൂരക്കാലത്താണ്. അതു മറക്കാനാകില്ല.
പുലർച്ചെ പൊട്ടിത്തുടങ്ങുന്ന വെടിക്കെട്ടു തീരുമ്പോഴേക്കും ആറു മണിയോളമാകും. അമിട്ടുകൾ പൊട്ടിവിരിയുന്നതു മുറ്റത്തുനിന്നാൽ നന്നായി കാണാം. മാറിമാറി വിരിയുന്ന ആ നിറങ്ങൾ കുട്ടിക്കാലം മുതലേ മനസ്സിലുണ്ട്. എവിടെ എന്ത് ആഘോഷം കാണുമ്പോഴും പൂരം മനസ്സിൽവരും. തൊട്ടടുത്ത ദിവസം പകൽപൂരമാണ്. അതു കഴിഞ്ഞു ഭഗവതി മടങ്ങുന്നത് ഈ വീടിനു മുന്നിലൂടെയാണ്. സത്യത്തിൽ അതൊരു ഭാഗ്യവും പുണ്യവുമാണ്. ലോകത്തിലെ ഏറ്റവും വർണശബളമായ ആഘോഷം കാണാൻ കാരണവന്മാർ ഞങ്ങൾക്കായി ഒരു വീടു പണിതുവച്ചിരിക്കുന്നു. പൂരം വീട്ടുമുറ്റത്തുനിന്നു കാണുന്നൊരു കുട്ടിയാണ് ഞാനെന്നും. ആൾത്തിരക്കിൽ അലിയുന്നൊരു പൂരമുണ്ടാകണേ എന്നു ഞാൻ പ്രാർഥിക്കുന്നു. അങ്ങനെ തന്നെയായിരിക്കും അടുത്ത പൂരം. ശരിക്കും പൂരം.
(അഭിനേതാവും ഗായികയുമായ ലേഖിക, തൃശൂർ സ്വദേശിയാണ്)