മലയാവില്ല, മാലിന്യം
ലോക ബാങ്കിന്റെ 2500 കോടി രൂപയുടെ വായ്പാസഹായം ഉപയോഗിച്ചു സംസ്ഥാനത്തെ മാലിന്യസംസ്കരണ പ്രശ്നത്തിനു പരിഹാരം കാണുമെന്നു മന്ത്രി എം.വി.ഗോവിന്ദൻ. മലയാള മനോരമ പത്രാധിപ സമിതി അംഗങ്ങളുമായുള്ള ‘മുഖാമുഖ’ത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. | MV Govindan | Manorama News
ലോക ബാങ്കിന്റെ 2500 കോടി രൂപയുടെ വായ്പാസഹായം ഉപയോഗിച്ചു സംസ്ഥാനത്തെ മാലിന്യസംസ്കരണ പ്രശ്നത്തിനു പരിഹാരം കാണുമെന്നു മന്ത്രി എം.വി.ഗോവിന്ദൻ. മലയാള മനോരമ പത്രാധിപ സമിതി അംഗങ്ങളുമായുള്ള ‘മുഖാമുഖ’ത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. | MV Govindan | Manorama News
ലോക ബാങ്കിന്റെ 2500 കോടി രൂപയുടെ വായ്പാസഹായം ഉപയോഗിച്ചു സംസ്ഥാനത്തെ മാലിന്യസംസ്കരണ പ്രശ്നത്തിനു പരിഹാരം കാണുമെന്നു മന്ത്രി എം.വി.ഗോവിന്ദൻ. മലയാള മനോരമ പത്രാധിപ സമിതി അംഗങ്ങളുമായുള്ള ‘മുഖാമുഖ’ത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. | MV Govindan | Manorama News
ലോക ബാങ്കിന്റെ 2500 കോടി രൂപയുടെ വായ്പാസഹായം ഉപയോഗിച്ചു സംസ്ഥാനത്തെ മാലിന്യസംസ്കരണ പ്രശ്നത്തിനു പരിഹാരം കാണുമെന്നു മന്ത്രി എം.വി.ഗോവിന്ദൻ. മലയാള മനോരമ പത്രാധിപ സമിതി അംഗങ്ങളുമായുള്ള ‘മുഖാമുഖ’ത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. ഈ തുക ഉപയോഗിച്ച് ആവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കും. വൻകിട പദ്ധതികൾക്കു പകരം, കോർപറേഷനുകളും നഗരസഭകളുമായി ബന്ധപ്പെട്ടു കേന്ദ്രീകൃത സംസ്കരണ യൂണിറ്റുകൾ ഒരുക്കും. 5 ടൺ, 10 ടൺ, 100 ടൺ എന്നിങ്ങനെ ശേഷിയുള്ള സംസ്കരണ യൂണിറ്റുകളാണ് ആലോചനയിലെന്നും അദ്ദേഹം പറഞ്ഞു.
ആഗ്രഹിച്ചപോലെ മാലിന്യസംസ്കരണ പ്രശ്നം പരിഹരിക്കാൻ ഇനിയും നമുക്കായിട്ടില്ല. ഈ മേഖലയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കും. നന്നായി ഗൃഹപാഠം ചെയ്താകും ഇതു നടപ്പാക്കുക. അല്ലാതെ സ്ഥലം കണ്ടെത്തി മാലിന്യം കൊണ്ടുതള്ളുന്ന ഏർപ്പാട് ഉണ്ടാകില്ല. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിക്കുന്ന ഇപ്പോഴത്തെ രീതിയും തുടരും. എന്നാൽ നഗരമേഖലകളിൽ ഇതു സാധ്യമാകാത്തതിനാലാണു കേന്ദ്രീകൃത സംസ്കരണ യൂണിറ്റുകൾ. തിരുവനന്തപുരത്തു മാതൃകാപരമായ മാലിന്യസംസ്കരണ പദ്ധതി നടപ്പാക്കും. ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ സേവനം ഇതിനായി വിനിയോഗിക്കും – എം.വി.ഗോവിന്ദൻ പറഞ്ഞു.
വിവിധ ചോദ്യങ്ങളും മന്ത്രിയുടെ പ്രതികരണവും:
? പഞ്ചായത്ത് അടിസ്ഥാനത്തിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ കുറവുണ്ടോ? എന്തു നടപടി സ്വീകരിക്കും?
ഒന്നോ രണ്ടോ പഞ്ചായത്തുകൾ അടിസ്ഥാനമാക്കി കോവിഡ് ചികിത്സാ സൗകര്യം ഇപ്പോൾ ലഭ്യമാണ്. ചികിത്സാ, ക്വാറന്റീൻ കേന്ദ്രങ്ങളുടെ കുറവ് ഇപ്പോഴില്ല. അത്തരമൊരു സ്ഥിതി രോഗനിരക്കു കൂടിനിൽക്കുന്ന ജില്ലകളിൽപോലുമില്ല. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജില്ലാ ആശുപത്രികളിലും കോവിഡ് ബാധിതർക്കു മെഡിക്കൽ ഓക്സിജൻ ഉൾപ്പെടെയുള്ള ചികിത്സ ലഭ്യമാണ്. ഓക്സിജൻ ലഭ്യത തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചുകഴിഞ്ഞു. സ്വകാര്യ ആശുപത്രികളിൽ നിശ്ചിത ശതമാനം കിടക്കകൾ ചികിത്സയ്ക്കായി നീക്കിവയ്ക്കാൻ സർക്കാർ ആവശ്യപ്പെടുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സാനിരക്കു സംബന്ധിച്ചും ഉത്തരവിറക്കി. പൊതു ആരോഗ്യമേഖലയിലെ ആശുപത്രികളിൽ ചികിത്സയും ഭക്ഷണവും ഉറപ്പാക്കുന്നു. എങ്കിലും സ്വകാര്യ ആശുപത്രികളിലെ ചികിത്സ മതിയെന്നു കരുതുന്ന ചിലരുണ്ടാകാം.
? പരിചയസമ്പന്നരായ ജനപ്രതിനിധികൾ ഇല്ലാത്തതു കോവിഡ് പ്രതിരോധത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോ? തദ്ദേശസ്ഥാപന ജനപ്രതിനിധികൾ കോവിഡ് ബാധിച്ചു മരണമടഞ്ഞാൽ കുടുംബങ്ങൾക്കു സഹായം നൽകുമോ?
തദ്ദേശ സ്ഥാപനങ്ങളിൽ പുതുതായി തലപ്പത്തു വന്നവർക്കു പരിചയക്കുറവുണ്ടെന്ന പ്രചാരണം ശരിയല്ല. ജനകീയപ്രസ്ഥാനമാണ് ഇത്. പുതുതായി ചുമതലയേറ്റവർക്കു വ്യക്തമായ ധാരണയുണ്ട്. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നവരാണ് ഇപ്പോൾ ജനപ്രതിനിധികളായവരിൽ ഭൂരിഭാഗവും. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ കോവിഡ് ബാധിച്ചു മരണമടഞ്ഞാൽ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ല.
? തദ്ദേശ സ്ഥാപനങ്ങൾ കോവിഡ് മരണങ്ങളുടെ കണക്കു ശേഖരിക്കുന്നതിൽ വീഴ്ചയുണ്ടോ?
ആരോഗ്യപ്രവർത്തകർ വഴി തദ്ദേശ സ്ഥാപനങ്ങൾ മരണത്തെക്കുറിച്ചു കൃത്യമായ കണക്കു ശേഖരിക്കുന്നുണ്ട്. ഇന്നു റിപ്പോർട്ട് ചെയ്യുന്ന മരണത്തിന്റെ കണക്കു ചിലപ്പോൾ നാളത്തേക്കാണു നൽകുക. മരണത്തിന്റെ കണക്കു മാറ്റിവയ്ക്കാനാകില്ല. മറ്റു ചില സംസ്ഥാനങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടാകും. കേരളത്തിൽ അത് ഉണ്ടാകില്ല.
? കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും ഭക്ഷണലഭ്യത എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഉറപ്പാക്കാനാകുന്നുണ്ടോ?
സമൂഹ അടുക്കളകൾ വഴി ആവശ്യത്തിനു ഭക്ഷണം ലഭിക്കുന്നുണ്ട്. അതിഥിത്തൊഴിലാളികൾക്കും ആഹാരം നൽകുന്നു. ഫണ്ട് കുറവിന്റെ പേരിലുള്ള പ്രശ്നങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്കില്ല.
? കോവിഡ് ്രപതിരോധത്തിൽ ശ്രദ്ധയൂന്നിയതോടെ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനം താറുമാറായി എന്നു പരാതി ഉണ്ടല്ലോ?
പദ്ധതി പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്ന രീതി അൽപകാലമായി ഇവിടെയുണ്ട്. അതിനാൽ പ്രവർത്തനങ്ങൾ താളംതെറ്റി എന്നു പറയാനാകില്ല. ഫണ്ട് പാഴായി എന്ന പ്രശ്നം ഉണ്ടാകാൻ പോകുന്നില്ല. അതൊക്കെ നേരിടാനുള്ള സംവിധാനം സംസ്ഥാനത്തുണ്ട്.
? ജോലിഭാരത്താൽ തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാർ പ്രയാസം നേരിടുന്നതിനാൽ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരെ വിന്യസിക്കാനുള്ള തീരുമാനം എല്ലായിടത്തും നടപ്പായോ?
സർക്കാർ അത്തരമൊരു തീരുമാനമെടുത്താൽ അതു നടപ്പാകും. സമൂഹത്തോടു കരുണ കാട്ടുന്ന സമീപനമാണു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഉണ്ടാകേണ്ടത്. വെറും ശമ്പളം കിട്ടുന്ന ജോലിയായി ഇതിനെ കാണേണ്ടതില്ല.
? വിവാദങ്ങൾ ഉണ്ടായ ലൈഫ് പദ്ധതിയുമായി മുന്നോട്ടുപോകുമോ?
ലൈഫ് പദ്ധതിയുമായി മുന്നോട്ടുപോകും. ഭവനരഹിതരായ ഒട്ടേറെ പേർക്കു സഹായകരമായ പദ്ധതിയാണത്.
? തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിടനിർമാണ ചട്ടങ്ങൾ ഉൾപ്പെടെ പരിഷ്കരിച്ചു. ഇനി എന്തൊക്കെ പരിഷ്കരണം പ്രതീക്ഷിക്കാം?
മുഴുവൻ ഫയലുകളും ഓൺലൈനാക്കും. പഞ്ചായത്ത്, നഗരസഭാ ഓഫിസിൽ പോകാതെ ജനങ്ങൾക്കു സേവനം ലഭ്യമാക്കുക എന്നതാണു ലക്ഷ്യം. ജനങ്ങളും ഉദ്യോഗസ്ഥരും തമ്മിൽ നേരിട്ടു ബന്ധപ്പെടുമ്പോൾ ആവശ്യകതയുടെ പേരിൽ അഴിമതിക്കു സാധ്യതയുണ്ടാകും. ഇതു പരമാവധി കുറയ്ക്കുകയാണു ലക്ഷ്യം.
? കുടുംബശ്രീ മേഖലയിൽ എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം?
കുടുംബശ്രീയെ ശക്തിപ്പെടുത്തും. 44 ലക്ഷം പേർ അംഗങ്ങളായ പ്രസ്ഥാനത്തിൽ ഇനിയും വിപുലമായ സാധ്യതകളാണുള്ളത്. പുതുതലമുറയെ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കേണ്ടതുണ്ട്.
കോമൺ സർവീസ് 2 മാസത്തിനകം
തദ്ദേശസ്ഥാപനങ്ങളിലെ പഞ്ചായത്ത്, ഗ്രാമവികസനം, മുനിസിപ്പാലിറ്റി, നഗരാസൂത്രണം, എൻജിനീയറിങ് വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള കോമൺ സർവീസ് 2 മാസത്തിനകം നടപ്പാക്കുമെന്നു മന്ത്രി എം.വി.ഗോവിന്ദൻ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഇതിനായി പ്രാരംഭ നടപടി ആരംഭിച്ചിരുന്നു.
അഭ്യസ്തവിദ്യരായ 40 ലക്ഷം പേർക്കു തൊഴിൽ
തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 40 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നു മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. ഗുണമേൻമയുള്ള ജീവിതം നയിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും അടുത്ത 5 വർഷം തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം. അഭ്യസ്തവിദ്യരായ വീട്ടമ്മമാർ ഉൾപ്പെടെ 20 ലക്ഷത്തോളം പേർക്കു തൊഴിൽ ലക്ഷ്യമിട്ടുള്ള ബൃഹദ് പദ്ധതി ഉദ്ദേശിക്കുന്നു.
തദ്ദേശസ്ഥാപനങ്ങളുടെ കൂടി സഹായത്തോടെ നിശ്ചിത പോർട്ടലിൽ അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് അവരുടെ പേരും വിദ്യാഭ്യാസയോഗ്യതയും തൊഴിൽപരിചയവും റജിസ്റ്റർ ചെയ്യാം. തുടർന്നു സർക്കാർ ഐടി മേഖലയിൽ ഉൾപ്പെടെ വിവിധ കമ്പനികളുമായി ചർച്ച ചെയ്ത് ഇവരുടെ സേവനം ഉപയോഗപ്പെടുത്താൻ ആവശ്യമായ അഭിമുഖവും പരീക്ഷയും ഓൺലൈനിൽ നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർക്കു ജോലിക്കു ചേരാം. ഓൺലൈനിൽ ജോലി സാധ്യമാകുന്നവർക്ക് അങ്ങനെ തുടരാനും ഈ പദ്ധതി വഴി അവസരമൊരുക്കും.
മറ്റൊന്ന് ഉൽപാദനമേഖലുമായി ബന്ധപ്പെട്ടാണ്. കാർഷികമേഖലയിലെ ഉൽപന്നങ്ങളുടെ മൂല്യം വർധിപ്പിച്ചും മറ്റും കൂടുതൽ തൊഴിൽമേഖലകൾ കണ്ടെത്തുകയാണു ലക്ഷ്യം. സംഭരണം, ശീതീകരണം, വിതരണം എന്നിവയ്ക്കായി തദ്ദേശസ്ഥാപനങ്ങളുടെയും വിദേശമലയാളികളുടെയും മറ്റും സഹായത്തോടെ സംരംഭങ്ങൾ ഒരുക്കി അവ വിജയിപ്പിച്ചു തൊഴിൽസാധ്യത പ്രയോജനപ്പെടുത്തണം. ഇങ്ങനെ 20 ലക്ഷം പേർക്കു തൊഴിൽ കണ്ടെത്താനാകുമെന്നാണു പ്രതീക്ഷ.
സർക്കാർ മേഖലയിൽ ഫാം വർക്കേഴ്സിനായി അപേക്ഷ ക്ഷണിച്ചാൽ ലക്ഷക്കണക്കിനു പേർ അപേക്ഷിക്കും. എന്നാൽ, നാട്ടിൽ കൂലിപ്പണിയും കർഷകത്തൊഴിലാളിയും ഇല്ല. മിക്കവരും അഭ്യസ്തവിദ്യരാണ്. എല്ലാവർക്കും സർക്കാർ മേഖലയിൽ തൊഴിൽ നൽകാനാകില്ല. നിശ്ചിത മാസവരുമാനം ഉറപ്പാകുന്ന തരത്തിൽ ഉൽപാദനമേഖലയെ പരിവർത്തനം ചെയ്യുകയാണു വേണ്ടത്. പഴയ ഫ്യൂഡൽ മാതൃകയിൽ തൊഴിൽദാതാവും തൊഴിലാളിയും എന്ന സമീപനം ഇനിയുള്ള കാലത്തു സാധ്യമല്ല – മന്ത്രി പറഞ്ഞു.
പുതിയ പഞ്ചായത്തുകളില്ല
പുതിയ കോർപറേഷനുകളും നഗരസഭകളും പഞ്ചായത്തുകളും രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു മന്ത്രി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ചില പഞ്ചായത്തുകൾ വലുതാണെങ്കിലും അവയെ മുനിസിപ്പാലിറ്റികളുമായി കൂട്ടിച്ചേർക്കാനോ പുതിയ മുനിസിപ്പാലിറ്റികൾ രൂപീകരിക്കാനോ ഉദ്ദേശിക്കുന്നില്ല. വാർഡ് പുനർവിഭജനം പോലും കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ സർക്കാർ ഒഴിവാക്കിയിരുന്നു. അതൊക്കെ ആലോചിക്കാൻ ഇനിയും സമയമുണ്ടല്ലോ എന്നും അദ്ദേഹം പ്രതികരിച്ചു.
മദ്യവിൽപനശാലകൾ തുറക്കും; ആപ് ആലോചനയിൽ ഇല്ല
? മദ്യവിൽപന കേന്ദ്രങ്ങൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായോ?
ലോക്ഡൗണിനു ശേഷം മദ്യവിൽപനശാലകൾ തുറക്കും. സാമൂഹിക അകലം പാലിച്ചു വിൽപന അനുവദിക്കും. ബാറുകളിലും ഇതേ സ്ഥിതിയായിരിക്കും. ബെവ്ക്യൂ ആപ് പോലെ മുൻപ് ലോക്ഡൗൺ കാലത്ത് നടത്തിയ രീതിയിൽ മദ്യവിൽപന ആലോചിക്കുന്നില്ല. ഓൺലൈൻ സംവിധാനത്തിലൂടെ വീടുകളിൽ മദ്യം എത്തിക്കണമെന്ന അഭിപ്രായത്തോടും യോജിപ്പില്ല. മദ്യവർജനമാണ് എൽഡിഎഫിന്റെ പ്രഖ്യാപിതനയം. മദ്യപിക്കുന്നവർ മദ്യപിച്ചോട്ടെ എന്നതാണു നിലപാട്. മദ്യ ഉപഭോഗം പരമാവധി കുറയ്ക്കുകയാണ് ഉദ്ദേശ്യം.
? ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നതു തടയാൻ നടപടികളുണ്ടാകുമോ?
മദ്യത്തെക്കാൾ അപായകരമായി ഇപ്പോൾ നിലനിൽക്കുന്നതു ലഹരിമരുന്ന് ഉപയോഗമാണ്. കുട്ടികളിൽപോലും ഇതു വ്യാപകമാണ്. ‘വിമുക്തി’ ലഹരിമോചന ചികിത്സാ പരിപാടി കൂടുതൽ കേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കും. തദ്ദേശസ്ഥാപന വാർഡ് അടിസ്ഥാനത്തിൽ ലഹരിവിരുദ്ധ പ്രചാരണത്തിനും ബോധവൽക്കരണത്തിനും ജനപ്രതിനിധികൾ, യുവജനങ്ങൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തും.
(മന്ത്രിയും വായനക്കാരുമായി നേരത്തേ നിശ്ചയിച്ച ഫോൺ ഇൻ പരിപാടി സാങ്കേതിക പ്രശ്നങ്ങൾ മൂലം തടസ്സപ്പെടാനിടയായതിൽ ഖേദിക്കുന്നു.)
English Summary: Interview with minister M.V. Govindan