മമത ബാനർജിയും കേന്ദ്രസർക്കാരും തമ്മിലുള്ള യുദ്ധം നിയമസഭാതിരഞ്ഞെടുപ്പിനു ശേഷവും തുടരുമ്പോൾ, രാഷ്ട്രീയവിജയം ദീദിക്കു തന്നെ. മറുവശത്തു ബിജെപിയിലെ വഴക്ക് അങ്ങാടിപ്പാട്ടുമായി. 

തൃണമൂൽ കോൺഗ്രസിലെ മാലിന്യങ്ങളാണു ബിജെപിയിൽ എത്തിയതെന്നും ഇവർ പാർട്ടിയെ നാണംകെടുത്തുകയാണെന്നും ത്രിപുര, മേഘാലയ മുൻ ഗവർണറും ബംഗാൾ ബിജെപി മുൻ അധ്യക്ഷനുമായ തഥാഗത റോയ് ട്വീറ്റ് ചെയ്തു. അതേസമയം, മമതയെ തോൽപിക്കാൻ കേന്ദ്രനേതൃത്വം വേണ്ടത്ര ആലോചനയില്ലാതെ ചെയ്യുന്ന കാര്യങ്ങൾ  ബംഗാളിൽ ബിജെപിയുടെ അടിവേരറക്കുമെന്ന് അവരുടെ നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. തെരുവുയുദ്ധത്തിൽ മമതയെ തോൽപിക്കുന്നതു ബുദ്ധിമുട്ടാണെന്നു മാത്രമല്ല, ബംഗാളിവികാരവും അവർക്കൊപ്പമാണെന്നു ബിജെപിക്കും സമ്മതിക്കേണ്ടി വന്നിരിക്കുന്നു. 

‘സ്ട്രീറ്റ് ഫൈറ്റർ; മാസ് ലീഡർ’

മമത ബാനർജിയും രാജ്യത്തെ മറ്റു ബിജെപി ഇതര മുഖ്യമന്ത്രിമാരും തമ്മിലുള്ള വ്യത്യാസം ഏറെയാണ്. തൃണമൂലിന്റെ ദേശീയ വക്താവ് സുഖേന്ദു ശേഖർ റോയിയുടെ ഭാഷയിൽ ‘‘മമത ഒരു സ്ട്രീറ്റ് ഫൈറ്ററാണ്; മാസ് ലീഡർ’’. 

ആലാപൻ

ചുഴലിക്കാറ്റ് കെടുതികളെത്തുടർന്നുണ്ടായ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട രാഷ്ട്രീയനാടകങ്ങളിൽ മമത നേട്ടം കൊയ്തുവെന്നു വലിയൊരു വിഭാഗം ബംഗാളികൾ കരുതുന്നു. ഹിന്ദി സംസാരിക്കുന്നവർ, രബീന്ദ്രനാഥ ടഗോറിന്റെ കവിതകൾ തെറ്റായി ഉദ്ധരിക്കുന്നവർ, ബംഗാളിന്റെ മനസ്സ് തിരിച്ചറിയാത്ത ‘വരത്തന്മാർ’ എന്നിങ്ങനെ ബംഗാളി ദേശീയതയെതൊട്ടാണു മമത അനുകൂലികൾ ബിജെപിയെ പരിഹസിച്ചിരുന്നത്. ചീഫ് ‌സെക്രട്ടറിയായിരുന്ന ആലാപൻ ബന്ദോപാധ്യായയ്ക്കെതിരെയുള്ള കാരണം കാണിക്കൽ നോട്ടിസും ഇങ്ങനെയാണു വ്യാഖ്യാനിച്ചത്. സംസ്ഥാനത്തിന്റെ അഭിമാനമായാണ് ആലാപനെയും സഹോദരൻ അഞ്ജനെയും ബംഗാളികൾ കരുതുന്നത്. ഗ്രാമീണ പശ്ചാത്തലമുള്ളവരാണ് ഇരുവരും. 

ആനന്ദ ബസാർ പത്രികയിൽ മാധ്യമപ്രവർത്തകനായി ജോലി ആരംഭിച്ച ആലാപൻ പിന്നീട് ഐഎഎസ് നേടി ജനപ്രിയ ഉദ്യോഗസ്ഥനായി. ചീഫ് സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ബംഗാൾ കോവിഡ് പ്രതിരോധം. ഈ കാരണത്താൽ സർവീസ് നീട്ടി നൽകുകയും ചെയ്തു. പ്രശസ്ത കവി നിരേന്ദ്രനാഥ് ചക്രബർത്തിയുടെ മകൾ സോണാലിയാണ് ആലാപന്റെ ഭാര്യ. കൽക്കട്ട സർവകലാശാലാ വൈസ് ചാൻസലറാണ് ഇപ്പോൾ സോണാലി. ആലാപന്റെ സഹോദരൻ അഞ്ജൻ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനായിരുന്നു. ഇടിവി ബംഗ്ല, സീ 24 ഉൾപ്പെടെയുള്ള പ്രധാന ചാനലുകളിൽ പ്രവർത്തിച്ച അദ്ദേഹം കഴിഞ്ഞമാസമാണു കോവിഡ് ബാധിച്ചു മരിച്ചത്. 

ആലാപനെതിരെയുള്ള കേന്ദ്രനടപടി ബംഗാളിനെതിരായ ആക്രമണമാക്കി ചിത്രീകരിക്കുന്നതിൽ തൃണമൂൽ പൂർണമായും വിജയിച്ചു. തൃണമൂൽ നേതാക്കൾ അഴിമതിപ്പണം കൈപ്പറ്റിയെന്ന നാരദ ടേപ്പ് കേസിൽ രണ്ടു മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ സിബിഐ അറസ്റ്റ് ചെയ്തപ്പോൾ ദീദി തെരുവിലിറങ്ങി കേന്ദ്രത്തെ വെല്ലുവിളിച്ചിരുന്നു. പരിഹസിക്കാനെന്നോണം പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിക്കും സഹോദരനുമെതിരെ ടാർപോളിൻ മോഷ്ടിച്ചതിനു കേസും റജിസ്റ്റർ ചെയ്തു. നാരദ ടേപ്പിൽ ഉൾപ്പെട്ടിരുന്ന സുവേന്ദുവിനെതിരെ സിബിഐ നടപടി എടുക്കാത്തതു വ്യാപകചർച്ചയ്ക്കു വിധേയമാക്കി. 

മമതയോട് അങ്കംവെട്ടി പരാജയപ്പെട്ട ബിജെപി, ഒടുവിൽ സ്വന്തം എംഎൽഎമാർക്കു നൽകിയ കേന്ദ്രസേനയുടെ സുരക്ഷ പിൻവലിച്ചതിനു പിന്നിൽ പ്രാദേശികവികാരത്തിനും പങ്കുണ്ട്. തിരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ 77 ബിജെപി എംഎൽഎമാർക്കും യന്ത്രത്തോക്കുകളേന്തിയ സിഐഎസ്എഫ് ജവാന്മാരുടെ സുരക്ഷ കേന്ദ്രം ഏർപ്പെടുത്തിയിരുന്നു. ചിലർ വേണ്ടെന്നു പറഞ്ഞെങ്കിലും കുറെപ്പേർ അംഗരക്ഷകരെ അലങ്കാരപൂർവം കൊണ്ടുനടന്നു. 

മമത ബാനർജി

പ്രവർത്തകർ അക്രമത്തിനിരയാകുമ്പോൾ അംഗരക്ഷകരുമായി ജനപ്രതിനിധികൾ നടക്കുന്നതിലെ അനൗചിത്യം ചർച്ചയായി. ഇതോടെ, പലരും സുരക്ഷ വേണ്ടെന്നുവച്ചു. ഒടുവിൽ, ബിജെപി സംസ്ഥാന നേതൃത്വം തന്നെ എംഎൽഎമാർക്ക് അംഗരക്ഷകരുടെ ആവശ്യമില്ലെന്ന് കേന്ദ്രത്തെ അറിയിച്ചു. 

പുറത്തേക്കും വളരാൻ മോഹം

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മമതയുടെ സ്ഥാനം ബംഗാളിൽ മാത്രമായിരിക്കില്ലെന്ന് അനന്തരവനും തൃണമൂൽ കോൺഗ്രസിന്റെ പുതിയ ശക്തികേന്ദ്രവുമായ അഭിഷേക് ബാനർജി പറയുന്നു. നരേന്ദ്രമോദിയോടും അമിഷ് ഷായോടും മുഖാമുഖം ഏറ്റുമുട്ടാൻ കരുത്തുള്ള രാജ്യത്തെ ഏക മുഖ്യമന്ത്രിയായി മമതയെ കാണുന്നവർ തൃണമൂലുകാർ മാത്രമല്ല. കർഷക പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്ന ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തി മുഖ്യമന്ത്രിയെ കണ്ടതു ബിജെപിക്കെതിരെയുള്ള വിശാല കർഷകസഖ്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. സർവസന്നാഹങ്ങളൊരുക്കിയിട്ടും ബംഗാളിൽ  ബിജെപിക്ക് അടിപതറിയതു കർഷകരോഷം കൊണ്ടുകൂടിയാണെന്നു ടികായത്ത് പറയുന്നു. ഈ ഫോർമുല രാജ്യം മുഴുവൻ വ്യാപിപ്പിക്കാമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 

ബിജെപിയിൽ നിന്നു തൃണമൂൽ കോൺഗ്രസിലേക്കുള്ള പലായനത്തിനും വേഗമേറിയിട്ടുണ്ട്.  രാഷ്ട്രീയചിത്രം മാറിയതോടെ, മമതയുടെ കാര്യത്തിൽ കോൺഗ്രസും മാറിച്ചിന്തിക്കുകയാണ്. ഭവാനിപൂരിലെ ഉപതിരഞ്ഞെടുപ്പിൽ അവർക്കെതിരെ സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്ന ആലോചന, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യാഥാർഥ്യമായേക്കാവുന്ന കോൺഗ്രസ്- തൃണമൂൽ സഖ്യത്തിലേക്കുള്ള ചൂണ്ടുപലകയാണ്. 

നിർഭയത്വമാണു മമതയുടെ മുഖമുദ്ര. 18 വയസ്സിനു മുകളിലുള്ളവർക്കു വാക്സീൻ സൗജന്യമാക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോഴും ആക്രമണത്തിനുള്ള അവസരം കണ്ടു മമത. ഉചിതമായ തീരുമാനത്തിനു മോദിയോടു കേരള മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നന്ദി പറഞ്ഞപ്പോൾ, പ്രധാനമന്ത്രിയുടെ തീരുമാനം വൈകിയത് ഒട്ടേറെപ്പേരുടെ ജീവൻ നഷ്ടപ്പെടുത്തിയെന്നായിരുന്നു മമതയുടെ പ്രതികരണം.  

പ്രതിരോധമല്ല, ആക്രമിക്കുന്നതാണു ദീദിയുടെ രാഷ്ട്രീയശീലം. അതു കൂടുതൽ ശക്തമായി രാജ്യം കാണാനിരിക്കുന്നു. അതിന്റെ അലയൊലികളാണു ബംഗാളിൽ നിന്നു കേൾക്കുന്നത്.

English Summary: Mamata Banerjee crushed BJP in Bengal