ആലപ്പുഴ പുളിങ്കുന്ന് വേണാട്ടുകാട് പുത്തൻകരിച്ച‍ിറയിൽ സുമതിയും മകൻ രജീഷും 35 വർഷം ജീവിച്ച വീട്ടിൽനിന്ന് ഏതാനും മാസം മുൻപു വാടകവീട്ടിലേക്കു മാറി. 2020ലെ വെള്ളപ്പൊക്കത്തിലാണ് ഇവരുടെ വീടു തകർന്നത്. കുട്ടനാട്ടിലെ വീടുകൾ ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും ഇടിഞ്ഞുതാഴും. ചുമരുകൾ വിണ്ടുകീറും. ഒടുവിൽ പൂർണമായി തകരും. കുട്ടനാടിന്റെ ഭൂമി നിരന്തരം താഴുന്ന പ്രതിഭാസം ആലപ്പുഴ– ചങ്ങനാശേരി റോഡ് ഉൾപ്പെടെയുള്ള നിർമിതികളുടെ ആയുസ്സിനെ ബാധിക്കുന്നുണ്ട്.

കായലിൽ എക്കൽ അടിയുന്നു 

കുട്ടനാട്ടിൽ വെള്ളപ്പൊക്കം തുടർക്കഥയാകാൻ പല കാരണങ്ങളുണ്ട്. പമ്പ, അച്ചൻകോവിൽ, മീനച്ചിൽ, മണിമല നദികൾ കുട്ടനാട്ടിലേക്കും വേമ്പനാട്ടു കായലിലേക്കും എത്തിച്ച എക്കൽ നിക്ഷേപം കണക്കാക്കാനാകാത്തത്ര വലുതാണ്. പണ്ട്, എക്കൽമണ്ണിൽ നല്ലപങ്ക് കടലിലേക്കൊഴുകും. ശേഷിക്കുന്നതു കർഷകർ കുട്ടനാടിന്റെ കരഭൂമിയെയും പുറംബണ്ടുകളെയും ഉയർത്താൻ ഉപയോഗിക്കും. തണ്ണീർമുക്കം ബണ്ട് കടലിലേക്കുള്ള ഒഴുക്കു തടഞ്ഞതോടെ എക്കൽമണ്ണ് കായലിൽ അടിഞ്ഞുകൂടി. കട്ടകുത്തിയെടുക്കുന്ന കർഷകർക്കെതിരെ മണൽവാരൽ നിയന്ത്രണ നിയമത്തിന്റെ പേരിൽ കേസെടുക്കാൻ തുടങ്ങി. ഈ ജോലിക്ക് ആളെ കിട്ടാതായി.

കണക്കില്ലാത്ത കയ്യേറ്റം

പുളിങ്കുന്ന് വേണാട്ടുകാട് പുത്തൻകരിച്ച‍ിറയിൽ സുമതിയുടെ വീട് വെള്ളപ്പൊക്കത്തിനു ശേഷം തകര്‍ന്ന നിലയില്‍.

കുട്ടനാട്ടിലെ ജലാശയങ്ങളും പാടശേഖരങ്ങളും അശാസ്ത്രീയ കയ്യേറ്റങ്ങൾക്കു വിധേയമായി നികത്തപ്പെടുകയും ശോഷിക്കുകയും ചെയ്തു. ചില പാടശേഖരങ്ങളിൽ കൃഷിയില്ലാതായി. വെള്ളം ഒഴുകാനിടമില്ലാതായി. മഴയും നദികളിലൂടെയെത്തുന്ന കിഴക്കൻവെള്ളവും മാത്രമല്ല; കടലിലെ വേലിയേറ്റം പോലും കുട്ടനാടിനെ ജീവിക്കാൻകൊള്ളാത്ത നാടാക്കി. പശ്ചിമഘട്ടം പരിസ്ഥിതിലോല പ്രദേശമായി പരിഗണിച്ചപ്പോൾ കുട്ടനാടിനായി അത്തരം പഠനങ്ങളുണ്ടായില്ല. ഇവിടെ ഏതുതരം നിർമിതികളാണു യോജ്യം, എന്തുതരം നിർമാണ സാങ്കേതികവിദ്യ വേണം, ഓരോ പ്രദേശത്തും എത്രത്തോളം കെട്ടിടങ്ങൾ നിർമിക്കാം തുടങ്ങിയ പഠനങ്ങൾ നടന്നിട്ടില്ല.

നിറയുന്ന മാലിന്യം

പ്രളയകാലത്തു വെള്ളം നിറയുന്നതോടെ സെപ്റ്റിക് ടാങ്കുകളിൽനിന്നു മാലിന്യം കവിഞ്ഞൊഴുകും. പ്രളയം തുടർക്കഥയായതോടെ ഇതിന്റെ തോതും കൂടി. കൃഷിക്കുപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും കലർന്നും ജലം മലിനമായി. ജലാശയങ്ങളിൽ പോളയും പായലും പോലുള്ളവ നിറയുന്നതും മാലിന്യം നദികളിലൂടെ കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന ശുദ്ധജലപദ്ധതി പൂർത്തിയാകാത്തതിനാൽ ഇന്നും 80% കുട്ടനാട്ടുകാരും കുടിക്കുന്നതിനൊഴികെ കനാലുകളിലെയും കായലിലെയും നദികളിലെയും മലിന ജലത്തെയാണ് ആശ്രയിക്കുന്നത്. നല്ലൊരു ശതമാനം ജനങ്ങൾ കുടിക്കുന്നതും മലിനജലം.

പഠിച്ചിട്ടുണ്ട്, പരിഹരിച്ചിട്ടില്ല

ഒന്നാം കുട്ടനാട് പാക്കേജിന് ആധാരമായ, എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ സമർപ്പിച്ച റിപ്പോർട്ടിൽ കുട്ടനാടിന്റെ പ്രശ്നങ്ങൾ എടുത്തുപറയുന്നുണ്ട്.

∙എക്കലടിഞ്ഞ് ആഴവും കയ്യേറ്റത്താൽ വിസ്തൃതിയും കുറഞ്ഞത് ഉൾപ്പെടെയുള്ള കാരണങ്ങളാൽ വേമ്പനാട്ടു കായലിന്റെ പ്രളയജല വാഹകശേഷി 78 % വരെ കുറഞ്ഞു. കായലിനും കരയ്ക്കുമിടയിൽ തെങ്ങുകളും കണ്ടൽച്ചെടികളും നടണമെന്നു നിർദേശിച്ചു.

∙ തോട്ടപ്പള്ളി സ്പിൽവേയുടെ പ്രവർത്തനം കാര്യക്ഷമമല്ല. കുട്ടനാട്ടിൽ നിന്നുള്ള പ്രളയജലം പ്രതീക്ഷിച്ച അളവിൽ കടലിലേക്ക് ഒഴുകിപ്പോകുന്നില്ല. സ്പിൽവേയുടെയും ലീഡിങ് ചാനലിന്റെയും ആഴം കൂട്ടണം. ലീഡിങ് ചാനലിന്റെ വശങ്ങൾ ബലപ്പെടുത്തണം

∙കുട്ടനാട്ടിലെ ഏതു നിർമിതിക്കും പരിസ്ഥിതിപഠനം വേണമെന്നിരിക്കെ പാലങ്ങളും റോഡുകളും ഉൾപ്പെടെയുള്ളവ തോന്നിയതുപോലെ നിർമിച്ചു. പൊതുമരാമത്തു വകുപ്പും പഞ്ചായത്തുകളും ഉൾപ്പെടെ പരിസ്ഥിതിചട്ടങ്ങൾ ലംഘിച്ചു. നിലവും കനാലുകളും നികത്തിയതു പൂർവസ്ഥിതിയിലാക്കണം. 

∙ വേമ്പനാട്ടുകായലിലും കുട്ടനാടൻ പ്രദേശങ്ങളിലും കൃഷിയും യാത്രയും തടസ്സപ്പെടുത്തുന്നവിധം പോളയും പായലും വ്യാപിച്ചു.

പിന്നെയും പിന്നെയും പാഴാകുന്ന പ്രഖ്യാപനങ്ങൾ

കുട്ടനാടിന്റെ രക്ഷയ്ക്കായി കഴിഞ്ഞ സെപ്റ്റംബറിൽ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി 2447 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ആസൂത്രണ ബോർഡും കിഫ്ബിയും ബന്ധപ്പെട്ട വകുപ്പുകളും റീബിൽഡ് കേരള ഇനിഷ്യേറ്റീവും ചേർന്നു പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം എവിടെയുമെത്തിയില്ല. കുട്ടനാടിനെ പ്രത്യേക കൃഷിമേഖലയാക്കുക, കാർഷിക കലണ്ടർ നിർബന്ധമാക്കുക തുടങ്ങിയ പ്രധാന പ്രഖ്യാപനങ്ങൾ പോലും നടന്നില്ല.

കുട്ടനാട് ഒറ്റനോട്ടത്തിൽ

ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളും കോട്ടയം ജില്ലയിലെ ചങ്ങനാശേരി, കോട്ടയം, വൈക്കം താലൂക്കുകളിലെ 27 പഞ്ചായത്തുകളും പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിൽ ഉൾപ്പെടുന്ന 5 പഞ്ചായത്തുകളും ഉൾപ്പെടുന്നതാണു കുട്ടനാട് തണ്ണീർത്തടം. രാജഭരണകാലത്തു വേമ്പനാട്ടുകായലിൽ ബണ്ടു കെട്ടി കൃഷിഭൂമിയാക്കിയതാണു കുട്ടനാട്ടിലെ കായൽനിലങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് ഒന്നു മുതൽ 2 മീറ്റർ വരെ താഴ്ചയിലാണു കുട്ടനാട്ടിലെ ഭൂരിഭാഗം നിലങ്ങളിലും കൃഷി ചെയ്യുന്നത് (ചുറ്റുമുള്ള ജലാശയത്തെക്കാൾ താഴ്ചയിലാണു കൃഷിഭൂമി. ബണ്ടുകളാണു ജലാശയങ്ങളെയും പാടങ്ങളെയും വേർതിരിക്കുന്നത്. ബണ്ടു പൊട്ടി പാടശേഖരത്തിലേക്കു വെള്ളം കയറുന്നതിനെയാണു മടവീഴ്ച എന്നു പറയുന്നത്). 

തണ്ണീർത്തട വ്യവസ്ഥയുടെ കേന്ദ്രമായ ആലപ്പുഴയിലെ കുട്ടനാട് താലൂക്കാണു നിരന്തരം വെള്ളപ്പൊക്കം കൊണ്ടുള്ള ദുരിതം അനുഭവിക്കുന്നത്. പാടശേഖരങ്ങളെയും കായലിനെയും തിരിക്കുന്ന പുറംബണ്ടുകളിലും പാടശേഖരങ്ങളുടെ നടുവിലെ തുരുത്തുകളിലും ആയിരക്കണക്കിനു കുടുംബങ്ങളാണു ജീവിക്കുന്നത്. 2018ലെ പ്രളയത്തിൽ കുട്ടനാട്ടിലെ രണ്ടു ലക്ഷത്തോളം വരുന്ന ജനത്തെ പൂർണമായും ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിപ്പാർപ്പിച്ചാണു സംരക്ഷിച്ചത്.

കുട്ടനാട് താലൂക്കിലെ ജനസംഖ്യ 

(2011 സെൻസസ് പ്രകാരം)

ആകെ ജനസംഖ്യ 1,93,007

പുരുഷന്മാർ 93,013

സ്ത്രീകൾ 99,994

വി.ജെ. ജയിംസ്, ഡോ.കെ.ജി. പത്മകുമാർ

ആകെ വീടുകൾ 47,416

‘കുട്ടനാട്ടിൽ നിർമാണങ്ങൾക്കാണ് എല്ലാവരും മുൻഗണന നൽകുന്നത്. കാർഷിക കലണ്ടർ നടപ്പായാൽ ഒരു പരിധിവരെ കുട്ടനാടിന്റെ പ്രശ്നങ്ങൾ മാറ‍ും. തണ്ണീർമുക്കം ബണ്ടു പോലും ആവശ്യമില്ലാതാകും. വേനലിൽ കടലിൽ നിന്ന് ഓരുവെള്ളം കയറുന്നതു തടയാൻ രണ്ടാം കൃഷിയില്ലാത്ത പാടശേഖരങ്ങളിൽ ജലം സംഭരിച്ച്, വേനൽക്കാലത്തു പമ്പിങ് നടത്തി വേമ്പനാട്ടുകായലിൽ ഒഴുക്കുണ്ടാക്കാം. അതിനു കായലിനെ കെട്ടിയടയ്ക്കേണ്ട’. 

ഡോ.കെ.ജി.പത്മകുമാർ,  (രാജ്യാന്തര കായൽനില ഗവേഷണകേന്ദ്രം ഡയറക്ടർ)

‘കുട്ടനാടിന്റെ ശോച്യാവസ്ഥയെക്കുറിച്ചുള്ള ആരോപണ- പ്രത്യാരോപണങ്ങളിൽ ഏർപ്പെടേണ്ട സമയമല്ലിത്. ഇനി ഒരു മഹാപ്രളയത്തെക്കൂടി താങ്ങാനാവാത്ത വിധം തളർന്നു പോയിരിക്കുന്നു കുട്ടനാട്. എനിക്കു പരിചയമുള്ള എത്രയോ കുടുംബങ്ങൾ ജീവനും ജീവിതത്തിനും സുരക്ഷ തേടി ഇതരസ്ഥലങ്ങളിൽ ചേക്കേറി.  ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ ശാസ്ത്രീയ പഠനം നടക്കണം. രാഷ്ട്രീയഭേദമില്ലാതെ എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചുനിർത്തി സമയം കളയാതെ ഭരണനേതൃത്വം ഇടപെടണം.’ 

വി.ജെ.ജയിംസ്   (എഴുത്തുകാരൻ)

(അവസാനിച്ചു)

English Summary: Kuttanad flood