മന്ത്രിസഭാ പ്രവേശനോത്സവം
മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ സ്റ്റാഫിലെ രണ്ടുപേർ കുറച്ചുദിവസം മുൻപു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തലസ്ഥാനത്തെ പുതുപ്പള്ളി ഹൗസിൽ കാണാനെത്തി. അവരുടെ സന്ദർശനോദ്ദേശ്യം ഉമ്മൻ ചാണ്ടിക്കും കൗതുകം ഉയർത്തി. സഭാ സമ്മേളനവേളയിൽ മണ്ഡലവുമായി ബന്ധപ്പെട്ട ഒരാവശ്യം ഉമ്മൻ ചാണ്ടി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അക്കാര്യത്തിൽ സ്വീകരിച്ച നടപടി മുൻ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാൻ എത്തിയതായിരുന്നു ഇരുവരും. അങ്ങനെ ചെയ്യാൻ മന്ത്രി പ്രത്യേകം നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു വന്നതെന്നും അവർ പറഞ്ഞു. നന്ദി പറഞ്ഞ് ഇരുവരെയും ഉമ്മൻ ചാണ്ടി മടക്കി.
പിണറായി മന്ത്രിസഭയിലെ 17 പുതുമുഖ മന്ത്രിമാരും പുതിയ സമീപനങ്ങൾക്കും പരീക്ഷണങ്ങൾക്കുമുള്ള പുറപ്പാടിലാണ്. നെല്ലും പതിരും തിരിച്ചറിയാനുള്ള സമയമായിട്ടില്ല. എങ്കിലും കോവിഡ് കാലത്തെ മന്ത്രിസഭാ പ്രവേശനോത്സവം പലതരത്തിൽ അവർ കൊഴുപ്പിക്കാൻ നോക്കുന്നു.
സഹകരണമന്ത്രിയായി ആദ്യമായി കേരളബാങ്ക് സന്ദർശിച്ച വി.എൻ.വാസവൻ ബാങ്ക് മേധാവികളുടെ അവതരണത്തിനു ശേഷം ഉന്നയിച്ച മർമഭേദിയായ ചില ചോദ്യങ്ങൾ ബാങ്കിന്റെ ഉന്നതതലത്തിൽ സജീവചർച്ചയായി. വില്ലേജ് ഓഫിസുകളിൽ വരെ നേരിട്ടെത്തി പ്രശ്നങ്ങൾ മനസ്സിലാക്കാനുള്ള ശ്രമത്തിലാണു റവന്യുമന്ത്രി കെ.രാജൻ. തിരുവനന്തപുരം മേയറായിരിക്കെ വിദ്യാർഥികൾക്ക് ഓരോ ഗ്ലാസ് പാൽ ദിവസവും എത്തിച്ച വി.ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയായതോടെ കുട്ടികൾ ആവശ്യപ്പെടുന്നതു മൊബൈൽഫോണാണ്.‘‘ ഞാനോ നിങ്ങളോ കുട്ടികൾ ആയിരിക്കുമ്പോൾ മന്ത്രിയുടെ ഫോൺ നമ്പർ കണ്ടുപിടിച്ച് അതിലേക്കു നേരിട്ടു വിളിക്കുന്നത് ആലോചിക്കാൻ കഴിയുമായിരുന്നോ, കാലം മാറി’’: വാത്സല്യത്തോടെ ശിവൻകുട്ടി പറഞ്ഞു.
മുകളിൽ നിരീക്ഷണം
ആദ്യ മന്ത്രിസഭായോഗത്തിൽ പുതിയ മന്ത്രിമാർക്കു നാലു നിർദേശങ്ങളാണു മുഖ്യമന്ത്രി നൽകിയത്. 1. ഓരോ വകുപ്പിലെയും കാര്യങ്ങൾ പെട്ടെന്നു പഠിക്കണം, ഗൃഹപാഠം ചെയ്യണം. 2. തീരുമാനങ്ങൾ എൽഡിഎഫ് പ്രകടനപത്രികയ്ക്ക് അനുസൃതമായിരിക്കണം .3. പ്രലോഭനങ്ങൾക്കോ സമ്മർദങ്ങൾക്കോ അടിപ്പെടരുത്. 4. വിവാദങ്ങൾക്കു പകരം കർമശേഷി വിനിയോഗിച്ചു റിസൽറ്റ് ഉണ്ടാക്കാൻ നോക്കണം.
ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചു മുൻമന്ത്രിമാരുടെയും മറ്റും നിർദേശങ്ങളും മന്ത്രിമാർക്കു ലഭിച്ചു. ഉദ്യോഗസ്ഥർ പറയുന്നതിലെ ന്യൂനത മനസ്സിലാക്കിയും അതു ബോധ്യപ്പെടുത്തിയും തുടക്കത്തിലേ മേധാവിത്വം നേടാൻ സാധിക്കണം. ഉദ്യോഗസ്ഥർ പറയുന്നതു ന്യായമാണോ എന്നു പരിശോധിക്കണം. എല്ലാം അറിയാമെന്നു ഗർവുള്ള ചില ഐഎഎസുകാരെ ശാന്തമായി കൈകാര്യം ചെയ്യണം. ഒരു വിഷയം പഠിക്കേണ്ടത് ഒന്നിലേറെ പേരുമായി സംസാരിച്ചായിരിക്കണം.
ഉദ്യോഗസ്ഥർക്കു പകരം പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ സിപിഎം പ്രൈവറ്റ് സെക്രട്ടറിമാരായി നിയമിച്ചത് ഇത്തവണത്തെ പ്രധാനമാറ്റവുമാണ്. മന്ത്രിഓഫിസുകളിൽ രാഷ്ട്രീയ നിയന്ത്രണം വേണമെന്ന ബോധ്യം ചില അനുഭവങ്ങൾ സമ്മാനിച്ചതാണ് ഈ തീരുമാനത്തിലേക്കു നയിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റിയിലെ രണ്ടംഗങ്ങൾ മന്ത്രിമാരെ സഹായിക്കാനുണ്ട്. മന്ത്രി വീണാ ജോർജിന്റെ പ്രൈവറ്റ് സെക്രട്ടറി കെ.സജീവനും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷും. മന്ത്രിമാരുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള മാർഗനിർദേശങ്ങൾക്ക് അടുത്ത സംസ്ഥാനകമ്മിറ്റി യോഗം രൂപം കൊടുക്കും.
കരുതലോടെ ഘടകകക്ഷികളും
നാലു പുതുമുഖ മന്ത്രിമാരുള്ള സിപിഐയും രാഷ്ട്രീയ നിയന്ത്രണം കർശനമാക്കുകയാണ്. മന്ത്രിസഭാ യോഗത്തിന്റെ തലേന്ന് എം.എൻ. സ്മാരകത്തിൽ നാലുപേരും ഹാജർ വച്ചിരിക്കണം. മന്ത്രിമാർ തമ്മിലും വിവിധ വകുപ്പുകൾക്ക് ഇടയിലും ഏകോപനം മെച്ചപ്പെടുത്തണമെന്ന നിർദേശം സിപിഎമ്മിന്റെ മുന്നിൽ സിപിഐ വച്ചിരുന്നു. ബേപ്പൂർ തുറമുഖം രാജ്യാന്തരതലത്തിലേക്ക് ഉയർത്താനുള്ള ദൗത്യം കൂട്ടായി ഏറ്റെടുത്ത മന്ത്രിമാരായ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, സജി ചെറിയാൻ എന്നിവർ ആ നിർദേശം പ്രാവർത്തികമാക്കുന്നതിനുള്ള ശ്രമത്തിലാണ്.
മന്ത്രിയും നിയമസഭാകക്ഷി നേതാവുമായ റോഷി അഗസ്റ്റിനും പാർട്ടി നേതൃത്വവും തമ്മിൽ ഭിന്നതകളൊന്നും രൂപപ്പെടാതിരിക്കാനുള്ള ജാഗ്രതയിലാണ് കേരള കോൺഗ്രസ്(എം). മുംബൈ വിമാനത്താവളവുമായി ബന്ധപ്പെട്ടു മുൻപു ദീർഘകാലം ജോലി ചെയ്ത തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ വിമാനങ്ങൾക്കു പകരം കപ്പലുകൾ കൈകാര്യം ചെയ്യുന്ന ജോലി വെല്ലുവിളിയായി ഏറ്റെടുത്തു. രാത്രികാല ഉദ്യോഗസ്ഥ ചർച്ചകൾ നിരന്തരം നടത്തുന്നതിനാൽ രാവോ പകലോ നോക്കാത്തയാളായി ഗതാഗതമന്ത്രി ആന്റണി രാജു അറിയപ്പെട്ടുതുടങ്ങി. അംഗങ്ങളുടെ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം നൽകിയ മന്ത്രി എം.വി.ഗോവിന്ദൻ, കെ.കൃഷ്ണൻകുട്ടി, വി.എൻ. വാസവൻ എന്നിവർക്കു സ്പീക്കറുടെ ‘പ്രശസ്തി പത്രം’ ഇതിനിടയിൽ ലഭിച്ചു.
മന്ത്രിമാരെ വിലയിരുത്താനോ പരിധിവിട്ടു വിമർശിക്കാനോ സമയം ആയിട്ടില്ലെന്ന വിലയിരുത്തലിലാണു പ്രതിപക്ഷം. സഭാ സമ്മേളനത്തിലെ മന്ത്രിമാരുടെ മറുപടികൾക്കു ശരാശരി മാർക്കേ അവർ നൽകുന്നുള്ളൂ. സന്ദർശകർക്കും നിവേദകർക്കും വേണ്ടിയുള്ള സമയംകൂടി ഗൃഹപാഠം ചെയ്യാൻ മാറ്റിവയ്ക്കാം എന്നതിനാൽ ഈ കോവിഡ്കാലം പുതിയ മന്ത്രിമാർക്ക് ഒരുതരത്തിൽ ഉപകാരമായി മാറിയ ഉർവശീശാപമാണ്.
രണ്ടാം പിണറായി സർക്കാരിൽ ആദ്യ വെല്ലുവിളി നേരിട്ടതു പുതുമുഖമല്ല, രണ്ടാംതവണ മന്ത്രിയായ എ.കെ.ശശീന്ദ്രനാണ്. പക്ഷേ, മരംമുറി തന്റെ കാലത്തല്ലെന്നു ശശീന്ദ്രൻ കയ്യൊഴിഞ്ഞതോടെ നിലവിലുള്ളവരല്ല, മുൻമന്ത്രിമാരാണു കുഴപ്പത്തിലായത്. ഒരു മന്ത്രിസഭയുടെ കാലം കഴിഞ്ഞ് ആഘോഷത്തോടെ തുടർഭരണം വന്നാലും ഉടൻ വിചാരണ ചെയ്യപ്പെടാം എന്ന ആദ്യപാഠമാണ് ഇതു മന്ത്രിമാർക്കു നൽകുന്നതും.