മറക്കരുത്, ഭരണഘടന; കാലാവധി പകുതി കഴിഞ്ഞിട്ടും ഡപ്യൂട്ടി സ്പീക്കറില്ലാതെ ലോക്സഭ
എത്ര സജീവമായ ഭരണഘടനയും സ്വയം പ്രവർത്തിക്കുകയല്ല; ചുമതലപ്പെട്ടവർ നടപടികളിലൂടെ അതിനെ പ്രവർത്തിപ്പിക്കുകയാണ്. അതേപോലെ, ഭരണഘടന സ്വയം പരാജയപ്പെടുകയില്ല, അതിനെ പരാജയപ്പെടുത്തുകയാണു ചെയ്യാറുള്ളത്. ‘നമ്മൾ, ഇന്ത്യയിലെ ജനം’ എന്നു തുടങ്ങുന്ന ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുന്നത് 1949 നവംബർ 26ന്. ഏതാനും വർഷം....
എത്ര സജീവമായ ഭരണഘടനയും സ്വയം പ്രവർത്തിക്കുകയല്ല; ചുമതലപ്പെട്ടവർ നടപടികളിലൂടെ അതിനെ പ്രവർത്തിപ്പിക്കുകയാണ്. അതേപോലെ, ഭരണഘടന സ്വയം പരാജയപ്പെടുകയില്ല, അതിനെ പരാജയപ്പെടുത്തുകയാണു ചെയ്യാറുള്ളത്. ‘നമ്മൾ, ഇന്ത്യയിലെ ജനം’ എന്നു തുടങ്ങുന്ന ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുന്നത് 1949 നവംബർ 26ന്. ഏതാനും വർഷം....
എത്ര സജീവമായ ഭരണഘടനയും സ്വയം പ്രവർത്തിക്കുകയല്ല; ചുമതലപ്പെട്ടവർ നടപടികളിലൂടെ അതിനെ പ്രവർത്തിപ്പിക്കുകയാണ്. അതേപോലെ, ഭരണഘടന സ്വയം പരാജയപ്പെടുകയില്ല, അതിനെ പരാജയപ്പെടുത്തുകയാണു ചെയ്യാറുള്ളത്. ‘നമ്മൾ, ഇന്ത്യയിലെ ജനം’ എന്നു തുടങ്ങുന്ന ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുന്നത് 1949 നവംബർ 26ന്. ഏതാനും വർഷം....
എത്ര സജീവമായ ഭരണഘടനയും സ്വയം പ്രവർത്തിക്കുകയല്ല; ചുമതലപ്പെട്ടവർ നടപടികളിലൂടെ അതിനെ പ്രവർത്തിപ്പിക്കുകയാണ്. അതേപോലെ, ഭരണഘടന സ്വയം പരാജയപ്പെടുകയില്ല, അതിനെ പരാജയപ്പെടുത്തുകയാണു ചെയ്യാറുള്ളത്. ‘നമ്മൾ, ഇന്ത്യയിലെ ജനം’ എന്നു തുടങ്ങുന്ന ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുന്നത് 1949 നവംബർ 26ന്. ഏതാനും വർഷം നീണ്ട ചർച്ചകളിലൂടെയാണു ഭരണഘടനാ നിർമാണസഭ അതു തയാറാക്കിയത്. 1950 ജനുവരി 26നു പ്രാബല്യത്തിലായി.
ഭരണഘടനയിലെ വകുപ്പുകൾ വെറുംവാക്കുകളല്ല; അവയിലെ ഓരോ വാക്കും പ്രാബല്യത്തിലാക്കേണ്ടവയാണ്. എന്നാൽ, 17–ാം ലോക്സഭയുടെ കാലാവധി പകുതിയോളമായിട്ടും ഡപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനു നടപടിയുണ്ടാകാത്തതു ചില ചോദ്യങ്ങൾ ഉയർത്തുന്നു. ഹൈക്കോടതികളിലെയും വിവിധ ട്രൈബ്യൂണലുകളിലെയും വലിയ തോതിലുള്ള ഒഴിവുകൾ നികത്താത്തതും പുതിയ ലോ കമ്മിഷൻ രൂപീകരിക്കാത്തതും പരിശോധിക്കപ്പെടേണ്ട വിഷയങ്ങളാണ്.
∙ തിരഞ്ഞെടുക്കണം ‘എത്രയും വേഗം’
ഭരണഘടനയുടെ 93 മുതൽ 97 വരെയുള്ള വകുപ്പുകൾ ലോക്സഭാ സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ എന്നിവരെ സംബന്ധിച്ചുള്ളവയാണ്. ലോക്സഭ എത്രയും േവഗം ('As soon as may be') സ്പീക്കറെയും ഡപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കണമെന്ന് 93–ാം വകുപ്പ് പറയുന്നു. 95–ാം വകുപ്പനുസരിച്ച്, സ്പീക്കറുടെ ഒഴിവുണ്ടായാൽ അദ്ദേഹത്തിന്റെ ചുമതലകൾ വഹിക്കേണ്ടതു ഡപ്യൂട്ടി സ്പീക്കറാണ്. സ്പീക്കർ എന്നതുപോലെ ഡപ്യൂട്ടി സ്പീക്കറും ഭരണഘടനാപദവിയാണ്. 'As soon as may be' എന്നത് വ്യക്തമായ സമയപരിധി സൂചിപ്പിക്കുന്നില്ലെങ്കിലും ലോക്‌സഭാരൂപീകരണശേഷം ഉടനടി സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ പദവികളിലേക്ക് അംഗങ്ങളെ നിയമിക്കണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നു നമുക്കു വായിച്ചെടുക്കാം.
രണ്ടു പദവികളുടെയും കാര്യത്തിൽ, ഒരേ വാചകത്തിലാണ് ‘എത്രയും വേഗം’ എന്നു വ്യക്തമാക്കിയിട്ടുള്ളത്. അപ്പോൾ, രണ്ടിനും ബാധകമായിട്ടുള്ളത് ഒരേ വേഗമാണ്. സ്പീക്കർ ഉടനെ, ഡപ്യൂട്ടി സ്പീക്കർ പിന്നീട് എപ്പോഴെങ്കിലും എന്നല്ല. 94(2)ൽ പറയുന്നതനുസരിച്ച്, സ്പീക്കറുടെ രാജി സ്വീകരിക്കേണ്ടതു ഡപ്യൂട്ടി സ്പീക്കറാണ്. 1949 മേയ് 19ന് ഈ വ്യവസ്ഥ സംബന്ധിച്ചു ഭരണഘടനാ നിർമാണസഭയിൽ വിശദമായ ചർച്ചയാണു നടന്നത്. ഡപ്യൂട്ടി സ്പീക്കർക്കു സ്പീക്കർ രാജി നൽകുക എന്ന കരടുവ്യവസ്ഥ മുന്നോട്ടുവയ്ക്കപ്പെട്ടപ്പോൾ, സ്പീക്കർക്കു താഴെയാണു ഡപ്യൂട്ടി സ്പീക്കറുടെ പദവി എന്നതിനാൽ സ്പീക്കർ രാജിക്കത്ത് നൽകേണ്ടതു രാഷ്ട്രപതിക്കാണെന്ന ഭേദഗതി എച്ച്.വി.കാമത്ത് നിർദേശിച്ചു. തജമുൽ ഹുസൈൻ പിന്താങ്ങി.
സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും സർക്കാരിൽനിന്നു സ്വതന്ത്രമായി നിൽക്കുന്ന പദവികളാണെന്നും ആ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതാണു സ്പീക്കർ രാജിക്കത്ത് ഡപ്യൂട്ടി സ്പീക്കർക്കു നൽകുകയെന്ന വ്യവസ്ഥയിലുള്ള ആരോഗ്യകരമായ തത്വമെന്നും പ്രഫ.ഷിബൻ ലാൽ സക്സേന പറഞ്ഞു. കാമത്തിന്റെ നിർദേശത്തെ എതിർത്തും പ്രഫ.സക്സേനയുടെ വാദം ശരിവച്ചും ഡോ.ബി.ആർ.അംബേദ്കർ ഇങ്ങനെ വിശദീകരിച്ചു: ‘‘സ്പീക്കറെയും ഡപ്യൂട്ടി സ്പീക്കറെയും നിയമിക്കുന്നതു രാഷ്ട്രപതിയല്ല, ലോക്സഭയാണ്.
അവർ രാജിവയ്ക്കുന്നുവെങ്കിൽ നിയമനാധികാരിക്കാണ് കത്തു നൽകേണ്ടത്. ലോക്സഭ കൂട്ടായാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. എന്നാൽ, ഓരോ അംഗത്തെയും സംബോധന ചെയ്തു വെവ്വേറെ കത്തു നൽകുക പ്രായോഗികമല്ല. സഭയുടെ പ്രതിനിധിയെന്ന നിലയ്ക്കു ഡപ്യൂട്ടി സ്പീക്കറെ സംബോധന ചെയ്തു സ്പീക്കർ കത്തു നൽകുന്നു. ഡപ്യൂട്ടി സ്പീക്കറാണു രാജിവയ്ക്കുന്നതെങ്കിൽ കത്ത് സ്പീക്കറെ സംബോധന ചെയ്തു നൽകുന്നു’’. സ്പീക്കറെ നീക്കാൻ സഭയിൽ പ്രമേയം വന്നാൽ, അപ്പോൾ സഭയിൽ അധ്യക്ഷത വഹിക്കേണ്ടതും നടപടികൾ നിയന്ത്രിക്കേണ്ടതും ഡപ്യൂട്ടി സ്പീക്കറാണ്.
∙ ഇതല്ല നമ്മുടെ കീഴ്‌വഴക്കം
സ്വതന്ത്ര ഇന്ത്യയിലെ 16 ലോക്സഭകളും സ്പീക്കറെ തിരഞ്ഞെടുത്ത് ഏറെ വൈകാതെ ഡപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുത്തിട്ടുണ്ട്. 17–ാം ലോക്സഭയുടെ ആദ്യസമ്മേളനം തുടങ്ങിയത് 2019 ജൂൺ 19ന്; മൂന്നാം ദിവസം ഓം ബിർലയെ സ്പീക്കറായി തിരഞ്ഞെടുത്തു. ഇപ്പോൾ, രണ്ടു വർഷവും മൂന്നു മാസവുമായി. പക്ഷേ, ഡപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുത്തിട്ടില്ല. നിയമനം ഇങ്ങനെ വൈകിപ്പിക്കുന്നതിന്റെ കാരണം വ്യക്തമല്ല. എത്രയും വേഗം എന്നത് എത്രയും ൈവകി എന്ന മട്ടിൽ തിരുത്തപ്പെടുകയാണ്, നടപടിയില്ലായ്മയിലൂടെ. ഭരണഘടന പാലിക്കാതെയും ലോക്സഭയ്ക്കു പ്രവർത്തിക്കാമെന്ന പ്രതീതിയാണു സുപ്രധാനമായൊരു പദവിയിൽ നിയമനം നടക്കാത്തതു സൃഷ്ടിച്ചത്. അതു ജനാധിപത്യ സംവിധാനത്തിൽ തെല്ലും ആരോഗ്യകരമായ രീതിയല്ല. ലോക്സഭതന്നെ ഭരണഘടന ലംഘിക്കുന്നു എന്നതാണു സ്ഥിതി.
∙ നിയമ കമ്മിഷനില്ല, ട്രൈബ്യൂണലുകളും
രാജ്യത്തെ നിയമ പരിഷ്കാരങ്ങളുടെ കാര്യത്തിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്ന സ്ഥാപനമാണു ലോ കമ്മിഷൻ ഓഫ് ഇന്ത്യ. ബ്രിട്ടിഷ് ഭരണകാലത്ത്, 1834ൽ രൂപീകരിച്ച ആദ്യ നിയമ കമ്മിഷന്റെ ശുപാർശപ്രകാരം കൊണ്ടുവന്ന ഇന്ത്യൻ ശിക്ഷാനിയമമാണ് ഇപ്പോഴും പ്രാബല്യത്തിലുള്ളത്. സ്വതന്ത്ര ഇന്ത്യയിൽ 1955ലാണ് ആദ്യ നിയമ കമ്മിഷൻ രൂപീകരിച്ചത്. മൂന്നു വർഷമാണു കാലാവധി. പിന്നീട് 20 നിയമ കമ്മിഷനുകൾകൂടി രൂപീകരിക്കപ്പെട്ടു. 21–ാം കമ്മിഷൻ 2018 ഓഗസ്റ്റ് 31നു കാലാവധി പൂർത്തിയാക്കി. കാലാവധി തീരുന്നതിനു തൊട്ടുമുൻപ്, രാജ്യദ്രോഹ നിയമം, ഏക സിവിൽ കോഡ്, ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളിൽ കമ്മിഷൻ ചർച്ചാരേഖ പുറത്തുവിട്ടിരുന്നു.
ഈ കമ്മിഷന്റെ കാലാവധി കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷമാണ് 22–ാം കമ്മിഷൻ രൂപീകരിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. ഗസറ്റ് വിജ്ഞാപനം 2020 ഫെബ്രുവരി 21നു പുറത്തിറക്കി. എന്നാൽ, ഇതുവരെയും അധ്യക്ഷനെയും അംഗങ്ങളെയും നിയമിച്ചിട്ടില്ല. കാലപ്പഴക്കം ചെന്ന നിയമങ്ങൾ ഒഴിവാക്കാനും നിയമപരിഷ്കാരങ്ങൾക്കും മെച്ചപ്പെട്ട നീതി നിർവഹണത്തിനും ശുപാർശ നൽകാൻ ചുമതലയുള്ള സ്ഥാപനത്തിന്റെ ഗതിയാണ് ഇത്.
നിയമങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുള്ള ട്രൈബ്യൂണലുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. നിയമനങ്ങൾ നടക്കാത്തതിനാൽ പല ട്രൈബ്യൂണലുകളും പ്രവർത്തനരഹിതമാണെന്ന് അടുത്തിടെ സുപ്രീം കോടതിതന്നെ വ്യക്തമാക്കി. ട്രൈബ്യൂണലുകളുടെ പ്രവർത്തനം കുറ്റമറ്റതാക്കാൻ വിവിധ വിധിന്യായങ്ങളിലൂടെ സുപ്രീം കോടതി ശ്രമിച്ചിട്ടുണ്ട്. ഈ വിധികൾ പാലിക്കുന്നതിനു പകരം ഭരണഘടനാവിരുദ്ധമെന്നു കോടതി പറഞ്ഞിട്ടുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി പുതിയ നിയമങ്ങൾ പാസാക്കുന്നു എന്നതാണു സ്ഥിതി. ഹൈക്കോടതികളുടെ പല അധികാരങ്ങളും ട്രൈബ്യൂണലുകളിലേക്കു കൈമാറുന്നു. എന്നാൽ, ട്രൈബ്യൂണലുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നടപടിയെടുക്കുന്നുമില്ല.
ഹൈക്കോടതി ജഡ്ജിനിയമനങ്ങളും ഒച്ചിന്റെ വേഗത്തിലാണു മുന്നോട്ടുപോകുന്നത്. കൊളീജിയത്തിന്റെ ശുപാർശകളിൽ തീരുമാനമെടുക്കുന്നതു സർക്കാർ വൈകിപ്പിക്കുന്നു, ശുപാർശ കൊളീജിയം ആവർത്തിച്ചാലും തുടർനടപടിയില്ല. കേസുകൾ കെട്ടിക്കിടക്കുന്നതിനെക്കുറിച്ചു സർക്കാർ ഏറെ ആശങ്ക പ്രകടിപ്പിക്കാറുണ്ട്. ജഡ്ജിമാരുടെ ഒഴിവുകൾ നികത്തുന്നത് ആ പ്രശ്നത്തിനു വലിയൊരളവുവരെ പരിഹാരമാകും.
ആശങ്കയ്ക്കൊത്ത ഉത്സാഹം നടപടികളിലുമുണ്ടാവണമെന്നു മാത്രം. അടുത്തിടെ സുപ്രീം കോടതിയിലേക്കുള്ള 9 ജഡ്ജിമാരുടെ പേരുകൾ അംഗീകരിക്കുന്നതിൽ സർക്കാർ കാട്ടിയ കാര്യക്ഷമത ഹൈക്കോടതികളുടെ കാര്യത്തിലും വേണം. ഭരണഘടനയാലും നിയമങ്ങളാലും സ്ഥാപിതമായ സംവിധാനങ്ങളിൽ ചിലതിന്റെ കാര്യത്തിൽ അനാസ്ഥയുണ്ടാകുമ്പോൾ പരുക്കേൽക്കുന്നത് ജനാധിപത്യസംവിധാനത്തിനു തന്നെയാണ്. അങ്ങനെ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത സർക്കാരിന്റേതാണ്.
(സുപ്രീം കോടതിയിലെ അഭിഭാഷകനാണ് ലേഖകൻ)
English Summary: Modi government still does not have a Deputy Lok Sabha Speaker