എന്തും നടക്കുന്ന ജയിലുകൾ
നമ്മുടെ ജയിലുകൾ ഒരുവിഭാഗം തടവുകാരുടെ സ്വൈരവിഹാര കേന്ദ്രങ്ങളായിത്തീരുന്നതു പൊതുസമൂഹത്തെ ഞെട്ടിക്കുകയും നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്യുന്നു. തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലെ ഫോൺ വിളി വിവാദവും ചില ഉദ്യോഗസ്ഥരും തടവുകാരും തമ്മിലുള്ള വഴിവിട്ട ബന്ധവും ഉയർത്തുന്ന ചോദ്യങ്ങൾ ആപൽക്കരമായ ഇപ്പോഴത്തെ
നമ്മുടെ ജയിലുകൾ ഒരുവിഭാഗം തടവുകാരുടെ സ്വൈരവിഹാര കേന്ദ്രങ്ങളായിത്തീരുന്നതു പൊതുസമൂഹത്തെ ഞെട്ടിക്കുകയും നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്യുന്നു. തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലെ ഫോൺ വിളി വിവാദവും ചില ഉദ്യോഗസ്ഥരും തടവുകാരും തമ്മിലുള്ള വഴിവിട്ട ബന്ധവും ഉയർത്തുന്ന ചോദ്യങ്ങൾ ആപൽക്കരമായ ഇപ്പോഴത്തെ
നമ്മുടെ ജയിലുകൾ ഒരുവിഭാഗം തടവുകാരുടെ സ്വൈരവിഹാര കേന്ദ്രങ്ങളായിത്തീരുന്നതു പൊതുസമൂഹത്തെ ഞെട്ടിക്കുകയും നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്യുന്നു. തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലെ ഫോൺ വിളി വിവാദവും ചില ഉദ്യോഗസ്ഥരും തടവുകാരും തമ്മിലുള്ള വഴിവിട്ട ബന്ധവും ഉയർത്തുന്ന ചോദ്യങ്ങൾ ആപൽക്കരമായ ഇപ്പോഴത്തെ
നമ്മുടെ ജയിലുകൾ ഒരുവിഭാഗം തടവുകാരുടെ സ്വൈരവിഹാര കേന്ദ്രങ്ങളായിത്തീരുന്നതു പൊതുസമൂഹത്തെ ഞെട്ടിക്കുകയും നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്യുന്നു. തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലെ ഫോൺ വിളി വിവാദവും ചില ഉദ്യോഗസ്ഥരും തടവുകാരും തമ്മിലുള്ള വഴിവിട്ട ബന്ധവും ഉയർത്തുന്ന ചോദ്യങ്ങൾ ആപൽക്കരമായ ഇപ്പോഴത്തെ സാഹചര്യത്തിലേക്കുകൂടി വിരൽചൂണ്ടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ഉദ്യോഗസ്ഥർതന്നെ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ ജയിൽ വിജിലൻസ്– ഇന്റലിജൻസ് സംവിധാനം ഇല്ലാത്തതിന്റെ പോരായ്മയും വ്യക്തമാകുന്നു.
വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ ഫോൺവിളിയിലും അനുബന്ധ വിവാദങ്ങളിലും വിശദീകരണമാവശ്യപ്പെട്ടു സൂപ്രണ്ടിനു ജയിൽ വകുപ്പു മേധാവി മെമ്മോ നൽകിയിരിക്കുകയാണ്. ജയിലിലെ ഫോൺവിളി വിവാദത്തിൽ ഉത്തരമേഖലാ ജയിൽ ഡിഐജി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദ്, ടിപി കേസ് പ്രതി കൊടി സുനി എന്നിവരിൽനിന്നു പിടിച്ചെടുത്ത ഫോണുകളിൽനിന്ന് ആയിരത്തിലേറെ വിളികൾ നടത്തിയിട്ടുണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വകുപ്പുതല അന്വേഷണം.
ഒരു വർഷത്തോളം സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായിരുന്നു റഷീദ്. വിയ്യൂർ ജയിലിൽ റഷീദ് ഉൾപ്പെടെ ഒരു സംഘം തടവുകാരുടെ സ്വൈരവിഹാരമാണു നടന്നതെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. തടവുകാർ നിർബാധം ഫോൺ ഉപയോഗിക്കുകയും പുറത്തുള്ളവരുമായി തുടർച്ചയായി ബന്ധം പുലർത്തുകയും സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊടുംകുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ ഗുരുതരമായ അച്ചടക്കലംഘനവും സുരക്ഷാപാളിച്ചയുമുണ്ടായെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുമ്പോൾ കർശനമായ തുടർനടപടികളും കുറ്റമറ്റ ജാഗ്രതയും അടിയന്തര ആവശ്യമായിത്തീരുന്നു.
ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിനു വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരൻ 5 മാസത്തിനിടെ പുറത്തേക്കു വിളിച്ചതു രണ്ടായിരത്തിലധികം തവണയാണെന്ന വാർത്തകേട്ടു കേരളം അന്തംവിട്ടു. ഫോൺ നമ്പർ പരിശോധിച്ചശേഷം ഇരിങ്ങാലക്കുട പൊലീസ് ഒന്നരവർഷം മുൻപു കോടതിയിൽ സമർപ്പിച്ച രഹസ്യ റിപ്പോർട്ടിലാണ് ഈ വിവരം. റിപ്പോർട്ടിന്റെ ഉള്ളടക്കം ഇപ്പോഴാണു പുറത്തുവരുന്നത്.
കേരളത്തിലെ ജയിലുകളിൽ പ്രത്യേക ഭക്ഷണവും മറ്റു സൗകര്യങ്ങളുമൊക്കെ ചില തടവുകാർക്കു ലഭിക്കുന്നുവെന്നായിരുന്നു ആദ്യകാല ആരോപണങ്ങൾ. പിന്നീടു കഞ്ചാവും മറ്റു ലഹരികളുമൊക്കെ ജയിലിൽ യഥേഷ്‌ടം ലഭ്യമായി. നിയമവിരുദ്ധമായി വിളികൾ നടത്തിയിരുന്ന സാധാരണ സെൽഫോൺ കാലത്തിൽനിന്ന് ഇപ്പോൾ സ്‌മാർട് ഫോണുകളിലേക്കും ഫെയ്‌സ്‌ബുക്കിലേക്കുമൊക്കെ തടവുകാർക്ക് ‘ഉയരാനായത്’ ജയിലിൽ കിട്ടുന്ന ഒത്താശ കൊണ്ടുതന്നെ.
കേരളത്തിലെ സെൻട്രൽ ജയിലുകളിലെ തടവുകാരിൽ കുറെപ്പേരെങ്കിലും രാഷ്‌ട്രീയപ്രേരിതമായ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരായിരിക്കും. രാഷ്ട്രീയബന്ധം ഇവരുടെ ജയിൽജീവിതത്തിൽ സ്വാഭാവികമായും തുണയാകുന്നു. ജയിൽ ഉദ്യോഗസ്ഥർക്ക് ഇത്തരം തടവുകാരെ പേടിക്കേണ്ട സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഇവർക്കു തുടർച്ചയായി പരോൾ കിട്ടുകയും ചെയ്യുന്നു.
പൂജപ്പുര സെൻട്രൽ ജയിലിലെ ജീവപര്യന്തം തടവുകാരൻ അലക്കുകേന്ദ്രത്തിലെ ജോലിക്കിടെ ഉദ്യോഗസ്ഥരെ വെട്ടിച്ചു പുറത്തുകടന്നതു നമ്മുടെ ജയിലുകളിലെ സുരക്ഷാവീഴ്ച വ്യക്തമാക്കുന്നു. പതിനൊന്നാം ദിവസമാണ് ഈ തടവുകാരൻ കോടതിയിൽ കീഴടങ്ങിയത്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ സംസ്ഥാനത്തെ ജയിലുകളിൽനിന്നും ജയിൽ കസ്റ്റഡിയിൽനിന്നുമായി ചാടിപ്പോയത് 29 തടവുകാരാണെന്നും ഇതിൽ 11 പേരെ ഇപ്പോഴും പിടികൂടാനായിട്ടില്ലെന്നുമുള്ള യാഥാർഥ്യം കുറ്റമറ്റ ജാഗ്രതാനടപടികൾ ഉറപ്പാക്കണമെന്ന് അധികാരികളെ അതീവഗൗരവത്തോടെ ഓർമിപ്പിക്കുകയാണ്.
തടവുകാർക്കു മാനുഷിക പരിഗണന ലഭിക്കണം; അവകാശസംരക്ഷണമുണ്ടാവുകയും വേണം. ഒപ്പം, ജയിലുകളിൽ നിയമം അനുശാസിക്കുന്ന അച്ചടക്കം ഉറപ്പുവരുത്താനും തടവുകാർ പരിധിവിട്ടു പ്രവർത്തിക്കുന്നതിനു തടയിടാനും ജയിൽ ഉദ്യോഗസ്‌ഥർ ബാധ്യസ്‌ഥരാണ്. എന്നാൽ, സമർപ്പിതരായി ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരെക്കൂടി വഴിവിട്ട ചെയ്തികളിലൂടെ നാണംകെടുത്തുകയാണു ചിലർ. വിയ്യൂർ ജയിലിൽ തടവുകാരെ കയറൂരിവിട്ടവർക്കെതിരെ കർശന നടപടിയുണ്ടായേതീരൂ. ഇപ്പോഴത്തെ അപകടകരമായ പ്രവണതയ്‌ക്ക് അന്ത്യംകുറിച്ചില്ലെങ്കിൽ ജയിലറകളിൽ അധോലോകങ്ങൾ വിലസുകയും കലാപക്കൊടി ഉയരുകയും ചെയ്യും. അതൊരിക്കലും സംഭവിച്ചുകൂടാ.