ഇന്ത്യയിലെ പാവപ്പെട്ട ക്ഷീരകർഷകരുടെ ജാതകം മാറ്റിയെഴുതിയ അദ്ഭുത പ്രതിഭ. അമുൽ അടക്കം വൈവിധ്യമാർന്ന ആശയങ്ങൾക്ക് പാലൂട്ടിയ ഡോ. വർഗീസ് കുര്യൻ എന്നും ആദർശങ്ങളിൽ അടിയുറച്ച് ജീവിച്ചു. അദ്ദേഹത്തെ മകൾ അനുസ്മരിക്കുന്നു

ഇന്ത്യയിലെ പാവപ്പെട്ട ക്ഷീരകർഷകരുടെ ജാതകം മാറ്റിയെഴുതിയ അദ്ഭുത പ്രതിഭ. അമുൽ അടക്കം വൈവിധ്യമാർന്ന ആശയങ്ങൾക്ക് പാലൂട്ടിയ ഡോ. വർഗീസ് കുര്യൻ എന്നും ആദർശങ്ങളിൽ അടിയുറച്ച് ജീവിച്ചു. അദ്ദേഹത്തെ മകൾ അനുസ്മരിക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ പാവപ്പെട്ട ക്ഷീരകർഷകരുടെ ജാതകം മാറ്റിയെഴുതിയ അദ്ഭുത പ്രതിഭ. അമുൽ അടക്കം വൈവിധ്യമാർന്ന ആശയങ്ങൾക്ക് പാലൂട്ടിയ ഡോ. വർഗീസ് കുര്യൻ എന്നും ആദർശങ്ങളിൽ അടിയുറച്ച് ജീവിച്ചു. അദ്ദേഹത്തെ മകൾ അനുസ്മരിക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ പാവപ്പെട്ട ക്ഷീരകർഷകരുടെ ജാതകം മാറ്റിയെഴുതിയ അദ്ഭുത പ്രതിഭ. അമുൽ അടക്കം വൈവിധ്യമാർന്ന ആശയങ്ങൾക്ക് പാലൂട്ടിയ ഡോ. വർഗീസ് കുര്യൻ എന്നും ആദർശങ്ങളിൽ അടിയുറച്ച് ജീവിച്ചു. അദ്ദേഹത്തെ മകൾ അനുസ്മരിക്കുന്നു

നിലം തൊടാതെ എല്ലായ്പോഴും ഏതാനും അടി ഉയർന്നു നിന്നിരുന്ന യുധിഷ്ഠിരന്റെ തേർചക്രങ്ങൾ, അർധസത്യം ഉരുവിട്ട ആ നിമിഷം വലിയ ശബ്ദത്തോടെ ഭൂമി തൊട്ടു! സത്യസന്ധനും ധർമിഷ്ഠനുമായ യുധിഷ്ഠിരന്റെ തേര് എപ്പോഴും ഭൂമിയിൽ നിന്നു നാലു വിരൽ ഉയർന്നാണു സഞ്ചരിക്കുന്നതെന്നു മഹാഭാരതം ദ്രോണപർവത്തിൽ പറയുന്നു. എന്നാൽ ദ്രോണരുടെ മുൻപിൽ, ‘അശ്വത്ഥാമാ ഹതഃ കുഞ്ജരഃ’  (അശ്വത്ഥാമാവ് കൊല്ലപ്പെട്ടു, ആന) എന്നു പറഞ്ഞതോടെ യുധിഷ്ഠിരന്റെ തേര് മണ്ണിൽ പതിച്ചു എന്നാണു കഥ. തന്റെ മകൻ അശ്വത്ഥാമാവ് ആണു കൊല്ലപ്പെട്ടതെന്നു ദ്രോണരെ തെറ്റിദ്ധരിപ്പിച്ച യുധിഷ്ഠിരന്റെ വാക്കുകൾ സത്യധർമങ്ങളുടെ ലംഘനമായതിനാലാണത്രേ തേര് നിലം തൊട്ടത്, അശ്വത്ഥാമാവ് എന്ന ആന കൊല്ലപ്പെട്ടു എന്ന സത്യം തന്നെയാണു യുധിഷ്ഠിരൻ പറഞ്ഞതെങ്കിൽ പോലും. അസാധാരണമായ ആഖ്യാനഭംഗിയോടെ ഈ കഥ അച്ഛൻ എനിക്കു പറഞ്ഞുതന്നതു സത്യനിഷ്ഠയുടെ പ്രാധാന്യം പഠിപ്പിച്ചുതരാനായിരുന്നു. അർധസത്യം, അതു പറയുന്നതിന്റെ പിന്നിലുള്ള ലക്ഷ്യം എത്ര ഉദാത്തവുമാകട്ടെ, നുണപറച്ചിൽതന്നെ. 

ADVERTISEMENT

ഒരു വ്യക്തിക്കു വേണ്ട ഏറ്റവും പ്രധാനപ്പെട്ട സ്വഭാവഗുണം സത്യസന്ധതയാണെന്നു ദാദ (അച്ഛനെ ഞാൻ അങ്ങനെയാണു വിളിച്ചിരുന്നത്) എന്നെ നിരന്തരം ഓർമിപ്പിക്കുമായിരുന്നു. ജോലിയോടു മാത്രമല്ല, തന്നോടു തന്നെയും പാലിക്കേണ്ട അടിസ്ഥാനഗുണം. ഇത്തരം മൂല്യങ്ങളാണു ജീവിതം മുഴുവൻ അദ്ദേഹത്തെ കാത്തുപോന്നത്. കോഴിക്കോട്ടു ജനിച്ച് കേരളത്തിലും തമിഴ്നാട്ടിലുമുള്ള വിവിധ ജില്ലകളിൽ പഠിച്ചുവളർന്നും പിന്നെ ഇവിടെനിന്നെല്ലാം എത്രയോ ദൂരെയുള്ള ഗുജറാത്തിലെ ആനന്ദിൽ 63 വർഷം താമസിച്ചും ദാദ പിന്നിട്ട ജീവിതവഴിയിൽ സമാനതകളില്ലാത്ത ഈ ആർജവത്തിന്റെ വെളിച്ചം നിറഞ്ഞുനിന്നു. സ്വന്തം ആദർശങ്ങളിലും വിശ്വാസങ്ങളിലും അദ്ദേഹം അടിയുറച്ചു നിന്നു; അതിനായി ജീവിച്ചു. എന്തിലെങ്കിലും ഒത്തുതീർപ്പു ചെയ്യേണ്ട ദുര്യോഗം ഒരിക്കൽപോലും‌ ദാദയ്ക്കുണ്ടായിട്ടില്ല. 

കാഴ്ചയിൽ ഒരു കുറിയ മനുഷ്യൻ. പക്ഷേ, വളരെ വളരെ വലിയ, അങ്ങേയറ്റം സ്നേഹവും കരുതലുമുള്ള ഒരു ഹൃദയത്തിന്റെ ഉടമ. ബുദ്ധിയും അറിവും നിശ്ചയദാർഢ്യവും അദ്ദേഹത്തിനു വേണ്ടുവോളമുണ്ടായിരുന്നു. സാമൂഹിക സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനുള്ള ദീർഘവീക്ഷണവും സുവ്യക്തമായ തീരുമാനങ്ങളെടുക്കാനുള്ള ശേഷിയും തെളിമയാർന്ന ഓർമശക്തിയും അതിനെല്ലാം മേമ്പൊടിയായി ശുദ്ധമായ ഫലിതബോധവുമായിരുന്നു ദാദയെ വേറിട്ടുനിർത്തിയത്. നിരീശ്വരവാദിയെങ്കിലും മതങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ടായിരുന്ന അദ്ദേഹം മാനവികതയുടെ നിയമങ്ങൾ അനുസരിച്ചു ജീവിച്ചു. ദാദയ്ക്കു വേണമെങ്കിൽ സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാമായിരുന്നു. ഇന്ത്യയിലെ വലിയ സമ്പന്നരിൽ ഒരാളായിത്തീരാമായിരുന്നു. ലോകത്തെ 100 അതിസമ്പന്നരിൽ ഒരാളായി ഫോബ്സ് പട്ടികയിൽ ഇടം പിടിക്കാമായിരുന്നു. എന്നാൽ, നിർഭാഗ്യജന്മങ്ങളെ കൈപിടിച്ചുയർത്തുന്നതിനു വേണ്ടി അദ്ദേഹം ജീവിതം പൂർണമായും സമർപ്പിച്ചു. പാലിലൂടെയാണ് അദ്ദേഹം ആ പാവനമായ ലക്ഷ്യം കൈവരിച്ചത്. 

ജീവിതവഴികൾ തന്നെ ആനന്ദിൽ കൊണ്ടുചെന്നെത്തിച്ചതു ജന്മസൗഭാഗ്യമായി ദാദ കരുതി. ആനന്ദിലെത്തിയ 1949 ജൂൺ 13 ഒരു വെള്ളിയാഴ്ച ആയിരുന്നു. അതൊരു ഭാഗ്യംകെട്ട തീയതിയാണെന്നും വരവ് അന്നാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പലരും ഉപദേശിച്ചു. ഒരേയൊരു റോഡും ഒട്ടേറെ പിന്നാക്കാവസ്ഥകളുമായി അത്ര ആനന്ദകരമല്ലാത്ത ആനന്ദിലെ താമസകാലം ഹ്രസ്വമായിരിക്കുമെന്നും എത്രയും പെട്ടെന്ന് അവിടം വിടാൻ കഴിഞ്ഞേക്കുമെന്നുമാണു ദാദയും കരുതിയത്. ഒരു കൊച്ചു ക്ഷീര സഹകരണ സംഘം അവിടെയന്നു പ്രവർത്തനം ആരംഭിച്ചിരുന്നു. പാൽ ശേഖരണത്തിനും ശുദ്ധീകരണത്തിനുമുള്ള സംവിധാനവും മറ്റും അവർക്ക് ഒരുക്കിക്കൊടുക്കാനായി മാത്രം മനസ്സില്ലാമനസ്സോടെ അദ്ദേഹം അവിടെ തുടർന്നു. അതിനു ശേഷം ഏതെങ്കിലും ഒരു പരിഷ്കൃത നഗരത്തിലേക്ക് എത്രയും വേഗം രക്ഷപ്പെടണം. അങ്ങനെയിരിക്കെയാണ്, ക്ഷീരസഹകരണസംഘം നേതാവ് ത്രിഭുവൻദാസ് പട്ടേലുമായും സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ മകൾ മണിബെൻ പട്ടേലുമായും പരിചയപ്പെടാനിടയായത്. ഇരുവരും സ്വാതന്ത്ര്യസമരസേനാനികളായിരുന്നു. ബ്രിട്ടിഷുകാരിൽനിന്നു മാത്രമല്ല, വിശപ്പിൽനിന്നും പട്ടിണിയിൽനിന്നും കൂടിയുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യയ്ക്കു വേണ്ടതെന്ന് അവർ ദൃഢമായി വിശ്വസിച്ചു. സമ്പത്ത് ആ രീതിയിൽ വിന്യസിക്കണമെന്നായിരുന്നു അവരുടെ ആഹ്വാനം. ത്രിഭുവൻദാസിന്റെയും മണിബെന്നിന്റെയും ആശയങ്ങൾ ദാദയുടെ ചിന്താധാരകളെ ആഴത്തിൽ സ്വാധീനിച്ചു. ജാതി,മത,ലിംഗ ഭേദമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്നതും സമത്വം ഉറപ്പുനൽകുന്നതുമായ സമ്പദ്‌വ്യവസ്ഥയിലാണു ദാദയും വിശ്വസിച്ചത്. 

പുലർച്ചെ 3.30ന് ഉണരുന്നതായിരുന്നു ശീലം. ബിബിസിയുടെയും വോയ്‌സ് ഓഫ് അമേരിക്കയുടെയും ഓൾ ഇന്ത്യ റേഡിയോയുടെയുമൊക്കെ വാർത്ത കേൾക്കാൻ വേണ്ടിയായിരുന്നു അത്. ഒരു ദിവസം എന്തൊക്കെ ചെയ്തുതീർക്കാനുണ്ടെന്നും അവയ്ക്കെല്ലാം എന്തൊക്കെ എതിർനീക്കങ്ങൾ പ്രതീക്ഷിക്കണമെന്നും ചതുരംഗക്കളിയിലെന്നപോലെ വിദഗ്ധവും സൂക്ഷ്മവുമായി അദ്ദേഹം മനസ്സിൽക്കാണുന്ന സമയവും ആ പുലർവേളകളായിരുന്നു. സമയത്തിന്റെ 60 ശതമാനവും ആസൂത്രണത്തിനുവേണ്ടിയാണു താൻ ചെലവിടുന്നതെന്നു ദാദ പറയുമായിരുന്നു. ആസൂത്രണത്തിന് ഇത്രയും ശ്രദ്ധ കൊടുത്തുകഴിഞ്ഞാൽപ്പിന്നെ പദ്ധതി നടപ്പാക്കുന്നതു വളരെ എളുപ്പമാണ്. റിസർവ് ബാങ്ക് ബോർഡ് അംഗമെന്ന നിലയിൽ അദ്ദേഹത്തിനു വന്നുകൊണ്ടിരുന്ന രേഖകളുടെ അസംഖ്യം പെട്ടികൾ ഞാൻ ഓർക്കുന്നു. പെട്ടികളോരോന്നും തുറന്ന്, ഒരു തുണ്ടു കടലാസു പോലും ഒഴിവാക്കാതെ എല്ലാം വായിച്ചുനോക്കും. ഒരു ചെറിയ കാര്യംപോലും തന്റെ ശ്രദ്ധയിൽപെടാതെ പോകരുതെന്ന ഈ നിഷ്കർഷ ഔദ്യോഗികജോലികളിൽ അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. 

ADVERTISEMENT

തമാശക്കഥകൾ പറഞ്ഞ് അമ്മയെ കുടുകുടാ ചിരിപ്പിക്കുന്നതായിരുന്നു ദാദയുടെ ഏറ്റവും വലിയ സന്തോഷം. അമ്മയെ കളിയാക്കുന്നതാവുമത്. പക്ഷേ,  അമ്മ അതെല്ലാം നന്നായി ആസ്വദിച്ചു. ഇങ്ങനെ ആഹ്ലാദം പങ്കിടുന്ന അച്ഛനമ്മമാരുടെ മകളായി, അളവറ്റ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി അതിമനോഹരമായിരുന്നു എന്റെ ബാല്യം.   

1946ൽ സർദാർ വല്ലഭ്ഭായ് പട്ടേൽ തുടക്കമിട്ട സഹകരണസംഘ മുന്നേറ്റമാണ് എല്ലാവിധ കാർഷികവിപ്ലവങ്ങൾക്കുമുള്ള ഊർജമായി മാറിയത്. 1950ലായിരുന്നു പട്ടേലിന്റെ മരണം; കയ്റയിലെ സഹകരണസംഘത്തിൽ ദാദ ചേർന്ന് ഏതാനും മാസങ്ങൾ കഴിഞ്ഞ്. മരിക്കുംമുൻപു പട്ടേലിനെ നേരിട്ടു കാണാ‍ൻ കഴിഞ്ഞില്ലല്ലോയെന്നതായിരുന്നു ദാദയുടെ ഏറ്റവും വലിയ സങ്കടം. ഭൂമിയില്ലാത്ത, ചെറുകിട ക്ഷീരകർഷകരെ സംബന്ധിച്ചിടത്തോളം പാൽ ഒരു പോഷണ സ്രോതസ്സുമാത്രമല്ല; വരുമാനവും സാമ്പത്തിക സുരക്ഷിതത്വവും കൂടിയാണല്ലോ. കാലികളെ പരിപാലിക്കുക, ആരോഗ്യം സംരക്ഷിക്കുക തുടങ്ങിയ സാമ്പത്തികേതരമായ പലകാര്യങ്ങളും പരമ്പരാഗതമായി ചെയ്തുവരുന്നതു ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളാണ്. അവർ ക്ഷീരോൽപാദനത്തിൽ കൂടുതൽ സജീവമായി കുടുംബത്തിന്റെ അന്നദാതാക്കളായി മാറിയതോടെ പ്രാദേശിക തലത്തിൽ നേതൃപദവികൾ ഏറ്റെടുക്കാനാരംഭിച്ചു. ഇത് ജനാധിപത്യ ലക്ഷ്യങ്ങളിലൊന്നായ സ്ത്രീശാക്തീകരണത്തിൽ ദൂരവ്യാപകങ്ങളായ മാറ്റങ്ങൾ കൊണ്ടുവന്നു. കോവിഡ് മഹാമാരി മൂലമുള്ള യാത്രാനിയന്ത്രണങ്ങളും തൊഴിലവസരനഷ്ടവും ലോകത്തെ പിടിച്ചുലച്ചപ്പോൾ, ക്ഷീരോൽപാദനം വഴിയുള്ള വരുമാനമാണു പല കുടുംബങ്ങളുടെയും നിലനിൽപു സാധ്യമാക്കിയത്. അതിൽത്തന്നെ ക്ഷീരകർഷകരായ വനിതകളുടെ പങ്കും എടുത്തുപറയണം. ഇന്ത്യയിലെ കർഷകരിൽ ദാദയ്ക്കുണ്ടായിരുന്ന വിശ്വാസം അടിയുറച്ചതായിരുന്നു. ആ വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ മതം.– കർഷകരുടെ, കർഷകരാലുള്ള, കർഷകർക്കു വേണ്ടിയുള്ള എന്നതായിരുന്നു അതിന്റെ അടിസ്ഥാനപ്രമാണം. 

ജന്മശതാബ്ദിയിൽ ദാദയ്ക്കുള്ള സ്നേഹപ്രണാമമായി, അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളുമായ 65 പേരുടെ ലേഖനങ്ങൾ സമാഹരിച്ചു ഞാൻ ഒരുക്കിയ ‘അട്ടേർലി, ബട്ടേർലി മിൽക്മാൻ’ എന്ന പുസ്തകം സമർപ്പിച്ചിരിക്കുന്നതും ഇന്ത്യയെ ക്ഷീരോൽപാദനത്തിന്റെ ലോകഭൂപടത്തിലെത്തിച്ച ലക്ഷക്കണക്കിനു കർഷകർക്കാണ്.  

(ടാജ് ഹോട്ടൽസിന്റെ എച്ച്ആർ ഡയറക്ടറായിരുന്ന നിർമല ഇപ്പോൾ ചെന്നൈ ശങ്കര നേത്രാലയയുടെ ജനറൽ മാനേജരാണ്)

ADVERTISEMENT

ഡോ. വർഗീസ് കുര്യൻ (1921 – 2012)

∙ സാർഥകം ജീവിതം

1921 നവംബർ 26ന് കോഴിക്കോട്ട് ജനനം. ‘അമുൽ കുര്യൻ’ എന്ന പേരിൽ പ്രശസ്തനായി. ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ്. രാജ്യത്തെ ലക്ഷക്കണക്കിനു ക്ഷീരകർഷകരുടെ ജീവിതം ഐശ്വര്യപൂർണമാക്കി. 2012 സെപ്‌റ്റംബർ 9ന് അന്തരിച്ചു. അന്ത്യവിശ്രമം ഗുജറാത്തിലെ ആനന്ദിൽ.

∙ അറിവും ഗ്രാമവും

മദ്രാസ് ലയോള കോളജിൽനിന്നു ബിരുദവും മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നു  എൻജിനീയറിങ് ബിരുദവും അമേരിക്കയിലെ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്നു ഡെയറി എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷം ഗുജറാത്തിലെ ആനന്ദിൽ കേന്ദ്ര ഗവൺമെന്റിന്റെ ചെറുകിട പാൽപൊടി നിർമാണ ഫാക്ടറിയിൽ ഡെയറി എൻജിനീയറായി തുടക്കം.

∙ വഴിത്തിരിവ്

1949ൽ ജോലി രാജിവച്ച് പാലുൽപാദക സഹകരണസംഘവുമായി (കയ്റ ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് മിൽക് പ്രൊഡ്യൂസേഴ്സ് യൂണിയൻ) ബന്ധപ്പെട്ടു പ്രവർത്തനം തുടങ്ങി. 1965ൽ നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡ് സ്ഥാപിച്ചു. നേട്ടമുണ്ടായതു രാജ്യത്തെ 25 ലക്ഷത്തോളം ക്ഷീരകർഷകർക്ക്. ഇന്നു രാജ്യത്തെ ഏറ്റവും വലിയ ഫുഡ് ബ്രാൻഡ് ആണ് അമുൽ.

∙ നാടിന്റെ നേട്ടം

ഡോ. വർഗീസ് കുര്യന്റെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ പാലുൽപാദക രാജ്യമായി. 33 വർഷം ഗുജറാത്ത് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനെ നയിച്ചു. അമുൽ ചെയർമാൻ പദവി വഹിച്ചു. 1979ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് ആനന്ദ് (ഇർമ) സ്ഥാപിച്ചു. 

∙ ആദരിച്ച് ലോകം

മഗ്സസെ അവാർഡ് (1963), പത്മശ്രീ (1965), പത്മഭൂഷൺ (1966), പത്മവിഭൂഷൺ (1999), ലോകഭക്ഷ്യപുരസ്കാരം (1989), കൃഷിരത്ന അവാർഡ് (1986), കർണേജി ഫൗണ്ടേഷന്റെ വാട്‌ലർ പീസ് പ്രൈസ് അവാർഡ് (1986). യുഎസിലെ മിഷിഗൻ യൂണിവേഴ്‌സിറ്റി ഡോക്‌ടറേറ്റ് നൽകി.

English Summary: 100th birth anniversary of Dr Verghese Kurien