പറഞ്ഞാൽ... പറഞ്ഞതല്ല!; ബജറ്റിലെ പ്രഖ്യാപനത്തിൽ ഒതുങ്ങി ഒട്ടേറെ പദ്ധതികൾ
കയ്യടിക്കായുള്ള സുന്ദര പ്രഖ്യാപനങ്ങളാണ് സംസ്ഥാനത്ത് അവതരിപ്പിക്കുന്ന ഓരോ ബജറ്റിലുമുണ്ടാകുക. എന്നാൽ പ്രഖ്യാപിക്കുന്നതിലെ കാര്യക്ഷമത നടപ്പാക്കുന്ന കാര്യത്തിൽ ഭരണകർത്താക്കൾക്കോ ഉദ്യോഗസ്ഥർക്കോ ഉണ്ടാകാറില്ല. പ്രായോഗികത പരിശോധിക്കാതെ, തട്ടിക്കൂട്ടുന്ന പദ്ധതികൾ പലതും Kerala budget, Budget 2022, Kerala budget 2022, Manorama News
കയ്യടിക്കായുള്ള സുന്ദര പ്രഖ്യാപനങ്ങളാണ് സംസ്ഥാനത്ത് അവതരിപ്പിക്കുന്ന ഓരോ ബജറ്റിലുമുണ്ടാകുക. എന്നാൽ പ്രഖ്യാപിക്കുന്നതിലെ കാര്യക്ഷമത നടപ്പാക്കുന്ന കാര്യത്തിൽ ഭരണകർത്താക്കൾക്കോ ഉദ്യോഗസ്ഥർക്കോ ഉണ്ടാകാറില്ല. പ്രായോഗികത പരിശോധിക്കാതെ, തട്ടിക്കൂട്ടുന്ന പദ്ധതികൾ പലതും Kerala budget, Budget 2022, Kerala budget 2022, Manorama News
കയ്യടിക്കായുള്ള സുന്ദര പ്രഖ്യാപനങ്ങളാണ് സംസ്ഥാനത്ത് അവതരിപ്പിക്കുന്ന ഓരോ ബജറ്റിലുമുണ്ടാകുക. എന്നാൽ പ്രഖ്യാപിക്കുന്നതിലെ കാര്യക്ഷമത നടപ്പാക്കുന്ന കാര്യത്തിൽ ഭരണകർത്താക്കൾക്കോ ഉദ്യോഗസ്ഥർക്കോ ഉണ്ടാകാറില്ല. പ്രായോഗികത പരിശോധിക്കാതെ, തട്ടിക്കൂട്ടുന്ന പദ്ധതികൾ പലതും Kerala budget, Budget 2022, Kerala budget 2022, Manorama News
കയ്യടിക്കായുള്ള സുന്ദര പ്രഖ്യാപനങ്ങളാണ് സംസ്ഥാനത്ത് അവതരിപ്പിക്കുന്ന ഓരോ ബജറ്റിലുമുണ്ടാകുക. എന്നാൽ പ്രഖ്യാപിക്കുന്നതിലെ കാര്യക്ഷമത നടപ്പാക്കുന്ന കാര്യത്തിൽ ഭരണകർത്താക്കൾക്കോ ഉദ്യോഗസ്ഥർക്കോ ഉണ്ടാകാറില്ല. പ്രായോഗികത പരിശോധിക്കാതെ, തട്ടിക്കൂട്ടുന്ന പദ്ധതികൾ പലതും അങ്ങനെ പ്രഖ്യാപനത്തിൽ ഒതുങ്ങും. വിദ്യാകിരണം, വർക്ക് നിയർ ഹോം, സ്മാർട് കിച്ചൻ ഇങ്ങനെ കടലാസിൽ മാത്രം തെളിഞ്ഞ പദ്ധതികൾ എത്രയെത്ര...
2019ൽ കോവിഡ് പ്രതിസന്ധി രൂപപ്പെട്ട് സ്കൂളുകൾ അടച്ചപ്പോൾ സർക്കാർ നടത്തിയ ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു വിദ്യാർഥികൾക്കു സൗജന്യമായും കുറഞ്ഞ ചെലവിലും ലാപ്ടോപ് നൽകുമെന്നത്. 2 വർഷം കഴിഞ്ഞു. ലാപ്ടോപ് കിട്ടിയോ എന്നു കുട്ടികളോടു ചോദിച്ചാൽ ഇനിയെന്തിനു ലാപ്ടോപ് എന്ന മറുചോദ്യം കേൾക്കാം. പഠനം ഓൺലൈനായപ്പോൾ പൂർത്തിയാക്കേണ്ട ലാപ്ടോപ് വിതരണ പദ്ധതി 2 വർഷം കഴിഞ്ഞു കുട്ടികൾ സ്കൂളിൽ പോയിത്തുടങ്ങിയിട്ടും ആരംഭിക്കാൻ പോലുമായിട്ടില്ല. ഇൗ ഒറ്റ ഉദാഹരണത്തിലുണ്ട് നമ്മുടെ ബജറ്റിന്റെയും പ്രഖ്യാപനങ്ങളുടെയും പൊതുചിത്രം.
കെഎസ്എഫ്ഇ വഴി നടപ്പാക്കുന്ന വിദ്യാശ്രീ ലാപ്ടോപ് പദ്ധതി ടെൻഡറിലെ തടസ്സങ്ങൾ കാരണമാണു പാതിവഴിക്കായത്. ജനങ്ങളിൽനിന്നു സംഭാവന സ്വീകരിച്ചു ലാപ്ടോപ് നൽകുമെന്നു പ്രഖ്യാപിച്ച വിദ്യാകിരണം പദ്ധതിയും ഇതേ കാരണത്താൽ മുടങ്ങി. ഹൈസ്കൂൾ വിദ്യാർഥികൾക്കു സൗജന്യമായി ലാപ്ടോപ് നൽകുന്ന പദ്ധതി തമിഴ്നാട് സർക്കാർ 10 വർഷം മുൻപു വിജയകരമായി പൂർത്തിയാക്കി. എന്നാൽ, ഇപ്പോഴും അതേ പദ്ധതി പൂർത്തിയാക്കാൻ കേരളത്തിനു കഴിയാത്തത് ഒറ്റക്കാരണത്താലാണ്. പ്രഖ്യാപിക്കുന്നതിലെ കാര്യക്ഷമത നടപ്പാക്കുന്ന കാര്യത്തിൽ ഭരണകർത്താക്കൾക്കുമില്ല, ഉദ്യോഗസ്ഥർക്കുമില്ല.
ഓൺലൈനായി തൊഴിൽ ചെയ്യുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്തു ചെറുപട്ടണങ്ങളിലടക്കം ഇന്റർനെറ്റ് സൗകര്യമുള്ള ഓഫിസ് ഇടങ്ങൾ ഒരുക്കാനായി വർക്ക് നിയർ ഹോം എന്ന പദ്ധതിയും കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിടങ്ങൾ വാടകയ്ക്കെടുത്തു വർക്ക് നിയർ ഹോം സെന്ററുകൾ ആരംഭിക്കാനായിരുന്നു ആലോചന. കംപ്യൂട്ടർ, ഇന്റർനെറ്റ്, ഇരിപ്പിടം, എസി, മീറ്റിങ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ലഭ്യമാക്കാനും ഉദ്ദേശിച്ചിരുന്നു.
വീട്ടിൽ ഇൗ സൗകര്യങ്ങൾ ഇല്ലാത്തവർക്കു വർക്ക് നിയർ ഹോം സെന്ററുകളിലെത്തി വാടക നൽകി ഉപയോഗിക്കാം. പ്രാരംഭ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരത്തെ ടെക്നോപാർക്കിന് 3.05 കോടി രൂപയും അനുവദിച്ചു. എന്നാൽ, വർക്ക് നിയർ ഹോം ‘വർക്ക് ഔട്ട്’ ആകുന്ന പദ്ധതിയല്ലെന്നു സർക്കാർ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാൽ ആ 3.05 കോടി രൂപ ടെക്നോപാർക്കിനു ചുറ്റുമതിൽ കെട്ടുന്നതിനു വകമാറ്റാൻ അനുമതിയും നൽകി. കഴിഞ്ഞ ബജറ്റിലെ സ്മാർട് കിച്ചൻ പദ്ധതിക്കും ഇതുപോലെ കടലാസിൽ ഒതുങ്ങിക്കഴിയാനാണു നിയോഗം.
പ്രായോഗികത പരിശോധിക്കാതെ കയ്യടി കിട്ടാനായി ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ നടത്തുന്നതാണ് ഇതുപോലുള്ള പദ്ധതികൾ പാതിവഴിയിലാകാൻ പ്രധാന കാരണം. ബജറ്റിനു മുൻപു വകുപ്പുകളോടു നിർദേശങ്ങൾ ക്ഷണിക്കും. അവർ തട്ടിക്കൂട്ടി കുറെ സ്വപ്ന പദ്ധതികളുടെ പട്ടിക തയാറാക്കി നൽകും. അവ പ്രഖ്യാപിക്കും. ഇതാണു പൊതുരീതി. അടിക്കടി ഭൂമിയുടെ ന്യായവില ഉയർത്തുന്ന സർക്കാർ, സംസ്ഥാനത്തു പലയിടത്തും ന്യായവില നിശ്ചയിച്ചിട്ടു പോലുമില്ലെന്ന കാര്യം മറക്കും. ന്യായവില പരിഷ്കരിക്കാൻ 2 വർഷം മുൻപു തീരുമാനിച്ചെങ്കിലും ഇതുവരെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. 2010ലെ ന്യായവിലയ്ക്കുമേൽ വർധന വരുത്തിയാണ് ഇപ്പോഴും ഭൂമി റജിസ്ട്രേഷൻ നടത്തുന്നത്.
എന്തിനും ഏതിനും കിഫ്ബി
1.63 ലക്ഷം കോടി രൂപയാണ് ഇൗ വർഷം ബജറ്റിൽ സർക്കാർ പ്രതീക്ഷിക്കുന്ന ആകെ വരവ്. 1.62 ലക്ഷം കോടി രൂപ ചെലവും. ചെലവ് പരിധി കടക്കുകയും വരവ് ലക്ഷ്യത്തിലെത്താതിരിക്കുകയും ചെയ്യുകയെന്നതു കാലങ്ങളായുള്ള രീതിയാണ്. ചെലവു നടത്താൻ വരവു തികയാത്തതിനാൽ പരമാവധി തുക കടമെടുക്കുകയും ചെയ്യും.
എന്നാൽ, കടമെടുക്കുന്ന തുക അടക്കം ആകെ വരുമാനത്തിന്റെ മുക്കാൽപങ്കിലേറെ ചെലവിടുന്നതു ശമ്പളവും പെൻഷനും നൽകാനും പഴയ കടങ്ങൾ തിരിച്ചടയ്ക്കാനുമൊക്കെയാണ്. ബാക്കി 20,000 കോടി രൂപയോളമാണു ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാൻ കിട്ടുക. അതുപോലും കടുത്ത സാമ്പത്തിക പ്രതിസന്ധി രൂപപ്പെടുന്നതോടെ വെട്ടിക്കുറയ്ക്കും. ഇപ്പോൾ 82 ശതമാനത്തിനു മേൽ പണം ചെലവിടുന്നതിനു വകുപ്പുകൾക്കു വിലക്കേർപ്പെടുത്തിയിരിക്കുകയാണു സർക്കാർ.
സർക്കാരിന്റെ വരുമാനത്തിൽനിന്നു പദ്ധതികൾ നടപ്പാക്കാൻ പണം തികയാതെ വന്നതോടെയാണ് 5 വർഷം കൊണ്ട് 50,000 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കാൻ ലക്ഷ്യമിട്ട് ഒന്നാം പിണറായി സർക്കാർ കിഫ്ബിക്കു തുടക്കമിട്ടത്. ഇതോടെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിക്കുന്ന മിക്ക വൻകിട പദ്ധതികളും കിഫ്ബിയുടെ തലയിലായി. ഇപ്പോൾ 70,000 കോടി രൂപയുടെ പദ്ധതികളാണു കിഫ്ബി ഏറ്റെടുത്തിരിക്കുന്നത്. മോട്ടർ വാഹന നികുതിയുടെ പകുതിയും ഒരു ലീറ്റർ ഇന്ധനത്തിനൊപ്പം ഒരു രൂപ വീതം പിരിക്കുന്നതും കിഫ്ബിക്കു സർക്കാർ നൽകുകയാണ്.
കിഫ്ബിയെടുക്കുന്ന വായ്പകൾ തിരിച്ചടയ്ക്കുന്നത് ഇൗ തുക കൊണ്ടാണ്. എന്നാൽ, താങ്ങാവുന്നതിലധികം ഭാരം ഏറ്റെടുത്താൽ കിഫ്ബിക്കു നിലതെറ്റുമോ എന്ന ആശങ്ക ഇപ്പോൾ പൊതുവേ ഉയർന്നിട്ടുണ്ട്.
സർക്കാരിന്റെ പ്രതിസന്ധികൾ
1. കേന്ദ്രം തരുന്ന ജിഎസ്ടി നഷ്ടപരിഹാരം മേയിൽ അവസാനിക്കും. അതു തുടർന്നില്ലെങ്കിൽ 9,000 കോടിയുടെ വരുമാനനഷ്ടം. ബജറ്റിലെ വരവുചെലവു കണക്കുകളെ ഇതു താളം തെറ്റിക്കും. ഗുരുതര പ്രതിസന്ധിയിലേക്കു സർക്കാർ നീങ്ങും
2. ശമ്പള പരിഷ്കരണ കുടിശിക, പെൻഷൻ പരിഷ്കരണ കുടിശിക, അവധി സറണ്ടർ തുടങ്ങി മാറ്റിവച്ച ബാധ്യതകൾ നിറവേറ്റണം. വരുമാനം മെച്ചപ്പെട്ടില്ലെങ്കിൽ ഇതൊന്നും നിറവേറ്റാനാകില്ല. ജീവനക്കാർക്കിടയിൽ കടുത്ത അസംതൃപ്തി രൂപപ്പെടും.
3. കിഫ്ബിക്ക് ഇനി അധികം പദ്ധതികൾ ഏറ്റെടുക്കാനാകില്ല. വരവു കുറഞ്ഞാൽ ബജറ്റിനു കീഴിലും അധികം പദ്ധതികൾ പൂർത്തിയാക്കാൻ കഴിയില്ല. ഇതു സംസ്ഥാനത്തു വികസന മുരടിപ്പിനു വഴിതെളിക്കും.
4. രാഷ്ട്രീയ നയങ്ങളും സമ്മർദശക്തികളുടെ ഇടപെടലും കാരണം പെൻഷൻ പ്രായം വർധിപ്പിക്കൽ, പഴ്സനൽ സ്റ്റാഫിനെ വെട്ടിക്കുറയ്ക്കൽ, എയ്ഡഡ് സ്ഥാപനങ്ങളെ നിയന്ത്രിക്കൽ തുടങ്ങിയ ഒട്ടേറെ ചെലവുചുരുക്കൽ നിർദേശങ്ങൾ നടപ്പാക്കാൻ കഴിയാത്ത അവസ്ഥ.
5. വരുമാനം വർധിപ്പിക്കാൻ നികുതിപിരിവ് ഉൗർജിതമാക്കുകയാണ് ഏറ്റവുമാദ്യം ചെയ്യേണ്ടത്. എന്നാൽ, നിർബന്ധിത നികുതിപിരിവ് അധികം ശീലിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥരുടെ നിസ്സംഗത ഇപ്പോഴും അതിനു തടസ്സമാണ്. ശക്തമായ സർക്കാർ ഇടപെടലിലൂടെയേ മാറ്റം വരുത്താനാകൂ.
നികുതി പിരിക്കാൻ മടി
ജിഎസ്ടി വരുമാനം ലക്ഷ്യത്തിലെത്തിയില്ലെങ്കിലെന്താ, കേന്ദ്രം തരുന്ന നഷ്ടപരിഹാരത്തുക വാങ്ങി സുഖമായി കഴിയാം എന്ന ഉദാസീന മനോഭാവം കൂടിയാണു നികുതി പിരിക്കുന്നതിൽ കടുത്ത വീഴ്ചയ്ക്കു കാരണം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണു നികുതിപിരിവിൽ കടുത്ത അലംഭാവമുണ്ടായത്. നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കൽ, 2 പ്രളയങ്ങൾ, കോവിഡ് എന്നീ പ്രതിസന്ധികളൊക്കെ നികുതി വരുമാനത്തിലെ ഇടിവിനു കാരണമായെന്നതു ശരിതന്നെ. എന്നാൽ, ഇക്കാലയളവിൽ നടന്ന വലിയ നികുതി വെട്ടിപ്പുകൾ കണ്ടെത്താനും ജനങ്ങളിൽനിന്നു പിരിച്ച നികുതി കച്ചവടക്കാർ കൈവശം വച്ചതു ഖജനാവിലെത്തിക്കാനും ഫലപ്രദമായ ഇടപെടലുകളുണ്ടായില്ല.
വ്യാപാരികൾക്കെതിരായ നടപടി തിരിച്ചടിയാകുമോ എന്ന സർക്കാരിന്റെ പേടിയായിരുന്നു ഇതിനു പ്രധാന കാരണം. കുടിശികയുള്ള 6000 കോടി വാറ്റ് നികുതി പല ആംനെസ്റ്റി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും കാര്യമായി പിരിച്ചെടുക്കാനുമായില്ല. നികുതി വരുമാനത്തിൽ 15 ശതമാനത്തിന്റെ വർധന ഇപ്പോഴുണ്ടായതു നല്ല സൂചന നൽകുന്നുണ്ട്. എന്നാൽ, പ്രതീക്ഷിത വർധനയിലെത്താൻ സമാഹരിക്കേണ്ടത് 17,000 കോടിയാണ്. അതു നടക്കുകയുമില്ല.
നികുതി വരുമാനത്തിലെ കുറവ് (തുക കോടിയിൽ. 2021–22 ലെ വരുമാനം ജനുവരി വരെയുള്ളത്. )
വർഷം പ്രതീക്ഷിച്ചത് കിട്ടിയത് കുറവ്
2016–17 36,963 30,133 6,830
2017–18 42,193 37,703 4,490
2018–19 46,795 43,016 3,779
2019–20 52,959 47,294 5,665
2020–21 55,652 48,417 7,235
2021–22 60,961 43,908 17,053
ലക്ഷ്യം കടന്നത് കടമെടുപ്പിൽ മാത്രം!
കഴിഞ്ഞ മാസം കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ തയാറാക്കിയ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന റിപ്പോർട്ടിലൂടെ കണ്ണോടിച്ചാൽ ആശങ്കപ്പെടുത്തുന്ന ഒരു കണക്കു കാണാം. ഇൗ സാമ്പത്തിക വർഷത്തിൽ ഇതുവരെ വരവിലും ചെലവിലും ഒക്കെ എന്തു മാത്രം സർക്കാർ പ്രതീക്ഷയ്ക്കൊത്ത് മുന്നേറിയെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്. അതിൽ ലക്ഷ്യവും കടന്നു മുന്നേറിയത് ഒരു കാര്യത്തിൽ മാത്രം: കടമെടുപ്പിൽ! 33,112 കോടി രൂപയാണ് ഇൗ വർഷം കടമെടുക്കുമെന്നു സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, അതു ലക്ഷ്യവും കടന്ന് 44,313 കോടിയിലെത്തി. 11,201 കോടി രൂപയാണ് അധികം കടമെടുത്തത് . ലക്ഷ്യമിട്ടതിനെക്കാൾ 33% അധികം. ഇപ്പോൾതന്നെ മൂന്നേകാൽ ലക്ഷം കോടി കടത്തിലുള്ള കേരളം വീണ്ടും വീണ്ടും കടമെടുത്തു മുന്നേറുകയാണ്.
മറ്റൊരു ഗുരുതരമായ സൂചന കൂടി സിഎജി മുന്നോട്ടു വയ്ക്കുന്നു. സംസ്ഥാനത്തിന്റെ ധനക്കമ്മിയും അതിഗുരുതര നിലയിലാണ്. അത് 34 ശതമാനത്തിലെത്തിയിരിക്കുന്നു. അതായതു വരവിന്റെ 34 % തുക അധികം ചെലവിട്ടു. 1999–2000 കാലയളവിലാണ് കേരളം ചരിത്രത്തിലെ എറ്റവും വലിയ ധനപ്രതിസന്ധിയിലായിരുന്നത്. അന്നു തപാൽ അയയ്ക്കാനോ സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനോ പോലും പണമില്ലായിരുന്നു. ട്രഷറികൾ പൂട്ടി. 37 ശതമാനമായിരുന്നു അന്നു ധനക്കമ്മി. ഇപ്പോൾ ധനക്കമ്മി 34 ശതമാനത്തിലെത്തിയെന്നാൽ അതിനർഥം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിക്കു തൊട്ടരികിലെത്തിയിരിക്കുന്നു എന്നാണ്.
വരവും ചെലവും (തുക കോടിയിൽ, ജനുവരി വരെയുള്ള കണക്ക്)
ഇനം ഇതുവരെ പ്രതീക്ഷിച്ചത്
നികുതി വരുമാനം 55,542 84,645
നികുതി ഇതര വരുമാനം 6,949 14,335
കടമെടുപ്പ് 44,313 33,112
റവന്യു ചെലവ് 1,19,531 1,48,712
പലിശച്ചെലവ് 38,479 58,998
ശമ്പളം, പെൻഷൻ 61,940 64,213
മൂലധനച്ചെലവ് 9,523 13,613
English Summary: Kerala budget 2022 special