കോവളം – ബേക്കൽ ജലപാതയിലൂടെയുള്ള യാത്രയ്ക്ക് എറണാകുളം പിന്നിടുന്നതോടെ ഭംഗി കൂടുകയാണ്. തൃശൂരിലെ കോട്ടപ്പുറം വരെ ദേശീയ ജലപാതയിലൂടെയാണു യാത്ര. ചെറായി ഭാഗത്തു മത്സ്യത്തൊഴിലാളികൾ സ്ഥാപിച്ചിരിക്കുന്ന ഊന്നുവലകൾ ബോട്ടുകൾക്കു ഭീഷണിയാണ്. ദേശീയ ഉൾനാടൻ ജലപാത അതോറിറ്റി നഷ്ടപരിഹാരം നൽകി വലകൾ മാറ്റിയിരുന്നെങ്കിലും

കോവളം – ബേക്കൽ ജലപാതയിലൂടെയുള്ള യാത്രയ്ക്ക് എറണാകുളം പിന്നിടുന്നതോടെ ഭംഗി കൂടുകയാണ്. തൃശൂരിലെ കോട്ടപ്പുറം വരെ ദേശീയ ജലപാതയിലൂടെയാണു യാത്ര. ചെറായി ഭാഗത്തു മത്സ്യത്തൊഴിലാളികൾ സ്ഥാപിച്ചിരിക്കുന്ന ഊന്നുവലകൾ ബോട്ടുകൾക്കു ഭീഷണിയാണ്. ദേശീയ ഉൾനാടൻ ജലപാത അതോറിറ്റി നഷ്ടപരിഹാരം നൽകി വലകൾ മാറ്റിയിരുന്നെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവളം – ബേക്കൽ ജലപാതയിലൂടെയുള്ള യാത്രയ്ക്ക് എറണാകുളം പിന്നിടുന്നതോടെ ഭംഗി കൂടുകയാണ്. തൃശൂരിലെ കോട്ടപ്പുറം വരെ ദേശീയ ജലപാതയിലൂടെയാണു യാത്ര. ചെറായി ഭാഗത്തു മത്സ്യത്തൊഴിലാളികൾ സ്ഥാപിച്ചിരിക്കുന്ന ഊന്നുവലകൾ ബോട്ടുകൾക്കു ഭീഷണിയാണ്. ദേശീയ ഉൾനാടൻ ജലപാത അതോറിറ്റി നഷ്ടപരിഹാരം നൽകി വലകൾ മാറ്റിയിരുന്നെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവളം – ബേക്കൽ ജലപാതയിലൂടെയുള്ള യാത്രയ്ക്ക് എറണാകുളം പിന്നിടുന്നതോടെ ഭംഗി കൂടുകയാണ്. തൃശൂരിലെ കോട്ടപ്പുറം വരെ ദേശീയ ജലപാതയിലൂടെയാണു യാത്ര. ചെറായി ഭാഗത്തു മത്സ്യത്തൊഴിലാളികൾ സ്ഥാപിച്ചിരിക്കുന്ന ഊന്നുവലകൾ ബോട്ടുകൾക്കു ഭീഷണിയാണ്. ദേശീയ ഉൾനാടൻ ജലപാത അതോറിറ്റി നഷ്ടപരിഹാരം നൽകി വലകൾ മാറ്റിയിരുന്നെങ്കിലും അവ പല സ്ഥലങ്ങളിലും തിരികെവന്നിട്ടുണ്ട്. അതോറിറ്റി പല തവണ കത്തുകളയച്ചെങ്കിലും സർക്കാർ നടപടിയെടുത്തിട്ടില്ല.

എറണാകുളം– കോട്ടപ്പുറം പാതയിൽ (31 കിലോമീറ്റർ) 2014ൽ 6 കോടി രൂപ മുടക്കി ഡ്രജിങ് നടത്തിയിരുന്നു. കാര്യമായ ചരക്കുനീക്കം ഉണ്ടാകാത്തതിനാൽ പിന്നീട് ഡ്രജിങ് നടന്നിട്ടില്ല. ചെറായി പാലത്തിനു കീഴിലൂടെ വലിയ ബോട്ടുകൾക്കു പോകാനാകില്ല. പാലത്തിന്റെ ഉയരംകൂട്ടാനുള്ള ശുപാർശ പരിഗണനയിലാണെന്നു ദേശീയ ഉൾനാടൻ ജലപാത അതോറിറ്റി മേഖലാ ഡയറക്ടർ മാത്യു ജോർജ് അറിയിച്ചു. ടൂറിസം വികസനത്തിനു മികച്ച സാധ്യതയുണ്ടെങ്കിലും പ്രയോജനപ്പെടുത്തിയിട്ടില്ല. വാണിജ്യസാധ്യതകളും മുതലെടുത്തിട്ടില്ല. അമ്പലമുകൾ ഭാഗത്തേക്കു ബാർജ് നീക്കമുണ്ട്. എന്നാൽ, കോട്ടപ്പുറം ഭാഗത്തേക്കു വാണിജ്യ ആവശ്യങ്ങൾക്കു ജലപാത ഉപയോഗിക്കുന്നില്ല.

ADVERTISEMENT

കോട്ടപ്പുറം മുതൽ ചേറ്റുവ വരെ 32 കിലോമീറ്ററിൽ തടസ്സമില്ല. മുസിരിസ് പദ്ധതിയുടെ ഭാഗമായി കോട്ടപ്പുറം ഭാഗത്തു സർവീസ് നടത്തുന്ന ബോട്ടുകൾക്കു ചേറ്റുവ വരെ പോകാൻ ബുദ്ധിമുട്ടില്ലെന്നു പഠനത്തിൽ കണ്ടെത്തിയിരുന്നു. ഈ പാത മെച്ചപ്പെടുത്താൻ കഴിഞ്ഞവർഷം പദ്ധതി ആരംഭിച്ചിരുന്നെങ്കിലും കോവിഡ് മൂലം മുടങ്ങി.

ചേറ്റുവ മുതൽ അണ്ടത്തോടു വരെ ചെറിയ പാലങ്ങളും ആഴം കുറഞ്ഞ കനാലുകളുമാണു തടസ്സം. ഒരുമനയൂർ ചീപ്പിന് 9 അടി മാത്രമാണു വീതി. കാരക്കടവിൽ പഴയ പാലത്തിന്റെ അവശിഷ്ടം പുഴയിലുണ്ട്. പാലങ്ങൾക്കു പലതിനും വീതിയില്ല. ബോട്ടുകൾ കടന്നുപോകുമ്പോൾ ഉയർത്താൻ കഴിയുന്ന പാലങ്ങളാണ് പലതും. പക്ഷേ, കാലപ്പഴക്കം മൂലം തുരുമ്പെടുത്ത നിലയിൽ. ചിലയിടങ്ങളിൽ കയ്യേറ്റം മൂലം വീതി കൈത്തോടുപോലെ. മരങ്ങൾ ചാഞ്ഞും പുഴയിലേക്കു ഒടിഞ്ഞും പലഭാഗത്തും യാത്രാതടസ്സമുണ്ട്. അണ്ടത്തോട് ഭാഗത്തെത്തുമ്പോൾ മറ്റൊരു വെല്ലുവിളിയുമുണ്ട്. വർഷത്തിൽ ഏറിയ പങ്കും ഇവിടെ ചണ്ടിയും കുളവാഴയും നിറഞ്ഞ് 3 കിലോമീറ്ററോളം ഭാഗത്ത് യാത്ര അസാധ്യമാകും.

പ്രതാപം മങ്ങിയ പാത

മലപ്പുറം ജില്ലയിൽ 55.3 കിലോമീറ്ററിലാണു ജലപാത കടന്നുപോകുന്നത്. ഒരു കാലത്ത് ജലഗതാഗതം സജീവമായിരുന്ന പൊന്നാനി- ചാവക്കാട് പാത ഇപ്പോൾ ഗതാഗതയോഗ്യമല്ല. ദേശീയ ജലപാതയുടെ മാനദണ്ഡപ്രകാരം 40 മീറ്റർ വീതിയും 2.2 മീറ്റർ ആഴവും വേണം. ഇതു പാലിക്കണമെങ്കിൽ പഴയ പൊന്നാനി പട്ടണത്തിന്റെ ഹൃദയഭാഗമുൾപ്പെടെ ഭൂമി ഏറ്റെടുക്കേണ്ടി വരും. കനോലി കനാലിലൂടെ കാഞ്ഞിരമുക്ക് പുഴ മുറിച്ചു കടന്ന് ഭാരതപ്പുഴയിലേക്കാണ് ഈ ജലപാത എത്തുന്നത്. പൊന്നാനി പട്ടണത്തിൽ ചില ഭാഗങ്ങളിൽ കനോലി കനാലിനു 10 മീറ്റർ പോലും വീതിയില്ല. ഈ ഭാഗത്ത് ആഴം കൂട്ടൽ നടക്കുന്നു. പൂർണമായി ഗതാഗതയോഗ്യമാക്കാൻ കനാലിനു കുറുകെയുള്ള 11 പാലങ്ങളും പൊളിച്ചു മാറ്റേണ്ടിവരും.

തിരൂർ വെട്ടം കാനൂരിൽനിന്നുള്ള കനോലി കനാലിന്റെ ദൃശ്യം.
ADVERTISEMENT

ഭാരതപ്പുഴ, പൊന്നാനി- തിരൂർ പുഴ, കനോലി കനാൽ (കൂട്ടായി -താനൂർ കനാൽ) വഴിയാണു തിരൂരിലൂടെ പാത കടന്നുപോകുന്നത്. ജലപാത നിർമാണത്തിന് ഇനി തിരൂരിൽ 10.3 ഹെക്ടർ ഏറ്റെടുക്കേണ്ടിവരും. 33 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം. 10 പാലങ്ങൾ പുതുക്കിപ്പണിയണം. കൂട്ടായി- താനൂർ കനാലിന് 30 മീറ്റർ വരെ വീതിയുണ്ട്. പക്ഷേ, 22 പാലങ്ങൾ പൊളിക്കണം.

പുഴ കടന്ന്, കടൽ കണ്ട്...

കോഴിക്കോട് ജില്ലയിൽ 109.92 കിലോമീറ്ററിലാണു ജലപാത. കടലുണ്ടിപ്പുഴയിൽനിന്നു വടക്കുമ്പാട് പുഴയിലേക്കു പ്രവേശിക്കും. വടക്കുമ്പാട് പുഴയിലെ റെയിൽ പാലം ഉൾപ്പെടെ 4 പാലങ്ങൾ പൊളിക്കേണ്ടിവരും. പുഴയ്ക്ക് ശരാശരി 50 മീറ്റർ വീതിയുണ്ട്. പക്ഷേ, പലയിടത്തും ആഴം കുറവ്. ചാലിയാറിൽ തടസ്സം ഫറോക്കിലെ 3 പാലങ്ങളാണ്.

വഴി തടഞ്ഞ് മരങ്ങൾ

ADVERTISEMENT

ചാലിയാറിനെയും കല്ലായിപ്പുഴയെയും ബന്ധിപ്പിക്കുന്ന ബികെ കനാലിലൂടെ (ബേപ്പൂർ–കല്ലായി കനാൽ) യാത്ര സാധ്യമാകണമെങ്കിൽ പലയിടത്തും സ്ഥലം ഏറ്റെടുക്കണം. ബികെ കനാലിന്റെ പരമാവധി ആഴം ഒരു മീറ്ററാണ്. 16 മുതൽ 45 മീറ്റർ വരെ വീതിയുണ്ട്. പക്ഷേ, കൊടുംവളവുകൾ തടസ്സമാണ്. ഇവിടെ ഭൂമി ഏറ്റെടുത്തു വീതി കൂട്ടേണ്ടിവരും. 6 പാലങ്ങൾ പൊളിച്ചു പണിയേണ്ടിവരും. പൂളക്കടവ്, ഒടുമ്പ്ര ഭാഗങ്ങളിൽ പുഴയ്ക്ക് വീതിയും ആഴവും വളരെ കുറവാണ്. ഇവിടെ പുഴയിലേക്കു ചാഞ്ഞുനിൽക്കുന്ന ധാരാളം മരങ്ങളുണ്ട്. 100 മീറ്റർ വരെ വീതിയുള്ള പുഴയിൽ ചെളിയടിഞ്ഞു കൂടിയതിനാൽ ആഴം കൂട്ടേണ്ടിവരും.

കോഴിക്കോട് കനോലി കനാലിനു കുറുകെയുള്ള വീതി കുറഞ്ഞ പുതിയറ പാലം.

കോരപ്പുഴയെയും കല്ലായിപ്പുഴയെയും ബന്ധിപ്പിക്കുന്ന കനോലി കനാൽ കോഴിക്കോട് നഗരമധ്യത്തിലൂടെയാണു കടന്നുപോകുന്നത്. മൂരിയാടുനിന്നു തുടങ്ങി എരഞ്ഞിക്കൽ വരെ നീളുന്ന കനാലിന് ഒരിടത്തു പോലും ദേശീയ മാനദണ്ഡപ്രകാരമുള്ള വീതിയില്ല. ചില സ്ഥലങ്ങളിൽ വെറും 6 മീറ്റർ മാത്രം. കനാലിന്റെ ഇരുവശവും റോഡാണ്. അതിനാൽ, ഇവിടെ മേൽപാത നിർമിക്കണമെന്ന ശുപാർശ ജലസേചനവകുപ്പ് സമർപ്പിച്ചിട്ടുണ്ട്.

ഇവിടെ ആഴം കൂട്ടിയാൽ സംരക്ഷണഭിത്തിയും റോഡും തകരും. ആഴം കൂട്ടാൻ കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (ക്വിൽ) ഏറ്റെടുത്ത 46 ലക്ഷം രൂപയുടെ പദ്ധതി പാതിവഴിയിൽ നിലച്ചത് അതിനാലാണ്. കനാൽ നവീകരണം തുടങ്ങിയ ശേഷം കാരപ്പറമ്പ്–കുണ്ടൂപറമ്പ് റോഡിൽ രണ്ടു തവണ സംരക്ഷണഭിത്തിയിടി‍‍‍‍ഞ്ഞു. മൂന്നു സ്ഥലങ്ങളിൽ കനോലി കനാലിന്റെ സംരക്ഷണഭിത്തി പുനർനിർമിക്കാൻ ജലസേചനവകുപ്പ് 2.89 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്.

കനോലി കനാൽ വികസിപ്പിക്കുന്നതിനു കിഫ്ബി സഹായത്തോടെ 1118 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. കോഴിക്കോടിനെ കനാൽ സിറ്റി എന്നു വിശേഷിപ്പിക്കാവുന്ന തരത്തിൽ കനോലി കനാൽ വികസിപ്പിക്കുകയാണു ലക്ഷ്യം. കനോലി കനാലിൽ നടപ്പാലങ്ങൾ ഉൾപ്പെടെ 25 പാലങ്ങൾ പൊളിച്ചു പണിയേണ്ടിവരും. പിന്നീട് ജലപാത കടന്നുപോകുന്ന കോരപ്പുഴയ്ക്ക് ശരാശരി 50 മീറ്ററോളം വീതിയുണ്ട്. ഇവിടെ ജലസേചനവകുപ്പിന്റെ ഡ്രജിങ് നടക്കുന്നുണ്ട്. കോരപ്പുഴ പാലത്തിന്റെ സ്പാനുകൾക്കു വീതിയില്ല. ടൂറിസ്റ്റുകൾക്കായി സ്പീഡ് ബോട്ട് സർവീസുകൾ ഈ റൂട്ടിലുണ്ട്. മുൻപ് യാത്രാ ബോട്ടുകളും ഉണ്ടായിരുന്നു.

അകലാപ്പുഴയെയും കുറ്റ്യാടിപ്പുഴയെയും ബന്ധിപ്പിക്കുന്ന പയ്യോളി കനാൽ പയ്യോളിയിലെ അങ്ങാടി ടൗണിന്റെ മധ്യത്തിലൂടെയാണു കടന്നുപോകുന്നത്. ഈ ഭാഗത്ത് 7 മീറ്റർ മാത്രമാണു കനാലിന്റെ വീതി. അങ്ങാടിയിലെ പാലത്തിന് ഉയരമില്ല. പയ്യോളി കനാലിൽനിന്ന് വടകര– മാഹി കനാലിന്റെ തുടക്കം വരെയുള്ള കുറ്റ്യാടിപ്പുഴയുടെ 5.6 കിലോമീറ്ററിൽ തടസ്സങ്ങളില്ല.

കുറ്റ്യാടിപ്പുഴയെയും മാഹിപ്പുഴയെയും ബന്ധിപ്പിക്കുന്ന വടകര– മാഹി കനാലിനായി 60 വർഷം മുൻപു തന്നെ സർക്കാർ സ്ഥലം ഏറ്റെടുത്തിരുന്നു. നടപ്പാലങ്ങൾ പുനർനിർമിച്ചു. റോഡ് പാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. മാങ്ങാംമൂഴിയിൽ പുതിയ ഷട്ടർ കം ബ്രിജിന്റെ പണി തുടങ്ങി. മാങ്ങാംമൂഴി മുതൽ കന്നിനട വരെയുള്ള ഭാഗത്തു കനാലിനു വീതിയില്ല. ഇവിടെ സ്ഥലം ഏറ്റെടുക്കാൻ നടപടി ആരംഭിച്ചു.

ചതുപ്പായതിനാൽ സംരക്ഷണഭിത്തി കെട്ടുന്നതിന് തടസ്സമുണ്ട്. കളിയാവള്ളി പാലം മുതൽ തുരുത്തിമുക്ക് വരെയുള്ള ഭാഗത്തും ചതുപ്പുനിലമായതിനാൽ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരും. കന്നിനട മുതൽ നരിക്കോത്തു വരെയുള്ള 3.30 കിലോമീറ്ററിൽ നവീകരണം പൂർത്തിയായി. എന്നാൽ നരിക്കോത്ത് മുതൽ കല്ലേരി വരെയുള്ള 3.24 കിലോമീറ്ററിൽ നവീകരണം പാതിവഴിയിലാണ്.

വരണം പുതിയ കനാൽ

മാഹി – വളപട്ടണം റീച്ചിൽ മൂന്നിടത്തു കനാൽ നിർമിക്കേണ്ടിവരുമെന്നാണു സർവേ റിപ്പോർട്ട്. എരഞ്ഞോളി പുഴയിൽ എരഞ്ഞോളി മുതൽ പാനൂർ വരെയുള്ള 9.2 കിലോമീറ്ററിലും പാനൂർ മുതൽ ധർമടം വരെ 850 മീറ്ററിലും ധർമടം മുതൽ വളപട്ടണം വരെ 16 കിലോമീറ്ററിലുമാണു പാത നിർമിക്കേണ്ടത്. എരഞ്ഞോളി– പാനൂർ ഭാഗത്ത് അഞ്ചര കിലോമീറ്ററിൽ സർവേ പൂർത്തിയായി.

തലശ്ശേരി ഇല്ലിക്കുന്നിനു സമീപത്തുകൂടി ജലപാത കടന്നുപോകുന്ന ഭാഗം.

പെരിങ്ങത്തൂർ ചാടാലപ്പുഴ പാലത്തിന് 300 മീറ്റർ താഴെനിന്നു തുടങ്ങി പൊന്ന്യത്തിനു സമീപം എരഞ്ഞോളി പുഴയിലേക്ക് എത്തുന്ന തരത്തിലുള്ള അലൈൻമെന്റാണ് പരിഗണിക്കുന്നത്. അവിടെ നിന്ന് ധർമടത്തിനു സമീപം വരെ എത്താം. ഇവിടെനിന്നു തലശ്ശേരി വില്ലേജിൽ ഉൾപ്പെട്ട 850 മീറ്റർ ഭാഗത്തു പുതിയ പാത നിർമിച്ച് ധർമടം പുഴയുമായി ബന്ധിപ്പിക്കാനാണു പദ്ധതി. പിന്നീട് ധർമടം പുഴയിലൂടെ മമാക്കുന്ന് പാലത്തിനു സമീപം വരെ പാതയെത്തും. വളപട്ടണം വരെ പാത നിർമിക്കണം. ഇതിനു സർവേ പുരോഗമിക്കുന്നു. കാട്ടാമ്പള്ളിക്കു സമീപം വളപട്ടണം പുഴയിലേക്കാണു മമാക്കുന്നിൽനിന്നു ജലപാത വന്നുചേരുക.

കാട്ടാമ്പള്ളിയിൽ നിന്നു നീലേശ്വരം വരെ നിലവിൽ പാതയുണ്ട്. വളപട്ടണം പുഴയിലാണ് അഴീക്കൽ തുറമുഖമെന്നതിനാൽ ചരക്കുനീക്കം സുഗമമാകും. മലനാട് റിവർ ക്രൂസ് ടൂറിസവുമായി ബന്ധപ്പെട്ട് ബോട്ട് ജെട്ടികൾ ഒരുങ്ങുന്നതിനാൽ ഈ പാതയിൽ ടൂറിസത്തിനും വൻ സാധ്യതകളുണ്ട്. വളപട്ടണം പുഴയിൽനിന്ന് കുപ്പം പുഴവഴി സുൽത്താൻ കനാലിലൂടെ പാലക്കോട് പുഴയിലേക്കു കടക്കാം.

1766ൽ, സുൽത്താൻ ഹൈദരാലിയുടെ മലബാർ പടയോട്ടക്കാലത്ത് കണ്ണൂരിലെ അറയ്ക്കൽ രാജവംശത്തിലെ അറയ്ക്കൽ ബീവിയുടെ ഭർത്താവായ സുൽത്താൻ ആലിരാജയാണ് ‍ഈ കനാൽ വെട്ടിയുണ്ടാക്കിയത്. 1999ൽ നായനാർ സർക്കാരിന്റെ കാലത്ത് കനാൽ ആഴം കൂട്ടി നവീകരിച്ചു. ഇപ്പോൾ മത്സ്യബന്ധന ബോട്ടുകൾ മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്.

സുൽത്താൻ കനാൽ പാലക്കോട് പുഴയിൽ വന്നുചേരുന്ന ഭാഗം അതിമനോഹരമാണ്. ചൂട്ടാട് തീരം തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമാണ്. കയാക്കിങ്ങിനും ബോട്ടിങ്ങിനും പെരുമകേട്ട കവ്വായി വഴിയാണു ജലപാത മുന്നോട്ടുപോകുക. കവ്വായിൽനിന്ന് നീലേശ്വരംവരെയെത്താൻ തേജസ്വിനിയെന്ന് അറിയപ്പെടുന്ന കാര്യങ്കോട് പുഴയാണ് ആശ്രയം. രാമന്തളി മുതൽ അയിറ്റിവരെയുള്ള ഭാഗത്ത് യാത്രാ ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് വഞ്ചിവീടുകളും സ്പീഡ് ബോട്ടുകളും ഉണ്ട്. ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മികച്ച നിലവാരത്തിൽ ബോട്ട് ജെട്ടികളും ഒരുങ്ങുന്നു.

നീലേശ്വരം കോട്ടപ്പുറം മുതൽ ചിത്താരി പഴയപാലം വരെ 23 കിലോമീറ്റർ. കോട്ടപ്പുറത്തു നിന്നു നീലേശ്വരം പുഴയിലൂടെയാണു ജലപാത. നമ്പ്യാർക്കാൽ വഴി അരയി കോട്ടക്കടവിൽ എത്തിയാൽ സമീപത്തെ ചെറുതോടുകൾ വഴി ചിത്താരി പുഴയിലേക്കു പ്രവേശിക്കും.

കോട്ടക്കടവ് മുതൽ മഡിയൻ വരെയുള്ള 6.5 കിലോമീറ്റർ പാതയിൽ ചെറുതോടുകൾ വീതി കൂട്ടിയും ദേശീയപാത ഉൾപ്പെടെ മുറിച്ചുകടന്നും പുതിയ കനാൽ ഒരുക്കണം. കോട്ടപ്പുറത്തെ മാട്ടുമ്മൽ നടപ്പാലം, അരയി കോട്ടക്കടവ് തൂക്കുപാലം എന്നിവ പൊളിച്ചു പുതുക്കിപ്പണിയേണ്ടിവരും. നമ്പ്യാർക്കൽ അണക്കെട്ടിനെ തൊടാതെ ചെറുതോട്ടിലൂടെ വഴിതിരിഞ്ഞ് ജലപാത അരയിപ്പുഴയിലേക്കു പ്രവേശിക്കും.

അരയി കോട്ടക്കടവിൽ നിന്ന് 6.5 കിലോമീറ്റർ പുതിയ കനാൽ തീർത്ത് മഡിയൻ തോട് വഴിയാണ് ചിത്താരിപ്പുഴയിൽ എത്തുക.ചിത്താരി പഴയപാലം വരെയാണ് ആദ്യഘട്ടത്തിൽ ഡ്രോൺ സർവേ നടത്തിയതെങ്കിലും ഇവിടെ നിന്നു ബേക്കലിലേക്കുള്ള 4 കിലോമീറ്റർ കൂടി പാതയുടെ ഭാഗമാക്കാനാണു സർക്കാർ ആലോചിക്കുന്നത്.

കാഞ്ഞങ്ങാട് അരയി കോട്ടക്കടവ് തൂക്കുപാലം.

കപ്പക്കിഴങ്ങ് എത്തിച്ച കനോലി കനാൽ

പൊന്നാനിയിൽനിന്നു ചാവക്കാട്ടേക്ക് 236 യാത്രാ തോണികളും 220 ചരക്കു തോണികളും സർവീസ് നടത്തിയിരുന്നതായി ജലസേചന വകുപ്പിന്റെ രേഖകളിലുണ്ട്. ഇപ്പോൾ റോഡിനോടു ചേർന്നു വീടുവയ്ക്കുന്നതുപോലെ അന്നു കനാലിനോടു ചേർന്നുള്ള സ്ഥലങ്ങൾക്കായിരുന്നു ആവശ്യക്കാർ കൂടുതൽ. ചന്തയിലേക്കുള്ള കച്ചവട സാധനങ്ങൾ മുതൽ കെട്ടിട നിർമാണത്തിനുള്ള മരങ്ങൾ വരെ എത്തിച്ചിരുന്നതു തോണിയിലാണ്. കനോലി കനാൽ നിർമിക്കാൻ മുൻകയ്യെടുത്തത് അന്നത്തെ മലബാർ കലക്ടറായിരുന്ന എച്ച്.വി. കനോലിയാണ്. ഏലത്തൂർ പുഴയ്ക്കും കല്ലായി പുഴയ്ക്കും ഇടയിലായിരുന്നു ആദ്യ കനാൽ.

രാത്രിയിൽ റാന്തൽ വെളിച്ചത്തിൽ ഒപ്പനപ്പാട്ടുമായി തോണിയിൽ വരുന്ന ‘വിവാഹ കൂട്ടിക്കൊണ്ടു വരവുകൾ’ കനാലിലെ ഉത്സവക്കാഴ്ചയായിരുന്നു. കനാലിന്റെ ഇരുകരയിലും വരവു കാണാൻ ജനം നിറയും. 25 വർഷം മുൻപുവരെ ഈ കാഴ്ച പതിവായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. പഞ്ഞമാസത്തിൽ സർക്കാർ വിതരണം ചെയ്തിരുന്ന കപ്പക്കിഴങ്ങ് തോണിയിലായിരുന്നു എത്തിച്ചത്. സർക്കാരിന്റെ കപ്പക്കിഴങ്ങെത്തുന്ന ദിവസവും കരയ്ക്ക് ആഘോഷമായിരുന്നു.

ഉൾനാടൻ ജലഗതാഗതം ഏറ്റവും ഫലപ്രദമായി നടക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖം നെതർലൻഡ്സിലെ റോട്ടർഡാം ആണ്. റോട്ടർഡാമിൽ കപ്പലിൽ എത്തുന്ന ചരക്കിന്റെ വലിയൊരു ഭാഗം മറ്റു രാജ്യങ്ങളിലേക്കു കൊണ്ടുപോകുന്നതു ബാർജുകൾ വഴിയാണ്. റൈൻ നദിയുടെ കരയിൽ നിന്നാൽ 5 മിനിറ്റിൽ ഒരു ബോട്ടോ ബാർജോ നീങ്ങുന്നതു കാണാം. തുടർച്ചയായി ഡ്രജിങ് നടത്തിയാണ് അവർ ജലപാതകൾ പരിപാലിക്കുന്നത്. ജലപാതകൾ വഴിയുള്ള സർവീസ് ടൂറിസം രംഗത്ത് ഉണ്ടാക്കിയ കുതിപ്പ് നിസ്സാരമല്ല. യൂറോപ്യൻ രാജ്യങ്ങളുടെ ഈ മാതൃക ഇന്ത്യയിൽ ഏറ്റവും ഫലപ്രദമായി നടപ്പാക്കാവുന്ന സംസ്ഥാനമാണു കേരളം. ജലപാതകൾ നമ്മൾ വേണ്ടരീതിയിൽ വിനിയോഗിക്കുന്നില്ല. കേരളത്തിലെ നിരത്തുകളിലെ തിരക്ക് കുറയ്ക്കാൻ ജലപാതകൾ വഴിയുള്ള ചരക്കുനീക്കം വ്യാപിപ്പിക്കണം. കോവളം– ബേക്കൽ ജലപാത സമയബന്ധിതമായി പൂർത്തിയായാൽ ഭാവി വികസനത്തിൽ നിർണായകഘടകമാകും. ടൂറിസം വികസനത്തിൽ വലിയ കുതിപ്പുണ്ടാകും. നെതർലൻഡ്സ് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇക്കാര്യത്തിൽ സഹകരണത്തിനുള്ള സാധ്യതകളും തേടുന്നുണ്ട്

(പരമ്പര അവസാനിച്ചു)

∙ ഭാഗം 1: തെളിയുമോ ജലരേഖ?

∙ ഭാഗം 2: മറഞ്ഞ് മധുരക്കാഴ്ച

Content Highlight: Kovalam-Bekal waterway Project