ദീർഘകാലം ഡൽഹി കേന്ദ്രമാക്കി പ്രവർത്തിച്ച രണ്ട് ഉന്നത നേതാക്കൾ കേരളത്തിലേക്ക് മടങ്ങിവന്നിരിക്കുന്നു; എ.കെ.ആന്റണിയും എസ്.രാമചന്ദ്രൻ പിള്ളയും. ഇരുവരുടെയും ഇനിയുള്ള ‘റോൾ’ എന്തെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയകേന്ദ്രങ്ങൾ 

കോൺഗ്രസിനെയും സിപിഎമ്മിനെയും ദേശീയതലത്തിൽ അതിദീർഘകാലം നയിച്ച രണ്ട് ഉന്നതനേതാക്കൾ അവരുടെ ഡൽഹി ജീവിതം ഉപേക്ഷിച്ച് ഒരേ സമയം കേരളത്തിലേക്കു മടങ്ങിവന്നിരിക്കുകയാണ്; എ.കെ.ആന്റണിയുടെയും എസ്.രാമചന്ദ്രൻ പിള്ളയുടെയും ഇനിയുള്ള കേരളത്തിലെ ‘റോൾ’ എന്തായിരിക്കുമെന്ന ആകാംക്ഷ രണ്ടു പാർട്ടികളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ശക്തവുമാണ്.

മൂന്നു തവണ കേരളത്തിന്റെ മുഖ്യമന്ത്രിയും എട്ടു വർഷത്തോളം ഇന്ത്യയുടെ പ്രതിരോധമന്ത്രിയും ആയിരുന്ന ആന്റണി രാഷ്ട്രീയ തലപ്പൊക്കത്തിൽ തീർച്ചയായും മുന്നിലാണ്. ബ്രാഞ്ച് സെക്രട്ടറിയായി തുടങ്ങി പൊളിറ്റ്ബ്യൂറോ അംഗം വരെയായ എസ്.രാമചന്ദ്രൻപിള്ള ആന്റണിക്കൊപ്പം രാജ്യസഭാംഗമായിരുന്നു. പക്ഷേ, രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടക്കത്തിൽ കായംകുളത്തു മുനിസിപ്പൽ കൗൺസിലറായതൊഴിച്ചാൽ എസ്ആർപി എംഎൽഎയോ മന്ത്രിയോ ലോക്സഭാംഗമോ ആയിട്ടില്ല. പാർട്ടി സംഘടനയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ കളിക്കളം.

അതു മാറ്റിനിർത്തിയാൽ ഈ രണ്ട് ആലപ്പുഴക്കാർക്കും സമാനതകളേറെയാണ്. ആക്ഷേപങ്ങൾ ഉയരാത്ത സംശുദ്ധ രാഷ്ട്രീയജീവിതത്തിന്റെയും ലളിതജീവിത ശൈലിയുടെയും ഉടമകളാണ് രണ്ടുപേരും. കോൺഗ്രസിൽ ആന്റണി പിടിച്ചുപറ്റിയിരുന്ന സ്നേഹാദരങ്ങൾ‍ സിപിഎമ്മിനുള്ളിൽ എസ്ആർപിക്കും ലഭിച്ചു വന്നിരുന്നു. ഡൽഹിയിൽ ഇരുന്നുകൊണ്ട്  കേരളത്തിലെ കോൺഗ്രസിൽ എത്രത്തോളം സ്വാധീനശക്തിയായി ആന്റണി തുടർന്നോ അത്രത്തോളം തന്നെ നിയന്ത്രണം കേരളത്തിലെ പാർട്ടിയുടെ കാര്യങ്ങളിൽ എസ്ആർപിക്കുണ്ടായി. ഇരുപാർട്ടികളുടെയും കേന്ദ്ര, കേരള നേതൃത്വങ്ങൾ രണ്ടു നേതാക്കൾക്കും ഉപദേശകസ്ഥാനം തന്നെ കൽപിച്ചിരുന്നു. അങ്ങനെ കോൺഗ്രസിനും സിപിഎമ്മിനും മാർഗദർശികളായ രണ്ടു മുതിർന്ന നേതാക്കളാണ് ഒരേസമയം അവരുടെ പ്രവർത്തനം കേരളത്തിലേക്കു പറിച്ചുനട്ടിരിക്കുന്നത്. തിരുവനന്തപുരത്തു വിശ്രമജീവിതം ചെലവിടുക മാത്രമാകും ഈ രണ്ടുപേരുമെന്ന് ആരും കരുതുന്നുമില്ല.

ഐക്യം ഉറപ്പിക്കുമോ ആന്റണി? 

തിരിച്ചെത്തിയ എ.കെ.ആന്റണി വഴുതക്കാട്ടെ ‘അഞ്ജനം’ എന്ന കൊച്ചുവീട്ടിൽതന്നെയാണു താമസമാക്കിയത്. ഭാര്യ എലിസബത്തും ഇളയമകൻ‍ അജിത്തും അദ്ദേഹത്തിനൊപ്പമുണ്ട്. രണ്ടാംതവണ ബാധിച്ച കോവിഡിന്റെ കെടുതികളിൽനിന്നു മുക്തനായി വരുന്നതേയുള്ളൂവെന്നതിന്റെ പേരിലാണ് ‘ചിന്തൻശിബിര’ത്തി‍ൽ നിന്നു വിട്ടുനിന്നതെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ നിന്നുള്ള പിൻവാങ്ങലിന് ആന്റണി അതുവഴി അടിവരയിട്ടുകഴി‍ഞ്ഞു. 

എൺപതുകളുടെ ആദ്യം കോൺഗ്രസിന്റെ ദേശീയ നേതൃനിരയുടെ ഭാഗമായി അദ്ദേഹം മാറിയപ്പോൾ ഒപ്പമുണ്ടായിരുന്നവരിൽ അംബികാ സോണി മാത്രമേ ഇപ്പോഴും അവിടെ സജീവമായിട്ടുള്ളൂ. അഹമ്മദ് പട്ടേലിന്റെ വിയോഗം ആന്റണിയെ വല്ലാതെ ഉലയ്ക്കുകയും ചെയ്തു. സഹപ്രവർത്തകരായിരുന്ന പലരും വിടപറയുകയോ ഡൽഹി ജീവിതം അവസാനിപ്പിക്കുകയോ ചെയ്തത് കേരളത്തിലേക്കുള്ള തിരിച്ചുവരവിനു പ്രേരണയായി. ‘ചിന്തൻശിബിര’ത്തിൽ ഉയർന്ന ‘തലമുറമാറ്റത്തിനു’വേണ്ടിയുള്ള യുവജനങ്ങളുടെ മുറവിളി അദ്ദേഹം മുൻകൂട്ടി തിരിച്ചറിയുകയും ചെയ്തു.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വത്തിലേക്കു വന്നപ്പോൾ തന്നെ കേരള കാര്യങ്ങളിൽ ഇനി ഇടപെടാനില്ലെന്നു തീരുമാനിച്ച ആന്റണി, മടങ്ങി വന്നതിന്റെ പേരിൽ ആ സമീപനത്തിൽ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് ആരും കരുതുന്നില്ല. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമാണ് അദ്ദേഹത്തിന് ഇന്നു കേരളത്തിലെ പാർട്ടിയുടെ ഒന്നും രണ്ടും നേതാക്കൾ. എന്നാൽ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ, മുൻ കെപിസിസി പ്രസിഡന്റുമാരായ കെ.മുരളീധരൻ, വി.എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം.ഹസൻ എന്നീ മുതിർന്ന നേതാക്കൾ ആ നേതൃത്വത്തിനു ശക്തി പകരാൻ കൂടിയേ കഴിയൂവെന്ന് ആന്റണി വിശ്വസിക്കുന്നു. ആ മുതിർന്ന നേതൃനിരയുടെ ഭാഗമായി പ്രവർത്തിക്കാനാണ് അദ്ദേഹം താൽപര്യപ്പെടുന്നത്. എന്നാൽ, ഈ നേതാക്കളെ എല്ലാവരെയും കൂട്ടിയിണക്കുന്ന കണ്ണിയായി മാറാനും ഐക്യത്തോടെ നീങ്ങണമെന്ന് അവരോടു ശാസനാപൂർവം പറയാനും ആന്റണിക്കേ കഴിയൂവെന്ന് ഒരു വലിയ വിഭാഗം നേതാക്കൾ കരുതുന്നു.

ഇപ്പോഴത്തെ സംഘടനാ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് പ്രവർത്തകസമിതി അംഗത്വം ഉപേക്ഷിക്കാൻ ആന്റണി തീരുമാനിച്ചു കഴിഞ്ഞു. മറ്റു പദവികളിലേക്കും ഇനിയില്ല. പക്ഷേ, ‘ഇന്ദിരാഭവനിൽ’ തനിക്കായി മാറ്റിവച്ചിരിക്കുന്ന മുറിയിൽ ദിവസേന വൈകിട്ട് അദ്ദേഹം എത്തുകയും സന്ദർശകരെ കാണുകയും ചെയ്യുന്നുണ്ട്. 25നു ശേഷം തൃക്കാക്കരയിൽ ഒരു ദിവസത്തെ പ്രചാരണത്തിനും പോകും.

ആശയ പ്രചാരകനായി എസ്ആർപി 

തിരുവനന്തപുരം മെഡിക്കൽ കോളജിനു സമീപം മകളുടെ വസതിയിൽ സ്ഥിരതാമസക്കാരനായി മാറിയ എസ്.രാമചന്ദ്രൻ പിള്ളയും ദിവസവും എകെജി സെന്ററിൽ എത്തുന്നു. രാവിലെ 9 മുതൽ സന്ധ്യവരെ വായനയും ചർച്ചകളും യോഗങ്ങളുമായി അദ്ദേഹം അവിടെയുണ്ടാകും. 

പ്രായപരിധി പിന്നിട്ടതിന്റെ പേരിൽ പൊളിറ്റ്ബ്യൂറോയിൽ നിന്നൊഴിഞ്ഞ എസ്ആർപി കേന്ദ്രകമ്മിറ്റിയിൽ ക്ഷണിതാവാണെങ്കിലും ഇവിടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുക്കുന്നില്ല. പുതിയ തലമുറയ്ക്കായി മാറിക്കൊടുത്ത ശേഷവും പാർട്ടി ഫോറങ്ങളിൽ നടക്കുന്ന ചർച്ചകളിലെ നിർണായക സ്വാധീനമായി പഴയ തലമുറ തുടരേണ്ടതില്ലെന്ന ധാരണയുടെ അടിസ്ഥാനത്തിലാണത്. ആശയ പ്രചാരണത്തിന്റെ കടിഞ്ഞാണാണ് അദ്ദേഹത്തിന്റെ കയ്യിൽ. എകെജി പഠന ഗവേഷണ കേന്ദ്രം, ഇഎംഎസ് അക്കാദമി, ജില്ലകളിലെ സമാന അക്കാദമിക് സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം ശക്തിപ്പെടുത്താനും കൂടുതൽ കേഡർമാരെ ഈ രംഗത്തേക്കു വിന്യസിക്കാനും ഉള്ള ദൗത്യമാണ് എസ്ആർപി ഏറ്റെടുത്തിരിക്കുന്നത്.

എന്നാൽ, ഔദ്യോഗികമായോ സാങ്കേതികമായോ എന്തെങ്കിലും പദവികൾ ഈ സ്ഥാപനങ്ങളിലൊന്നും എസ്.രാമചന്ദ്രൻ പിള്ള വഹിക്കുന്നില്ല. സഹപ്രവർത്തകർക്കും പാർട്ടിക്കും വഴിവിളക്കുകളായി പ്രകാശിക്കുക എന്നതാണ് ഇനി അദ്ദേഹത്തിലും എ.കെ.ആന്റണിയിലും നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം.

English Summary: AK Antony and S Ramachandran Pillai returns to Kerala and new role