സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽനിന്ന് രണ്ടു വർഷത്തിനിടെ പിടിച്ചെടുത്തത് 650.63 കോടി രൂപയുടെ 1434.16 കിലോ സ്വർണം. എന്നാൽ, കോഴിക്കോട്ട്  50–75,കൊച്ചിയിൽ 40, കണ്ണൂരിൽ 20 കിലോ വീതം സ്വർണം പ്രതിദിനം കടത്തുന്നുണ്ടെന്ന് കള്ളക്കടത്തു സംഘാംഗം വെളിപ്പെടുത്തുന്നു

കേരളത്തിലെ, പ്രത്യേകിച്ചു മലബാറിലെ സ്വർണക്കടത്ത് ഏകോപിപ്പിക്കാൻ ആരെങ്കിലുമുണ്ടോ? ഉണ്ടെന്നാണു ചില കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. ഉത്തരേന്ത്യക്കാരനായ ഒരാൾ അടിക്കടി കോഴിക്കോട്ടെത്തുന്നുണ്ട്. കോഴിക്കോട് വിമാനത്താവളത്തിൽ, സ്വർണ കള്ളക്കടത്തിനു സഹായം നൽകിയതുമായി ബന്ധപ്പെട്ടു ജോലി നഷ്ടപ്പെട്ട ഉദ്യോഗസ്ഥനാണയാൾ. തുടർന്നു കേസിൽ പ്രതിയാവുകയും കള്ളക്കടത്ത് നിരോധന നിയമം (കൊഫേപോസ) പ്രകാരം ജയിലിലാവുകയും ചെയ്തു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വർണം കടത്തുന്ന രീതിയായ ‘സെറ്റിങ്ങിന്’ തയാറാകുന്ന കേരളത്തിലെ ഉദ്യോഗസ്ഥരെ കണ്ടെത്തുകയും സ്വർണക്കടത്ത് സുഗമമാക്കുകയും ചെയ്യുകയാണ് ഇയാളുടെ പ്രധാന ചുമതല. ജോലിയിലിരിക്കെത്തന്നെ ഇയാൾ കള്ളക്കടത്തു സംഘങ്ങളുമായി നല്ല ബന്ധമുണ്ടാക്കിയിരുന്നു. പുതിയ കടത്തുരീതികളും ഇയാൾ സ്വർണക്കടത്തു സംഘങ്ങൾക്ക് ഉപദേശിക്കാറുണ്ടത്രേ. മുംബൈയടക്കമുള്ള വിമാനത്താവളങ്ങളിലെ സ്വർണക്കടത്തു സംഘങ്ങളുമായും ഇയാൾക്കു ബന്ധമുള്ളതായി വിവരമുണ്ട്.  

സ്വർണക്കടത്തിന്റെ ഔദ്യോഗിക വഴി

2021 നവംബറിലാണ്, കോഴിക്കോട് വിമാനത്താവളത്തിൽ ആ സംഭവം നടന്നത്. യാത്രക്കാരനിൽനിന്ന് 600 ഗ്രാം സ്വർണം പിടിച്ചെടുത്തു. പക്ഷേ, സംഭവം കേസായില്ല. തിരിമറിയെപ്പറ്റി വിവരം ലഭിച്ചതോടെ കസ്റ്റംസ് പ്രിവന്റീവ് ഹെഡ്ക്വാർട്ടേഴ്സ് യൂണിറ്റ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സ്വർണം ഒളിപ്പിച്ച ഇലക്ട്രോണിക് സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. അതിൽ, സ്വർണമില്ല. പിടിച്ചെടുത്ത സാധനങ്ങൾ സൂക്ഷിക്കേണ്ട സ്ട്രോങ് റൂമിലല്ല അവയുള്ളത്. മറ്റിടങ്ങളിലാണ്. ചേരുംപടി ചേരാത്ത മൊഴികൾ. 

പിടികൂടിയ 600 ഗ്രാം സ്വർണം, 3 ഉദ്യോഗസ്ഥർ ചേർന്ന് സ്വർണക്കടത്തു സംഘത്തിനു തന്നെ മറിച്ചു കൊടുക്കുകയായിരുന്നുവെന്നു പിന്നീടു വ്യക്തമായി. 3 പേരെയും സസ്പെൻഡ് ചെയ്തു. ഏതു സംഘത്തിന്റേതാണെന്നു തിരിച്ചറിഞ്ഞില്ലെങ്കിലും അതിനു മുൻപും സമാനരീതിയിൽ 600 ഗ്രാം സ്വർണം വിമാനത്താവളത്തിനു പുറത്തെത്തിച്ചതായി കണ്ടെത്തി. ഉദ്യോഗസ്ഥൻ സ്വർണം പിടിച്ച ശേഷം കള്ളക്കടത്തു സംഘത്തിനു കൈമാറിയ മറ്റൊരു കേസും കസ്റ്റംസ് പ്രിവന്റീവ് ഹെഡ്ക്വാർട്ടേഴ്സ് യൂണിറ്റിന്റെ അന്വേഷണത്തിലാണിപ്പോൾ. 

സ്വർണക്കടത്തിന്റെ ഡ്രസ് റിഹേഴ്സൽ

ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിക്കുന്ന ക്യാപ്സ്യൂളുകളാണു നാലഞ്ചു വർഷമായി പ്രധാന കടത്തുരീതി. പൊടിയാക്കിയ രൂപത്തിൽ സ്വർണം ദുബായിലും സൗദിയിലുമൊക്കെ വാങ്ങാൻ കിട്ടും. അതു രാസവസ്തുവുമായി കലർത്തി ക്യാപ്സ്യൂൾ രൂപത്തിലാക്കി റബർ ഉറകൾകൊണ്ടു മൂടിയ ശേഷമാണു രഹസ്യഭാഗത്ത് ഒളിപ്പിക്കുന്നത്. സ്വർണ ക്യാപ്സ്യൂളുകൾ തയാറാക്കാൻ പരിശീലനം ലഭിച്ചവർ യുഎഇയിലും സൗദിയിലുമുണ്ട്. ഇതിനു ശേഷം, എക്സ്റേയും ഡോർ സ്കാനും അടക്കം വിമാനത്താവളത്തിലെ സകല പരിശോധനകളുടെയും റിഹേഴ്സൽ ഹോട്ടൽമുറിയിൽ നടത്തും. ആശുപത്രികളിൽ ചെന്ന്, ബാഗ് എക്സ്റേക്കു വിധേയമാക്കുന്നവരുമുണ്ട്.  

എത്ര അളവ് സ്വർണമാണ് ഒളിപ്പിച്ചിരിക്കുന്നതെന്നു കാരിയറോടു പറയില്ല. തുടർന്നു കാരിയറെ വിമാനത്താവളത്തിലെത്തിക്കും. രാസവസ്തുവുമായി കലർത്തിയ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാൽ വിമാനത്താവളത്തിലെ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറിൽ കണ്ടെത്താൻ കഴിയില്ല. 

ഇലക്ട്രിക്, ഇലക്ട്രോണിക് ഉൽപന്നങ്ങളിൽ സ്വർണം ഒളിപ്പിക്കുന്നതും ഏറെ ശാസ്ത്രീയമായാണെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ഇലക്ട്രിക് ഉപകരണങ്ങളുടെ ബാറ്ററിക്കകത്ത് സ്വർണപ്പൊടി നിറച്ച്, പഴയപടി കണക്‌ഷനൊക്കെ കൊടുത്തായിരുന്നു കടത്ത്. സംശയം തോന്നുന്ന, എമർജൻസി ലാംപ് പോലുള്ള ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു നോക്കിയും ഭാരവ്യത്യാസം കണക്കാക്കിയും സ്വർണക്കടത്തു പിടികൂടാൻ തുടങ്ങിയതോടെ കള്ളക്കടത്തുകാരും മാറി. സ്വർണം നിറച്ച ബാറ്ററിക്കകത്ത്, യഥാർഥ ബാറ്ററി വച്ച് കണക്‌ഷൻ കൊടുക്കുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്തു. ഓൺ ചെയ്താൽ സംശയം തോന്നുകയേയില്ല. സ്വർണം വയ്ക്കുമ്പോൾ ഭാരത്തിലുണ്ടാകുന്ന വർധന ഇല്ലാതാക്കാൻ ഇത്തരം ഉപകരണങ്ങളുടെ ചില ഭാഗങ്ങൾ അഴിച്ചു മാറ്റുകയും ചെയ്യും.

കേരളത്തിലെ സംഘങ്ങൾ ഇതര സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങൾ വഴിയും നേപ്പാൾ അതിർത്തി വഴിയും സ്വർണം കടത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലെ സംഘങ്ങൾ കൊച്ചി വഴിയും സ്വർണം കടത്തുന്നു. കടൽവഴി കേരളത്തിലേക്കു സ്വർണം കടത്തുന്നില്ലെന്നു പറയാൻ കഴിയില്ലെന്നാണ് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. ചെന്നൈയിലേക്ക്, ശ്രീലങ്ക വഴി ബോട്ടുകളിൽ സ്വർണം കടത്തിയ സംഭവങ്ങൾ പലതവണ കണ്ടെത്തിയിട്ടുണ്ട്. 

സ്വർണക്കടത്തു കാരിയർമാർ വിദേശത്തേക്കു വ്യാപകമായി ലഹരിയും കറൻസിയും കടത്തുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർക്കു വിവരമുണ്ട്. ഖത്തർ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലേക്കാണു ലഹരിക്കടത്ത്. 

പ്രതിദിനം കടത്തുന്നത് 100 കിലോയ്ക്ക് മുകളിൽ

വാട്സാപ് കോളിൽ കോഴിക്കോട്ടെ കള്ളക്കടത്തു സംഘാംഗം വെളിപ്പെടുത്തിയ കാര്യങ്ങൾ:

∙ പ്രതിദിനം കോഴിക്കോട് വിമാനത്താവളത്തിൽ 50–75 കിലോഗ്രാമും കൊച്ചിയിൽ 40 കിലോഗ്രാമും കണ്ണൂരിൽ 20 കിലോഗ്രാമും കള്ളക്കടത്തു സ്വർണം മലബാറിലെ സംഘങ്ങൾ കടത്തുന്നുണ്ട്. ഇതു ശരീരത്തിലോ ബാഗിലോ ഒളിപ്പിച്ചോ ഉദ്യോഗസ്ഥരുമായുള്ള ധാരണയിലൂടെയോ ആകാം. 

∙ കണ്ണൂരിൽ പൊട്ടിക്കൽ സംഘങ്ങൾ സജീവമാണ്. തിരുവനന്തപുരം വഴി മലബാർ സംഘങ്ങളുടെ കടത്തു കുറവാണ്. അവിടത്തുകാരായ, വിശ്വസ്തരായ കാരിയർമാരെ കിട്ടാൻ പ്രയാസമാണ്. മാത്രമല്ല, മലബാറിൽ നിന്നുള്ള വാഹനങ്ങളും ആളുകളെയുമൊക്കെ തിരുവനന്തപുരം വിമാനത്താവള പരിസരത്തു കണ്ടാൽ, പെട്ടെന്നു തിരിച്ചറിയാൻ സാധ്യതയുണ്ട്.  

∙ പെട്ടെന്നു പണമുണ്ടാക്കുക തന്നെയാണു കള്ളക്കടത്തുകാരുടെ ലക്ഷ്യം. ഇടയ്ക്കൊരു പിടിത്തം നടന്നാലും അവരതു പ്രശ്നമാക്കുന്നില്ല. ദിവസേന 5 കാരിയർമാരെങ്കിലും വിമാനത്താവളം കടന്നു പുറത്തെത്തിയാൽ പോരേ?  

∙  സ്വർണക്കടത്തിനൊപ്പം കറൻസി കടത്തും നടത്തുന്നുണ്ട്. നാട്ടിൽ കള്ളക്കടത്തു സ്വർണം വിറ്റുകിട്ടുന്ന പണംകൊണ്ട് വിദേശ കറൻസി വാങ്ങുകയും ഇതു യുഇഎയിലും സൗദിയിലുമെത്തിച്ച് അനധികൃത വിപണിയിൽ വിൽക്കുകയുമാണു ചെയ്യുന്നത്. ഇരട്ടി ലാഭം കിട്ടും. 

സ്വർണക്കടത്തിന്റെ കണക്കുകൾ 

സംസ്ഥാനത്തെ 4 വിമാനത്താവളങ്ങൾ വഴി കടത്തിയ 650.63 കോടി രൂപ വിലവരുന്ന 1434.16 കിലോഗ്രാം സ്വർണമാണു 2 വർഷത്തിനിടെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ്, കസ്റ്റംസ് കമ്മിഷണറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ),കേരള പൊലീസ് എന്നീ ഏജൻസികൾ ചേർന്നു പിടിച്ചെടുത്തത്.  

2020–21 സാമ്പത്തിക വർഷം പിടികൂടിയ സ്വർണം

ഏജൻസി      –   കേസ് – തൂക്കം(കിലോ)      –  ഏകദേശ വില(കോടി രൂപ)        – അറസ്റ്റ്

       

കസ്റ്റംസ് പ്രിവന്റീവ്     –   501      – 303.775          –  137.26                      –     219

കമ്മിഷണറേറ്റ്

ഡിആർഐ               – എണ്ണം ലഭ്യമല്ല   – 180          –  81.34                     –   എണ്ണം ലഭ്യമല്ല

കസ്റ്റംസ് കമ്മിഷണറേറ്റ് –   125              – 66.42             29.63                   –    68

2021–22 സാമ്പത്തിക വർഷം പിടികൂടിയ സ്വർണം

കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് –521   – 463.634    – 206.14  –329

ഡിആർഐ               –   എണ്ണം ലഭ്യമല്ല     – 250        – 110         എണ്ണം ലഭ്യമല്ല

കസ്റ്റംസ് 

കമ്മിഷണറേറ്റ്           –37                       – 74.8         – 38.5              93

ഇക്കൊല്ലം ഏപ്രിലിൽ മാത്രം കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് 75 കേസുകളിലായി 29.23 കോടി രൂപ വിലവരുന്ന 59.54 കിലോഗ്രാം സ്വർണം പിടികൂടുകയും 34 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കസ്റ്റംസ് കമ്മിഷണറേറ്റ് ആകട്ടെ, 8.24 കോടി രൂപയുടെ 16 കിലോഗ്രാം സ്വർണം പിടികൂടി. 2022 ജനുവരിക്കും മേയ് 15നും ഇടയിൽ മലപ്പുറം പൊലീസ് 27 സ്വർണക്കടത്തു കേസുകളിലായി പിടികൂടിയത് 20 കിലോഗ്രാം സ്വർണമാണ്. 10.29 കോടി രൂപ വിലവരും ഇതിന്. 27 കാരിയർമാരെയും സ്വീകരിക്കാനെത്തിയ 36 പേരെയും 23 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു കോടതിയിൽ ഹാജരാക്കി.

∙ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ എയർ കസ്റ്റംസ് വിഭാഗം കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ കീഴിലാണ്.

∙ കൊച്ചി വിമാനത്താവളത്തിലെ എയർ കസ്റ്റംസ്, കൊച്ചി തുറമുഖത്തെ പോർട്ട് കസ്റ്റംസ് വിഭാഗങ്ങൾ കൊച്ചി കസ്റ്റംസ് കമ്മിഷണറേറ്റിന്റെ കീഴിലാണ്. 

വാണ്ടഡ്

എൻ.കെ. ജയ്സൽ, അബ്ദുൾ സലാം

2021 ജൂൺ 21ന് കോഴിക്കോട് വിമാനത്താവളത്തിൽ മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിന്റെ കയ്യിൽ നിന്ന് 2.33 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ കസ്റ്റംസും പൊലീസും തിരയുന്ന അബ്ദുൽ സലാം, എൻ.കെ.ജയ്സൽ. ഇവരാണ് ഈ സ്വർണക്കടത്തിലെ പ്രധാന നിക്ഷേപകരെന്നു കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ കസ്റ്റംസിന്റെ തിരച്ചിൽ നോട്ടിസ് നിലവിലുണ്ട്. സ്വർണക്കടത്ത് പൊട്ടിക്കാനും അതു തടയാനുമൊക്കെയായി അന്നേദിവസം പുലർച്ചെ അറുപതിൽപരം വാഹനങ്ങൾ കോഴിക്കോട് വിമാനത്താവള പരിസരത്തെത്തിയതും 5 പേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതുമൊക്കെ ഏറെ വിവാദമുയർത്തിയിരുന്നു.

ഉരുക്കാൻ ഉണ്ണിക്കൃഷ്ണൻ

ഉണ്ണിക്കൃഷ്ണൻ മലപ്പുറം കൊണ്ടോട്ടിയിലെ പണിശാലയിൽ.

വർഷങ്ങൾക്കു മുൻപ്, കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ആദ്യത്തെ രാജ്യാന്തര വിമാനത്തിൽനിന്നു തന്നെ കള്ളക്കടത്തു സ്വർണം പിടിച്ചതിന്റെ ഓർമയുണ്ട്, കൊണ്ടോട്ടി കൊട്ടൂക്കര സ്വദേശി എൻ.വി.ഉണ്ണിക്കൃഷ്ണന്. കസ്റ്റംസിന്റെയും ഡിആർഐയുടെയുമൊക്കെ അംഗീകൃത അസ്സേയറായ (ലോഹത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നയാൾ) ഉണ്ണിക്കൃഷ്ണനാണു പിടിച്ചെടുത്ത കള്ളക്കടത്തു സ്വർണത്തിന്റെ തൂക്കം സർട്ടിഫൈ ചെയ്യുന്നതും രാസവസ്തുക്കൾ കലർത്തി കടത്തുന്ന ‘ക്യാപ്സ്യൂളി’ൽ നിന്നു സ്വർണം ഉരുക്കി വേർതിരിച്ചെടുക്കുന്നതും. കൊണ്ടോട്ടി ടൗണിലാണ് ഉണ്ണിക്കൃഷ്ണന്റെ പണിശാല. 

‘‘അന്ന് എത്ര കിലോഗ്രാം സ്വർണമാണു പിടിച്ചതെന്ന് ഓർമയില്ല. പക്ഷേ, ആദ്യ രാജ്യാന്തര വിമാനത്തിൽനിന്നു തന്നെ സ്വർണം പിടിച്ചതും തൂക്കം സർട്ടിഫൈ ചെയ്തതും ഓർമയുണ്ട്.’’– ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. 

‘‘രാസവസ്തുക്കൾ കലർത്തി, ക്യാപ്സ്യൂളുകളാക്കി സ്വർണംകടത്തുന്ന രീതി തുടങ്ങിയിട്ടു നാലഞ്ചു വർഷമേയാകുന്നുള്ളൂ. അതിനു മുൻപൊക്കെ പല സാധനങ്ങളിലും ഒളിപ്പിച്ചുകടത്തുകയാണു ചെയ്തിരുന്നത്. ഒരു കിലോഗ്രാം സ്വർണമിശ്രിതം ഉരുക്കി സ്വർണം വേർതിരിക്കാൻ ഒരു മണിക്കൂർ മതിയാകും. പൂർണമായി വേർതിരിച്ചെടുക്കാൻ കഴിയും. ചേർക്കുന്ന രാസവസ്തു എന്താണെന്നറിയില്ല. അത് ഏതാണ്ടു പൂർണമായിത്തന്നെ കത്തിപ്പോകാറുണ്ട്. സ്വർണമില്ലാത്ത ഡമ്മികളും ലഭിക്കാറുണ്ട്. 90% – 92% സ്വർണമാണു ക്യാപ്സ്യൂളുകളിലുണ്ടാകാറ്. ’’

സ്വർണക്കടത്തു കേസുകളിലെ പ്രോസിക്യൂഷൻ സാക്ഷി കൂടിയാണ് ഉണ്ണിക്കൃഷ്ണൻ. 

English Summary: Gold smuggling in kerala, Special story