താൻ പലകാര്യങ്ങളും മറന്നുപോകുന്നു എന്നതാണു ധനികന്റെ പ്രധാനപ്രശ്നം. തലേന്ന് ആസൂത്രണം ചെയ്ത പദ്ധതികൾപോലും പിറ്റേന്നു മറക്കുന്നു. അതുകൊണ്ട് ഉറങ്ങാൻ പോകുന്നതിനു മുൻപ് എല്ലാം ഒരു കടലാസിൽ എഴുതിവയ്ക്കാൻ തീരുമാനിച്ചു. ഒരു ജോടി ചെരിപ്പു വാങ്ങണം, ബന്ധുവീട്ടിൽ പോകണം, പറമ്പ് ഉഴുതുമറിക്കണം. പക്ഷേ അന്നു രാത്രി ഉറങ്ങാൻ കിടന്നപ്പോഴായിരുന്നു അയാൾക്കു കൂടുതൽ പിരിമുറുക്കം. എഴുതിയ കടലാസ് എവിടെ വച്ചു എന്നതും രാവിലെ എഴുന്നേൽക്കാൻ മറന്നുപോകുമോ എന്നതുമായിരുന്നു അന്നത്തെ പ്രശ്നം. അതുകൊണ്ട് ആ രാത്രി അയാൾ ഉറങ്ങിയില്ല.

പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ആകുലരാകുന്നവരും ആകുലപ്പെട്ടു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരുമുണ്ട്. രണ്ടു മനോഭാവങ്ങളുടെയും പരിണതഫലം രണ്ടാണ്. പ്രശ്നങ്ങൾ തിരിച്ചറിഞ്ഞതിനുശേഷം നടത്തുന്ന പ്രതിക്രിയകൾ പരിഹാരത്തിലേക്കും പുനർനിർമാണത്തിലേക്കും നയിക്കും. ഉണ്ടാകാൻ സാധ്യതയുള്ള പ്രതിസന്ധികൾക്കുവേണ്ടി കാത്തിരിക്കുന്നവർക്ക് എല്ലാം വൈഷമ്യങ്ങളായി മാത്രമേ പ്രത്യക്ഷപ്പെടൂ. ആ മനോഭാവം തിരുത്തപ്പെടാത്തിടത്തോളം കാലം പ്രശ്നങ്ങൾ അകലുകയുമില്ല. 

ഒരു പോരായ്മയും സംഭവിക്കാത്ത ഒരുദിനവും ഉണ്ടാകില്ല. ഒരു നേട്ടവും സംഭവിക്കാതെ ഒരു ദിവസവും കടന്നുപോകില്ല. അവ കണ്ടെത്താനും ഫലപ്രദമായി ഉപയോഗിക്കാനും കഴിയുന്നതിലാണു കാര്യം. മണിക്കൂറുകൾ നീളുന്ന പകൽവെളിച്ചത്തിനിടയിൽ ഒരു നിമിഷം പോലും കാർമേഘമുണ്ടാകാൻ പാടില്ല എന്നതു ദുർവാശിയാണ്. അതിനെക്കാൾ ഗുണകരം ഇരുളുമ്പോഴാണു തെളിയുന്നത് എന്ന നക്ഷത്രങ്ങളുടെ പ്രതിജ്ഞയാണ്. 

സന്തോഷിക്കുന്നതും ഉല്ലസിക്കുന്നതും തെറ്റാണെന്നു വിശ്വസിക്കുന്നവർ എപ്പോഴും മ്ലാനവദനരായിരിക്കും. ഏതാഘോഷങ്ങൾക്കിടയിലും കാർക്കശ്യത്തിന്റെയും വിമർശനത്തിന്റെയും തുരുത്തുകളിലായിരിക്കും അവരുടെ വിശ്രമം. ഉള്ളതിൽ സന്തോഷിക്കുന്നവർക്കു സന്തോഷിക്കാൻ പ്രത്യേകിച്ചു കാരണങ്ങൾ വേണ്ട. ഇല്ലാത്തതിൽ വിഷമിക്കുന്നവർക്കു വിഷമിക്കാനും പ്രത്യേകിച്ചു കാരണം വേണ്ട. 

ആവശ്യമുള്ളവയെല്ലാം ഏറ്റക്കുറച്ചിലുകളോടെ എല്ലാവരുടെയും മുന്നിലുണ്ട്. സമീപന വ്യത്യാസം വരുത്തിയാൽ എല്ലാം ഏതെങ്കിലുമൊക്കെ രീതിയിൽ ഗുണകരമാകും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT