മധുരം ഈ ജീവിതം
‘കേരളചരിത്രമെന്ന വിജ്‌ഞാനരൂപത്തെ ഉൽപാദിപ്പിച്ചയാൾ’ എന്ന് പിന്നാലെ വന്നവർ തിരിച്ചറിഞ്ഞ, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ മുൻ അധ്യക്ഷൻ കൂടിയായ ഡോ.എംജിഎസ് നാരായണന് ഇന്ന് 90 വയസ്സ് തികയുന്നു. ഊഹങ്ങൾക്കും കെട്ടുകഥകൾക്കും പിന്നാലെ പോകാതെചരിത്രരചനാപദ്ധതിയെ കണിശമായി പിന്തുടർന്ന അദ്ദേഹം കേരളത്തിലെ
‘കേരളചരിത്രമെന്ന വിജ്‌ഞാനരൂപത്തെ ഉൽപാദിപ്പിച്ചയാൾ’ എന്ന് പിന്നാലെ വന്നവർ തിരിച്ചറിഞ്ഞ, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ മുൻ അധ്യക്ഷൻ കൂടിയായ ഡോ.എംജിഎസ് നാരായണന് ഇന്ന് 90 വയസ്സ് തികയുന്നു. ഊഹങ്ങൾക്കും കെട്ടുകഥകൾക്കും പിന്നാലെ പോകാതെചരിത്രരചനാപദ്ധതിയെ കണിശമായി പിന്തുടർന്ന അദ്ദേഹം കേരളത്തിലെ
‘കേരളചരിത്രമെന്ന വിജ്‌ഞാനരൂപത്തെ ഉൽപാദിപ്പിച്ചയാൾ’ എന്ന് പിന്നാലെ വന്നവർ തിരിച്ചറിഞ്ഞ, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ മുൻ അധ്യക്ഷൻ കൂടിയായ ഡോ.എംജിഎസ് നാരായണന് ഇന്ന് 90 വയസ്സ് തികയുന്നു. ഊഹങ്ങൾക്കും കെട്ടുകഥകൾക്കും പിന്നാലെ പോകാതെചരിത്രരചനാപദ്ധതിയെ കണിശമായി പിന്തുടർന്ന അദ്ദേഹം കേരളത്തിലെ
‘കേരളചരിത്രമെന്ന വിജ്‌ഞാനരൂപത്തെ ഉൽപാദിപ്പിച്ചയാൾ’ എന്ന് പിന്നാലെ വന്നവർ തിരിച്ചറിഞ്ഞ, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ മുൻ അധ്യക്ഷൻ കൂടിയായ ഡോ.എംജിഎസ് നാരായണന് ഇന്ന് 90 വയസ്സ് തികയുന്നു. ഊഹങ്ങൾക്കും കെട്ടുകഥകൾക്കും പിന്നാലെ പോകാതെ ചരിത്രരചനാപദ്ധതിയെ കണിശമായി പിന്തുടർന്ന അദ്ദേഹം കേരളത്തിലെ ചരിത്രപഠനശാഖയെ പുറംനാട്ടിലെ അക്കാദമിക ലോകവുമായി ബന്ധിപ്പിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.
കോയമ്പത്തൂരിൽനിന്നു ചെന്നൈയിലേക്കുള്ള വിമാനം. സിനിമാനടൻ ആലുമ്മൂടനായിരുന്നു എംജിഎസിന്റെ തൊട്ടടുത്ത സീറ്റിൽ. ആകാശത്തുവച്ച് അറിയിപ്പെത്തി: ‘എൻജിനിൽ തീ കാണുന്നു’.
യാത്രക്കാർ ദൈവത്തെ വിളിച്ചുതുടങ്ങി. ഒന്നും മിണ്ടാതെ കാഴ്ച കണ്ടിരിക്കുന്ന എംജിഎസിനോട് ആലുമ്മൂടൻ ചോദിച്ചു: ‘നിങ്ങളെന്താ ദൈവത്തെ വിളിക്കുന്നില്ലേ?’
‘ഓ, എനിക്കാരെയും വിളിക്കാനില്ല’ എന്നു പറഞ്ഞ എംജിഎസിന്റെ തുടർന്നുള്ള ന്യായം എല്ലാവരും വിളിക്കുന്ന ദൈവം വിമാനത്തെ രക്ഷിക്കുമെങ്കിൽ താനും രക്ഷപ്പെടുമല്ലോ എന്നായിരുന്നു. ഭാഗ്യത്തിന്, അപകടമൊന്നുമില്ലാതെ വിമാനം നിലത്തിറങ്ങി. എന്തിലെങ്കിലും വിശ്വസിക്കണമെങ്കിൽ ആ ഭാഗ്യത്തിലാണ് താൻ വിശ്വസിക്കുന്നത് എന്നും എംജിഎസ് പറഞ്ഞിട്ടുണ്ട്.
തനിക്കായിട്ടൊരു നേട്ടത്തിനായി എംജിഎസ് ഒന്നും ചെയ്യാറില്ല. തന്റേതായ ഉത്തരങ്ങൾ ആരിലും അടിച്ചേൽപിക്കാറുമില്ല. ദൈവമുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഉണ്ടെന്നോ ഇല്ലെന്നോ പറയില്ല. ആ ചോദ്യത്തിനു മാത്രമല്ല, ഏതു ചോദ്യത്തിനും, അതിനു രണ്ടിനുമിടയിലെവിടെയോ ആണ് എംജിഎസിന്റെ ഉത്തരം. അതിസങ്കീർണവും അതിസുന്ദരവുമായ ജീവിതത്തെ കറുപ്പിലോ വെളുപ്പിലോ അടയാളപ്പെടുത്താനാകില്ല എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കറുപ്പിനും വെളുപ്പിനുമിടയിലെ അപാരവും അനന്തവുമായ സാധ്യതകളെയാണ് ചരിത്രരചനയിലും എംജിഎസ് തിരയുന്നത്. ഉണ്ടായിരുന്ന ഒന്നിനെയും തള്ളിക്കളഞ്ഞില്ല. എല്ലാറ്റിനും തെളിവു തേടി. സാധ്യമായത്രയും തെളിവുകൾ കണ്ടെത്തി. പ്രമാണങ്ങളുടെ പിൻബലമില്ലാതെ ഒരുവരി പോലും ചരിത്രം എഴുതിയില്ല. തെളിവുകളെ, പ്രമാണങ്ങളെ വരുതിയിലാക്കാൻ വട്ടെഴുത്തും കോലെഴുത്തും പാലിയും പ്രാകൃതവുമൊക്കെ അദ്ദേഹം പഠിച്ചെടുത്തു.
അതുവരെ പ്രചാരത്തിലുണ്ടായ രീതികളെ നിരാകരിച്ച്, ചരിത്രത്തെ കെട്ടുകഥകളിൽനിന്നു മോചിപ്പിച്ചു എംജിഎസ്. ഭൂതകാലത്തിന്റെ അറകളിൽ പരിശോധിക്കപ്പെടാതെ കിടന്ന പ്രമാണങ്ങൾ തേടിപ്പിടിച്ചു വായിച്ചെടുക്കുക എന്ന ക്ലേശകരമായ ജോലി. ലഭിച്ച വിവരങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യൽ. കാര്യകാരണബന്ധത്തോടെ സമഗ്രമായി അവതരിപ്പിക്കൽ. എന്നിട്ട് അവയെല്ലാം പൊതുസമൂഹത്തിനു കൂടി പരിശോധിക്കാവുന്ന വിധത്തിൽ പരസ്യമാക്കുക കൂടി ചെയ്തു അദ്ദേഹം.
ഇടതെന്നും വലതെന്നും
‘ഏതുപക്ഷം?’ എന്ന ചോദ്യത്തിനും എംജിഎസിന്റെ മറുപടി മനസ്സിലാക്കുക എളുപ്പമല്ല. നട്ടപ്പാതിരയ്ക്ക് ഇഎംഎസിനെ ഒളിവിടത്തിലെത്തിക്കാൻ ചൂട്ടുംകത്തിച്ച് കൂടെപ്പോയിട്ടുണ്ട്. ബി.ടി.രണദിവെയുടെ വിപ്ലവകാലത്ത്, നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളുടെ കാവൽക്കാരനായിട്ടുണ്ട്. പക്ഷേ, യൗവനം തുടങ്ങുംമുൻപേ, മതത്തെയെന്നപോലെ മാർക്സിസത്തെയും കയ്യൊഴിയേണ്ടി വന്നു. വിമർശനാതീതമായൊരു വിശുദ്ധമതമായി മാർക്സിസത്തെ കാണാൻ എംജിഎസ് തയാറായില്ല. യൂറോപ്പിനെ ലോകത്തിലെ മുഴുവൻ മനുഷ്യാനുഭവങ്ങളുടെയും തലസ്ഥാനമായിക്കണ്ട, പ്രവചനശേഷി നന്നേ കുറഞ്ഞ സിദ്ധാന്തമായാണു മാർക്സിസത്തെ വിലയിരുത്തിയത്. മാർക്സിയൻ സോഷ്യലിസവും ജനാധിപത്യവും ഒരിക്കലും ഒത്തുപോകില്ലെന്നു ബോധ്യമുണ്ടായിരുന്നു. ഇഎംഎസിനോടു നിരന്തരം കൊമ്പുകോർത്തു. ഒളിവിൽ കഴിയാൻ ചെന്ന ചെറുമക്കുടിലിലെ ചെറുമൻ ‘തമ്പ്രാ’ എന്നു വിളിച്ചപ്പോൾ തടയാതെ കേട്ടുനിന്നു എന്നതായിരുന്നു ഇഎംഎസിനോടുള്ള ആദ്യ വിയോജിപ്പ്.
കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരാണു ചരിത്ര ഗവേഷണ കൗൺസിലിൽ (ഐസിഎച്ച്ആർ) അംഗത്വം ആദ്യം നൽകിയതെങ്കിലും കോൺഗ്രസിലെ ‘കുടുംബവാഴ്ച’യോട് താൽപര്യം ഒരുകാലത്തും ഉണ്ടായില്ല. കമ്യൂണിസ്റ്റ് വിരോധം കണ്ടാവണം ബിജെപി സർക്കാർ ഐസിഎച്ച്ആർ അധ്യക്ഷനാക്കിയത്. കൗൺസിൽ തീരുമാനങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന ഉറപ്പു ലംഘിക്കപ്പെട്ടപ്പോൾ ഇറങ്ങിപ്പോന്നു. മോദി സർക്കാരാണു വിളിച്ചതെങ്കിൽ ആ പദവി സ്വീകരിക്കുമായിരുന്നില്ല എന്നും എംജിഎസ് പറഞ്ഞിട്ടുണ്ട്. ‘കോൺഗ്രസുകാർ പണത്തിനു വേണ്ടിയും, മാർക്സിസ്റ്റുകളും ഹിന്ദുത്വവാദികളും പ്രത്യയശാസ്ത്ര വിഡ്ഢിത്തത്തിനു വേണ്ടിയും ചരിത്രഗവേഷണത്തെ ബലിയാടാക്കുന്നു’ എന്നാണ് അനുഭവസാക്ഷ്യം.
അമ്മ എന്ന അന്ധവിശ്വാസം
ഒരേ ഒരു അന്ധവിശ്വാസമേ ഉണ്ടായിട്ടുള്ളൂ: അമ്മ. എംജിഎസിന് ഏഴു വയസ്സുള്ളപ്പോൾ മരിച്ച അമ്മയെ തറവാടിന്റെ തെക്കേപ്പറമ്പിലെ കുടുംബശ്മശാനത്തിലാണു ദഹിപ്പിച്ചത്. ‘‘അമ്മയുടെ ആത്മാവ് അവിടെ ഉണ്ടാകുമെന്നും, എന്നോടുള്ള സ്നേഹം കൊണ്ട് അമ്മ തിരിച്ചുവരുമെന്നുമൊക്കെ അന്ധമായി വിശ്വസിച്ചൊരു വിഡ്ഢിയാണു ഞാൻ. അതനുസരിച്ച് എന്നും ദൈവത്തോടു പ്രാർഥിക്കുകയും ചെയ്തിരുന്നു. പിന്നെപ്പിന്നെ ആ വിശ്വാസം പൊളിഞ്ഞുപോയി. എങ്കിലും അമ്മയുടെ ആത്മാവ് നിലനിൽക്കുന്നുണ്ടെന്നും വിഷമഘട്ടങ്ങളിൽ അതെന്റെ രക്ഷയ്ക്ക് കാവലുണ്ടാകുമെന്നും ജീവിതപരീക്ഷണങ്ങളിൽ വഴിതെറ്റാതെ അതെന്നെ നയിക്കുമെന്നും ഏറെക്കാലം വിശ്വസിച്ചു. അനാശാസ്യമായ വിചാരങ്ങളും അക്രമചിന്തകളും എന്നെ കീഴ്പ്പെടുത്തിയ സന്ദർഭങ്ങളിൽ അത്തരം പ്രവർത്തനങ്ങളിൽനിന്ന് എന്നെ മാറ്റിനിർത്തിയത് അമ്മയുടെ ആത്മാവിന്റെ സാമീപ്യമായിരുന്നു. അങ്ങനെയൊരു അന്ധവിശ്വാസമില്ലായിരുന്നുവെങ്കിൽ ഞാൻ ഏതെല്ലാം വഴിക്കു പോകുമായിരുന്നു എന്നാലോചിക്കുമ്പോൾ ഭയം തോന്നുന്നു’’.
പൊന്നാനിക്കളരിയിലെ അഭ്യാസി
സ്കൂളിൽ പഠിക്കുമ്പോൾ എംജിഎസ് നന്നായി വരയ്ക്കുമായിരുന്നു. കരുവാട്ടില്ലത്തെ വാസുദേവൻ നമ്പൂതിരിയുടെ പേരു പറഞ്ഞ് അസൂയക്കാർ കളിയാക്കിയപ്പോൾ ഇല്ലത്തു പോയി വാസുദേവനെക്കണ്ടു. അതിമനോഹരമായ കളിമൺ പ്രതിമകളും കരിക്കട്ട കൊണ്ടു വരച്ച സുന്ദര ചിത്രങ്ങളും കണ്ടു. വര അന്നു നിർത്തി (നമ്പൂതിരിക്കുട്ടി വളർന്ന് ആർട്ടിസ്റ്റ് നമ്പൂതിരിയായി).
കവിതയ്ക്ക് സ്കൂളിൽ ധാരാളം സമ്മാനം കിട്ടിയിരുന്നു. ഒരിക്കൽ മത്സരത്തിനു മാർക്കിട്ട ഇടശ്ശേരി വൈകിട്ടു വീട്ടിലെത്തി വീട്ടുകാരോടു പറഞ്ഞു: ‘ഇവനെ സൂക്ഷിക്കണം, കവിതയെഴുതിക്കളയും’.
എം.ഗോവിന്ദൻ പത്രാധിപരായ മദ്രാസ് പത്രിക എന്ന സർക്കാർ മാസികയിലാണ് ആദ്യം കവിത അച്ചടിച്ചുവന്നത്: പ്രകൃതിബന്ധനം. പൊന്നാനി എവി സ്കൂളിൽ പഠിക്കുമ്പോൾ ‘പൊന്നാനിക്കളരി’യിൽ പ്രവേശനം കിട്ടി. സ്കൂളിനടുത്ത പലചരക്കുകടയുടെ മുകളിലെ കൃഷ്ണപ്പണിക്കർ സ്മാരക വായനശാല. ഉറൂബ്, കടവനാട് കുട്ടിക്കൃഷ്ണൻ, അക്കിത്തം തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഇടശ്ശേരിയുടെ നേതൃത്വത്തിൽ സാഹിത്യചർച്ചകൾ. കോഴിക്കോട്ടെ ‘കോലായ’ എന്ന സാംസ്കാരിക കൂട്ടായ്മയിലും നിത്യസാന്നിധ്യമായിരുന്നു.
നൂറുകണക്കിനു കവിതകൾ എഴുതി. ഭാഷയുണ്ട്, ഭാവനയുണ്ട്, പക്ഷേ കവിതയിൽ യുക്തി കൂടിപ്പോകുന്നു, കവിത കുറഞ്ഞു പോകുന്നു എന്നു സ്വയം വിലയിരുത്തിയാണ് കവിതയെഴുത്തു നിർത്തിയത്.
കവിതയെക്കാൾ ശ്രദ്ധിക്കപ്പെട്ടത് എംജിഎസിന്റെ കാവ്യാസ്വാദനങ്ങളായിരിക്കണം. ഇടശ്ശേരിയുടെ കവിതാ സമാഹാരത്തിന് അവതാരിക എഴുതുക വരെ ചെയ്തു; അതും കവിയുടെ ആവശ്യപ്രകാരം. കുമാരനാശാനെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും എഴുതുകയും ചെയ്തു.
മനസ്സിലെ സാഹസങ്ങൾ
ഇത്തിരി ‘കിറുക്ക്’ ഉണ്ടെന്ന് ആരെങ്കിലും പറയുന്ന ആളുകളോട് പ്രത്യേകയടുപ്പം എംജിഎസിന് ഉണ്ടായിട്ടുണ്ട്. ‘‘എക്‌സെൻട്രിക് എന്നു വിളിക്കാവുന്ന വിചിത്രസ്വഭാവമുള്ള മനുഷ്യരെ ഞാൻ ആകർഷിക്കുകയോ അവർ എന്നെ ആകർഷിക്കുകയോ ചെയ്യുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. മറ്റാരും സഹിക്കാൻ ഇഷ്ടപ്പെടാത്ത ഇത്തരക്കാരുടെ പെരുമാറ്റങ്ങളും ആശയങ്ങളും ക്ഷമയോടെ സ്വീകരിക്കാൻ ഞാൻ മടിച്ചില്ല’’.
കിറുക്കിന്റെ നല്ല ഒരംശം തന്നിലും ഉണ്ടെന്നും എംജിഎസിനു തോന്നാറുണ്ട്. ‘‘പ്രായോഗികതയുടെ പേരിൽ സങ്കുചിത വൃത്തങ്ങളിൽ ഒതുങ്ങിക്കഴിയാൻ മനസ്സു വന്നില്ല. എന്നാൽ, അത്യന്തം ആപൽക്കരമായ വിധത്തിൽ എല്ലാം വലിച്ചെറിഞ്ഞ് എടുത്തുചാടാനും കഴിഞ്ഞില്ല. അതുകൊണ്ടായിരിക്കണം കവിയോ കലാകാരനോ ആകാതെ സാമൂഹിക-രാഷ്ട്രീയ നിരീക്ഷണം തൊഴിലാക്കിയ ചരിത്രകാരനും അധ്യാപകനും ഗവേഷകനുമായി ഞാൻ രൂപപ്പെട്ടത്. എന്റെ സാഹസിക യാത്രകൾ അധികവും എന്റെ മനസ്സിന്റെ മണ്ഡലത്തിലാണു നടന്നത്. (ഡോക്ടർ ആകണമെന്നു വീട്ടുകാർ ആഗ്രഹിച്ചയാൾ, അതിനുതകുന്ന പഠിപ്പിനായി അയയ്ക്കപ്പെട്ടയാൾ, ആരോടും പറയാതെ ക്ലാസ് മാറി ചരിത്രപഠനത്തിന്റെ വഴിയിലേക്കു തിരിഞ്ഞുപോയതും യാദൃച്ഛികമല്ല). അഭിപ്രായങ്ങൾ ധീരമായി, വ്യക്തമായി തുറന്നുപറഞ്ഞതു കൊണ്ടുള്ള അപകടങ്ങളും ശത്രുത്വങ്ങളും സമ്പാദിക്കേണ്ടി വന്നതിൽ ഞാൻ ദുഃഖിച്ചില്ല. ജീവിക്കാൻ പണം അത്യാവശ്യമാണെങ്കിലും അതിന്റെ പേരിൽ, എന്തും ചെയ്യാൻ മടിയില്ലാത്ത, ജീവിക്കാൻ മറന്നുപോയ ഒരുപാടു ജനങ്ങളെ ചുറ്റും കണ്ടു മടുത്തതിനാൽ ധനസമ്പാദനത്തിൽ ഒരിക്കലും ശ്രദ്ധിച്ചില്ല. എങ്കിലും ശത്രുക്കളിൽനിന്നും ദാരിദ്ര്യത്തിൽനിന്നും ഭാഗ്യം പലപ്പോഴും എന്നെ രക്ഷപ്പെടുത്തുകയുണ്ടായി’.’
എസ്.കെ.പൊറ്റെക്കാട്ടിന്റെ 'സഞ്ചാരിയുടെ ഗീതങ്ങൾ' എന്ന കവിതാസമാഹാരത്തിൽനിന്നു നാലു വരികൾ പാടിയാണ് ആത്മകഥയിൽ എംജിഎസ് തന്നെത്തന്നെ വിവരിക്കുന്നത്:
‘ഒരു നിയമവുമില്ലാത്തതെങ്കിലും,
ഒരു നിരർഥക സ്വപ്നമാണെങ്കിലും,
മരണഗന്ധം കലർന്നതാണെങ്കിലും,
മധുരമാണെനിക്കെന്നുമിജ്ജീവിതം.’
Content Highlight: Historian MGS Narayanan's 90th birthday