ADVERTISEMENT

ഉത്തർപ്രദേശുകാരായ രണ്ടു ഗവർണർമാരിൽ ആരാണ് സർക്കാരുമായുള്ള പോരിൽ ഒന്നാം സ്ഥാനം നേടുക? കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഈയിടെവരെ മുന്നിൽ നിന്നതെങ്കിൽ, ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന അദ്ദേഹത്തിനു കടുത്ത മത്സരമാണു നൽകുന്നത്. ചെയ്യുന്നതും ചെയ്യാത്തതുമായ കാര്യങ്ങൾക്കു സക്സേന ഇപ്പോൾ ഡൽഹിയിലെ ആം ആദ്മി പാർട്ടി (എഎപി) സർക്കാരിന്റെയും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെയും ചെവിക്കുപിടിക്കാത്ത ദിവസങ്ങളില്ല. ഭാര്യപോലും തന്നെ ഇത്രയധികം ശാസിക്കാറില്ലെന്നു കേജ്‌രിവാൾ പരിഭവിക്കുന്ന സ്ഥിതിയായി. 

രാജ്യത്തെ അഴിമതി തുടച്ചുനീക്കാൻ വന്ന പാർട്ടിയെ അഴിമതിയിൽതന്നെ പൂട്ടാനാണു സക്സേനയും ബിജെപിയും നോക്കുന്നത്. അതു ഡൽഹിയിൽതന്നെ സംഭവിക്കണമെന്നു ബിജെപി ആഗ്രഹിക്കുന്നു. അതിനു കാരണമുണ്ട്. 

മദ്യനയം തയാറാക്കിയതിലും നടപ്പാക്കിയതിലും അഴിമതി ആരോപിക്കുന്ന കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. വൈദ്യുതി സബ്സിഡി പദ്ധതിയിലും സക്സേന അഴിമതി മണക്കുന്നു; തന്റെ സംശയം ശരിയല്ലേയെന്നു പരിശോധിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.  

രാഷ്ട്രപിതാവിന്റെയും മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ജന്മദിനത്തിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും രാജ്ഘട്ടിലും വിജയ്ഘട്ടിലും എത്തിയപ്പോൾ താങ്കൾ‍ എവിടെപ്പോയി എന്നാണു കേജ്‌രിവാളിനോടു സക്സേന കത്തെഴുതി ചോദിച്ചിരിക്കുന്നത്. ഭരണഘടനാസ്ഥാപനങ്ങളെ ബഹുമാനിക്കുക പൗരന്റെ മൗലികമായ കടമയാണ്; രാഷ്ട്രപതി ഭരണഘടനാ സ്ഥാപനമാണ്. ആയതിനാൽ കേജ്‌‌രിവാളിന്റെ അസാന്നിധ്യം കടമലംഘനമാണെന്നും സക്സേന എഴുതിയിട്ടുണ്ട്. ഈ എഴുത്ത് പ്രധാനമന്ത്രി പറഞ്ഞിട്ടാണെന്ന് എഎപി എംഎൽഎ അതിഷി പറയുന്നു; ഗുജറാത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിലായിരുന്നതിനാൽ കേജ്‌രിവാളിനു രാജ്ഘട്ടിൽ എത്താനായില്ലെന്നും. രാജ്ഘട്ടുകൂടി ഉൾപ്പെടുന്ന ഡൽഹിയിലെ മുഖ്യമന്ത്രി, രാഷ്ട്രപിതാവിനെ നമിച്ചിട്ടു ഗുജറാത്തിൽ‍ പോകുന്നതായിരുന്നില്ലേ മര്യാദ എന്നതു ന്യായമായ ചോദ്യമാണ്. 

മേധാ പട്കറും മറ്റും നേതൃത്വം നൽകിയ നർമദ ബചാവോ ആന്ദോളൻ പ്രസ്ഥാനത്തെ ബദൽ സംഘടനയുണ്ടാക്കി ഗുജറാത്തിൽ നേരിട്ടതു സക്സേനയാണ്. സർദാർ സരോവർ അണക്കെട്ടു വിരോധികളെ യുഎപിഎ പ്രകാരം നിരോധിക്കണമെന്ന നിവേദനത്തിൽ കോൺഗ്രസുകാർ ഉൾപ്പെടെയുള്ളവരുടെ ഒപ്പ് സക്സേന വാങ്ങി, സുപ്രീം കോടതിയിലും പോയി. പ്രക്ഷോഭത്തിലൂടെ രാഷ്ട്രീയത്തിലെത്തി. മുഖ്യമന്ത്രിയായശേഷവും സമരശൈലി മറക്കാത്ത കേജ്‌രിവാളിനെ പിടിക്കാൻ തനിക്കു പറ്റിയേക്കുമെന്നാണു സക്സേന കഴിഞ്ഞ അഞ്ചുമാസംകൊണ്ടു തെളിയിച്ചിരിക്കുന്നത്. ബിജെപി സംതൃപ്തരാണ്. 

പഞ്ചാബ് വിജയത്തോടെ, ഒന്നിലധികം സംസ്ഥാനത്തു ഭരണമുള്ള ഏക പ്രാദേശിക കക്ഷിയാണ് എഎപി. ഗോവയിൽ സംസ്ഥാന കക്ഷി; ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപിക്കു ശക്തമായ എതിർപ്പുയർത്താൻ തയാറെടുക്കുന്നു. ഇപ്പോഴത്തെ ബിജെപിയെപ്പോലെ, ആം ആദ്മികളും ഒരു നേതാവിന്റെ പ്രതിഛായയെ ആശ്രയിക്കുന്നു. ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിയും ഡൽഹിയിൽ കേജ്‌രിവാളും ഒരേകാലത്ത് സമാന്തരമായി വളർന്നവരാണ്.  

ജനകീയ സ്വയംഭരണത്തിലൂടെ ശരിയായ ജനാധിപത്യം സാധ്യമാക്കുകയെന്നതു മാത്രമാണ് ആം ആദ്മികൾ പ്രഖ്യാപിച്ചിട്ടുള്ള രാഷ്ട്രീയ ആശയം. ഇടത്തുനിന്നും വലത്തുനിന്നും ആശയങ്ങൾ കടമെടുക്കുമെന്നു കേജ്‌രിവാൾ തുറന്നുപറഞ്ഞിട്ടുണ്ട്. 

ഡൽഹിയിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ഗുണമേന്മയുള്ള പരിഷ്കാരങ്ങൾക്കു കേജ്‌രിവാളും സിസോദിയയും അഭിനന്ദിക്കപ്പെടുന്നു. തിരഞ്ഞെടുപ്പുകാലത്തു മറ്റു കക്ഷികളെക്കാൾ കൂടുതൽ സൗജന്യങ്ങൾ എഎപി വാഗ്ദാനം ചെയ്യുന്നു. കേജ്‌രിവാൾ ഞങ്ങളുടെയും മുഖ്യമന്ത്രിയായിരുന്നെങ്കിൽ എന്ന് അയലത്ത് യുപിയിലെ ഗ്രാമങ്ങളിലുള്ളവരും പറയുന്നു. 

ഇടംവലം നോക്കാതെ ആശയങ്ങൾ കടമെടുക്കുമെന്നാണു പറഞ്ഞിട്ടുള്ളതെങ്കിലും, കേജ്‌രിവാൾ കൂടുതൽ ആശ്രയിക്കുന്നതു സംഘപരിവാറിനെയും ബിജെപിയെയുമാണ്. ആർഎസ്എസ് മാതൃകയിൽ ശാഖകൾ രൂപീകരിക്കുക, മതകേന്ദ്രങ്ങളിലേക്കു സൗജന്യ യാത്ര സംഘടിപ്പിക്കുക, അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃക ഡൽഹിയിൽ താൽക്കാലികമായി സ്ഥാപിച്ചു പൂജ നടത്തുക, യുപിയിൽ രാമരാജ്യം വാഗ്ദാനം ചെയ്യുക, ദേശീയതയുടെ ചിഹ്നങ്ങൾ ഉപയോഗിക്കുക തുടങ്ങി പല ആശയങ്ങളും കേജ്‌രിവാൾ പരീക്ഷിക്കുന്നു. കേന്ദ്ര സർക്കാരിന്റെ, മതസ്പർശമുള്ള നയനടപടികളിൽ പ്രതിഷേധമുണ്ടാവുമ്പോൾ അകലം പാലിക്കുന്നു. നോക്കിയും കണ്ടുമുള്ള കേജ്‌രിവാളിന്റെ കോപ്പിയടിക്കു തങ്ങളുടെ വോട്ടുകൾ ചോർത്താൻ‍ ശേഷിയുണ്ടെന്നു ബിജെപി കരുതുന്നു.

തിരഞ്ഞെടുക്കപ്പെട്ടവർ മാത്രം അംഗങ്ങളായ നിയമസഭയുള്ള കേന്ദ്ര ഭരണപ്രദേശമാണു ഡൽഹി. നിയമസഭയെ ഇല്ലാതാക്കി ഡൽഹിയെ പൂർണമായും കേന്ദ്ര ഭരണത്തിലാക്കുകയെന്നതാണു ബിജെപിയുടെ പദ്ധതിയെന്നു കേജ്‌രിവാൾ പറയുന്നു. അങ്ങനെ സംഭവിക്കില്ലെന്നു ബിജെപി പറയുന്നില്ല. പകരം, രാജ്യതലസ്ഥാനം കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരിക്കുന്നതല്ലേ പലതുകൊണ്ടും നല്ലതെന്ന യുക്തിയാണു പറയുന്നത്.

ഡൽഹിയിലാണ് എന്നതാണു കേജ്‌രിവാളിനും ആം ആദ്മി ഭരണത്തിനും കൂടുതൽ ശ്രദ്ധകിട്ടാനുള്ള കാരണം. മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിൽ ഒരു പ്രാദേശിക കക്ഷി ഇങ്ങനെ വളരില്ല; വെല്ലുവിളിക്കില്ല. മുഖ്യവേദിയിൽനിന്നു കേജ്‌രിവാളിനെ ഇറക്കിവിട്ടാൽ പകുതിപ്രശ്നം തീരുമെന്നാണു ബിജെപിയുടെ വിചാരം; സക്സേന അതിനു വേഗത്തിൽ വഴിയൊരുക്കുമെന്നും.

English Summary: Aam Aadmi Party - BJP Fight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com