‘നമ്മളാണ് ഗുജറാത്തിനെ സൃഷ്ടിച്ചത്’ എന്ന് മോദി; വോട്ട് കൂടിയപ്പോൾ സീറ്റ് കുറഞ്ഞ് ബിജെപി
ഗുജറാത്തിലെ നഗരമേഖലകളിൽ എതിരാളികളില്ലാത്ത ബിജെപി, ഗ്രാമീണമേഖലകളിൽ ഇപ്പോഴും ശക്തിയുള്ള കോൺഗ്രസ്. ഇതിനിടയിലേക്ക് നഗരകേന്ദ്രീകൃത പാർട്ടിയായ ആം ആദ്മിയും. എതിരാളിയുടെ വോട്ടാകും ആം ആദ്മി പിളർത്തുകയെന്ന പ്രതീക്ഷയിലാണ് ബിജെപിയും കോൺഗ്രസും ഗുജറാത്തിൽ നിന്ന് രാജീവ് മേനോൻ, മിഥുൻ എം.
ഗുജറാത്തിലെ നഗരമേഖലകളിൽ എതിരാളികളില്ലാത്ത ബിജെപി, ഗ്രാമീണമേഖലകളിൽ ഇപ്പോഴും ശക്തിയുള്ള കോൺഗ്രസ്. ഇതിനിടയിലേക്ക് നഗരകേന്ദ്രീകൃത പാർട്ടിയായ ആം ആദ്മിയും. എതിരാളിയുടെ വോട്ടാകും ആം ആദ്മി പിളർത്തുകയെന്ന പ്രതീക്ഷയിലാണ് ബിജെപിയും കോൺഗ്രസും ഗുജറാത്തിൽ നിന്ന് രാജീവ് മേനോൻ, മിഥുൻ എം.
ഗുജറാത്തിലെ നഗരമേഖലകളിൽ എതിരാളികളില്ലാത്ത ബിജെപി, ഗ്രാമീണമേഖലകളിൽ ഇപ്പോഴും ശക്തിയുള്ള കോൺഗ്രസ്. ഇതിനിടയിലേക്ക് നഗരകേന്ദ്രീകൃത പാർട്ടിയായ ആം ആദ്മിയും. എതിരാളിയുടെ വോട്ടാകും ആം ആദ്മി പിളർത്തുകയെന്ന പ്രതീക്ഷയിലാണ് ബിജെപിയും കോൺഗ്രസും ഗുജറാത്തിൽ നിന്ന് രാജീവ് മേനോൻ, മിഥുൻ എം.
ഗുജറാത്തിലെ നഗരമേഖലകളിൽ എതിരാളികളില്ലാത്ത ബിജെപി, ഗ്രാമീണമേഖലകളിൽ ഇപ്പോഴും ശക്തിയുള്ള കോൺഗ്രസ്. ഇതിനിടയിലേക്ക് നഗരകേന്ദ്രീകൃത പാർട്ടിയായ ആം ആദ്മിയും. എതിരാളിയുടെ വോട്ടാകും ആം ആദ്മി പിളർത്തുകയെന്ന പ്രതീക്ഷയിലാണ് ബിജെപിയും കോൺഗ്രസും
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടാണ് ഡിസംബർ ഒന്നിനും അഞ്ചിനുമായി നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്. ഇന്ത്യയുടെയും ബിജെപിയുടെയും രാഷ്ട്രീയത്തിലെ ഏറ്റവും ഉന്നതരായ രണ്ടുപേരുടെ തട്ടകമാണ് എന്നതുകൊണ്ടുതന്നെയാണത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നാട്ടിലെ തിരഞ്ഞെടുപ്പുഫലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതിലും നിർണായകം.
എതിരാളികളില്ലെന്നു പ്രഖ്യാപിക്കാൻ മാത്രം കരുത്തരായ ബിജെപിയും നിരന്തര തോൽവികളിലും വോട്ടു ശതമാനം കുറയാത്ത കോൺഗ്രസും മാത്രമായിരുന്നു ഇത്രയുംകാലം ഗുജറാത്തിലെ പോരാളികൾ. ഇത്തവണ, ആം ആദ്മി പാർട്ടി കൂടി രംഗത്തുണ്ട്. കഴിഞ്ഞ വർഷം സൂറത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിലംപരിശാക്കി മുഖ്യ പ്രതിപക്ഷമായതോടെയാണ് ആം ആദ്മി ഗുജറാത്തിലും ചൂലെടുത്തത്. പല മണ്ഡലങ്ങളിലും ബിജെപിക്കു പകരം മറ്റൊരു സാധ്യത വോട്ടർമാർക്കില്ല എന്ന പാർട്ടിയുടെ അവകാശവാദം തള്ളിക്കളയാനാവില്ല; നഗരപ്രദേശങ്ങളിൽ പ്രത്യേകിച്ചും. നഗരമേഖലകളിൽ കോൺഗ്രസിനു മികച്ച സ്ഥാനാർഥികൾ കുറവാണ്. അവിടെ മധ്യവർഗ വോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് ആം ആദ്മി പാർട്ടിയാണ്.
2017ൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ പോരാട്ടത്തിന്റെ അത്ര വെല്ലുവിളി ഇപ്പോൾ ബിജെപി നേരിടുന്നില്ല. പക്ഷേ, ഗ്രാമങ്ങളിൽ കോൺഗ്രസ് അവഗണിക്കാനാവാത്ത സാന്നിധ്യമാണ്. കോൺഗ്രസിന്റെ വോട്ടുകളാണ് ആം ആദ്മി പാർട്ടി ലക്ഷ്യമിടുന്നതെന്ന് അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് ശക്തമായ ഗ്രാമീണ, ഗോത്രവർഗ മേഖലകളിൽ പക്ഷേ, ആം ആദ്മിക്കു വേരുകൾ കുറവാണ്. ബിജെപി ശക്തമായ നഗരമേഖലകളിലാണ് അവരുടെ സാന്നിധ്യം. അപ്പോൾ അവർ ആരുടെ വോട്ടുകൾ പിടിക്കുമെന്ന ചോദ്യത്തിനു പ്രസക്തിയുണ്ട്. പ്രചരിക്കുന്നതുപോലെയുള്ള പ്രവർത്തനങ്ങൾ താഴെത്തട്ടിൽ ആം ആദ്മിയുടേതായി കാണുന്നില്ല.
ഭരണവിരുദ്ധ വികാരം മറികടക്കാൻ മോദിമുഖം
ശക്തമായ ഭരണവിരുദ്ധവികാരം ഗുജറാത്തിലുണ്ടെന്നു ബിജെപി നേതാക്കളും സമ്മതിക്കും. 38 സിറ്റിങ് സീറ്റുകളിലെ എംഎൽഎമാരെ മാറ്റിയത് അതിനുദാഹരണമാണ്. കോവിഡ് കൈകാര്യം ചെയ്തതിലെ കെടുകാര്യസ്ഥത, തൊഴിലവസരങ്ങളില്ലാത്തത്, കർഷക വിഷയങ്ങൾ എന്നിങ്ങനെ പല കാര്യങ്ങളിലും സർക്കാർ പിന്നോട്ടായിരുന്നു. ഭരണവിരുദ്ധ വികാരം മറികടക്കാൻ തങ്ങളുടെ വജ്രായുധമാണു ബിജെപി പുറത്തെടുക്കുന്നത്; പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിക്കു ശേഷമുണ്ടായ ഗുജറാത്ത് മുഖ്യമന്ത്രിമാരുടെ പേര് ഒരുപക്ഷേ, അധികമാർക്കും ഓർമയുണ്ടാവില്ല.
‘നമ്മളാണു ഗുജറാത്തിനെ സൃഷ്ടിച്ചത്’ എന്ന മുദ്രാവാക്യം നൽകിയ അദ്ദേഹം, വോട്ടു ചെയ്യുമ്പോൾ തന്നെ മാത്രം ഓർത്താൽ മതിയെന്നും പറഞ്ഞു. മോദിയാണു പാർട്ടിയുടെ ഏറ്റവും വിശ്വസ്തമായ ബ്രാൻഡ്. പാർട്ടിയിലെ പടലപിണക്കങ്ങളും വിമതശല്യവും രൂക്ഷമാണ്. പിൻനിരയിലേക്കു മാറ്റപ്പെട്ട നിതിൻ പട്ടേലിനെപ്പോലെയുള്ള നേതാക്കളുടെ നിലപാടുകൾ പ്രധാനമാണ്. അതൊക്കെ മറികടക്കാൻ മോദിയുടെ പ്രതിഛായ മതിയെന്നാണു ബിജെപിയുടെ പ്രതീക്ഷ.
പിന്നാക്കം പോകുന്ന ഹിന്ദുത്വ രാഷ്ട്രീയം
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആദ്യ പരീക്ഷണശാലയായ ഗുജറാത്തിൽ ഇത്തവണ അതിന് അവസരമില്ലെന്നാണു കോൺഗ്രസും ആം ആദ്മിയും പറയുന്നത്. വോട്ടർമാർക്ക് അതു മടുത്തുവെന്നും വികസനവും തൊഴിലില്ലായ്മയും സാമ്പത്തിക പ്രശ്നങ്ങളുമാണ് ചർച്ചയെന്നുമാണു വാദം. ബിജെപി ഹിന്ദുത്വവികാരം പൂർണമായി കൈവിട്ടിട്ടില്ലെന്നു ബിൽക്കീസ് ബാനു പ്രതികളെ വിട്ടയച്ചതുവഴി തെളിയിച്ചു. ഏക സിവിൽ കോഡ് കൊണ്ടുവരും, മതമൗലികവാദം തടയാൻ പ്രത്യേക സെൽ രൂപീകരിക്കും തുടങ്ങിയ വാഗ്ദാനങ്ങളൊക്കെ മുന്നോട്ടുവച്ചിട്ടുമുണ്ട്.
മുസ്‌ലിം വോട്ടർമാരിലെ ആശയക്കുഴപ്പം
ഗുജറാത്തിലെ മുസ്‌ലിം വോട്ടർമാർ ആശയക്കുഴപ്പത്തിലാണ്. ബിജെപിയെ അതേ ആശയത്തിൽ കളിച്ചു ചെറുക്കുന്ന ആം ആദ്മി പാർട്ടി ബിജെപിയുടെ ബി ടീമാണെന്ന് അവർ സംശയിക്കുന്നു. പിടിച്ചുനിൽക്കാനുള്ള ത്രാണി കോൺഗ്രസിനുണ്ടോയെന്നും സംശയം. ഈ സാഹചര്യത്തിൽ ഇപ്പോൾ ബിജെപിയെ പിന്തുണച്ചാൽ ജീവിതം സുരക്ഷിതമായി മുന്നോട്ടുപോകുമല്ലോ എന്നു ചിന്തിക്കുന്ന 25 ശതമാനം പേരെങ്കിലുമുണ്ടെന്നു ബിജെപിയിലേക്കു മുസ്‍ലിംകളെ അടുപ്പിക്കാൻ പ്രവർത്തിക്കുന്ന സലിം അജ്മീരി എന്ന ന്യൂനപക്ഷ മോർച്ച പ്രവർത്തകൻ പറയുന്നു. പക്ഷേ, പോളിങ് ബൂത്തിലെത്തുമ്പോൾ കോൺഗ്രസിനല്ലാതെ മറ്റാർക്കു വോട്ടു ചെയ്യുമെന്നു കരുതുന്നവരും കുറവല്ല.
സൗരാഷ്ട്രയുടെ ഗ്രാമീണ രാഷ്ട്രീയം
2017ൽ, സർക്കാരിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയ പട്ടേൽ സമുദായത്തിന്റെ പിന്തുണ ലഭിച്ചതു സൗരാഷ്ട്ര മേഖലയിൽ കോൺഗ്രസിനു ഗുണം ചെയ്തിരുന്നു. ഇക്കുറി സ്ഥിതി വ്യത്യസ്തമാണ്. പൂർണമായല്ലെങ്കിലും, പട്ടേൽ സമുദായത്തിന്റെ പിന്തുണ തിരിച്ചുപിടിക്കുന്നതിൽ ബിജെപി വിജയിച്ചിട്ടുണ്ട്. ഇതര പിന്നാക്ക വിഭാഗങ്ങളെ ഒപ്പം നിർത്തി നഷ്ടം നികത്താനുള്ള ശ്രമത്തിലാണു കോൺഗ്രസ്.
രാഹുൽ ഗാന്ധിയുടെയോ സോണിയ ഗാന്ധിയുടെയോ പേരു പറഞ്ഞല്ല ഗ്രാമങ്ങളിൽ കോൺഗ്രസ് വോട്ടു പിടിക്കുന്നത്; മറിച്ച്, പ്രാദേശികതലത്തിൽ സ്വാധീനമുള്ള സമുദായ നേതാക്കളാണു പാർട്ടിയുടെ മുഖം. വോട്ടു ചെയ്തു ജയിപ്പിച്ചാൽ ബിജെപിയിലേക്കു ചാടുന്നവർ എന്ന ചീത്തപ്പേര് കോൺഗ്രസ് നേരിടുന്നുണ്ട്. ഇത്തവണ 125 സീറ്റു നേടുമെന്നാണ് നേതാക്കളുടെ ആത്മവിശ്വാസം. മോർബിയിൽ തൂക്കുപാലം തകർന്ന് 136 പേർ മരിച്ചത് പ്രാദേശികവിഷയമായി ഒതുങ്ങിക്കഴിഞ്ഞു.
ഗോത്രമേഖലയിൽ ശക്തികാട്ടാൻ കോൺഗ്രസ്
ഗോത്ര വിഭാഗങ്ങൾക്കു സ്വാധീനമുള്ള മണ്ഡലങ്ങളിൽ ബിജെപിയെ കടത്തിവെട്ടാമെന്നു കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ഗോത്ര വിഭാഗങ്ങൾക്കായി സംവരണം ചെയ്ത 27 മണ്ഡലങ്ങളിൽ 15 എണ്ണം 2017ൽ കോൺഗ്രസ് വിജയിച്ചിരുന്നു; സഖ്യകക്ഷിയായ ഭാരതീയ ട്രൈബൽ പാർട്ടി രണ്ടിടത്തു ജയിച്ചു. ഇക്കുറി സഖ്യമില്ലാതെയാണു മത്സരിക്കുന്നതെങ്കിലും പരമ്പരാഗതമായി തങ്ങൾക്കൊപ്പം നിൽക്കുന്ന ഗോത്ര വിഭാഗക്കാരുടെ പിന്തുണ തുടർന്നും ലഭിക്കുമെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ.
ഗുജറാത്തിലെ തന്റെ ആദ്യ പ്രചാരണ സമ്മേളനത്തിനായി ഗോത്ര സംവരണ സീറ്റുകൾ ഏറെയുള്ള നവ്‌സാരി ജില്ലയിലേക്കു രാഹുൽ ഗാന്ധി എത്തിയതും ഈ വിഭാഗത്തിനിടയിൽ കോൺഗ്രസ് അർപ്പിക്കുന്ന പ്രതീക്ഷയ്ക്കു തെളിവ്. പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ പ്രചാരണമൂന്നിയതും ഇവർക്കു സ്വാധീനമുള്ളിടങ്ങളിലാണ്. ആം ആദ്മിയുടെ സാന്നിധ്യം ഗോത്രമേഖലയിലെ ചില സീറ്റുകളിൽ കോൺഗ്രസിന്റെ വോട്ടു പിളർത്താൻ വഴിയൊരുക്കുമെന്നു ബിജെപി കണക്കുകൂട്ടുന്നു. 7.09 ശതമാനം പട്ടിക വിഭാഗക്കാരും 14.76 ശതമാനം പട്ടിക വർഗക്കാരും സംസ്ഥാനത്തുണ്ട്. ഉത്തരഗുജറാത്തിൽ കോൺഗ്രസ് നേടിയ 18 സീറ്റുകളിലും സൗരാഷ്ട്ര മേഖലയിൽ നേടിയ 30 സീറ്റുകളിലും ഈ വിഭാഗത്തിന്റെ വോട്ടുകൾ ഏറെയുണ്ട്.
വോട്ട് കൂടുമ്പോഴും സീറ്റ് കുറഞ്ഞ് ബിജെപി
32 സീറ്റുകളുള്ള ഉത്തര ഗുജറാത്ത്, 61 സീറ്റുകളുള്ള മധ്യ ഗുജറാത്ത്, 35 സീറ്റുകളുള്ള ദക്ഷിണ ഗുജറാത്ത്, 54 സീറ്റുകളുള്ള കച്ച്–സൗരാഷ്ട്ര മേഖല എന്നിങ്ങനെ ഗുജറാത്തിനെ തരംതിരിക്കാം. 2017ൽ 77 സീറ്റു നേടിയ കോൺഗ്രസ് ഉത്തര ഗുജറാത്തിലും സൗരാഷ്ട്രയിലും മികച്ചുനിന്നു. മധ്യ ഗുജറാത്താണ് ബിജെപിയുടെ ജയത്തിൽ നിർണായകമായത്. 61 സീറ്റിൽ 37 എണ്ണം ജയിച്ചു. തൊണ്ണൂറുകളുടെ അവസാനം മുതൽ അധികാരത്തിലുണ്ടെങ്കിലും, ഗുജറാത്ത് കലാപം നടന്ന 2002ൽ ഒഴികെ ബിജെപിക്കു സീറ്റുകൾ കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്. 2017ൽ 99 ആണു കിട്ടിയതെങ്കിലും കോൺഗ്രസിൽനിന്നു കുറെപ്പേരെ മറുകണ്ടം ചാടിച്ച് 111 ആക്കിയിരുന്നു.
എന്നാൽ, വോട്ടു ശതമാനത്തിൽ പടിപടിയായി വർധന ബിജെപിക്കുണ്ട്. 2017ൽ വോട്ടുവിഹിതം 49.14%. കോൺഗ്രസിന് 1995 മുതൽ 40 ശതമാനത്തിനു മുകളിലാണ് (2017ൽ 41.44%) വോട്ടുവിഹിതമെങ്കിലും അതിനനുസരിച്ചു സീറ്റുകളില്ല. 35ൽ ഏറെ സീറ്റുകളിൽ അയ്യായിരത്തിൽ താഴെ വോട്ടുകൾക്കാണു ബിജെപി ജയിച്ചത്. ഗ്രാമീണമേഖലയിൽ കോൺഗ്രസ് 71 സീറ്റുകൾ നേടിയപ്പോൾ ബിജെപി 63 സീറ്റുകളാണു നേടിയത്. 42 നഗരസീറ്റുകളിൽ ഭൂരിപക്ഷവും ബിജെപിക്കായിരുന്നു. അവിടേക്കാണ് ആം ആദ്മിയെന്ന നഗര കേന്ദ്രീകൃത പാർട്ടി കടന്നുവരുന്നത്.
English Summary : Gujarat Assembly Elections