കാലിൽ പിടിച്ചുകയറുന്ന ശാസ്ത്രം
എല്ലാ ശാസ്ത്രത്തിന്റെയും തുടക്കം ഇന്ത്യയിൽനിന്നാണെന്നു സ്ഥാപിക്കാനൊരു വൻപദ്ധതിക്കു നാം തുടക്കമിട്ടിരിക്കുന്നു. നാം എന്നു പറഞ്ഞാൽ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയും ചേർന്ന്. അതോടെ ശാസ്ത്രരംഗത്ത് ഇന്ത്യയ്ക്കു വിശ്വഗുരുപ്പട്ടം കിട്ടും.
സ്പർശനസുഖമുള്ള തിരുമ്മൽ ഒരു ശാസ്ത്രമാണെന്ന കാര്യത്തിൽ ആ സുഖം അനുഭവിച്ചവർക്കാർക്കും സംശയമുണ്ടാവില്ല. സംഗതി ഭാരതീയമാണ്; പൗരാണികവുമാണ്. തിരുമ്മൽ ശാസ്ത്രം കാലുറപ്പിച്ചു നിൽക്കുന്നത് കാൽതിരുമ്മലിലാണ്. കാൽ തിരുമ്മാനറിയുന്നവർക്ക് എത്ര ഉയരത്തിലേക്കും അടിവച്ചടിവച്ചു കയറിപ്പോകാം എന്ന വിശ്വാസം എത്രയോകാലമായി സമൂഹത്തിൽ സ്വന്തം കാലിൽ ഓടിനടക്കുന്നു.
ഭാരതീയ ജയിലുകളുടെ അമ്മയെന്നു വിളിക്കാവുന്ന തിഹാർ ജയിലിൽ കഴിയുന്ന ഡൽഹിയിലെ ആം ആദ്മി മന്ത്രി സത്യേന്ദ്ര ജെയിൻ നമ്മുടെ തിരുമ്മൽ ശാസ്ത്രത്തിനു മുന്നിൽ മലർന്നടിച്ചു കിടന്നത് ഈയിടെ ഈ മഹാരാജ്യം പരക്കെ കാണുകയുണ്ടായി.
വെറുതേയങ്ങനെ തിരുമ്മിയതുകൊണ്ട് ശരീരത്തിലെ ഊർജകേന്ദ്രങ്ങൾ ഉണർത്താനാവില്ലെന്നും ശാസ്ത്രീയമായ തിരുമ്മലിനു സവിശേഷമായൊരു താളവും ഈണവുമുണ്ടെന്നും തിഹാർ ജയിലിൽനിന്നുള്ള തിരുമ്മൽദൃശ്യങ്ങൾ കണ്ടവർക്കെല്ലാം ബോധ്യപ്പെട്ടു.
മന്ത്രി കിടന്നുകൊണ്ടു പ്രവേശിക്കുന്നിടത്താണ് രംഗം തുടങ്ങുന്നത്. തുടർന്ന് ഒരാൾ കയറിവരുന്നു. അദ്ദേഹം മന്ത്രിയുടെ ഒരു കാലെടുത്തു മടിയിൽവച്ച് തിരുമ്മൽ തുടങ്ങുന്നു. ഈശാന കോണിൽനിന്നായിരുന്നു തുടക്കം എന്നാണ് ഒരു വാസ്തുവിദഗ്ധൻ അപ്പുക്കുട്ടനോടു പറഞ്ഞത്. ഈശാന കോൺ എന്നാൽ വടക്കുകിഴക്കേ മൂല.
അതുകഴിഞ്ഞ് മറ്റേ കാൽ എടുത്തു മടിയിൽ വയ്ക്കുന്നു. ശാസ്ത്രീയ വിധിപ്രകാരം തിരുമ്മു തുടരുന്നു. പിന്നെ രണ്ടു കാലുകളുടെയും മാംസള ഭാഗങ്ങൾക്കു സൗമ്യമർദം നൽകുന്നു. ഒന്നും സംഭവിക്കാത്തതുപോലെ മന്ത്രി എന്തോ വായിച്ചു കിടക്കുന്നതു ദൃശ്യങ്ങളിൽ നമുക്കു കാണാം. തിരുമ്മലിന്റെ അകമ്പടിയോടെ വായിക്കുന്നതെന്തും മനസ്സിൽ ആഴത്തിൽ പതിയുമെന്നു തെളിയിക്കാൻ കൂടിയായിരുന്നു ആ വായന എന്നു വിചാരിക്കണം.
തിരുമ്മുന്നതു കാലുകൾ മാത്രമാണെങ്കിലും കാൽഞരമ്പുകളിൽനിന്നുള്ള മർദപ്രസരം തലച്ചോറിലെത്തുകയും ബൗദ്ധിക–മാനസിക വ്യാപാരങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യും എന്ന വലിയ പാഠമാണ് ജയിലിൽകിടന്ന് മന്ത്രി നമ്മുടെ രാജ്യത്തോടു പറഞ്ഞത്. അങ്ങനെ നോക്കുമ്പോൾ, കാൽ തിരുമ്മുന്നവർ രാജ്യത്തിനു വലിയ സേവനമാണ് അർപ്പിക്കുന്നത്.
തിഹാർ ജയിലിൽ തിരുമ്മു രംഗത്തഭിനയിച്ച മന്ത്രിയും തിരുമ്മു കലാകാരനും പാലിച്ച സമചിത്തതയ്ക്കും നിർവികാരതയ്ക്കും തികച്ചും ഭാരതീയം എന്ന വിശേഷണം കൊണ്ടൊന്നുമാവില്ല. രാജ്യതലസ്ഥാനമെന്ന നിലയിൽ ഡൽഹിയിൽ കാൽ തിരുമ്മൽകാരുടെ സേവനം കൂടുതൽ വേണ്ടിവരും എന്നൊരു സന്ദേശം ഇതിൽനിന്നു കണ്ടെടുക്കാമെന്നാണ് പ്രിയ സുഹൃത്ത് കഷ്ടകാൽജിയുടെ നിരീക്ഷണം.
ക്രിസ്തുവർഷാരംഭത്തിനു 3000 വർഷം മുൻപുതന്നെ തിരുമ്മൽ ഭാരതീയ ചികിത്സാപദ്ധതിയുടെ ഭാഗമായിരുന്നു. ഈജിപ്തിലും ചൈനയിലുമൊക്കെ ഇതിനോടടുത്ത കാലത്തു തിരുമ്മൽ തുടങ്ങിയെങ്കിലും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ കൂടുതൽ ആഴത്തിൽ കുഴിച്ചു നോക്കിയാൽ ഈ പ്രാചീന ശാസ്ത്രത്തിന്റെ നാരായവേര് ഇന്ത്യയിൽത്തന്നെ കണ്ടെത്താൻ തീർച്ചയായും കഴിയും. തിരുമ്മലിന്റെ ഒറിജിനൽ ആചാര്യസ്ഥാനം ഇന്ത്യയ്ക്കുതന്നെയാണെന്നു സ്ഥാപിക്കപ്പെടുമ്പോൾ ഓരോ ഭാരതീയന്റെയും കാൽവിരൽത്തുമ്പിൽനിന്നൊരു കയറ്റമുണ്ട്; നിർവൃതിയുടെ കൊടിയേറ്റം. തിരുമ്മൽശാസ്ത്രത്തിന്റെ കാൽക്കൽ നമുക്കു സാഷ്ടാംഗം പ്രണമിക്കാം.
English Summary: Panachi in Tharangangalil