രക്ഷിതാക്കൾക്ക് എൻജിനീയറിങ് സ്വപ്നം; വിഷാദത്തിൽ വിദ്യാർഥികൾ: കോട്ടയിലെ ആ 14 ചിതകൾ പറയുന്നത്...
രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർഥികളുടെ ആത്മഹത്യകൾ വീണ്ടും. ഈ വർഷം ആത്മഹത്യ ചെയ്തത് 14 പേർ. ഐഐടി, യുപിഎസ്‌സി പരീക്ഷാപരിശീലനത്തിന്റെ സമ്മർദവും രക്ഷിതാക്കളുടെ നിർബന്ധവും വിദ്യാർഥികളെ തളർത്തുന്നു. കോട്ടയിലെ വിദ്യാർഥികളുടെ വിഷാദപ്രവണതയെപ്പറ്റി സർക്കാർ പഠനം നടത്തിയിട്ടും ഫലമില്ല
ഐഐടി, യുപിഎസ്‌സി പരീക്ഷാ കോച്ചിങ് സെന്ററുകൾക്കു പ്രസിദ്ധമായ (അതോ കുപ്രസിദ്ധമോ?) രാജസ്ഥാനിലെ കോട്ടയിൽ മൂന്നു വിദ്യാർഥികൾ കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്ത സംഭവം നമ്മുടെ പരീക്ഷാ സംസ്കാരത്തിന് എന്തുപറ്റിയെന്നു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. കോട്ടയിൽ ഈ വർഷം ആകെ 14 ആത്മഹത്യകളാണു നടന്നത്.
2016ൽ ആത്മഹത്യ ചെയ്ത പതിനേഴുകാരി എഴുതിവച്ച കുറിപ്പ് ഞെട്ടിപ്പിക്കുന്നതാണ്. ഐഐടി– ജെഇഇ പരീക്ഷകൾക്കായി ഹൈസ്കൂൾ വിദ്യാർഥികളെ സജ്ജരാക്കുന്ന കോട്ടയിലെ കോച്ചിങ് സെന്ററുകൾ കുട്ടികൾക്കുമേൽ കെട്ടിവയ്ക്കുന്ന അമിതസമ്മർദത്തെപ്പറ്റിയാണ് പെൺകുട്ടി എഴുതിയത്. കുട്ടികളെ സമ്മർദത്തിലേക്കും വിഷാദത്തിലേക്കും തള്ളിവിടുന്ന ഇത്തരം കോച്ചിങ് സെന്ററുകൾ പൂട്ടിക്കണമെന്ന് തന്റെ കുറിപ്പിലൂടെ മാനവശേഷി മന്ത്രാലയത്തോട് അവൾ ആവശ്യപ്പെട്ടു. ആ വർഷം അത് ഒൻപതാമത്തെ ആത്മഹത്യയായിരുന്നു. അഞ്ചു വർഷത്തിനുള്ളിലെ 56–ാമത്തേതും. കോട്ടയിൽ കുടിൽ വ്യവസായംപോലെ പൊന്തുന്ന കോച്ചിങ് സെന്ററുകളിലെ വിദ്യാർഥികളായിരുന്നു എല്ലാവരും. കോവിഡ്കാലത്തെ ഇടവേളയ്ക്കു ശേഷം കോച്ചിങ്ങും അതുമായി ബന്ധപ്പെട്ട സമ്മർദങ്ങളും തുടർന്നുള്ള ആത്മഹത്യകളുമൊക്കെ വീണ്ടും തലപൊക്കിയിരിക്കുന്നു.
2016ലെ മരണങ്ങളെത്തുടർന്ന് കോട്ടയിലെ അന്നത്തെ കലക്ടർ രവികുമാർ സർപർ രക്ഷിതാക്കളെ അഭിസംബോധന ചെയ്ത് വികാരഭരിതമായ കത്തെഴുതിയിരുന്നു. തങ്ങൾക്കു സാക്ഷാൽക്കരിക്കാൻ കഴിയാതെപോയ സ്വപ്നങ്ങൾ കുട്ടികളിലൂടെ നേടണമെന്നാഗ്രഹിച്ച് അവരെ കൊടിയ സമ്മർദത്തിലേക്കു തള്ളരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. കോട്ടയിൽ പഠിക്കുന്ന കുട്ടികളിൽ കാണുന്ന വിഷാദപ്രവണതകളെപ്പറ്റി ഒരിക്കൽ സർക്കാർ പഠനം നടത്തുകപോലും ചെയ്തു. പക്ഷേ, പരിഹാരമൊന്നും ഉണ്ടായില്ല.
കോട്ടയിൽ ഇപ്പോൾ 1.75 ലക്ഷം കുട്ടികൾ പഠിക്കുന്നുണ്ട്. പ്രതിവർഷം 1.4 ലക്ഷം രൂപ വീതം രക്ഷിതാക്കൾ അടയ്ക്കുന്നു, ഭക്ഷണത്തിനും താമസത്തിനും ആയി 1.2 ലക്ഷം വീതം വേറെയും. അവർ ചെലവാക്കുന്ന പണത്തിന് അവർക്കു പ്രതിഫലം കിട്ടണം.
കാരണങ്ങൾ വളരെ ലളിതമാണ്: സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുള്ള പാസ്പോർട്ട് ആയി വിദ്യാഭ്യാസനേട്ടങ്ങളെ കാണുന്ന നമ്മുടെ സംസ്കാരത്തിൽ, ഇന്ത്യൻ രക്ഷിതാക്കൾ അവരുടെ കുട്ടികൾ പരീക്ഷകളിൽ ഉന്നതവിജയം നേടാൻ ആഗ്രഹിക്കുന്നു. താൽപര്യമില്ലാത്ത വിഷയങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാകുന്ന കുട്ടികൾ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങണം എന്ന നിരന്തര സമ്മർദത്തിന് അടിപ്പെടുന്നു. രണ്ടു ശതമാനം വിദ്യാർഥികൾ മാത്രമാണ് ഗ്രേഡുകൾ നേടുന്നത്. ഓരോ വർഷവും ഐഐടി– ജെഇഇ പരീക്ഷ എഴുതുന്ന അഞ്ചു ലക്ഷം കുട്ടികളിൽ 10,000 പേർ മാത്രമാണ് ഐഐടി പ്രവേശനത്തിന് ആവശ്യമായ സ്കോർ നേടുന്നത്. ഒട്ടേറെ വിദ്യാർഥികൾ പ്രതികരിക്കാനോ മറ്റൊരു പഠനത്തിലേക്കു മാറാനോ കഴിയാതെ കഠിന സമ്മർദത്തിലാഴുന്നു.
എൻജിനീയറിങ്ങും മെഡിസിനും തന്നെയാണ് ഇപ്പോഴും ഇന്ത്യയിലെ മധ്യവർഗ രക്ഷിതാക്കളുടെ സ്വപ്നം. വർഷം 50 ലക്ഷം എൻജിനീയറിങ് ബിരുദധാരികളെയാണ് രാജ്യം പുറത്തിറക്കുന്നത്. അതിൽ 80 ശതമാനവും എൻജിനീയറിങ് ഡിഗ്രി ആവശ്യമില്ലാത്ത ജോലികളിലേക്കാണ് എത്തിച്ചേരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആധുനികതയിലേക്കുള്ള പാസ്പോർട്ട് എൻജിനീയറിങ് ആണെന്ന ധാരണയുണ്ടായിരുന്നു. ഇപ്പോഴും നമ്മുടെ രക്ഷിതാക്കൾ അവരുടെ കുട്ടികളെ എൻജിനീയറിങ് പഠിക്കാൻ നിർബന്ധിക്കുന്നു.
ഐഐടികളിൽ പ്രവേശനം ലഭിക്കാതെ പോകുന്നവർ മറ്റു പല സ്ഥാപനങ്ങളിലും എൻജിനീയറിങ് പഠനത്തിനു ചേരുന്നു. അവയിൽ പലതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ആവശ്യമുള്ള സാങ്കേതിക മികവ് കുട്ടികൾക്കു നൽകാൻ പ്രാപ്തമല്ല താനും.
എൻജിനീയറിങ് കോഴ്സുകൾക്കു വേണ്ടിയുള്ള ഒടുങ്ങാത്ത ആഗ്രഹം പരിഹരിക്കും വിധത്തിൽ ആവശ്യത്തിന് എൻജിനീയറിങ് കോളജുകൾ ഇന്ത്യയിലുണ്ട്. എന്നാൽ, ആരോഗ്യ വിദ്യാഭ്യാസ മേഖല അങ്ങനെയല്ല. വർധിച്ചുവരുന്ന ഇന്ത്യൻ ജനസംഖ്യയുടെ ആവശ്യങ്ങൾക്കനുസരിച്ചു മെഡിക്കൽ സീറ്റുകൾ കൂട്ടാൻ ഒരു താൽപര്യവും കാണിക്കാത്ത മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) ആണ് ഈ രംഗം ഭരിക്കുന്നത്. മെഡിക്കൽ കോളജുകൾക്ക് എംസിഐയുടെ അംഗീകാരം വേണം. പക്ഷേ, വിദ്യാർഥികളെ പഠിപ്പിക്കാനും ഡിഗ്രി നൽകാനും പ്രാപ്തമായ 381 കോളജുകൾ മാത്രമേ അവർക്കു കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. അതിനാൽത്തന്നെ ഇന്ത്യയിൽ മൊത്തം 63,800 മെഡിക്കൽ സീറ്റുകളേയുള്ളൂ. 140 കോടി ജനസംഖ്യയുള്ള രാജ്യത്ത് അങ്ങനെ മെഡിക്കൽ വിദ്യാഭ്യാസ മോഹസാക്ഷാൽക്കാരം ഭൂരിപക്ഷത്തിനും അസാധ്യമാകുന്നു. മത്സരപ്പരീക്ഷയെഴുതുന്നവരിൽ ഒരു ശതമാനത്തിൽ താഴെപ്പേർക്കു മാത്രമാണ് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിക്കുന്നത്.
ചെലവു താങ്ങാൻ പറ്റുന്നവരും വായ്പയെടുക്കാൻ കഴിയുന്നവരുമായ ഒട്ടേറെ രക്ഷിതാക്കൾ മക്കളെ വിദേശത്തു മെഡിക്കൽ വിദ്യാഭ്യാസത്തിനയയ്ക്കുന്നു. പക്ഷേ, പലരും അവരുടെ പ്രതിഭ ആവശ്യപ്പെടുന്ന സ്വന്തം രാജ്യത്തേക്കു തിരിച്ചുവരുന്നില്ല. ജോർജിയയിലും യുക്രെയ്നിലും ചൈനയിലും ഒക്കെയുള്ള അജ്ഞാത കോളജുകളിൽ പഠിക്കാൻ പോയ കുട്ടികൾ തിരിച്ചു നാട്ടിൽ പ്രാക്ടീസ് ചെയ്യാം എന്നാഗ്രഹിക്കുമ്പോഴാണ് എംസിഐ അവരുടെ ഡിഗ്രികൾ അംഗീകരിക്കുന്നില്ല എന്നു മനസ്സിലാക്കുന്നത്.
നാട്ടിൽ ജോലി ചെയ്യാനുള്ള അവരുടെ ആഗ്രഹം അവിടെ അവസാനിക്കുന്നു. (കഴിഞ്ഞ ഫെബ്രുവരിയിൽ യുക്രെയ്നിൽനിന്ന് ഇരുപതിനായിരം മെഡിക്കൽ വിദ്യാർഥികളെയാണ് യുദ്ധ സാഹചര്യത്തിൽ ഇന്ത്യയ്ക്കു നാട്ടിലെത്തിക്കേണ്ടിവന്നത്) ഇപ്പോഴുള്ളതിനെക്കാൾ നാലോ അഞ്ചോ മടങ്ങ് ഡോക്ടർമാരെ സൃഷ്ടിക്കാൻ ഇന്ത്യയ്ക്കാകണം.
പക്ഷേ, ഇപ്പോഴത്തെ നിഷേധാത്മക നിലപാട് രാജ്യത്തെ പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണത്തെപ്പോലും താളം തെറ്റിക്കുന്നു. വിദ്യാർഥികളെ പ്രവേശനപരീക്ഷകളുടെ കഠിനസമ്മർദത്തിലേക്കു തള്ളുകയും ചെയ്യുന്നു.
എണ്ണത്തിൽ കുറവായ മികച്ച മെഡിക്കൽ കോളജുകളിലെ പ്രവേശനത്തിന് അനേകലക്ഷങ്ങൾ മത്സരിക്കുന്ന സാഹചര്യത്തിൽ കോട്ടയിലെ പോലെയുള്ള കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ തഴച്ചുവളരും. കടുത്ത പരീക്ഷകൾ നേരിട്ടു മാത്രമേ പ്രവേശനം നേടാനാവൂ എന്ന അവസ്ഥയിൽ ഇന്ത്യൻ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം പോലും സമ്മർദത്തിലാകുന്നു. പ്രവേശനപരീക്ഷാ പരിശീലനം എന്ന ബലിക്കല്ലിനു മുന്നിൽ തങ്ങളുടെ യഥാർഥ താൽപര്യങ്ങൾ ഉപേക്ഷിക്കാൻ രക്ഷിതാക്കൾ കുട്ടികളെ പ്രേരിപ്പിക്കുന്നു. കോട്ടയിലെ 14 ചിതകൾ ദുഃഖകരമായ ഈ അവസ്ഥയെയാണ് ഓർമിപ്പിക്കുന്നത്.
വാൽക്കഷണം
ആരാധകരുടെ ആവേശത്തെ വാനോളം ഉയർത്തിയ ഉജ്വല ഫൈനലോടെ ലോകകപ്പ് ഫുട്ബോൾ അവസാനിച്ചു. കളിക്കളത്തിൽ ആരു ജയിച്ചെന്നു നമുക്കെല്ലാം അറിയാം. എന്നാൽ, മറ്റൊരു വിജയി കൂടിയുണ്ട് -ആതിഥേയരായ ഖത്തർ. രാജ്യത്തെ മനുഷ്യാവകാശ ലംഘന ആരോപണങ്ങളും കുടിയേറ്റ തൊഴിലാളികളോടും ലൈംഗിക ന്യൂനപക്ഷങ്ങളോടുമുള്ള സമീപനവും ആദ്യം വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ, ടൂർണമെന്റ് ഖത്തർ ഒരു മഹാസംഭവമാക്കി.
മികവുറ്റ സംഘാടനം, ഒരു പിശുക്കും ഇല്ലാത്ത ആതിഥേയത്വം. (ചൂടുള്ള ഓപ്പൺ എയർ ഓഡിറ്റോറിയങ്ങളിലേക്കു തണുത്ത കാറ്റ് വീശുന്ന ആധുനിക കൂളിങ് ഡക്ടുകൾ വരെ തയാറായിരുന്നു). ലോകത്തിനു മുന്നിൽ അവർ അവതരിപ്പിച്ച മ്യൂസിയങ്ങളും ഇസ്‌ലാമിക് സാംസ്കാരിക പ്രതീകങ്ങളും സന്ദർശകരുടെയും മാധ്യമങ്ങളുടെയും പ്രശംസ നേടി.
എല്ലാറ്റിനും ഉപരി, ആദ്യമായി ആയിരക്കണക്കിന് ഏഷ്യക്കാർക്കും ആഫ്രിക്കക്കാർക്കും ലോകകപ്പ് നേരിട്ടു കാണാൻ അവസരമുണ്ടായി. യൂറോപ്പിലോ വടക്കേ അമേരിക്കയിലോ ആയിരുന്നു ടൂർണമെന്റെങ്കിൽ ഇവർക്കാർക്കും വീസ കിട്ടുമെന്ന് ഒരു ഉറപ്പുണ്ടായിരുന്നില്ല. ഖത്തർ അങ്ങനെ ഒരു യഥാർഥ ‘ലോക’കപ്പ് അവതരിപ്പിച്ചിരിക്കുന്നു. സബാഷ്.
English summary: 14 students committed suicide in Rajasthan's Kota this year-writes shashi tharoor