എട്ടു വർഷം മുൻപ് സമാധാന നൊബേൽ പുരസ്‌കാരം സ്വീകരിക്കുമ്പോൾ മലാല യൂസഫ്‌സായി ആത്മവിശ്വാസത്തോടെ പറഞ്ഞു: ‘അഞ്ചടി രണ്ടിഞ്ച് ഉയരമുള്ള ഒരേയൊരു പെൺകുട്ടിയായി, ഒറ്റ വ്യക്‌തിയായി ഞാനിവിടെ കാണപ്പെടുന്നുവെങ്കിലും ഞാൻ ഒരാളല്ല. എന്റേത് ഒരേയൊരാളുടെ സ്വരവുമല്ല. സ്‌കൂളിൽ പോകാനാകാത്ത ആറരക്കോടിയിലേറെ പെൺകുട്ടികളാണ് ഈ ഞാൻ.’ അഫ്ഗാനിസ്ഥാനിലെ സർവകലാശാലകളിൽ പെൺകുട്ടികൾക്കു താലിബാൻ ഭരണകൂടം ഇപ്പോൾ പഠിപ്പുവിലക്കേർപ്പെടുത്തിയപ്പോൾ അന്നു നെ‍ാബേൽ സമ്മാനവേദിയിൽ മലാല പറഞ്ഞ വാക്കുകൾ വീണ്ടും ഓർമിക്കാതെവയ്യ.

ലോകത്തു വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട മുഴുവൻ വിസ്‌മൃത ബാല്യങ്ങൾക്കുമായാണ് മലാല അന്നു പുരസ്‌കാരം സ്വീകരിച്ചത്. പാക്കിസ്‌ഥാനിലെ സ്വാത് താഴ്‌വരയിൽ, സ്‌കൂളിൽനിന്നു വീട്ടിലേക്കു മടങ്ങുമ്പോൾ 2012 ഒക്‌ടോബർ ഒൻപതിന് ആ പതിനഞ്ചുകാരിക്കു താലിബാൻ ഭീകരരുടെ വെടിയേൽക്കുകയുണ്ടായി. സ്വാത് താഴ്‌വര താലിബാന്റെ നിയന്ത്രണത്തിലായിരുന്നപ്പോൾ പെൺകുട്ടികളുടെ വിദ്യാഭ്യാസം നിരോധിക്കുകയും സ്‌കൂളുകൾ അഗ്നിക്കിരയാക്കുകയും ചെയ്‌തിരുന്നു. വിദ്യാഭ്യാസം തുടരാൻ പെൺകുട്ടികൾക്കിടയിൽ രഹസ്യപ്രചാരണം നടത്തുകയും താലിബാന്റെ അതിക്രമങ്ങൾ ബ്ലോഗെഴുത്തിലൂടെ പുറംലോകത്തെ അറിയിക്കുകയും ചെയ്തതോടെയാണ് മലാല താലിബാന്റെ ശത്രുവായത്. ചികിത്സയ്‌ക്കുശേഷം മലാല പിറ്റേ മാർച്ചിൽ വീണ്ടും സ്‌കൂളിലെത്തിയപ്പോൾ ആ മടങ്ങിവരവുപോലും ഭീകരവാദത്തിനെതിരെയുള്ള ഗംഭീരമായൊരു മറുപടിയായിത്തീർന്നു. 

ഉന്നത വിദ്യാഭ്യാസത്തിന്റെ ചിറകുകളിൽ, ആത്മവിശ്വാസത്തോടെ പെൺമ ഉയരങ്ങളിലേക്കു കുതിക്കുമ്പോൾ, സ്ത്രീശാക്തീകരണം എന്നതു ലോകത്തിലെതന്നെ ഏറ്റവും കരുത്താർന്ന വാക്കായി മാറുമ്പോൾ പ്രാകൃതമായ സ്ത്രീവിരുദ്ധ നയങ്ങൾ താലിബാൻ പ്രാവർത്തികമാക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. അഫ്ഗാനിസ്ഥാനിലെ സർവകലാശാലകളിൽ വിലക്കു നടപ്പാക്കണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ പെൺകുട്ടികളെ ക്യാംപസുകളിൽ പ്രവേശിപ്പിക്കരുതെന്നുമുള്ള ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആവശ്യം പൊതു – സ്വകാര്യ സർവകലാശാലകൾ ഉടൻ നടപ്പാക്കിയിരിക്കുകയാണ്. വിവിധ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശനപരീക്ഷയിൽ ആയിരക്കണക്കിനു പെൺകുട്ടികൾ ജയിച്ചത് മൂന്നു മാസം മുൻപായിരുന്നു. എൻജിനീയറിങ്ങും സാമ്പത്തികശാസ്ത്രവും മാധ്യമപ്രവർത്തനവും പോലെയുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കരുതെന്ന കർശന നിർദേശം പെൺകുട്ടികൾക്ക് അനുസരിക്കേണ്ടിയുംവന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ വിലക്ക്. 

അഫ്ഗാനിൽ 20 വർഷത്തെ യുഎസ് അധിനിവേശത്തിനുശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് താലിബാൻ അധികാരം പിടിച്ചത്. സ്ത്രീകൾക്കു വിദ്യാഭ്യാസം പാടേ നിഷേധിക്കുന്ന പരമ്പരാഗത നിലപാട് ഉപേക്ഷിക്കുമെന്നും ഉദാരസമീപനമായിരിക്കുമെന്നും അന്നു താലിബാൻ നൽകിയ ഉറപ്പ് വെറുതേയായി. മുതിർന്ന ക്ലാസുകളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം അനുവദിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും ഭരണം പുരോഗമിച്ചതോടെ ആറാം ക്ലാസിനു മുകളിലേക്കു പെൺകുട്ടികളുടെ വിദ്യാഭ്യാസം കർശനമായി വിലക്കി. പെൺകുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം മതി എന്ന നിലപാട് വ്യക്തമാക്കുകയും ചെയ്തു. നേരത്തേ, 1996–2001ൽ അഫ്ഗാൻ താലിബാൻ ഭരണത്തിലായിരുന്നപ്പോൾ പെൺകുട്ടികൾക്കു വിദ്യാഭ്യാസത്തിനും സ്ത്രീകൾക്കു പുറത്തുപോയി ജോലി ചെയ്യുന്നതിനും വിലക്കുണ്ടായിരുന്നു.

സ്ത്രീകൾ തനിച്ചു വിമാനയാത്ര നടത്തുന്നതും ഇപ്പോൾ നിരോധിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും ദീർഘദൂരയാത്രയ്ക്കു പുരുഷബന്ധുവിന്റെ അകമ്പടി വേണമെന്നാണു നിയമം. മിക്കവാറും ജോലികളിലും സ്ത്രീകൾക്കു വിലക്കുണ്ട്. വനിതാകാര്യ മന്ത്രാലയം നിർത്തലാക്കി പകരം ‘മൂല്യപ്രചാരണത്തിനും തിന്മകൾ തടയുന്നതിനുമായി’ നന്മ–തിന്മ മന്ത്രാലയം ആരംഭിച്ചതു കഴിഞ്ഞ വർഷമാണ്. 

ഹൈസ്കൂളുകൾക്കു പുറമേ സർവകലാശാലകളിൽകൂടി പെൺകുട്ടികൾക്കു പഠിപ്പുവിലക്കു പ്രഖ്യാപിച്ചതോടെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമായിട്ടുണ്ട്. സമൂഹത്തിൽനിന്നു സ്ത്രീകളെ മായ്ച്ചുകളയാനുള്ള നീക്കങ്ങളുടെ ഭാഗമാണു വിലക്കെന്ന് യുഎൻ പ്രത്യേക പ്രതിനിധി കുറ്റപ്പെടുത്തി. പെൺകുട്ടികൾക്കു സർവകലാശാല വിദ്യാഭ്യാസം വിലക്കിയ നീക്കം താലിബാൻ ഭരണകൂടം പുനഃപരിശോധിക്കണമെന്നു പാക്കിസ്ഥാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു വനിതയ്ക്കു വിദ്യാഭ്യാസം നൽകുന്നത് ഒരു തലമുറയ്ക്കു  വിദ്യാഭ്യാസം നൽകുന്നതിനു തുല്യമാണ്. വനിതകൾക്കു മുന്നിൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാതിലടയ്ക്കുമ്പോൾ, അവരുടെ ആത്മവിശ്വാസത്തെയും ആത്മബോധത്തെയും ഊതിക്കെടുത്തുമ്പോൾ സ്ത്രീവിരുദ്ധമായ പ്രാകൃതകാലത്തിലേക്കു വീണ്ടും തിരികെനടക്കുകയാണ് താലിബാൻ. ഇരുപത്തിയെ‍ാന്നാം നൂറ്റാണ്ടിലെ ഏറ്റവും നിന്ദ്യമായ തീരുമാനങ്ങളിലെ‍ാന്നായി ഇതു വിലയിരുത്തപ്പെടുമെന്നു തീർച്ച.

English Summary: Talibanism against women