ചലച്ചിത്രസ്ഥാപനം ഒളിമങ്ങരുത്
വെളിച്ചത്തിൽ ചിത്രീകരിച്ച് ഇരുട്ടത്തു കാണിക്കുന്ന കലയാണു ചലച്ചിത്രം എന്ന ചൊല്ലിനെ കൂട്ടുപിടിച്ചാൽ, കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന കെ.ആർ. നാരായണൻ മെമ്മോറിയൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ ചിത്രം അപ്പാടെ ഇരുണ്ടുകിടക്കുകയാണ്. ചലച്ചിത്രകല പഠിപ്പിക്കുന്ന ഈ സ്ഥാപനം വിവാദത്തിൽ വീണതു ചലച്ചിത്രബാഹ്യമായ കാരണങ്ങൾ കൊണ്ടാണ്. അവിടെ വിദ്യാർഥികൾ നടത്തുന്ന സമരത്തിന്റെ അലയൊലികൾ തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ വേദിയിലേക്കുപോലും പടർന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ അഞ്ചിനു വിദ്യാർഥികൾ ആരംഭിച്ച സമരത്തെത്തുടർന്ന് ജനുവരി എട്ടുവരെ സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്. വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിഞ്ഞു പോകണമെന്നാണ് ജില്ലാ കലക്ടറുടെ ഉത്തരവ്; പ്രകോപനമോ കലാപമോ സൃഷ്ടിക്കാതെ തുടരുന്ന സമരം നിർത്തിവയ്ക്കാനാവില്ലെന്നു വിദ്യാർഥികളും.
എളിയ സാഹചര്യങ്ങളിൽനിന്നു പഠിച്ചുവളർന്ന് ഇന്ത്യയുടെ പ്രഥമ പൗരനായി, കേരളത്തിന്റെ അഭിമാനമായി മാറിയ കെ.ആർ. നാരായണന്റെ ഓർമ നിലനിർത്താൻ അദ്ദേഹത്തിന്റെ സ്വന്തം ജില്ലയിൽ ആരംഭിച്ച സ്ഥാപനം പേരു കേൾപ്പിക്കേണ്ടത് ഔന്നത്യം കൊണ്ടാണ്. പുണെ, കൊൽക്കത്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾപോലെ തന്നെ ഏറ്റവും മുന്തിയ സൗകര്യങ്ങളോടെ 2016 ജനുവരിയിൽ അന്നത്തെ വൈസ് പ്രസിഡന്റ് ഹാമിദ് അൻസാരി രാഷ്ട്രത്തിനു സമർപ്പിച്ചതാണ് അകലക്കുന്നം പഞ്ചായത്തിലെ തെക്കുംതലയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷൂട്ടിങ് ഫ്ലോർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള ഈ സ്ഥാപനത്തിൽ ചലച്ചിത്രവുമായി ബന്ധപ്പെട്ട ആറു കോഴ്സുകളുണ്ട്. അറുപതു വിദ്യാർഥികൾക്കാണ് ഓരോ വർഷവും പ്രവേശനം. 50 ജീവനക്കാരുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനു സ്വയം ഭരണാവകാശമാണുള്ളത്.
2019ൽ ആണ് ഇവിടെ അസ്വാരസ്യങ്ങൾ ആരംഭിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരെ അനധികൃതമായി ഡയറക്ടറുടെ വീട്ടുജോലി ചെയ്യിക്കുന്നു, ജാതിവിവേചനം കാട്ടുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നത്. മൂന്നു വർഷത്തെ കോഴ്സ് ചുരുക്കി രണ്ടുവർഷമാക്കി ജോലിസാധ്യത ഇല്ലാതാക്കി, അക്കാദമിക് കലണ്ടറില്ല, അക്കാദമിക് കൗൺസിലിലും എക്സിക്യൂട്ടീവ് കൗൺസിലിലും വിദ്യാർഥി പ്രാതിനിധ്യം ഇല്ല, അനാവശ്യ നിർദേശങ്ങൾ ബോണ്ടിൽ ഉൾപ്പെടുത്തി, പ്രായോഗിക പരിശീലനത്തിനു സൗകര്യങ്ങൾ ഒരുക്കുന്നില്ല, ഹോസ്റ്റൽ ഭക്ഷണച്ചെലവും ഫീസും ഉയർത്തി തുടങ്ങിയ ആരോപണങ്ങളാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്. ഡയറക്ടറെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നു. ഒരു വിദ്യാർഥി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
ആരോപണങ്ങളെല്ലാം അധികൃതർ നിഷേധിക്കുന്നു. ആദ്യം ഉന്നത വിദ്യാഭ്യാസ മന്ത്രി നിയോഗിച്ച മൂന്നംഗ കമ്മിറ്റി വിദ്യാർഥികളെ കണ്ടു ചർച്ച നടത്തി മടങ്ങിയിരുന്നു. എന്നാലിപ്പോൾ റിട്ട. ചീഫ് സെക്രട്ടറിയും തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറുമായ കെ.ജയകുമാർ, മുൻ നിയമസഭാ സെക്രട്ടറി ഡോ.എൻ.കെ. ജയകുമാർ എന്നിവർ അംഗങ്ങളായി പുതിയൊരു അന്വേഷണ കമ്മിഷനെ നിയമിച്ചിരിക്കുകയാണ് സർക്കാർ. ആദ്യ മൂന്നംഗ കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പാക്കാതെ മറ്റൊരു കമ്മിഷനെ നിയോഗിച്ചത് സമരം അട്ടിമറിക്കാനാണെന്നാണ് വിദ്യാർഥികളുടെ ആരോപണം.
വലിയ ലക്ഷ്യങ്ങളോടെ തുടങ്ങിയ സ്ഥാപനം തർക്കങ്ങളിലും വിവാദങ്ങളിലുംപെട്ടു തകരാൻ അനുവദിച്ചുകൂടാ. കേരളത്തിന്റെ അഭിമാനമായിത്തീരേണ്ട ചലച്ചിത്ര പ്രതിഭകളെ വളർത്തിയെടുക്കേണ്ട സ്ഥാപനത്തെ കുറ്റമറ്റ രീതിയിൽ നിലനിർത്താൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണ്. ഇരുട്ടത്തു കാണേണ്ട സിനിമ പഠിപ്പിക്കുന്ന സ്ഥാപനം ഇരുട്ടിൽ നിൽക്കേണ്ട കാര്യമില്ല; മികവിന്റെ വെളിച്ചം സ്ഥാപനത്തിനുമേൽ വീഴാൻ ഒന്നും തടസ്സമാകരുത്.
English Summary: The film industry should not hide