മോക് ഡ്രിൽ തന്നെ ദുരന്തമാകുമ്പോൾ
ദുരന്ത പ്രതിരോധ പരിശീലനത്തിനായി സംഘടിപ്പിക്കുന്ന മോക് ഡ്രില്ലുകളിൽപോലും സുരക്ഷാ വീഴ്ചയുണ്ടാകുന്നതിന്റെ ഞെട്ടലിലാണു നാട്. പത്തനംതിട്ട വെണ്ണിക്കുളത്തിനു സമീപം പടുതോട്ടിൽ, വിവിധ സർക്കാർ വകുപ്പുകൾ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സഹകരണത്തോടെ നടത്തിയ മോക് ഡ്രില്ലിനിടെ ഉണ്ടായ പാളിച്ചകൾ കവർന്നെടുത്തത് ഒരു ജീവനാണ്.
ദുരന്ത പ്രതിരോധ പരിശീലനത്തിനായി സംഘടിപ്പിക്കുന്ന മോക് ഡ്രില്ലുകളിൽപോലും സുരക്ഷാ വീഴ്ചയുണ്ടാകുന്നതിന്റെ ഞെട്ടലിലാണു നാട്. പത്തനംതിട്ട വെണ്ണിക്കുളത്തിനു സമീപം പടുതോട്ടിൽ, വിവിധ സർക്കാർ വകുപ്പുകൾ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സഹകരണത്തോടെ നടത്തിയ മോക് ഡ്രില്ലിനിടെ ഉണ്ടായ പാളിച്ചകൾ കവർന്നെടുത്തത് ഒരു ജീവനാണ്.
ദുരന്ത പ്രതിരോധ പരിശീലനത്തിനായി സംഘടിപ്പിക്കുന്ന മോക് ഡ്രില്ലുകളിൽപോലും സുരക്ഷാ വീഴ്ചയുണ്ടാകുന്നതിന്റെ ഞെട്ടലിലാണു നാട്. പത്തനംതിട്ട വെണ്ണിക്കുളത്തിനു സമീപം പടുതോട്ടിൽ, വിവിധ സർക്കാർ വകുപ്പുകൾ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സഹകരണത്തോടെ നടത്തിയ മോക് ഡ്രില്ലിനിടെ ഉണ്ടായ പാളിച്ചകൾ കവർന്നെടുത്തത് ഒരു ജീവനാണ്.
ദുരന്ത പ്രതിരോധ പരിശീലനത്തിനായി സംഘടിപ്പിക്കുന്ന മോക് ഡ്രില്ലുകളിൽപോലും സുരക്ഷാ വീഴ്ചയുണ്ടാകുന്നതിന്റെ ഞെട്ടലിലാണു നാട്. പത്തനംതിട്ട വെണ്ണിക്കുളത്തിനു സമീപം പടുതോട്ടിൽ, വിവിധ സർക്കാർ വകുപ്പുകൾ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സഹകരണത്തോടെ നടത്തിയ മോക് ഡ്രില്ലിനിടെ ഉണ്ടായ പാളിച്ചകൾ കവർന്നെടുത്തത് ഒരു ജീവനാണ്. സൂക്ഷ്മശ്രദ്ധയോടെ, കുറ്റമറ്റു സംഘടിപ്പിക്കേണ്ട പരിപാടിതന്നെ ദുരന്തത്തിനു കാരണമാകുമ്പോൾ അതീവഗൗരവമുള്ള പാഠങ്ങൾ അതിൽനിന്നു നാം കണ്ടെടുക്കേണ്ടതുണ്ട്.
ദുരന്തം ഉണ്ടാകുമ്പോൾ എത്ര വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താനാവുമെന്ന് അറിയാനുള്ള നിർണായക പരിശോധനയാണ് മോക് ഡ്രിൽ. നദിയിൽ അപകടത്തിൽപെടുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള പരിശീലനത്തിനിടെയാണ് ബിനു സോമൻ എന്ന യുവാവ് മണിമലയാറ്റിലെ ചെളിക്കയത്തിൽ അകപ്പെട്ടത്. ഈ വിഷയത്തിൽ കലക്ടർ സർക്കാരിനു സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽതന്നെ ഉദ്യോഗസ്ഥരുടെ ഭാഗത്തു ഗുരുതരവീഴ്ചയുണ്ടായതായി സമ്മതിക്കുന്നു. മോക് ഡ്രില്ലിൽ പങ്കെടുത്ത വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിൽ പാളിച്ചയുണ്ടായതായും പരാമർശമുണ്ട്. മോക് ഡ്രിൽ നടത്തുമ്പോൾ പാലിക്കേണ്ട ഒരുക്കങ്ങളിൽ വന്ന ഉദാസീനതയാണ് ദുരന്തത്തിലേക്കു നയിച്ചതെന്നു ജില്ലാ ഭരണകൂടം തന്നെ പറയാതെ പറയുമ്പോൾ അതു ഗൗരവമുള്ളതായി മാറുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്.
സംസ്ഥാനത്തെ 70 താലൂക്കുകളിലായി സാങ്കൽപിക അപകട സാഹചര്യം സൃഷ്ടിച്ചുള്ള പ്രതികരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പത്തനംതിട്ടയിലെ മോക് ഡ്രില്ലും നടന്നത്. ദുരന്ത മുന്നറിയിപ്പു ലഭിക്കുന്ന ഘട്ടത്തിൽ ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കൺട്രോൾ റൂമുകളുടെ നിർവഹണം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകടസ്ഥലത്തു നടത്തുന്ന പ്രതികരണ-രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയവയാണു വിലയിരുത്തുന്നത്.
എന്നാൽ, ഇത്തരം ദുരന്ത നിവാരണ പരിശീലനങ്ങൾ തന്നെ ദുരന്തത്തിലേക്കു നയിക്കാൻ ഇടയാകുമ്പോൾ അതു കണ്ടിരിക്കാനുള്ളതല്ല. പത്തനംതിട്ട അപകടത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നു തലയൂരാനായി വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള പഴിചാരലുകളാണ് ഇപ്പോൾ നടക്കുന്നത്. ആലോചനാ യോഗത്തിൽ തീരുമാനിച്ച സ്ഥലത്തുനിന്ന് മറ്റൊരു കടവിലേക്ക് എൻഡിആർഎഫ് ഇടപെട്ട് മോക് ഡ്രിൽ മാറ്റിയ വിവരം ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ കലക്ടറെപ്പോലും ധരിപ്പിച്ചിരുന്നില്ലെന്നത് ഏകോപന വീഴ്ചയുടെ തെളിവാണ്.
മോക് ഡ്രില്ലിൽ പങ്കെടുത്ത ഇതര സംസ്ഥാനക്കാരായ സുരക്ഷാ ഉദ്യോഗസ്ഥർക്കു ഭാഷ അറിയാത്തതു തിരിച്ചടിയായി. കയത്തിലേക്കു മുങ്ങിത്താഴ്ന്ന ബിനു വെപ്രാളത്തിൽ കൈകൾ ഉയർത്തിയപ്പോഴും കാഴ്ചക്കാരായി നിൽക്കാനേ എൻഡിആർഎഫിനു കഴിഞ്ഞുള്ളൂവെന്ന് ആക്ഷേപമുണ്ട്. അപകടം നടന്ന് 20 മിനിറ്റിനു ശേഷമാണ് അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീം ബിനുവിനെ കയത്തിൽനിന്നു പുറത്തെത്തിച്ചത്. ഒഴുക്കിൽപെടുന്നവരായി അഭിനയിക്കാനെത്തിയവരെ അതിനവർ അനുയോജ്യരാണോ, ശാരീരിക ക്ഷമതയുള്ളവരാണോ തുടങ്ങിയ പരിശോധനകൾ നടത്താതെയാണ് നദിയിൽ ഇറക്കിയതെന്നും പറയുന്നു. മിന്നൽ പ്രളയസാധ്യതയും കുത്തൊഴുക്കും അപകടസാധ്യതയുമുള്ള നദിയാണ് മണിമലയാർ എന്നിരിക്കെ, മോക് ഡ്രിൽ സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ആഴം, ചെളിസാധ്യത, അടിയൊഴുക്ക് എന്നിവ പരിഗണിക്കണമായിരുന്നുവെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.
ആലപ്പുഴയിൽ, ദുരന്ത നിവാരണ പരിശീലനത്തിന്റെ ഭാഗമായി നടത്തിയ മോക് ഡ്രില്ലിനിടെ അമിത വേഗത്തിലെത്തിയ ഫയർ ഫോഴ്‌സ് വാഹനത്തിനും മതിലിനും ഇടയിൽ ഞെരുങ്ങി ഗുരുതരമായി പരുക്കേറ്റ് ഡിവൈഎസ്‌പി മരിച്ചത് 2011ൽ ആണ്. കോയമ്പത്തൂരിൽ ദുരന്ത നിവാരണപരിശീലനത്തിനിടെ കോളജ് കെട്ടിടത്തിൽനിന്നു പരിശീലകൻ താഴേക്കു തള്ളിയ വിദ്യാർഥിനി സൺഷെയ്ഡിൽ തലയിടിച്ചു മരിച്ചതാവട്ടെ 2018ലും. തീപിടിത്തമുൾപ്പെടെയുള്ള അത്യാഹിതങ്ങളുണ്ടാകുമ്പോൾ കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടി രക്ഷപ്പെടാനാണു പരിശീലനമൊരുക്കിയത്.
മോക് ഡ്രിൽ എന്ന ആശയത്തെത്തന്നെ നാണംകെടുത്തുന്ന വീഴ്ചകൾ ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന നിശ്ചയദാർഢ്യമാണ് അധികൃതരിൽനിന്ന് ഉണ്ടാവേണ്ടത്. ബന്ധപ്പെട്ടവരുടെ അനാസ്ഥയിൽനിന്നും അശ്രദ്ധയിൽനിന്നും ജീവൻ വെടിയേണ്ടിവന്ന ബിനു സോമൻ എന്ന യുവാവിനോടു നാം പറയേണ്ട മറുപടിയും അതുതന്നെ.
English Summary: The mock drill accidental death in Pathanamthitta is a security lapse