ഇനിയും നയിക്കുക, മഹാത്മാവേ
ആപേക്ഷികതാ സിദ്ധാന്തം കണ്ടുപിടിച്ച ആൽബർട്ട് ഐൻസ്റ്റൈൻ മുതൽ ആപ്പിൾ ഐഫോൺ അവതരിപ്പിച്ച സ്റ്റീവ് ജോബ്സ് വരെ, വിശ്വസാഹിത്യകാരൻ ബർണാഡ് ഷാ മുതൽ ‘ബീറ്റിൽസ്’ സ്ഥാപകനായ സംഗീതജ്ഞൻ ജോൺ ലെനൻ വരെ, 75 വർഷം മുൻപു വെടിയേറ്റുമരിച്ചൊരു ഇന്ത്യക്കാരന്റെ ആരാധകരായിരുന്നു എന്നറിഞ്ഞാൽ പുതുതലമുറ അദ്ഭുതപ്പെട്ടേക്കും. ലിയോ ടോൾസ്റ്റോയി ആ മനുഷ്യനു നിരന്തരം കത്തെഴുതി.
ആപേക്ഷികതാ സിദ്ധാന്തം കണ്ടുപിടിച്ച ആൽബർട്ട് ഐൻസ്റ്റൈൻ മുതൽ ആപ്പിൾ ഐഫോൺ അവതരിപ്പിച്ച സ്റ്റീവ് ജോബ്സ് വരെ, വിശ്വസാഹിത്യകാരൻ ബർണാഡ് ഷാ മുതൽ ‘ബീറ്റിൽസ്’ സ്ഥാപകനായ സംഗീതജ്ഞൻ ജോൺ ലെനൻ വരെ, 75 വർഷം മുൻപു വെടിയേറ്റുമരിച്ചൊരു ഇന്ത്യക്കാരന്റെ ആരാധകരായിരുന്നു എന്നറിഞ്ഞാൽ പുതുതലമുറ അദ്ഭുതപ്പെട്ടേക്കും. ലിയോ ടോൾസ്റ്റോയി ആ മനുഷ്യനു നിരന്തരം കത്തെഴുതി.
ആപേക്ഷികതാ സിദ്ധാന്തം കണ്ടുപിടിച്ച ആൽബർട്ട് ഐൻസ്റ്റൈൻ മുതൽ ആപ്പിൾ ഐഫോൺ അവതരിപ്പിച്ച സ്റ്റീവ് ജോബ്സ് വരെ, വിശ്വസാഹിത്യകാരൻ ബർണാഡ് ഷാ മുതൽ ‘ബീറ്റിൽസ്’ സ്ഥാപകനായ സംഗീതജ്ഞൻ ജോൺ ലെനൻ വരെ, 75 വർഷം മുൻപു വെടിയേറ്റുമരിച്ചൊരു ഇന്ത്യക്കാരന്റെ ആരാധകരായിരുന്നു എന്നറിഞ്ഞാൽ പുതുതലമുറ അദ്ഭുതപ്പെട്ടേക്കും. ലിയോ ടോൾസ്റ്റോയി ആ മനുഷ്യനു നിരന്തരം കത്തെഴുതി.
ആപേക്ഷികതാ സിദ്ധാന്തം കണ്ടുപിടിച്ച ആൽബർട്ട് ഐൻസ്റ്റൈൻ മുതൽ ആപ്പിൾ ഐഫോൺ അവതരിപ്പിച്ച സ്റ്റീവ് ജോബ്സ് വരെ, വിശ്വസാഹിത്യകാരൻ ബർണാഡ് ഷാ മുതൽ ‘ബീറ്റിൽസ്’ സ്ഥാപകനായ സംഗീതജ്ഞൻ ജോൺ ലെനൻ വരെ, 75 വർഷം മുൻപു വെടിയേറ്റുമരിച്ചൊരു ഇന്ത്യക്കാരന്റെ ആരാധകരായിരുന്നു എന്നറിഞ്ഞാൽ പുതുതലമുറ അദ്ഭുതപ്പെട്ടേക്കും. ലിയോ ടോൾസ്റ്റോയി ആ മനുഷ്യനു നിരന്തരം കത്തെഴുതി. മാർട്ടിൻ ലൂഥർ കിങ് ജൂനിയർ അദ്ദേഹത്തെ ആത്മീയഗുരുവായി കണ്ടു. നെൽസൺ മണ്ടേല അദ്ദേഹത്തെ വഴികാട്ടിയായി കരുതി. ഏതാനും വർഷം മുൻപ്, കണ്ടുമുട്ടാൻ ഏറ്റവുമധികം ആഗ്രഹിക്കുന്നത് ആരെ എന്ന ചോദ്യത്തിന് അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും അതേ പേരു പറഞ്ഞു: ‘മഹാത്മാ ഗാന്ധി !’
കടൽജലത്തിൽനിന്ന് ഒരുപിടി ഉപ്പ് കുറുക്കിയെടുത്ത് ബ്രിട്ടിഷ് സാമ്രാജ്യത്തെ വിറപ്പിച്ച്, അഹിംസയും സത്യഗ്രഹവും മാത്രം ആയുധമാക്കി, നമ്മുടെ ജനതയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ചു ഗാന്ധിജി. ധാർമിക മാന്ദ്യത്തിന്റെ കാലങ്ങളിൽ ലോകം ഇന്നും അദ്ദേഹത്തെ ഉറ്റുനോക്കുന്നുണ്ട്. അഹിംസ എന്ന ശാന്തിമന്ത്രത്തിന്റെ സാധ്യതകളെക്കുറിച്ചു വിദേശ സർവകലാശാലകളിൽ ഗവേഷണം നടക്കുന്നു. ആ മഹാത്മാവിനോടു നമ്മൾ ചെയ്തതോ ? വെടിവച്ചു കൊന്നു. പ്രതിമകളുടെ തലയറുത്തു. കോലങ്ങൾ കെട്ടിയുണ്ടാക്കി വീണ്ടും വീണ്ടും വെടിയുതിർക്കുന്നു. ആധുനിക ഇന്ത്യയുടെ ഓർമകളിൽനിന്നുവരെ ഗാന്ധിജിയെ അദൃശ്യനാക്കാൻ ശ്രമങ്ങളുണ്ടാകുന്നു.
ഗാന്ധിജി ആത്മീയാചാര്യനോ ആൾദൈവമോ ആയിരുന്നില്ല; അടിമുടി രാഷ്ട്രീയക്കാരൻ. ആ രാഷ്ട്രീയത്തിനു പക്ഷേ, എതിരാളികളെപ്പോലും ഉൾക്കൊള്ളാനുള്ള വിശാലതയും സഹിഷ്ണുതയുമുണ്ടായിരുന്നു. വരേണ്യ, മധ്യവർഗ സമൂഹം കയ്യടക്കിവച്ചിരുന്ന സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ബഹുജനരാഷ്ട്രീയമാക്കി ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും അദ്ദേഹം ചേർത്തുപിടിച്ചു. വിഭജന നാളുകളെക്കുറിച്ചു മൗണ്ട്ബാറ്റൺ പ്രഭു ഇങ്ങനെ പറഞ്ഞു: ‘കലാപം ഒതുക്കാൻ പഞ്ചാബിലേക്കു ഞാൻ 55,000 പട്ടാളക്കാരെ അയച്ചു. എന്നാൽ, ബംഗാളിലുണ്ടായിരുന്നത് ഗാന്ധിജിയെന്ന ഒറ്റയാൾ പട്ടാളമാണ്. കലാപം നിലയ്ക്കുകയും ചെയ്തു.’
ഭഗവദ്ഗീതയിൽനിന്നും ബൈബിളിൽനിന്നും ബുദ്ധനിൽനിന്നുമാണ് താൻ അഹിംസ എന്ന ആയുധം കണ്ടെടുത്തതെന്നു ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഖുർആനിലും ഗുരുഗ്രന്ഥ സാഹിബിലും താൻ കണ്ടതു സ്നേഹവും സഹനവും സമാധാനവുമാണെന്നും സാക്ഷ്യപ്പെടുത്തി. താനൊരു സനാതന ഹിന്ദുവാണെന്ന് ഏതു വേദിയിലും തുറന്നുപറഞ്ഞു. ഒപ്പംതന്നെ, തന്റെ ആശ്രമത്തിലെ പ്രാർഥനായോഗങ്ങളിൽ ഭഗവദ്ഗീതയ്ക്കൊപ്പം ഖുർആനും ബൈബിളും ഗുരുഗ്രന്ഥസാഹിബും പാരായണം ചെയ്യണമെന്നു നിഷ്കർഷിച്ചു. മുഹമ്മദാലി ജിന്നയും വി.ഡി.സവർക്കറും ഗാന്ധിജിയെ ഒരുപോലെ എതിർത്തിരുന്നു. അക്കാലത്തെ ഹിന്ദു വർഗീയ സംഘടനകൾ ഗാന്ധിയെ മുസ്‌ലിം പക്ഷപാതിയെന്നും മുസ്‌ലിം വർഗീയ സംഘടനകൾ അദ്ദേഹത്തെ ഹിന്ദു പക്ഷപാതിയെന്നും കുറ്റപ്പെടുത്തി. അതേസമയം, വെടിയേറ്റ നിമിഷത്തിലും ഘാതകനെ ആലിംഗനം ചെയ്യാനെന്നപോലെ കൈകൾ വിരിക്കാൻ ശ്രമിക്കുകയാണു ഗാന്ധിജി ചെയ്തത്.
ഉടനീളം ശരിയായിരുന്നു ഗാന്ധിജിയെന്ന് കടുത്ത ഗാന്ധിഭക്തർ പോലും പറയാനിടയില്ല. വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കും ഗാന്ധിജിയിൽ ഇടമുണ്ടായിരുന്നു. ജാതി എന്ന ഇന്ത്യൻ യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ ഗാന്ധിജിക്കു കഴിഞ്ഞില്ലെന്ന വിമർശനം ഡോ. ബി.ആർ.അംബേദ്കർ ഉയർത്തി. ചെറുപ്പക്കാർ ഭൗതികമായ ആനന്ദങ്ങളിൽ മുഴുകുന്നതു ഗാന്ധിജിയെ അസ്വസ്ഥനാക്കിയിരുന്നു. അന്ധമായ യന്ത്രവൽക്കരണത്തോടും വ്യവസായവൽക്കരണത്തോടും നഗരവൽക്കരണത്തോടും ഗാന്ധിജിക്കു വിയോജിപ്പുകളുണ്ടായിരുന്നു. അദ്ദേഹം വിഭാവനം ചെയ്ത ഗ്രാമസ്വരാജിനെ പ്രാകൃതമെന്ന് അക്കാലത്തു പലരും തള്ളിക്കളഞ്ഞെങ്കിലും പിൽക്കാല ഇന്ത്യ പഞ്ചായത്തീരാജിലൂടെ അധികാരം താഴെത്തട്ടിലേക്കെത്തിച്ചു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോൾ രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു: ‘വിവേചനമില്ലാത്ത വ്യവസായവൽക്കരണത്തിന്റെ ദുരന്തഫലങ്ങൾ മുൻകൂട്ടി കാണാൻ കഴിഞ്ഞ പ്രവാചകനായിരുന്നു ഗാന്ധിജി’.
പക്ഷേ, ഗാന്ധിജിയിൽനിന്നും അദ്ദേഹത്തിന്റെ ജീവിതസന്ദേശത്തിൽനിന്നും എത്രയോ അകന്നുപോയിരിക്കുന്നു ഇന്ത്യ. ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും ഭരണഘടന തന്നെയും വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത് നമുക്കു ഗാന്ധിജിയെ വീണ്ടെടുക്കേണ്ടതുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്ന, വിയോജിപ്പുകൾക്ക് ഇടമുള്ള, ആർക്കും ആരോടും അസഹിഷ്ണുതയില്ലാത്ത ഭാരതത്തിലേക്കുള്ള പ്രയാണത്തിൽ വഴികാട്ടാൻ നമുക്കു മഹാത്മാ ഗാന്ധിയെ ഇനിയും ആവശ്യമുണ്ട്.
English Summary: Editorial on 75th Martyrdom Anniversary of Gandhiji