നിറതോക്കിനു മുന്നിലും നിത്യജ്വാല
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 75-ാം വാർഷികം രാജ്യം ആചരിക്കുമ്പോൾ, ലോകക്രമത്തിൽ ഇന്ത്യയുടെ പങ്ക് എന്താണ് എന്നു പലരും ചിന്തിക്കുന്നുണ്ടാകും. ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്തിരുന്ന കാലത്ത്, വിജയം വരിച്ചൊരു പ്രവാസിയായിരുന്നു ഗാന്ധിജി എന്ന്
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 75-ാം വാർഷികം രാജ്യം ആചരിക്കുമ്പോൾ, ലോകക്രമത്തിൽ ഇന്ത്യയുടെ പങ്ക് എന്താണ് എന്നു പലരും ചിന്തിക്കുന്നുണ്ടാകും. ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്തിരുന്ന കാലത്ത്, വിജയം വരിച്ചൊരു പ്രവാസിയായിരുന്നു ഗാന്ധിജി എന്ന്
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 75-ാം വാർഷികം രാജ്യം ആചരിക്കുമ്പോൾ, ലോകക്രമത്തിൽ ഇന്ത്യയുടെ പങ്ക് എന്താണ് എന്നു പലരും ചിന്തിക്കുന്നുണ്ടാകും. ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്തിരുന്ന കാലത്ത്, വിജയം വരിച്ചൊരു പ്രവാസിയായിരുന്നു ഗാന്ധിജി എന്ന്
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 75-ാം വാർഷികം രാജ്യം ആചരിക്കുമ്പോൾ, ലോകക്രമത്തിൽ ഇന്ത്യയുടെ പങ്ക് എന്താണ് എന്നു പലരും ചിന്തിക്കുന്നുണ്ടാകും.
ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്തിരുന്ന കാലത്ത്, വിജയം വരിച്ചൊരു പ്രവാസിയായിരുന്നു ഗാന്ധിജി എന്ന് എത്രപേർക്കറിയാം? 1893ൽ ദക്ഷിണാഫ്രിക്കയിലെത്തിയ ഗാന്ധിജി അഭിഭാഷകവൃത്തിയിൽ അഭിവൃദ്ധി നേടിയ ശേഷമാണ് 1906ൽ അവിടത്തെ ഇന്ത്യൻ സമൂഹത്തിന്റെ അവകാശസംരക്ഷണ പോരാട്ടത്തിനായി ജീവിതം സമർപ്പിച്ചത്. സത്യഗ്രഹമെന്ന സമരരൂപത്തിന്റെയും അഹിംസയുടെയും ശക്തി അദ്ദേഹം തിരിച്ചറിഞ്ഞതിന്റെ തുടർച്ചയായിരുന്നു ആ ചുവടുമാറ്റം. (അതിനും മുൻപ്, 1888നും 1891നും ഇടയിൽ, നിയമവിദ്യാർഥിയായി അദ്ദേഹം മൂന്നു വർഷം ലണ്ടനിലുണ്ടായിരുന്നു). 1893ൽ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലായിരിക്കെ തിരക്കൊഴിഞ്ഞൊരു കാലത്ത് അദ്ദേഹം ചെറിയൊരു പുസ്തകം എഴുതി: ‘ഗൈഡ് ടു ലണ്ടൻ’. അതിൽ അദ്ദേഹം പറഞ്ഞു: ‘കഴിയുമെങ്കിൽ എല്ലാ ഇന്ത്യക്കാരും ഇംഗ്ലണ്ടിലൊന്നു പോകണം’.
ആ പുസ്തകം എഴുതുന്നതിനു മുൻപ് ഗാന്ധിജി പ്രിട്ടോറിയയിൽ അവിടത്തെ ഇന്ത്യക്കാരുടെ യോഗം വിളിച്ചിരുന്നു. താൽപര്യമുള്ളവരെ ഇംഗ്ലിഷ് പഠിപ്പിക്കാൻ തയാറാണെന്നു യോഗത്തിൽ അദ്ദേഹം പറഞ്ഞു. മൂന്നുപേർ മാത്രമാണു താൽപര്യം പ്രകടിപ്പിച്ചത്: ചെറിയ പലചരക്കുകട നടത്തുന്നൊരു ഹിന്ദു, മുസ്‌ലിം ബാർബർ, പിന്നെയൊരു മുസ്‌ലിം ഗുമസ്തനും. തുടർന്ന് എട്ടു മാസം ആ മൂന്നുപേരുടെയും താമസസ്ഥലങ്ങളിലേക്കോ തൊഴിലിടങ്ങളിലേക്കോ ഗാന്ധിജി പതിവായി യാത്രചെയ്തു; അവരെ ഇംഗ്ലിഷ് പഠിപ്പിച്ചു.
ഇന്ത്യയ്ക്കുമപ്പുറമുള്ള വിശാലമായ ലോകത്തു ജീവിക്കാൻ ഇന്ത്യക്കാർ പ്രാപ്തരായിരിക്കണമെന്നു ഗാന്ധിജി അക്കാലത്തേ, 1890കളിൽ തന്നെ, അത്രയേറെ ആഗ്രഹിച്ചിരുന്നു (ഭാവിയിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നേതാവാകാനിരിക്കുന്ന, സ്വദേശി ഉൽപന്നങ്ങളുടെയും തദ്ദേശീയ ഭാഷകളുടെയും പ്രചാരകനാകാനിരിക്കുന്ന അതേ ഗാന്ധിജി!).
ലോകത്തിന്റെ ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം എങ്ങനെയായിരിക്കാം ഗാന്ധിജി വിഭാവനം ചെയ്തത് ?
ദക്ഷിണാഫ്രിക്കയിൽനിന്ന് 1915ൽ ഇന്ത്യയിൽ തിരിച്ചെത്തിയശേഷം രണ്ടുതവണ മാത്രമാണ് അദ്ദേഹം രാജ്യത്തിനു പുറത്തേക്കു പോയത്. 1927ൽ ശ്രീലങ്കയിലേക്ക്. ഉപ്പുസത്യഗ്രഹം കഴിഞ്ഞ് അധികം വൈകാതെ 1931ൽ ഒരിക്കൽ ഇംഗ്ലണ്ടിലേക്കും. 1915നു ശേഷമുള്ള ജീവിതം ഏതാണ്ടു പൂർണമായും ഇന്ത്യയിൽ തന്നെയാണു ഗാന്ധിജി ചെലവഴിച്ചതെങ്കിലും, സത്യഗ്രഹം എന്ന സമരരൂപം ലോകത്തിനു മുഴുവൻ പ്രയോജനപ്പെടുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
പടിഞ്ഞാറിനെ കീഴടക്കേണ്ടതെങ്ങനെ?
അമേരിക്കയിലെ വർണവിവേചനത്തിന്റെ പശ്ചാത്തലത്തിൽ, സത്യഗ്രഹം പ്രചരിപ്പിക്കാനായി തങ്ങളുടെ രാജ്യം സന്ദർശിക്കാൻ 1925ൽ ഗാന്ധിജിയെ അവിടെയുള്ള ചിലർ നിർബന്ധിക്കുകയുണ്ടായി. മറുപടിയായി ഗാന്ധിജി ഇങ്ങനെ എഴുതി: ‘നിങ്ങളെ ധിക്കരിക്കുകയല്ല, വിനയത്തോടെ പറയട്ടെ, എന്റെ ജീവിതസന്ദേശവും എന്റെ രീതികളും, അവയുടെ ആന്തരികസത്ത, തീർച്ചയായും മുഴുവൻ ലോകത്തിനും വേണ്ടിയുള്ളതാണ്’. എങ്കിലും, താൻ അവിടെ വന്നുനടത്തുന്ന പ്രസംഗങ്ങളെക്കാൾ, തന്റെ സന്ദേശവും രീതികളും ഇന്ത്യയിലുണ്ടാക്കുന്ന മാറ്റങ്ങളായിരിക്കും അമേരിക്കക്കാർക്കു കൂടുതൽ മനസ്സിലാകുകയെന്നും ഗാന്ധിജി എഴുതി. ‘ഞാൻ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന് ആന്തരികചൈതന്യവും ദൈവാനുഗ്രഹവുമുണ്ടെങ്കിൽ എന്റെ ഭൗതികസാന്നിധ്യമില്ലാതെതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കാൻ അതിനു കഴിയും’ എന്നും കൂട്ടിച്ചേർത്തു (യങ് ഇന്ത്യ, 1925 സെപ്റ്റംബർ 17).
ഗാന്ധിജിയുടെ വീക്ഷണത്തിൽ, ലോകത്തിനു മുഴുവൻ പ്രത്യാശ പകരാൻ ഇന്ത്യ മൂന്നു കാര്യങ്ങൾ ചെയ്യേണ്ടിയിരുന്നു: സത്യഗ്രഹത്തിലൂടെ സ്വാതന്ത്ര്യം നേടുക, ഹിന്ദു–മുസ്‌ലിം സൗഹൃദം കെട്ടിപ്പടുക്കുക, തൊട്ടുകൂടായ്മ അവസാനിപ്പിക്കുക.
സ്വാതന്ത്ര്യത്തിനു നാലു മാസം മുൻപ്, 1947 ഏപ്രിലിൽ ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നേതാക്കൾ ഡൽഹിയിൽ ഒത്തുകൂടിയിരുന്നു. ഗാന്ധിജി അവരോടു പറഞ്ഞു: ‘യൂറോപ്പിനോടോ അമേരിക്കയോടോ, അല്ലെങ്കിൽ ഏഷ്യയ്ക്കു പുറത്തുള്ള മറ്റു രാജ്യങ്ങളോടോ യുദ്ധം പ്രഖ്യാപിക്കാനാണോ നിങ്ങൾ, എല്ലാ ഏഷ്യൻ രാജ്യങ്ങളുടെയും പ്രതിനിധികൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്? അരുത്. അങ്ങനെയാകരുതെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു’.
സൗരാഷ്ട്രർ, ബുദ്ധൻ, മോശ, യേശുക്രിസ്തു, മുഹമ്മദ് നബി എന്നിവരെ ‘ഏഷ്യയിലെ ജ്‌ഞാനികൾ’ എന്നു വിശേഷിപ്പിച്ച് ഗാന്ധിജി പറഞ്ഞു: ‘ഇവരുടെ ഒപ്പം നിൽക്കാൻപോന്ന ഒരാൾ പോലും ഈ ലോകത്തു മറ്റെവിടെയെങ്കിലും ഉള്ളതായി എനിക്കറിയില്ല. അജയ്യരായ ഈ ഗുരുവര്യന്മാർ അവശേഷിപ്പിച്ചു പോയ സ്നേഹത്തിന്റെ സന്ദേശം കൈമാറിക്കിട്ടിയവരിലൊരാളാണു ഞാൻ. സ്നേഹവും സത്യവും മാത്രം ആയുധമാക്കിയാണ് നമ്മൾ (ഏഷ്യ) പാശ്ചാത്യലോകത്തെ കീഴടക്കേണ്ടതെന്ന ചിന്തയുമായി നിങ്ങളെല്ലാം മടങ്ങിപ്പോകണം എന്നാണ് എന്റെ ആഗ്രഹം. ജനാധിപത്യത്തിന്റേതായ ഈ യുഗത്തിൽ, ഏറ്റവും പാവപ്പെട്ട മനുഷ്യർ അവകാശബോധത്തോടെ ഉണർന്നെണീൽക്കുന്ന ഈ കാലഘട്ടത്തിൽ, ഈ സന്ദേശം ഒരിക്കൽകൂടി അവരോട് ഊന്നിപ്പറയാൻ നിങ്ങൾക്കു കഴിയണം’.
ഇങ്ങനെയാണു ഗാന്ധിജി ആ സംസാരം അവസാനിപ്പിച്ചത്: ‘നിങ്ങളെ ചൂഷണം ചെയ്തതിനു പ്രതികാരംചെയ്തുകൊണ്ടല്ല നിങ്ങൾ അവരെ (പാശ്ചാത്യലോകത്തെ) കീഴടക്കേണ്ടത്. മറിച്ച്, യഥാർഥ പരസ്പരധാരണയോടെയാണ് .... അത്തരമൊരു കീഴടങ്ങൽ അവർ പോലും ഇഷ്ടപ്പെടും’.
ഇന്ത്യയുടെ ആത്മാവ്;ലോകത്തിന്റെ പ്രത്യാശ
1947ലെ ഹിന്ദു - മുസ്‌ലിം കലാപങ്ങളോടു ഗാന്ധിജി ശക്തമായി പ്രതികരിച്ചിരുന്നു. സമാധാനവും സൗഹാർദവും വീണ്ടെടുക്കാൻ 1947 സെപ്റ്റംബറിൽ അദ്ദേഹം കൊൽക്കത്തയിൽ ഉപവാസം അനുഷ്ഠിച്ചു (രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയ നാളുകളിലും അദ്ദേഹം കൊൽക്കത്തയിലായിരുന്നു). മതസൗഹാർദം പുനഃസ്ഥാപിക്കാൻ 1948 ജനുവരിയിൽ ഡൽഹിയിലും ഗാന്ധിജി ഉപവസിച്ചു. ആ ഉപവാസത്തിനിടെ, 1948 ജനുവരി 12ന്, അദ്ദേഹം പറഞ്ഞു: ‘ഇന്ത്യയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യശസ്സ് ഇതിലൂടെ നമ്മൾ വീണ്ടെടുക്കും. ഇന്ത്യയ്ക്ക് ആത്മാവു നഷ്ടപ്പെടുകയെന്നു പറഞ്ഞാൽ അതിനർഥം, പട്ടിണിയും വേദനയും കൊടുങ്കാറ്റുകളും നിറഞ്ഞ ലോകത്തിന് അവസാനത്തെ പ്രത്യാശയും നഷ്ടമാവുക എന്നു തന്നെയാണ്’.
ഇന്ത്യ അതിന്റെ ആത്മാവിനോടു സത്യസന്ധത പുലർത്തുകയാണെങ്കിൽ, ദുരിതമനുഭവിക്കുന്ന മനുഷ്യരാശിക്കാകെ സഹായമാകാൻ ഇന്ത്യയ്ക്കു കഴിയും എന്നുതന്നെയാണ് തന്റെ മരണത്തിനു തൊട്ടുമുൻപുള്ള നാളുകളിൽ നടത്തിയ ഈ പ്രസ്താവനയിലൂടെ ഗാന്ധിജി പ്രഖ്യാപിക്കുന്നത്.
തീർച്ചയായും ഗാന്ധിജിയുടെ കർമഭൂമി ഇന്ത്യയായിരുന്നുവെങ്കിലും, ഈ ലോകം മുഴുവൻ അദ്ദേഹത്തിന്റെ കുടുംബമായിരുന്നു.
(മഹാത്മാഗാന്ധിയുടെ കൊച്ചുമകനും എഴുത്തുകാരനുമാണ് ലേഖകൻ)
English Summary: Rajmohan Gandhi on Mahatma Gandhi death anniversary