മലയാളത്തിന്റെ പ്രിയ കഥാകാരൻ സി. രാധാകൃഷ്ണന് നാളെ ശതാഭിഷേകം; ആശംസകളുമായി സാഹിത്യരംഗത്തെ പിന്മുറക്കാരായ ഇ.കെ.ഷാഹിന, കെ.വി.മണികണ്ഠൻ, അജിജേഷ് പച്ചാട്ട് എന്നിവർ. ചമ്രവട്ടത്തെ വീട്ടുമുറ്റത്ത് അവർ ഒന്നിച്ചിരുന്നപ്പോൾ സാഹിത്യത്തിനൊപ്പം ശാസ്ത്രവും സമൂഹമാധ്യമങ്ങളും ഭാവിയുമെല്ലാം വിഷയങ്ങളായി

മലയാളത്തിന്റെ പ്രിയ കഥാകാരൻ സി. രാധാകൃഷ്ണന് നാളെ ശതാഭിഷേകം; ആശംസകളുമായി സാഹിത്യരംഗത്തെ പിന്മുറക്കാരായ ഇ.കെ.ഷാഹിന, കെ.വി.മണികണ്ഠൻ, അജിജേഷ് പച്ചാട്ട് എന്നിവർ. ചമ്രവട്ടത്തെ വീട്ടുമുറ്റത്ത് അവർ ഒന്നിച്ചിരുന്നപ്പോൾ സാഹിത്യത്തിനൊപ്പം ശാസ്ത്രവും സമൂഹമാധ്യമങ്ങളും ഭാവിയുമെല്ലാം വിഷയങ്ങളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ പ്രിയ കഥാകാരൻ സി. രാധാകൃഷ്ണന് നാളെ ശതാഭിഷേകം; ആശംസകളുമായി സാഹിത്യരംഗത്തെ പിന്മുറക്കാരായ ഇ.കെ.ഷാഹിന, കെ.വി.മണികണ്ഠൻ, അജിജേഷ് പച്ചാട്ട് എന്നിവർ. ചമ്രവട്ടത്തെ വീട്ടുമുറ്റത്ത് അവർ ഒന്നിച്ചിരുന്നപ്പോൾ സാഹിത്യത്തിനൊപ്പം ശാസ്ത്രവും സമൂഹമാധ്യമങ്ങളും ഭാവിയുമെല്ലാം വിഷയങ്ങളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവും പ്ലാവും വിരിഞ്ഞ നാട്ടു പൂക്കളുമുള്ള വീട്ടുമുറ്റത്ത് നാലു കസേരകൾ. അതിലൊരു ചാരുകസേരയിൽ ആയിരം പൂർണചന്ദ്രന്മാരുടെ ശോഭയോടെ സി.രാധാകൃഷ്ണൻ. മലയാള സാഹിത്യത്തിലെ പുതുവെളിച്ചമായി മാറിയ ഇ.കെ.ഷാഹിന, കെ.വി.മണികണ്ഠൻ, അജിജേഷ് പച്ചാട്ട് എന്നിവർ ചുറ്റിലും. നാളെ (ഫെബ്രുവരി 15) 84–ാം പിറന്നാൾ ആഘോഷിക്കുന്ന സി.രാധാകൃഷ്ണന്  മുൻകൂർ ആശംസകളുമായി ചമ്രവട്ടത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇവർ. കുശലാന്വേഷണങ്ങളിൽ തുടങ്ങിയ സംഭാഷണം ഒരു സർഗസമ്മേളനമായി മാറാൻ അധികം സമയം വേണ്ടിവന്നില്ല. കാണുമ്പോൾ ചോദിക്കണമെന്നു വച്ചതും വായിച്ചപ്പോൾ തോന്നിയ സംശയവുമെല്ലാം യുവ എഴുത്തുകാർ അദ്ദേഹത്തിൽനിന്നു നേരിട്ടറിഞ്ഞു. ആശയങ്ങളും ആശങ്കകളും പരസ്പരം പങ്കിട്ടു. തെളിഞ്ഞൊഴുകുന്ന പുഴ പോലെ അവർ നടത്തിയ സംവാദത്തിൽനിന്ന് തിരഞ്ഞെടുത്ത ചിലതിങ്ങനെ:

∙ സയൻസും സാഹിത്യവും

ADVERTISEMENT

അജിജേഷ്: രാധാകൃഷ്ണൻ സാറുടെ കൃതികൾ നോക്കിയാൽ അതിൽ ഗ്രാമീണതയുടെയും വ്യക്തിബന്ധങ്ങളുടെയും തീവ്രമായ വൈകാരിക തലം കാണാം. അതേസമയം, ഭാവരഹിതമായ സയൻസിന്റെ യുക്തിഭദ്രതയും സാർ ഇഷ്ടപ്പെടുന്നു. ഇതു രണ്ടും എങ്ങനെയാണ് പൊരുത്തപ്പെടുന്നത്?

രാധാകൃഷ്ണൻ: ശാസ്ത്രജ്ഞനായ ഐൻസ്റ്റീൻ വയലിൻ വായിക്കുമായിരുന്നു. ശാസ്ത്രവും സാഹിത്യവും പരസ്പര വിരുദ്ധമല്ല. ബേസിക് സയൻസ് സുന്ദരമായ കവിതപോലെയാണ്. ശാസ്ത്രബോധമുള്ളയാൾക്ക് ഒരു പ്രശ്നത്തെ കൃത്യമായി അപഗ്രഥിക്കാൻ സാധിക്കും. ഈ ഗുണം സാഹിത്യകാരനും വേണ്ടതാണ്. നമ്മുടെ അഭിപ്രായങ്ങൾ മാത്രം കയറിവന്ന് അബന്ധങ്ങളിൽ ചെന്നുചാടുന്നത് ഒഴിവാകും. ഒരു സൂത്രവാക്ക്യം ചെയ്താൽ ഒരുത്തരമേ ലഭിക്കൂ എന്നതു ശാസ്ത്രത്തിന്റെ പരിമിതിയല്ല. ആ ഉത്തരത്തോടൊപ്പം നാലു പുതിയ പ്രശ്നങ്ങൾ കൂടി സയൻസിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഒരു കഥയിൽനിന്ന് നാലു പുതിയ ആശയങ്ങൾകൂടി നമുക്കു ലഭിക്കുന്നതു പോലെതന്നെയാണത്. പരിമിതി സയൻസിനല്ല, അതിനെ മനസ്സിലാക്കിയെടുക്കുന്നതിൽ നമുക്കാണെന്നാണെന്നു തോന്നിയിട്ടുണ്ട്. ശാസ്ത്രമറിയുന്നത് എഴുത്തുകാരന്റെ ഭാവനയെ വികസിപ്പിക്കുകയാണ് ചെയ്യുക. 

അജിജേഷ്: ശാസ്ത്രത്തെ ഉൾക്കൊള്ളുന്ന സമൂഹമാണു നമ്മുടേത്. പക്ഷേ, സയൻസ് ഫികഷ്ന് മലയാളത്തിൽ ഏറെ മുന്നേറാനായിട്ടില്ല. എന്തുകൊണ്ടാണത്? 

രാധാകൃഷ്ണൻ: പഞ്ചുമേനോനും കുഞ്ചിയമ്മയും സ്പേസിലേക്കു പോയി എന്നെഴുതിയാൽ നമുക്കത് ഉൾക്കൊള്ളാനാവില്ല. ശാസ്ത്രത്തെയും ടെക്നോളജിയെയും അംഗീകരിക്കുമ്പോൾത്തന്നെ അതു നമ്മുടെ സാംസ്കാരിക സത്തയിലേക്ക് ഉൾച്ചേർന്നിട്ടില്ല. സംഭവമൊക്കെ ശരിയാണ് പക്ഷേ, പടിക്കൽ വരെ വന്നാൽ മതി. അകത്തേക്കു കയറേണ്ടെന്നു പറയും പോലെയാണിത്. അതുകൊണ്ട് സായിപ്പ് എഴുതും പോലെ എഴുതിയാൽ ഇവിടെ മുന്നോട്ടു പോകില്ല. ഐതിഹ്യങ്ങളും ഇതിഹാസങ്ങളുമൊക്കെയുള്ള നമ്മുടെ സാംസ്കാരിക അച്ചിലേക്കൊഴിച്ചു വേണം സയൻസ് ഫികഷനെ അവതരിപ്പിക്കാൻ

ADVERTISEMENT

അജിജേഷ്: ഒരു സംഗീത ഉപകരണം വായിക്കുന്നവന് അതിനു പിന്നിലെ ശാസ്ത്രീയത അറിഞ്ഞിരിക്കണമെന്നുണ്ടോ. പൊഴിക്കുന്ന സംഗീതം നന്നായാൽപ്പോരേ?

രാധാകൃഷ്ണൻ: യഥാർഥത്തിൽ മികച്ച സംഗീതജ്ഞർക്ക് സംഗീതം മാത്രമല്ല, അതിനു പിന്നിലെ ശാസ്ത്രവും കൃത്യമായി അറിയാം. പ്രശസ്ത ഓടക്കുഴൽ വാദകനായ ടി.ആർ.മഹാലിംഗം അദ്ദേഹം തന്നെ നിർമിച്ച ഓടക്കുഴലാണ് ഉപയോഗിച്ചിരുന്നത്. 

∙ എഴുത്തും കുടുംബവും

മണികണ്ഠൻ: ഒരു നാലുവർഷം എന്നെ പോറ്റിയാൽ ഞാൻ നിന്നെ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകാരന്റെ ഭാര്യയാക്കാമെന്നു പറഞ്ഞു. ‘ഞാൻ കല്യാണം കഴിച്ചത് ലിഫ്റ്റ് ഉണ്ടാക്കുന്ന ആളെയാണ് സാഹിത്യകാരനെയല്ല, അയാളെത്തന്നെ മതി’ എന്നായിരുന്നു ഭാര്യയുടെ മറുപടി. ജോലിത്തിരക്ക്, കുടുംബം, എഴുത്ത് – എങ്ങനെ ഒരുമിച്ചു കൊണ്ടുപോയി? 

ADVERTISEMENT

രാധാകൃഷ്ണൻ: ഞാൻ പത്രപ്രവർത്തകനായി ഡൽഹയിൽ ജോലി ചെയ്യുന്ന കാലം. ഭാര്യ വത്സലയും ഒപ്പമുണ്ട്. ജോലിത്തിരക്കു കാരണം എഴുത്തിൽ പൂർണശ്രദ്ധ വയ്ക്കാൻ പറ്റുന്നില്ല. നമുക്കു നാട്ടിലേക്കു തിരിച്ചുപോയാലോ എന്ന് ഒരു ദിവസം ഞാൻ ഭാര്യയോടു ചോദിച്ചു. അന്നു ജോലിക്കു പോയി അർധരാത്രി കഴിഞ്ഞാണു വീട്ടിലെത്തുന്നത്. നോക്കുമ്പോൾ പെട്ടിയൊക്കെ പായ്ക്ക് ചെയ്ത് നാട്ടിലേക്കു പോകാൻ തയാറായി ഭാര്യ നിൽക്കുന്നു. ഞാൻ പറഞ്ഞു: ഇങ്ങനെ പെട്ടെന്നൊന്നും ജോലി ഉപേക്ഷിക്കാനാവില്ല. എഡിറ്ററോടു പറയണം, മുൻകൂർ നോട്ടിസ് നൽകണം. ഇതിനു ചില നടപടിക്രമങ്ങളൊക്കെയുണ്ടെന്ന്. കുടുംബം നൽകിയ പിന്തുണയാണ് എന്നെ ഇവിടം വരെയെത്തിച്ചതെന്നു നിസ്സംശയം പറയാം. വലിയ വലിയ ആഗ്രഹങ്ങൾ അവരെന്നോടു പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നെങ്കിൽ ഞാൻ കുടുങ്ങിയേനെ.

∙ പുസ്തകം കൊണ്ടും ജീവിക്കാം

ഷാഹിന:  എഴുത്തുകൊണ്ടുമാത്രം ജീവിക്കാം എന്നു തെളിയിച്ചയാളാണ് അങ്ങ്. പണ്ട് കുട്ടിക്കാലത്ത് ഞാൻ ഒരിക്കൽ ഇതേ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യമൊരു ജോലി നേടണം എന്നായിരുന്നു അങ്ങയുടെ മറുപടി. 

രാധാകൃഷ്ണൻ: ഒരു വള്ളി പടർത്തുമ്പോൾ ആദ്യം ഒരു കുറ്റി നാട്ടണം. പിന്നീട് വളർന്നു കരുത്തു നേടുമ്പോൾ ആ താങ്ങുകുറ്റിയില്ലാതെയും നിൽക്കാം. സാമ്പത്തികമായ ആ താങ്ങാണ് സാഹിത്യകാരനെ സംബന്ധിച്ചിടത്തോളം ജോലി. കുറച്ചു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് അതിൽനിന്നുള്ള വരുമാനം കൊണ്ടു ജീവിതമോടിപ്പോകുമെന്നുറപ്പാക്കിയിട്ടാണ് ഞാൻ പൂർണ ജോലി എഴുത്താക്കിയത്. പുസ്തകത്തിൽനിന്നുള്ള വരുമാനം ജീവിക്കാൻ മതിയാകും എന്നായാൽ പൂർണമായും എഴുത്തിലേക്കു തിരിയാം. ഇല്ലെങ്കിൽ സാഹിത്യവും പോകും. ജീവിതവും പോകും. ഷാഹിനയുടെ പിതാവ് എന്റെ സുഹൃത്തായിരുന്നു. ഷാഹിനയുടെ സഹോദരി ഇ.കെ.ഷീബയും നന്നായി എഴുതുമായിരുന്നു. ഇപ്പോൾ ഷീബയുടെ എഴുത്ത് അധികം കാണുന്നില്ലല്ലോ. എന്തു പറ്റി, അന്വേഷിച്ചെന്നു പറയണം.

∙ സമൂഹവും എഴുത്തുകാരനും

അജിജേഷ്: എഴുത്തു തന്നെയാണ് ഇപ്പോൾ എന്റെ പൂർണസമയ ജോലി. പക്ഷേ, എഴുത്തുകാരനെന്നു ഞാൻ പറഞ്ഞാൽ നാട്ടുകാർ ചോദിക്കുന്നത് ആധാരമെഴുത്താണോ എന്നാണ്. എഴുത്തിനെ ഒരു പ്രഫഷനായി അംഗീകരിക്കാൻ സമൂഹം തയാറായിട്ടില്ല എന്നു തോന്നിയിട്ടില്ലേ. 

രാധാകൃഷ്ണൻ: അജിജേഷിനോട് വാക്കാൽ ചോദിച്ചല്ലേ ഉള്ളൂ. എനിക്ക് റേഷൻ കാർഡിൽ അച്ചടിച്ചു തന്നെ കിട്ടിയിട്ടുണ്ട്. ഞാൻ പൂർണസമയ എഴുത്തുകാരനായി നാട്ടിൽ തിരിച്ചെത്തിയ കാലം. റേഷൻ കാർഡില്ല. അതുണ്ടാക്കാനായി ഓഫിസിൽ ചെന്നു. മേലുദ്യോഗസ്ഥൻ പരിചയക്കാരനാണ്. അതിനെന്താ ശരിയാക്കാമെന്നായി. ‘അറിയില്ലേ, രാധാകൃഷ്ണൻ, എഴുത്തുകാരനാണ്’ ഗുമസ്തന് അദ്ദേഹമെന്ന പരിചയപ്പെടുത്തി. ഗുമസ്തൻ ചില അടിസ്ഥാന വിവരങ്ങളൊക്കെ ചോദിച്ചു. നാളെ വരൂ കാർഡ് തരാം എന്നായി. അന്ന് ഇന്നത്തെയത്ര നടപടിക്രമങ്ങളൊന്നുമില്ല. പിറ്റേന്ന് വന്നു നോക്കിയപ്പോൾ കാർഡിൽ തൊഴിലിന്റെ സ്ഥാനത്ത് ആധാരമെഴുത്ത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മേലുദ്യോഗസ്ഥൻ എഴുത്തുകാരനെന്ന് ശരിയായ ഉദ്ദേശ്യത്തിലാണ് പരിചയപ്പെടുത്തിയത്. പക്ഷേ, ഗുമസ്തന് അറിയാവുന്ന ഏക എഴുത്തുകാരൻ ആധാരമെഴുത്തുകാരനാണ്. കുറച്ചുകാലം വരെ ആ റേഷൻ കാർഡ് സൂക്ഷിച്ചു വച്ചിരുന്നു. എഴുത്തിനെ ഒരു പ്രഫഷനായി അംഗീകരിക്കാൻ അന്നും ഇന്നും സമൂഹത്തിന് വൈമുഖ്യമുണ്ട്. 

∙ സ്വന്തം പബ്ലിഷിങ് കമ്പനി

ഷാഹിന: പുസ്തകം രചിച്ചാൽത്തന്നെ അത് പ്രസിദ്ധീകരിച്ചു കിട്ടുക. അച്ചടിച്ച പുസ്തകത്തിന് ഗുണമേന്മയുണ്ടാവുക എന്നതൊക്കെ ഇന്നും ഒരു പ്രശ്നമാണ്. ഇതിനെതിരെയുള്ള പ്രതിഷേധമായാണോ സാർ സ്വന്തം നിലയ്ക്ക് പബ്ലിഷിങ് കമ്പനി തുടങ്ങിയത്? 

രാധാകൃഷ്ണൻ: എന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നയാൾ ആ പണി വിട്ട് അബ്കാരിയായി. മറ്റു ചില പ്രസാധകരെ സമീപിച്ചെങ്കിലും അതൊന്നും ശരിയായില്ല. പത്തു മക്കളുണ്ടെങ്കിൽ അവരെ പോറ്റേണ്ട ചുമതലയില്ലേ. പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെങ്കിൽ അതു വായനക്കാരന്റെ കയ്യിലെത്തിക്കേണ്ട ബാധ്യതയില്ലേ. അങ്ങനെ തുടങ്ങിയതാണ് പബ്ലിഷിങ് കമ്പനി. എറണാകുളത്തെ സ്ഥലം പണയംവച്ചാണ് തുക കണ്ടെത്തിയത്. പബ്ലിഷിങ് കമ്പനി തുടങ്ങിയതുകൊണ്ട് ഫലമുണ്ടായി. ഗുണമേന്മയുള്ള പ്രിന്റുകൾ വായനക്കാരുടെ കയ്യിലെത്തിക്കാൻ സാധിച്ചു. അതിനു മുൻപ് എന്റെ പുസ്തകങ്ങൾ പ്രിന്റ് ചെയ്തിരുന്ന പ്രസാധകനുമായി ബന്ധപ്പെട്ട ഒരു കാര്യം പറയാം. അന്ന് നൂലുപയോഗിച്ചാണ് പുസ്തകം തുന്നുക. എന്റെ പ്രസാധകൻ ഒരു നൂൽ മാത്രമേ ഉപയോഗിക്കുകയുള്ളൂ. ഞാൻ ചോദിച്ചു. രണ്ടുനൂലുകൾകൂടി ഉപയോഗിച്ചു തുന്നിയാൽ കുറച്ചുകൂടി ഈടുനിൽക്കില്ലേ എന്ന്. പുസ്തകം പെട്ടെന്നു കുത്തഴിഞ്ഞാലല്ലേ അവർ വീണ്ടും വാങ്ങാൻ വരൂ എന്നായിരുന്നു മറുപടി. വിപണിയുടെ തന്ത്രമാണ്. പക്ഷേ, ഞാൻ ഈടുനിൽക്കുന്ന, മികച്ച ബൈൻഡിങ്ങും ഗുണമേന്മയുമുള്ള കടലാസും കൊണ്ടു മാത്രം പുസ്തകം അച്ചടിച്ചു. ‘കൈകഴുകി തൊടേണ്ടുന്ന പുസ്തകങ്ങൾ’ എന്നായിരുന്നു പരസ്യവാചകം. 

∙ കൃതിയും ഗവേഷണവും

അജിജേഷ്: പുസ്തകത്തിനു വേണ്ട ഗവേഷണത്തിന്റെ രീതിയെന്താണ്

രാധാകൃഷ്ണൻ: ആദ്യം വേണ്ടത് ആശയവുമായി ബന്ധപ്പെട്ട പ്രാഥമിക അനുഭവമുണ്ടാവുക എന്നതാണ്. പിന്നീടാണ് ഗവേഷണവും എഴുത്തുമെല്ലാം. മുൻപേ പറക്കുന്ന പക്ഷികൾ എന്ന പുസ്തകത്തിന്റെ പിൻകഥ പറയാം. ഞാൻ പേട്രിയറ്റിൽ പത്രപ്രവർത്തകനായി ഡൽഹിയിൽ ജോലി നോക്കുകയാണ്. നക്സൽ പ്രസ്ഥാനത്തിന്റെ സമയം. അതു സംബന്ധിച്ച റിപ്പോർട്ടിങ് ഞാൻ സ്വയം ഏറ്റെടുത്തു. 14 ദിവസം കൊൽക്കത്തയിൽ നക്സൽ പ്രസ്ഥാനക്കാരോടൊപ്പം കഴിഞ്ഞ് റിപ്പോർട്ടിങ്. പത്രക്കാരനെന്നു പറഞ്ഞുതന്നെയാണ് പോയത്. അവർ പല വിവരങ്ങളും എനിക്കു പറഞ്ഞു തന്നു. 14 ദിവസം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു. എനിക്കു തിരിച്ചുപോണം. എന്നാൽ അവർ സമ്മതിക്കുന്നില്ല. ഇപ്പോൾ നിങ്ങൾക്ക് ഞങ്ങളെ സംബന്ധിച്ച പല വിലപ്പെട്ട വിവരങ്ങളും അറിയാം. അതുകൊണ്ട് തിരിച്ചുപോകാൻ പറ്റില്ല എന്നായി. പിന്നീടുള്ള മൂന്നു മാസം അവരോടൊപ്പം അലച്ചിലായിരുന്നു. വെടിവച്ചുകൊല്ലുന്നതും മൃതദേഹങ്ങൾ ഹൂബ്ലി നദിയിലേക്ക് തള്ളിയിടുന്നതുമൊക്കെ നേരിട്ടു കണ്ടിട്ടുണ്ട്. ഒടുവിൽ  17 പേരുള്ള ഞങ്ങളുടെ സംഘത്തെ പൊലീസ് പിടികൂടി. അക്കൂട്ടത്തിലുണ്ടായിരുന്ന തമിഴ്നാട്ടുകാരനായ ഇൻസ്പെക്ടറോട് കാര്യങ്ങളെല്ലാം ഞാൻ തുറന്നു പറഞ്ഞു. അദ്ദേഹം എന്റെ പത്രത്തിലേക്കു വിളിച്ചു ചോദിച്ച ശേഷമാണ് മോചനമായത്. മുൻപേ പറക്കുന്ന പക്ഷികളുടെ അടിസ്ഥാന അനുഭവം ഇതാണ്. നക്സൽ ആശയത്തെക്കുറിച്ചും മറ്റുമുള്ള ഗവേഷണമൊക്കെ വരുന്നത് പിന്നീടാണ്. 

 

അജിജേഷ്: ‘കൈക്കുമ്പിളിലെ വെള്ളത്തിൽ കടലിരമ്പം കേൾക്കാൻ കഴിയണം’ എന്നാണ് അങ്ങയുടെ ഒരു പുസ്തകത്തിലെ വാക്യം. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഒരു വരിയാണിത്. ഞാൻ ശരിക്കും കൈക്കുമ്പിളിൽ വെള്ളമെടുത്ത് ഇരമ്പം കേൾക്കാനായി കാതുവച്ചിട്ടുണ്ട്. എങ്ങനെയാണ് ഇത്തരം പവർഫുള്ളായ വരികൾ കടന്നു വരുന്നത്. 

 

രാധാകൃഷ്ണൻ: വായച്ചതും കണ്ടതും കേട്ടതുമെല്ലാം ഉപേക്ഷിച്ച് ഒരു അസംസകൃത മനുഷ്യനായി വേണം എഴുത്തിലേക്കു കടക്കാൻ. സ്വന്തം മനസ്സിന്റെ ഉള്ളിലേക്കു പോകുംതോറും അതൊരു സ്വർണഖനിയാണെന്നു ബോധ്യമാകും. വാക്കുകളും വരികളും തനിയെ കടന്നു വരും. നമ്മുടേതു മാത്രമായ അനുഭവങ്ങളിൽനിന്നു വരുന്ന നമ്മുടേതുമാത്രമായ വരികൾ. 

 

∙ സഹാനുഭൂതി എന്ന അടിത്തറ

 

ഷാഹിന: മഴവെള്ളച്ചാലിൽ ഉറുമ്പുകൾ ഒലിച്ചുപോകുന്നതു കണ്ട് കരഞ്ഞ കുട്ടി. അങ്ങ് തന്നെ ഇതെക്കുറിച്ചെഴുതിയിട്ടുണ്ട്. സഹാനുഭൂതിയാണ് എഴുത്തിന്റെ അടിസ്ഥാനമെന്നു കരുതുന്നുണ്ടോ? 

രാധാകൃഷ്ണൻ: മഴവെള്ളത്തിൽ ഉറുമ്പുകൾ ഒലിച്ചു പോകുന്നതു കണ്ടു കരഞ്ഞ എന്നെ അമ്മ മുത്തച്ഛന്റെ അടുത്തെത്തിച്ചു. ഇവനു തീരെ മനക്കട്ടിയില്ലെന്നായിരുന്നു അമ്മയുടെ പരിഭവം. പക്ഷേ, മുത്തച്ഛൻ പറഞ്ഞതിതാണ്. അവന്റെ മനസ്സുറപ്പതാണ്. അതാണവന്റെ ബലം എന്നാണ്. സഹാനുഭൂതിയുടെ കണ്ണീരാണ്, അതിന്റെ ശക്തിയാണ് ഇക്കാലം വരെയും എന്റെ എഴുത്തിന്റെ അടിസ്ഥാനം. 

 

∙ കാലവും ടെക്നോളജിയും

 

മണികണ്ഠൻ: ഇന്റർനെറ്റിൽ മലയാളം പിച്ചവയ്ക്കുന്ന 1998  കാലം. അന്ന് മാധുരി സോഫ്റ്റ് വെയർ ഉപയോഗിച്ചായിരുന്നു ടൈപ്പിങ്. 2005 മുതലാണ് ബ്ലോഗിങ് വരുന്നത്. അന്നു മലയാളം ടൈപ്പിങ് അറിയാമെന്നത് എന്റെ വലിയ അഹങ്കാരമായിരുന്നു. എന്നാൽ വർഷങ്ങൾക്കു മുൻപേ അങ്ങ് ഈ വിദ്യ പയറ്റിത്തുടങ്ങിയെന്നു ഞാനറിയുന്നതു പിന്നീടാണ്

 

രാധാകൃഷ്ണൻ: എഴുത്തും എഡിറ്റിങ്ങും വേഗത്തിലായി എന്നതാണ് ടൈപ്പിങ് പഠിച്ചെടുത്തതിന്റെ ഗുണം. ‘അ’ എന്ന അക്ഷരം കയ്യുകൊണ്ടെഴുതാൻ എത്ര വളവു വളയ്ക്കണം. ടൈപ്പിങ്ങിൽ ഒരു കുത്തുകുത്തിയാൽപ്പോരേ. കീ ബോർഡിൽ നോക്കാതെ തന്നെ ടൈപ്പ് ചെയ്യാൻ പഠിച്ചെടുത്തപ്പോൾ എഴുത്തിന്റെ വേഗത കൂടി. മനസ്സിനൊപ്പം അക്ഷരങ്ങളും എത്തുന്ന സ്ഥിതിയായി. എഴുത്തു കഴിഞ്ഞുള്ള എഡിറ്റിങ്ങും വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചു. ‘ഇതാ മോക്ഷം’ എന്നു പറഞ്ഞ് വച്ചുനീട്ടുമ്പോൾ ആരെങ്കിലും വേണ്ടെന്നു പറയുമോ?. ഞാൻ ടെക്നോളജിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. 

 

∙ ക്യാംപിൽ കാണാറില്ലല്ലോ

 

അജിജേഷ്: സാഹിത്യലോകത്തേക്കും വായനയുടെ ലോകത്തേക്കും വൈകി എത്തിയ ആളാണു ഞാൻ. എന്തുവായിക്കണം, എങ്ങനെ എഴുതണം എന്നൊക്കെ മനസ്സിലായത് സാഹിത്യ ക്യാംപുകളിൽ പങ്കെടുത്ത ശേഷമാണ്. പക്ഷേ, ഇത്തരം ക്യാംപുകവിലൊന്നും സാറെ കാണാറില്ലല്ലോ?

 

മണികണ്ഠൻ‌: സാഹിത്യ ക്യാംപുകളിൽ പങ്കെടുത്തതിനു ശേഷവും നീയൊരു സാഹിത്യകാരനായല്ലോ എന്നതിലാണ് എന്റെ അദ്ഭുതം

 

രാധാകൃഷ്ണൻ: മിക്കവാറും സാഹിത്യ ക്യാംപുകളുടെയൊക്കെ സംഘാടകർ ഏതെങ്കിലും രാഷ്ട്രീയ സംഘടനകളോ അവയുടെ യുവജന സംഘടനകളോ ആയിരിക്കും. ക്യാംപ് സംഘടിപ്പിക്കുന്നതിനു പിന്നിൽ അവർക്കു ചില ലക്ഷ്യങ്ങളുമുണ്ടായിരിക്കും. എന്തെങ്കിലും യൂക്കാലി വിൽക്കാനുണ്ടായിരിക്കും. അതിനു നമ്മൾ പ്രോത്സാഹനം നൽകേണ്ടതില്ലല്ലോ. 

 

∙ പുതിയ എഴുത്തുകാർ 

 

അജിജേഷ്: പുതിയ എഴുത്തുകാരെപ്പറ്റി, പുതിയ എഴുത്തിനെപ്പറ്റി എന്താണ് അഭിപ്രായം. 

 

രാധാകൃഷ്ണൻ: കാലത്തിന്റെ നുരയും പതയുമെല്ലാം എഴുത്തിൽ പ്രതിഫലിക്കുന്നുണ്ട്. മികച്ച സർഗശേഷിയുള്ളതാണ് പുതുതലമുറ. അതേസമയം, ഉറച്ചൊരു നിലപാടു തറ കണ്ടെത്തുന്നതിൽ പിന്നാക്കം പോകുന്നുണ്ടോ എന്നു തോന്നിയിട്ടുണ്ട്. ഒരു ജീവിതവീക്ഷണം രൂപപ്പെടുത്തിയെടുക്കുന്നതിൽ പലപ്പോഴും പിന്നിലാണ്. അതതുസമയത്തെ പ്രശ്നങ്ങളോടുള്ള പ്രതികരണമെന്ന നിലയ്ക്കാണ് ഇപ്പോഴത്തെ സാഹിത്യം വരുന്നത്. എന്നാൽ അതിനൊരു പരിഹാരം കൂടി നിർദേശിക്കുന്ന തരത്തിലേക്ക് എഴുത്തു വികസിക്കുന്നില്ല എന്ന അഭിപ്രായമുണ്ട്. 

 

∙ അദ്ഭുതപ്പെടുത്തിയ വായനക്കാരൻ

 

അജിജേഷ്: വായനക്കാരനെ അദ്ഭുതപ്പെടുത്തിയ എഴുത്തുകാരനുണ്ടാകും പോലെ എഴുത്തുകാരനെ അദ്ഭുതപ്പെടുത്തിയ ഒരു വായനക്കാരനുമുണ്ടാകും. ഇതുവരെയുള്ള സാഹിത്യ ജീവിതത്തിൽ അങ്ങയുടെ മനസ്സിനെ സ്പർശിച്ച വായനക്കാരനാരാണ്? 

 

രാധാകൃഷ്ണൻ: മുൻപേ പറക്കുന്ന പക്ഷികൾ വായിച്ച ഒരാളുടെ കത്തുവന്നു. കണ്ണൂർ സെൻട്രൽ ജയിലിൽനിന്നാണ് കത്ത്. എഴുതിയത് ദോർജി എന്നൊരാൾ. കൊലപാതകക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട പ്രതിയാണ്. മുൻപേ പറക്കുന്ന പക്ഷികളുടെ പ്രമേയവും ഇത്തരം ചിലകാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. അത് സ്വജീവിതത്തിൽ അനുഭവിക്കുന്നയാളാണ്. ചെയ്തകുറ്റവും അതിനു കിട്ടിയ പ്രതിഫലവുമെല്ലാം സ്വന്തം ജീവിതത്തിലൂടെ അനുഭവിച്ച മനുഷ്യൻ. കുറച്ചുകാലം ഞങ്ങൾ കത്തിടപാട് തുടർന്നിരുന്നു. പിന്നീടതു നിന്നു. അദ്ദേഹമെവിടെയാണെന്നോ എന്തുസംഭവിച്ചുവെന്നോ എനിക്കിപ്പോഴുമറിയില്ല.

 

∙ സൗഹൃദവും സമൂഹമാധ്യമവും

 

മണികണ്ഠൻ: ഓരോരുത്തരും അവനവനിലേക്കു ചുരുങ്ങുന്ന കാലമാണിതെന്നു പറയുന്നുണ്ട്. അതേസമയം, സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയിൽ സൗഹൃദങ്ങൾ പടർന്നു പന്തലിക്കുന്നതും നാം കാണുന്നു. എനിക്ക് ഇഷ്ടപ്പെട്ട 50 സുഹൃത്തുക്കളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ അതിൽ 45 പേരും ഞാൻ നേരിട്ടു കാണുന്നതിനു മുൻപേ സമൂഹമാധ്യമങ്ങളിലൂടെ എന്റെ സുഹൃത്തുക്കളായവരാണ്. ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്.

 

രാധാകൃഷ്ണൻ: അവ സൗഹൃദങ്ങളാണോ,  ചില പരിചയങ്ങൾ മാത്രമല്ലേ എന്നാണ് എന്റെ സംശയം. തൃശൂർ പൂരത്തിനു നടുവിൽ നിൽക്കുമ്പോൾ ചുറ്റും ആൾക്കാരാണ്. പക്ഷേ, അവനവന്റേതെന്നു പറയാൻ എത്ര പേരുണ്ടാവും. സമൂഹമാധ്യങ്ങളിലെ സൗഹൃദം ഇത്തരത്തിലുള്ളതാണെന്നു തോന്നിയിട്ടുണ്ട്. ഫോളോവേഴ്സ് കൂടുന്നത് ശരിക്കും ഭാരമാണ്. അവർക്കിഷ്ടപ്പെട്ട രീതിയിൽ നമ്മളെ മാറ്റുകയാണ് ചെയ്യുന്നത്. അല്ലാതെ നമ്മൾ നമ്മളായിത്തന്നെ നിൽക്കുകയും അവർ ഇഷ്ടപ്പെടുകയും ചെയ്യുകയല്ല. നേരിട്ടുള്ള സുഹൃദ്ബന്ധത്തിന് ആ ബാധ്യതയില്ല. അവനു നമ്മുടെ നല്ലതും ചീത്തയും അറിയാം. എന്നിട്ടും കൂടെനിൽക്കാൻ തീരുമാനിക്കുന്നു. യാഥാർഥ്യത്തിന്റെ മനോഹാരിത അതിനുണ്ടെന്നു തന്നെയാണു വിശ്വാസം. 

 

∙ വരും കാലം 

 

മണികണ്ഠൻ: കാലം കാത്തുവച്ചത് എന്ന പുസ്തകം വരും കാലത്തിലേക്കു നോട്ടമെറിയുന്നുണ്ട്. എങ്ങനെയായിരിക്കും വരും കാലഘട്ടത്തിൽ ലോകം മാറുക, അല്ലെങ്കിൽ മാറേണ്ടത്. 

 

രാധാകൃഷ്ണൻ: അതിർത്തികൾ, സൈന്യങ്ങൾ പ്രത്യേകിച്ച് അധികാരങ്ങൾ ഇല്ലാതെയായി എല്ലാവരും തുല്യരായ കാലമാണ് വരികയെന്നാണു വിശ്വാസം. അധികാരത്തിന് വലിയൊരു സ്ഥാനമുണ്ടിന്ന്. ആരെയും ഭരിക്കാനില്ലെങ്കിൽ ഒരു പട്ടിയെ വളർത്തി അതിനെക്കൊണ്ട് അനുസരിപ്പിക്കും. ഇത്തരത്തിലുള്ള മനോഭാവങ്ങൾക്കൊക്കെ മാറ്റം വരും. നിലവിലുള്ള വിഭവങ്ങളും സാങ്കേതിക വിദ്യയും കൊണ്ടുതന്നെ ഭൂമിയെ സ്വർഗമാക്കി മാറ്റാൻ മനുഷ്യനു കഴിയും. ചില ദുർവാശികൾ മാത്രം ഒഴിവാക്കിയാൽ മതി. സ്നേഹത്തിന്റെ വസന്തം വിരിയുന്ന ഒരു കാലം വരുമെന്നു തന്നെയാണ് വിശ്വാസവും ആഗ്രഹവും.

 

∙ പിറന്നാൾ ചിന്ത

 

ഷാഹിന: പിറന്നാൾ ചിന്ത, എഴുത്തിന്റെ പുതിയ ആശയങ്ങൾ എന്തൊക്കെയാണ്.

 

രാധാകൃഷ്ണൻ: ഇത്രയും ദിവസങ്ങൾ ഇനി ചെലവഴിക്കാനില്ലെന്ന് അറിയാം. കയ്യിലുള്ള അവസാന നാണയത്തുട്ടുകൾ സൂക്ഷിച്ചു ചെലവഴിക്കുംപോലെ ഓരോ ദിവസവും കരുതലോടെ മുന്നോട്ടു കൊണ്ടുപോകണമെന്നും അറിയാം. ചെയ്തു തീർക്കേണ്ട പ്രധാന കാര്യങ്ങളെല്ലാം മുൻഗണന നൽകി ചെയ്തു തീർക്കാനാണു ശ്രമം. തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന പുസ്തകത്തിന്റെ ഇംഗ്ലിഷ് പതിപ്പ് അടുത്തമാസം പുറത്തിറങ്ങുമെന്നതാണ് പ്രധാന സന്തോഷം. പ്രപഞ്ചഘടനയുടെ പുതിയൊരു മാതൃക തിയററ്റിക്കലായി അവതരിപ്പിച്ചിരുന്നു. അതിനെ കുറച്ചുകൂടി ലളിതവൽക്കരിച്ച് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ മലയാളത്തിൽ ഒരു പുസ്തകം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഞാൻ. 

തയാറാക്കിയത്: കെ.എൻ. സജേഷ്

English Summary : C Radhakrishnan's centenary anniversary

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT