നഷ്ടപ്പെട്ട നല്ലവർഷങ്ങൾ
ബിജെപിയിൽ വീർപ്പുമുട്ടുകയാണ് വരുൺ ഗാന്ധി. മോദി, യോഗി സർക്കാരുകളുടെ കടുത്ത വിമർശകനായ അദ്ദേഹത്തിനു മുന്നിലുള്ള മാർഗമെന്ത്? അടുത്ത തിരഞ്ഞെടുപ്പിൽ വരുണിനും അമ്മ മേനകയ്ക്കും ബിജെപി സീറ്റ് നിഷേധിച്ചാൽ അക്കാര്യത്തിൽ വ്യക്തതയുണ്ടായേക്കും
ബിജെപിയിൽ വീർപ്പുമുട്ടുകയാണ് വരുൺ ഗാന്ധി. മോദി, യോഗി സർക്കാരുകളുടെ കടുത്ത വിമർശകനായ അദ്ദേഹത്തിനു മുന്നിലുള്ള മാർഗമെന്ത്? അടുത്ത തിരഞ്ഞെടുപ്പിൽ വരുണിനും അമ്മ മേനകയ്ക്കും ബിജെപി സീറ്റ് നിഷേധിച്ചാൽ അക്കാര്യത്തിൽ വ്യക്തതയുണ്ടായേക്കും
ബിജെപിയിൽ വീർപ്പുമുട്ടുകയാണ് വരുൺ ഗാന്ധി. മോദി, യോഗി സർക്കാരുകളുടെ കടുത്ത വിമർശകനായ അദ്ദേഹത്തിനു മുന്നിലുള്ള മാർഗമെന്ത്? അടുത്ത തിരഞ്ഞെടുപ്പിൽ വരുണിനും അമ്മ മേനകയ്ക്കും ബിജെപി സീറ്റ് നിഷേധിച്ചാൽ അക്കാര്യത്തിൽ വ്യക്തതയുണ്ടായേക്കും
ഗാന്ധി– നെഹ്റു കുടുംബത്തിലെ സഞ്ജയ് – മേനക ദമ്പതികളുടെ ഏകമകനായ ഫിറോസ് വരുൺ ഗാന്ധി 44ാം വയസ്സിലേക്കു കടന്നിരിക്കുന്നു. ഫിറോസ് എന്ന വിളി ഇഷ്ടപ്പെടുന്ന വരുൺ 23ാം വയസ്സിലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. അമ്മ മേനകയ്ക്കൊപ്പം 2004 ഫെബ്രുവരിയിൽ വരുൺ ബിജെപിയിൽ ചേർന്നു. ഇപ്പോഴും ബിജെപിയിൽതന്നെ. ഉത്തർപ്രദേശിലെ പിലിബിത്തിൽനിന്നുള്ള ലോക്സഭാംഗമാണ് വരുൺ.
സഞ്ജയിന്റെ സഹോദരൻ രാജീവിന്റെ പുത്രൻ രാഹുൽ ഗാന്ധിയും 2004ൽ ആണ് തിരഞ്ഞെടുപ്പു രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത്. ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യയെ കണ്ടെത്തിയ രാഹുൽ ഗാന്ധിയിലാണ് ഇപ്പോൾ കോൺഗ്രസിന്റെ പ്രതീക്ഷ.
സമാന്തരമായ രാഷ്ട്രീയജീവിതം നയിക്കുന്ന സഹോദരപുത്രന്മാർ ആശയഗംഭീരന്മാരാണ്. രണ്ടുപേർക്കും ഇന്ത്യയെക്കുറിച്ച് ഒട്ടേറെ വിചാരങ്ങളുണ്ട്. രാഹുൽ അവ പ്രസംഗിക്കും; വരുൺ പ്രസംഗിക്കുകയും എഴുതുകയും ചെയ്യും. നെഹ്റുവും ഫിറോസ് ഗാന്ധിയും ഇന്ദിരയും എഴുത്തുകാരായിരുന്നു; മേനക കവിതകളുമെഴുതും. ഈ എഴുത്തു പാരമ്പര്യങ്ങളുടെ സമ്മേളനമാണ് വരുൺ. രണ്ടു കവിതാസമാഹരങ്ങൾ പ്രസിദ്ധീകരിച്ചു. രണ്ടു വലിയ ഗദ്യപുസ്തകങ്ങളും – ഒരെണ്ണം ഇന്ത്യയിലെ ഗ്രാമങ്ങളുടെ വികസനത്തെക്കുറിച്ച്; ഈയിടെ ഇറങ്ങിയ പുസ്തകം രാജ്യത്തെ നഗരങ്ങളെ നന്നാക്കാനുള്ള വഴികളാണു പറയുന്നത്.
1982 മാർച്ചിലാണ് വരുണിനെയുംകൂട്ടി ഡൽഹി സഫ്ദർജങ് റോഡിലെ ഒന്നാം നമ്പർ വീട്ടിൽനിന്ന് മേനക ഇറങ്ങിപ്പോകുന്നത്. അതു കോൺഗ്രസ് കൂട്ടായ്മയിൽനിന്നുകൂടിയുള്ള പടിയിറക്കമായിരുന്നു. മേനക ‘സഞ്ജയ് ഫോറം’ എന്ന സംഘടന രൂപീകരിച്ചു; ‘സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം’ എന്നിവയ്ക്കായി പ്രവർത്തിക്കുമെന്നു പ്രഖ്യാപിച്ചു. പിറ്റേവർഷം, ‘രാഷ്ട്രീയ സഞ്ജയ് മഞ്ച്’ എന്ന രാഷ്ട്രീയ പാർട്ടിയുണ്ടാക്കി.
ന്യായമായും കുടുംബത്തിൽ സഞ്ജയിനുശേഷമുള്ള രാഷ്ട്രീയ അനന്തരവകാശി താനാണ്, രാജീവ് ഗാന്ധി അല്ല എന്നതായിരുന്നു മേനകയുടെ ബോധ്യം. അമേഠിയെന്ന മണ്ഡലത്തിലൂടെതന്നെ അവകാശം തിരിച്ചുപിടിക്കുമെന്നായിരുന്നു ശപഥം. അതു വിജയിച്ചില്ല, പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകാനുമായില്ല. പിന്നീട് ജനതാദളിൽ ചേർന്നു, അതിന്റെ ജനറൽ സെക്രട്ടറിയും ലോക്സഭാംഗവും മന്ത്രിയുമായി. വീണ്ടും പലതവണ ജയിച്ചു, മന്ത്രിയുമായി.
സ്വതന്ത്രയായി ജയിച്ച് വാജ്പേയി സർക്കാരിൽ മന്ത്രിയായിരിക്കുമ്പോഴാണ് മേനകയിൽനിന്നു സാംസ്കാരിക വകുപ്പ് ഒഴിവാക്കുന്നത്, 2001ൽ. 2002ൽ മന്ത്രിസഭയിൽനിന്നു പുറത്താക്കി. അന്നു മേനക യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നാൽപതോളം സ്ഥാനാർഥികളെ നിർത്തി ബിജെപിയോടു പ്രതികാരം ചെയ്യാൻ ആലോചിച്ചു. അതും സംഭവിച്ചില്ല. രണ്ടു വർഷം കഴിഞ്ഞാണ് മകനെയുംകൂട്ടി ബിജെപിയിലേക്കു ചെല്ലുന്നത്.
അമ്മയ്ക്കും മകനും അംഗത്വം നൽകുമ്പോൾ, യുപിയിൽ ചില പ്രദേശങ്ങളിൽ മേനകയ്ക്കുള്ള ചെറുതല്ലാത്ത സ്വാധീനം ബിജെപി കണക്കിലെടുത്തു; നെഹ്റു – ഗാന്ധി കുടുംബത്തിൽനിന്നുള്ളവർ എന്നതും പരിഗണിക്കപ്പെട്ടു. വരുൺ 2013ൽ ബിജെപിയുടെ ജനറൽ െസക്രട്ടറിയാകുമ്പോൾ 33 വയസ്സ്. പാർട്ടിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറി. മേനക ഒന്നാം മോദി സർക്കാരിലും മന്ത്രിയായി. വരുണിന്റെ പാർട്ടിപ്പദവി 15 മാസമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും, 2017ൽ യുപിയിൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയാർക്കെന്നു പാർട്ടി പരിശോധിച്ചപ്പോൾ വരുണിനു കൂടുതൽ മാർക്ക് കിട്ടി. എന്തായാലും, 2021ൽ മേനകയും വരുണും പാർട്ടിയുടെ ദേശീയ നിർവാഹക സമിതിയിൽനിന്നുകൂടി ഒഴിവാക്കപ്പെട്ടു.
കഴിഞ്ഞ ഏതാനും വർഷങ്ങളെടുത്താൽ, മോദി, യോഗി സർക്കാരുകളുടെയും സംഘപരിവാർ രീതികളുടെയും കടുത്ത വിമർശകനാണ് വരുൺ. വാജ്പേയി സർക്കാരിൽ മേനക നേരിട്ടതുപോലെ ബിജെപിയിൽ താൻ അനുഭവിക്കുന്ന ഒതുക്കലാണ് വരുൺ ഇങ്ങനെ പെരുമാറുന്നതിന്റെ കാരണമെന്നു കരുതുന്നവരുണ്ട്. സ്വന്തം പാർട്ടിയുടെ ശക്തനായ വിമർശകനായിരുന്ന മുത്തച്ഛന്റെ പാരമ്പര്യത്തുടർച്ചയാണ് ചെറുമകനെന്ന വ്യാഖ്യാനവുമുണ്ട്. മോദിയുടെ കാലത്തെ ഇന്ത്യയെക്കുറിച്ചു പറയാൻ ഓക്സ്ഫഡിൽനിന്നുള്ള ക്ഷണം കഴിഞ്ഞയാഴ്ച വരുൺ നിരസിച്ചിരുന്നു. രാഹുലിനെപ്പോലെയല്ല താൻ; പറയേണ്ടതൊക്കെ രാജ്യത്തിനുള്ളിലേ പറയൂ എന്നാണ് അതിനു കാരണം പറഞ്ഞത്.
ഞാൻ യുദ്ധത്തിലല്ലെന്ന് എന്നോടുതന്നെ പറയുന്നു..., ഈ വിലങ്ങുകളെക്കാൾ എത്രയോ വലുതാണ് എന്റെ കരങ്ങൾ... എന്നൊക്കെ കവിതയിലൂടെ വരുൺ പറയുന്നത് പാർട്ടിയോടുകൂടിയാണെന്ന് ഊഹിക്കാം. എന്തായാലും, അമ്മയും മകനും പോയിക്കിട്ടിയാൽ വലിയകാര്യം എന്ന മട്ടിലാണ് ബിജെപി നേതാക്കളുടെ പെരുമാറ്റം. കോൺഗ്രസിൽ കുടുംബാധിപത്യം ആരോപിക്കുന്ന പാർട്ടി അതിനു കാരണമാക്കുന്ന കുടുംബത്തിലെ അംഗങ്ങളെ വളർത്താൻ താൽപര്യപ്പെടുന്നില്ല. അതു സ്വാഭാവികം.
വരുൺ കോൺഗ്രസിലേക്കു പോകുമെന്നു കേട്ടിരുന്നു; ആ പാർട്ടിയിലെ വിമതർ അദ്ദേഹത്തെ മാലയിട്ടു സ്വീകരിച്ച് ബദൽ നേതാവായി വളർത്തുമെന്നും. വിമതർ പലരും കോൺഗ്രസിൽനിന്നു പലവഴിക്കുപോയി. പിന്നീടു കേട്ടത് വരുൺ തൃണമൂൽ കോൺഗ്രസിലേക്കു പോകുമെന്നാണ്. വരുന്നോയെന്നു മമത ബാനർജി നേരിട്ടു ചോദിക്കാതെ, രണ്ടാംനിര നേതാക്കളെയാണു വരുണിന്റെ വീട്ടിലേക്കു വിട്ടതെന്നും അതിനാൽ യാത്ര ഉപേക്ഷിച്ചെന്നുമാണ് ആ കഥയുടെ രണ്ടാം ഭാഗം. തൃണമൂൽ പോലെതന്നെ, ഒന്നിലധികം നേതാക്കൾക്ക് ഇടമില്ലാത്ത സമാജ്‌വാദി പാർട്ടിയിൽ ചേരുമെന്നായിരുന്നു അടുത്ത കഥ. കഥ കാര്യമായില്ല.
അമ്മ ബിജെപിയിൽ ഉള്ളിടത്തോളം കാലമേ മകനും ബിജെപിയിലുണ്ടാവൂ എന്ന് വരുണിന്റെ മനസ്സുവായിക്കുന്നവർ പറയുന്നുണ്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മേനകയ്ക്കും വരുണിനും ടിക്കറ്റ് നൽകേണ്ടതില്ലെന്നു ബിജെപി തീരുമാനിച്ചാൽ അക്കാര്യത്തിൽ വ്യക്തതയാവും. ഇറക്കിവിടപ്പെടുന്നതിലല്ല, ഇറങ്ങിപ്പോകുന്നതിലാണ് കൂടുതൽ അന്തസ്സ്.
എത്രകാലമാണ് രാഷ്ട്രീയക്കാരൻ പുസ്തകമെഴുതിയും പരിഭവങ്ങളെ വിമർശനമാക്കിയും ജീവിക്കുക? നെഹ്റു– ഗാന്ധി കുടുംബത്തിലെ ഏറ്റവും ദൃഢഗാത്രനായ യുവാവിന്റെ നല്ല കുറെ വർഷങ്ങൾ ബിജെപി നഷ്ടപ്പെടുത്തി എന്നതാണ് വസ്തുത. അതുമൊരു തന്ത്രമായിരുന്നിരിക്കാം. ആർക്കറിയാം?
English Summary : Political Future of Varun Gandhi and Maneka Gandhi